മിഥുന്‍ കൃഷ്ണ എഴുതി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച തീണ്ടാരിച്ചെമ്പ് എന്ന കഥാസമാഹാരത്തിന് ജ്യോതി കെ.ജിയുടെ ആസ്വാദനക്കുറിപ്പ് വായിക്കാം. 

മകാലിക ജീവിതപരിസരങ്ങളില്‍നിന്നും മാനുഷികതയുടെ രാഷ്ട്രീയം പങ്കുവെക്കുന്ന കഥകളുടെ സമാഹാരമാണ് മിഥുന്‍ കൃഷ്ണയുടെ തീണ്ടാരിച്ചെമ്പ്. എഴുത്തുകാരന്‍ അറിഞ്ഞതോ അനുഭവിച്ചതോ ആയ വിഷയങ്ങളെ സൂക്ഷ്മവും ലളിതവുമായ ഭാഷയിലും ശൈലിയിലും അവതരിപ്പിക്കുന്നു. മനുഷ്യജീവിതാവസ്ഥയും സാമൂഹികാനുഭവങ്ങളും പ്രമേയമാക്കി സമൂഹം സൃഷ്ടിച്ച പൊതുബോധത്തിനെതിരായ പ്രതിഷേധം കൂടിയാണ് ഈ കഥകള്‍. സമകാലിക ജീവിതത്തിന്റെ ഭാവവൈവിധ്യങ്ങളെ വേറിട്ടശൈലിയില്‍ ആവിഷ്‌ക്കരിക്കുന്ന ഈ കഥകള്‍, ജീവിത യാഥാര്‍ഥ്യങ്ങളുടെ അകക്കാഴ്ചകളാണ് അടയാളപ്പെടുത്തുന്നത്.

സമൂഹത്തില്‍നിന്നും ഏറെ വിവേചനം നേരിടേണ്ടിവരുളള ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അഭയാര്‍ഥികളുടെയും ജീവിതത്തിന്റെ അനുഭവതീക്ഷ്ണതലങ്ങളെ വ്യത്യസ്തമായ പ്രമേയത്തിലൂടെ അവതരിപ്പിക്കുകയാണ് ആദ്യകഥയായ മാമസിത. അതിഭാവുകത്വ അംശം ചേര്‍ത്തുപറയുന്ന കഥയാണെങ്കിലും ലൈംഗികവൈവിദ്ധ്യത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന മനുഷ്യമനസിന്റെ വേദനയും സമൂഹം വെച്ചുപുലര്‍ത്തുന്ന യാഥാസ്ഥിതിക ചിന്തകളുമെല്ലാം പ്രമേയമാക്കി അനുവാചക ഹൃദയത്തെ സ്പര്‍ശിക്കുന്നതരത്തില്‍ ആശയവിനിമയം ചെയ്യുന്നുണ്ട്. പ്രധാനകഥാപാത്രങ്ങളായ ലൂയിസും മാമസിതയും ജീവിതാവകാശ പോരാട്ടത്തിന്റെ രണ്ട് പ്രതീകങ്ങളാണ്.

സമകാലിക സംഭവങ്ങളെ ഇടകലര്‍ത്തി എഴുത്തിനെ രാഷ്ട്രീയ വായനയുടെ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ് ജനിതക ഭൂപടം. ജനിതക വഴിയില്‍നിന്നും മാറി സഞ്ചരിക്കുന്ന കുറേ മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങള്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം വിശുദ്ധയുദ്ധത്തിനായി മതംമാറി മറ്റെവിടെയോ ജീവിക്കുന്ന മകളെ കാണാന്‍ വനാന്തരങ്ങളിലൂടെ കിലോമീറ്ററുകള്‍ താണ്ടി യാത്രചെയ്യുന്ന സദാശിവന്‍ നായരും മല്ലികയുമുണ്ട്. മുഹമ്മദ് റഫിയുടെ 'ബഹറോണ്‍ ഫൂല്‍ ബര്‍സാവോ...' എന്ന ഗാനം മുഴങ്ങുന്ന ചായക്കടയിലിരുന്ന് തെന്തുപത്ത ഇലകൊണ്ട് ബീഡി തെറുക്കുന്ന മനേകാമ്മയും ഓര്‍മവെച്ചനാള്‍മുതല്‍ അച്ഛന്റെ മുഖം തെരയുന്ന നീരുവും മാതാപിതാക്കളെ തന്റെ പാതയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ വരാന്‍ ശ്രമിക്കുന്ന ശ്രുതിയെന്ന സമീറയുമെല്ലാം ജനിതക ഭൂപടത്തില്‍നിന്നും  വഴിമാറി സഞ്ചരിക്കുന്ന ശക്തരായ കഥാപാത്രങ്ങളാണ്. മാവോയിസവും മതമൗലിക വാദവും ദണ്ഡകാരണ്യവന മേഖലയിലെ ഗീഥ് എന്ന പ്രദേശത്തെ പച്ചയുടെ ഭീകരതയും അശാന്തിയും നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിതവും അവരുടെ രാഷ്ട്രീയവും മുന്നോട്ടുവയ്ക്കുന്ന ഇതിവൃത്തം.

സമകാലിക സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ലാലേച്ചിയുടെയും കുട്ടാപ്പുവിന്റെയും ജീവിതത്തിലൂടെ വരച്ചുകാട്ടുന്ന തീണ്ടാരിച്ചെമ്പും രണ്ടാംലോക മഹായുദ്ധത്തിന്റെ ഭീകരതയും ഗ്രാമീണ അനാചാരങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന കുടുംബത്തിന്റെ ദയനീയാവസ്ഥയും ഭാവുകത്വത്തിന്റെ നിറതനിമചാലിച്ച് ഏറെ വൈകാരികമായി ആവിഷ്‌കരിച്ച പുപ്പൂത്താനും വ്യത്യസ്തമായും ലളിതവുമായ ഭാഷയിലാണ് അവതരിപ്പിക്കുന്നത്.

ഇളയും ലൂക്കോസും തമ്മിലുള്ള പ്രണയത്തിന്റെ മനോഹാരിത അവതരിപ്പിക്കുകയാണ് 'നിന്റെ നാമത്തെ പ്രതി' എന്ന കഥയില്‍. ചെറുപ്പത്തിലെ സ്വതന്ത്ര ചിന്താഗതിയും നിലപാടുകളുമുള്ള ശക്തമായ കഥാപാത്രമാണ് ഇള. അവ തന്റെ പ്രണയത്തിലും തീരുമാനങ്ങളിലും അവള്‍ പ്രകടമാക്കുന്നുണ്ട്. എന്നാല്‍ ലൂക്കോസാകട്ടെ പ്രണയത്തെ സദാചാര കണ്ണോടെ നോക്കുന്ന സമൂഹത്തെ ഭയപ്പെടുന്നു. ഭോഗസുഖത്തിന്റെ ഉച്ചാവസ്ഥയില്‍പോലും ചുറ്റുപാടുകളെ  ഓര്‍ത്ത് അയാള്‍ ആകുലനാകുന്നു.

'നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തില്‍ അടയാളമായും എന്നെ പതിപ്പിക്കുക. പ്രേമം മരണത്തെപോലെ ശക്തമാണ്.അടിമത്തം ശവക്കുഴിപോലെ ക്രൂരവും' ഇളയുടെയും ലൂക്കോസിന്റെയും പ്രണയത്തിന്റെ ഏറ്റവും തീവ്രമായ മുഹൂര്‍ത്തങ്ങളെ ഉത്തമഗീതത്തിലെ ഈ വരികളിലൂടെ അടയാളപ്പെടുത്തുമ്പോഴും സ്വന്തം താത്പര്യങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന കാരണത്താല്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്ന ശക്തമായ കഥാപാത്രമാകുന്നു ഇള. പ്രണയം എന്ന അനുഭൂതി ശ്രഷ്ഠമാകുന്നത് വ്യക്തിതാത്പര്യങ്ങള്‍ക്ക് പരിഗണന ലഭിക്കുമ്പോഴും സ്വതന്ത്രമാകുമ്പോഴുമാണെന്ന ആശയം പങ്കുവയ്ക്കുന്നു.

രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുകയും രാജ്യദ്രോഹിയാക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയരീതി ചര്‍ച്ചചെയ്യുന്ന കഥയാണ് 'കുറുക്കത്തിക്കല്ല്'. സമൂഹത്തില്‍ ഒറ്റപ്പെട്ടു ജീവിക്കേണ്ടിവരുന്ന ഒരു സ്ത്രീയുടെ സ്വത്വാവിഷ്‌ക്കാരമാണ് 'പുള്ളിച്ചി'. പാരിസ്ഥിതിക ജാഗ്രത മുന്‍നിര്‍ത്തിയുള്ള കഥാഖ്യാനത്തിലൂടെ പുതുതലമുറയെ സമാകാലിക പ്രശ്‌നത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ് ഈ കഥ.
ജാതിയുടെയും മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് മനുഷ്യര്‍ സാഹോദര്യത്തോടെ ജീവിക്കുന്ന മാനവികാബോധത്തില്‍നിന്നും പിറവിയെടുക്കുന്ന കഥയാണ് ഉമ്മച്ചിത്തെയ്യം. ചികിത്സാ സഹായതട്ടിപ്പിലേക്കുള്ള നേര്‍ക്കാഴ്ചയാണ് ദാമ്പത്യത്തില്‍ മുടിക്കുള്ള പ്രധാന്യം കഥ. ഡോക്ടറില്‍നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നേടി വിദേശത്തുനിന്നും പണം ലഭ്യമാക്കാന്‍ റീജയും പവിത്രനും നടത്തുന്ന ശ്രമങ്ങളും അതില്‍ റീജയുടെ മുടി എങ്ങനെ ഉപകാരപ്രദമാകുന്നു എന്നത് വളരെ രസകരമായി അവതരിപ്പിക്കുകയാണ് ഈ കഥയില്‍. അച്ഛന് ചികിത്സാസഹായമായി ലഭിക്കുന്ന വലിയ തുകയില്‍ പുതിയ വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന യാഥാസ്ഥിതിക ദമ്പതിമാരുടെ കഥാപാത്രത്തിലൂടെ സഹായമനസ്‌ക്കരായ മനുഷ്യരെ ചൂഷണംചെയ്ത ജീവിക്കുന്നവരോടുള്ള വിമര്‍ശനം കൂടിയാണിത്.

സംരക്ഷണം നല്‍കേണ്ടവരില്‍നിന്നും ലൈംഗികാതിക്രമത്തിനുംമറ്റു ചൂഷണങ്ങള്‍ക്കും വിധേയരാകേണ്ടിവരുന്ന കുഞ്ഞുങ്ങളും അവരുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളും ഒടുവില്‍ നീതി ലഭിക്കാന്‍ ഇര തന്നെ കുറ്റകൃത്യംചെയ്യേണ്ടി വരുന്ന സാഹചര്യവും പ്രമേയമാക്കി ഉള്ളുപൊള്ളിക്കുന്ന കഥയാണ് തോട്ട.

സമാകാലിക ജീവിതാനുഭവങ്ങള്‍ക്കു നേരെയുള്ള പ്രതികരണങ്ങള്‍ തന്നെയാണ് തീണ്ടാരിച്ചെമ്പിലെ ഓരോ കഥയും. വായനക്കാരന്റെ വൈകാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുമ്പോഴും അവ ഓരോന്നും സദാചാരത്തിന്റെയും സാമൂഹിക വിലക്കുകളുടെയും പരിധിക്ക് പുറത്തേക്ക് കടന്ന് വ്യവസ്ഥാപിത മത രാഷ്ട്രീയ ബോധത്തെ വിമര്‍ശിക്കുന്നു. മനുഷ്യനാണ് കഥകളുടെ പ്രമേയമാകുന്നത് എന്നതുകൊണ്ടുതന്നെ മാനവികതയുടെ രാഷ്ട്രീയം തന്നെയാണ് ഈ സമാഹാരത്തിലെ ഓരോ കഥയിലും തെളിഞ്ഞുവരുന്നത്.

Content Highlights: Jyothi k g reviews the book theendarichemb written by midhun krishna