കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കവിയായിരുന്നു ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. കേവലതാല്‍ക്കാലിക ജനപ്രീതി എന്നതിലപ്പുറം ഗൗരവബുദ്ധിയോടെ കവിതയെ സമീപിച്ചവരുടെ കവിയായി ഇടശ്ശേരി വാഴ്ത്തപ്പെട്ടു. ഇടശ്ശേരിക്കവിതകളുടെ കാമ്പും കാഴ്ചയും എക്കാലവും മലയാളസാഹിത്യത്തില്‍ നിലനിര്‍ത്തണം എന്ന വീക്ഷണത്തോടെ കേരള സര്‍ക്കാറിന്റെ സാസ്‌കാരിക വകുപ്പ് ഇടശ്ശേരി സ്മാരക സമിതിയുമായി ചേര്‍ന്ന് സഹകരിച്ചുകൊണ്ട് ഇടശ്ശേരിക്കവിതകളുടെ സമ്പൂര്‍ണ സമാഹാരം നാല് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. അഹല്യ മുതല്‍ ഒരു കത്ത് വരെയുള്ള ഇരുനൂറ്റി അറുപത്തിയാറ് കവിതകളാണ് വാല്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൊഫസര്‍ കെ.പി ശങ്കരന്റെ ആമുഖക്കുറിപ്പുകളും ഡോ. എന്‍. വി കൃഷ്ണവാരിയറുടെ പഠനക്കുറിപ്പുകളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. പൂര്‍ണ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. 

Content Highlights ; Complete Collections of Poet Edassery Govindan Nair