സൈബുന്നിസ, നീ എവിടെയാണ് വീടിന് അകത്തേക്ക് നോക്കി പാറക്കടവ് നീട്ടി വിളിക്കുന്നു..
ഒരനക്കം പോലും കേള്‍ക്കുന്നില്ല. വീണ്ടും ഉത്കണ്ഠയോടെ സൈബുന്നിസ എന്ന രണ്ടാമത്തെ വിളിയില്‍ കഴുത്തില്‍ ചുറ്റികിടക്കുന്ന പൊന്നിന്റെ നിറമുള്ള തട്ടമെടുത്ത് തലയിലേക്ക് വലിച്ചിട്ടുകൊണ്ട് വെണ്ണക്കല്‍ നിറമുള്ള ചുരിദാറില്‍ പഴയകാല ഹിന്ദി സിനിമാനായികയുടെ മുഖമുള്ള സൈബുന്നിസ അടുക്കളയിലെ എന്തോ തിരക്കിട്ട പണികള്‍ക്കിടയില്‍ വെള്ളം നനഞ്ഞ രണ്ട് കൈകളും ചുരിദാറില്‍ തുടച്ചുകൊണ്ട് തിടുക്കപ്പെട്ട് ഉമ്മറക്കോലായിലേക്ക് വന്നു.
സൈബുന്നിസയെ ഞാന്‍ ആദ്യമായി കാണുന്നതിന് മുന്‍പ് ഒരിക്കല്‍ പാറക്കടവിനോടുള്ള ഗൗരവമായ എതോ സംഭാഷണത്തിനിടയില്‍ അവിചാരിതമായി ഫോണില്‍ സംസാരിച്ചിരുന്നു. എത്രയോ കാലമായി ബന്ധമുള്ളവരെ പോലെ ഞങ്ങള്‍ അന്ന് വാ തോരാതെ സംസാരിച്ചു . നേരിട്ട് കണ്ട ആ നിമിഷത്തില്‍ ഞങ്ങള്‍ പരസ്പ്പരം കെട്ടിപിടിച്ചപ്പോള്‍ ആ ആത്മബന്ധത്തിനു ഒരായുസ്സിന്റെ ഊഷ്മളത . ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങള്? ഞാന്‍ ആശ്ചര്യപ്പെട്ടു.
പാറക്കടവിനെ ഞാന്‍ ഇന്നുവരെ സൈബുന്നിസയോടൊപ്പമല്ലാതെ കണ്ടിട്ടില്ല. ഏതൊരു ചടങ്ങിന് വരുമ്പോഴും തനിക്കൊപ്പം ഭാര്യയുടെ സാന്നിധ്യം അദ്ദേഹം അത്രമേല്‍ ആഗ്രഹിചിരുന്നു എന്ന് പറയാം. അതിനെ കുറിച്ച് ഒരിക്കല്‍ അവള് പറഞ്ഞിരുന്നു ഞാന്‍ എപ്പോഴും ഒപ്പമുണ്ടാവണം പി.കെക്ക്. സാഹിത്യ സാംസ്ക്കാരിക പ്രതിഭയായിരുന്ന കെ.എ കൊടുങ്ങല്ലൂരിന്റെ മകള്‍ക്ക് എഴുത്തുകാരനായ പി.കെയെ കുറിച്ച് മാത്രമല്ല തന്റെ ഉപ്പയെ കുറിച്ച് പറയാന്‍ തന്നെ നൂറ് നാവാണ്. പി.കെ 'എന്നാണ് സൈബുന്നിസ പാറക്കടവിനെ വിളിക്കുക. സൈബുന്നിസയുടെ സ്നേഹാര്‍ദ്രമായ ആ വിളിയില്‍ തന്നെ സൈബുന്നിസ എന്താണ് എന്ന് ആര്‍ക്കും മനസിലാവും.
അത് കേള്‍ക്കുമ്പോള്‍ പാറക്കടവിന്റെ' നീയും ഞാനും 'എന്ന കഥയിലെ 'നീയെത്ര പെയ്ത് തീര്‍ന്നിട്ടും ഞാന്‍ നിറഞ്ഞില്ല 'എന്ന വരികളാണ് ഓര്‍മ്മ വരിക.. ആ വരികള്‍ സ്വന്തം ജീവിതാനുഭവത്തിന്റെ പരിസരങ്ങളില്‍ നിന്നും ഒപ്പിയെടുത്തതാണ് എന്ന് എനിക്കെപ്പോഴും അവരെ രണ്ട് പേരെയും കാണുമ്പോള്‍ തോന്നാറുണ്ട്. പക്ഷെ അത് വെറും തോന്നല്‍ അല്ല അതില്‍ ഒരു സത്യമുണ്ട് എന്ന് അവര്‍ രണ്ട് പേരും രാപാര്‍ക്കുന്ന വീടിന്റെ ചുമരുകള്‍ വൈകാരികമായി എന്നോട് വിളിച്ചു പറഞ്ഞു 'ഇവിടെ പ്രണയം മണത്തിട്ട് വയ്യ എന്ന്..
അവിടുത്തെ തൂണുകള്‍, ചുവരുകള്‍ അലമാരയില്‍ അടുക്കി വെച്ച പുസ്തകങ്ങള്‍ അവാര്‍ഡുകള്‍ മോമെന്റോകള്‍, ചെടികള്‍ പെയിന്റിങ്ങുകള്ക്കെല്ലാം എല്ലാം എന്നോട് പറയാന്‍ ഉള്ളത് അവരുടെ പ്രണയത്തെകുറിച്ചുള്ള ദൃക്ക്സാക്ഷി വിവരണമായിരുന്നു. 'ഒരു പക്ഷെ അവര്‍ക്ക് എഴുതാന്‍ കഴിയുമായിരുന്നെങ്കില്‍ ബഷീറിന്റെ എടിയേ 'പോലെ ഒന്ന് അവരും രചിക്കുമായിരുന്നു.
പാറക്കടവിന്റെ വീട് സൈബുനീസ എഴുതിയ മനോഹരമായ കഥയാണ്. സൈബുന്നിസയുടെ ഒരായുസ്സിന്റെ അധ്വാനവും അതിന്റെ തഴക്കവും ഒതുക്കവും ഓരോ കുഞ്ഞു കുഞ്ഞു കൗതുകങ്ങളിലും ആലേഖനം ചെയ്തു വെച്ചിട്ടുണ്ട്. ഒരു മണവാട്ടിയെ ഒരുക്കി നിര്‍ത്തിയ പോലെയാണ് സൈബുന്നിസ വീടൊരുക്കിയത്.
ഒരിക്കല്‍ സൈബുന്നിസ പറഞ്ഞുവത്രേ എനിക്ക് പി.കെ യുടെ കഥകള്‍ എന്നും വായിക്കണം. എന്നും കേള്‍ക്കണം. എന്നും കാണണം എന്ന്. ഈ ആഗ്രഹം പൂര്ത്തീകരിക്കാനായിട്ടായിരിക്കാം പാറക്കടവ് സൈബുന്നിസ കഥാപാത്രമായി വന്ന കഥകള്‍ മുതല്‍ തനിക്കിഷ്ട്ടപെട്ട കഥകളൊക്കെ ചിത്രങ്ങള്‍ വരച്ചു എഴുതി വെച്ചത്. ഓരോ മുറിയുടെ സ്വഭാവത്തിനനുസരിച്ചാണ് കഥകളെ ചിത്രീകരിച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ ചില ചിത്രങ്ങള്‍ കഥകളോടൊപ്പം കഥയുടെ രാഷ്ട്രീയം വിളംബരം ചെയ്യുന്നുണ്ട് .
സ്വീകരണമുറിയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെയുള്ള ഇടങ്ങളില്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അവാര്‍ഡുകള്‍ക്കിടയില്‍ നിന്നും കഥകള്‍ തിരമാലകളെ പോലെ ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു. ഡൈനിങ്ങ് റൂമില്‍ പൊരിച്ച പത്തിരിയും കോഴിക്കറിയും വിളമ്പുമ്പോള്‍ പോലും കഥ പറയുന്ന ചുവരുകളേ ചൂണ്ടി കാണിച്ചുകൊണ്ട് അവള് കഥകളെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പാത്രങ്ങള്‍ അടുക്കളയില്‍ വെക്കാന്‍ ചെന്നപ്പോഴാണ് ഞാന്‍ ശരിക്കും അത്ഭുതപെട്ടത്. സര്‍ഗാത്മകത പൂത്തുനില്ക്കുന്ന അവളുടെ അടുക്കളയിലും കഥാപാത്രങ്ങള്‍ ചുവരില്‍ ഇരുന്ന് അടുപ്പിലെ വെട്ടിതിളക്കുന്ന കറിയിലേക്ക് നോക്കി 'നീ വെന്തോ '?എന്ന് ചോദിക്കുന്നു.

വീണ്ടും സൈബുന്നിസ എന്ന പി.കെയുടെ നീട്ടിയുള്ള വിളിയില്‍ അവള് ഉമ്മറക്കോലായിലേക്ക്. നല്ല ഭംഗിയുള്ള അലങ്കാര ചെടികള്‍ കൊണ്ടും നാടന്‍ ചെടികള്‍ കൊണ്ടും കൗതുകകരമായ വസ്തുക്കളില്‍ നട്ടുപിടിപ്പിച്ച ആ ഉദ്യാനത്തില്‍ പുഷ്പങ്ങളും വള്ളികളും കായകളും നിറഞ്ഞു കവിഞ്ഞിരുന്നു. നിത്യവസന്തം നിറഞ്ഞാടുന്ന ആ പൂങ്കാവനത്തില്‍ നിന്ന് സൈബുന്നിസയെ നോക്കുമ്പോള്‍ വേറെ തന്നെ ഒരു ഭാവമാണ്.
അപ്പോഴാണ് പാറക്കടവിന്റെ ആ കഥ ഓര്മ വന്നത്
'ഇപ്പോള്‍ വീട് നിറയേ ചെടികളാണ്. ഓരോ ദിവസങ്ങളിലും ചെടിച്ചട്ടികള്‍ കൂടി കൂടി വന്നു. അയാളുടെ പുസ്തകങ്ങളുടെ അലമാരകള്‍ വെക്കുന്ന സ്ഥലങ്ങള്‍ പോലും പൂച്ചെട്ടികള്‍ കയ്യേറി. വീട്ടില്‍ അങ്ങോട്ടുംമിങ്ങോട്ടും സ്വതന്ത്രമായൊന്ന് നടക്കാന്‍ പോലുമാകാതെയായി.അവളാകട്ടെ ഏറെ ആഹ്ലാദവാദിയായി. ചെടികളുടെ നിശ്വാസങ്ങള്‍ പോലും മണത്തറിഞ്ഞു അവയെ പരിചരിച്ചു. ചെടികളോടു കുശലം പറയുകയും ചെടികളുടെ സംഭാഷണങ്ങള്‍ ശ്രവിക്കുകയും ചെയ്യുന്നു'
എന്റെ ആലോചനയെ ഖണ്ഡിച്ചുകൊണ്ട് സൈബുന്നിസ ചുവരില്‍ തൂക്കി ഇട്ടിരുന്ന ഓരോ കഥകളുടെ പശ്ചാത്തലം വര്‍ണ്ണിക്കുകയായിരുന്നു. ഞാന്‍ ആ ചിത്രങ്ങള്‍ കാണുകയല്ലായിരുന്നു, ആ കഥകള്‍ കേള്ക്കുകയല്ലായിരുന്നു എന്റെ കണ്ണ് അവരുടെ മുഖത്തു വിരിയുന്ന ഭാവങ്ങളില്‍ മിന്നിമറയുകയായിരുന്നു. എന്റെ ചെവി അവരുടെ ശബ്ദത്തില്‍ അലിഞ്ഞുചേരുകയായിരുന്നു. എന്റെ മനസ്സ് സൈബുന്നിസയെ വാരിപുണരുകയായിരുന്നു.
അപ്പോഴും പാറക്കടവിന്റെ അവളെക്കുറിച്ചുള്ള ഒരു കഥ പൂര്‍ണമാവാതെ പാതി വഴിയില്‍ നിന്ന് എന്നോട് പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. 'പാതിരാത്രിയിലെപ്പോഴോ അയാളുണര്‍ന്നപ്പോള്‍ ചെടികള്‍ക്കിടയില്‍ നഗ്നത പുതച്ചു പതുക്കെ നടക്കുന്ന അവളെ കണ്ടയാള്‍ ഞെട്ടി . ചെടികളോട് അവളെന്തോക്കയോ പിറുപിറുക്കുന്നുണ്ടായിരുന്നു. കിടന്നിടത്തുനിന്നും കണ്ണുചിമ്മിയടച്ചു അയാള്‍ കാതോര്‍ത്തു..
ഇല്ല ഒന്നും മനസിലാകുന്നില്ല. ഇലകളുടെ മര്മ്മരം പോലെ വാക്കുകള്‍.
അയാള്‍ക്ക് കോപം വന്നുതുടങ്ങിയിരുന്നു. ദേഷ്യത്തോടെ അയാള്‍ ചോദിച്ചു 'നീയെന്ത് ചെയ്യുകയാണ്? ആരോടാണ് സംസാരിക്കുന്നത്?
അവള് ഒരു സ്വപ്നത്തിലെന്ന പോലെ പതുക്കെ നടന്നു വന്ന് അയാളുടെ ചുമല് തൊട്ടു. എന്നിട്ട് ജീവിതത്തിലാദ്യമായി കാണുന്നതുപോലെ അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു 'പൂക്കള്‍ക്കും ചെടികള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ സ്നേഹം പങ്കുവെക്കാനാവുമോ?
അയാള്‍ ശരിക്കും ഞെട്ടി. അയാള്‍ അവളോട് പറഞ്ഞു ' വാ നമുക്ക് അകത്തു പോയി കിടക്കാം'. ചെടികളെ തിരിഞ്ഞുനോക്കികൊണ്ട് അവള് അയാള്‍ക്ക് പിറകെ അകത്തേക്ക് നടന്നു.

സൈബുന്നിസയ്ക്കും ഒപ്പം ലേഖിക
ആ നിമിഷം ഞാനും അവിടെ നിന്ന് ഇറങ്ങി പോന്നു. തിരികെയുള്ള യാത്രയില്‍ എന്റെ മനസ്സില്‍ നിറയേ സൈബുന്നിസയായിരുന്നു. പിന്നീട് ഞാന്‍ സൈബുതാത്ത എന്ന് ഞാന്‍ വിളിച്ചിട്ടില്ല. എന്റെ സ്നേഹം മുഴുവനും സൈബുന്നിസ എന്ന മനോഹരമായ പേരില്‍ മാത്രം ഒതുക്കി. അത് നീട്ടി വിളിക്കുമ്പോള്‍ എനിക്ക് മാത്രം കിട്ടുന്ന അപൂര്‍വമായ ആനന്ദത്തില്‍ നിന്ന് ഞാന്‍ ഉറപ്പിക്കുന്നു. ഇവള് നാളെകളില്‍ തകഴിയുടെ കാത്തയെ പോലെ ബഷീറിന്റെ ഫാബിയെ പോലെ പാറക്കടവിന്റെ സൈബുന്നിസയും അടയാളങ്ങള്‍ അവശേഷിപ്പിക്കും. അല്ലാതെ പോകാന്‍ അവള്‍ക്കാവില്ല. കാരണം പൂക്കള്‍ക്കും ചെടികള്‍ക്കും മനുഷ്യര്‍ക്കുമിടയിലുള്ള സ്നേഹത്തിന്റെ അഭൗമമായ സൗന്ദര്യം ചൊരിയുന്ന പെണ്ണുങ്ങള്‍ക്കൊന്നും അവളവളെ കൊത്തിവെക്കാതെ നടന്ന് പോകാന്‍ കഴിയില്ല.
Content Highlights: zaibunnisa, Sreekala Mullassery, PK Parakkadavu