ത്തധ്രുവത്തിന്റെ ദൃശ്യം തന്റെ ക്യാമറയില്‍ പകര്‍ത്താനായതിന്റെ ആഹ്ലാദത്തിലാണ് എഴുത്തുകാരന്‍ സക്കറിയ. ദുബായില്‍ നിന്ന് ലോസ് ആഞ്ജലീസിലേക്കുള്ള എമിരേറ്റ്‌സ് വിമാനത്തില്‍ ഉത്തരധ്രുവത്തിന് മുകളിലൂടെ സഞ്ചരിക്കവെയാണ് സക്കറിയ ഉത്തരധ്രുവത്തിന്റെ ചിത്രം തന്റെ ക്യാമറയിലാക്കിയത്.
 
എന്നെപ്പോലെ ഒരാളിന് എത്തിച്ചേരാവുന്ന ഒരു സ്ഥലമല്ല അത്.' സക്കറിയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അലാസ്‌കയെ കുറിച്ച് സക്കറിയ എഴുതുന്ന യാത്രവിവരണം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉടന്‍ ആരംഭിക്കും. അലാസ്‌കയെ പറ്റിയുള്ള മലയാളത്തിലെ ആദ്യത്തെ യാത്രവിവരണം കൂടിയാകും ഇത്.
 
സക്കറിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
 
ഉത്തരധ്രുവം
 
ഉത്തര ധ്രുവം എന്റെ ക്യാമറയില്‍ പതിഞ്ഞു എന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു. എന്നെപ്പോലെ ഒരാളിന് എത്തിചേരാവുന്ന ഒരു സ്ഥലമല്ല അത്. നോര്‍വെയുടെ വടക്കേ അറ്റത്തുള്ള ദ്വീപായ സ്വാല്‍ബാഡില്‍ നിന്ന് 1050 കിമി അകലെയുള്ള ധ്രുവത്തിലേക്കു മഞ്ഞു നീക്കി കപ്പലിലോ ഹെലികോപ്റ്ററിലോ അഞ്ചു ദിവസത്തേക്ക് വിനോദസഞ്ചാരം പോകാന്‍ ഒരാള്‍ക്ക് 16 മുതല്‍ 20 ലക്ഷം വരെ രൂപ ആവും എന്നറിയുന്നു. (അത് അനായാസം ചെലവാക്കാന്‍ കഴിയുന്ന ആയിരക്കണക്കിന് മലയാളികള്‍ കേരളത്തിലും പുറത്തും ഉണ്ടെന്നത് മറക്കുന്നില്ല.)
 
ആര്‍ട്ടിക് വലയത്തിനുള്ളില്‍ ഞാന്‍ പോയിട്ടുണ്ട്-നോര്‍വേയില്‍ ട്രോംസോ വരെയും, സ്വീഡനില്‍ ചിരുന്ന (kiruna) വരെയും അലാസ്‌കയില്‍ ഡാല്‍ട്ടന്‍ ഹൈവേയിലെ ആര്‍ട്ടിക് വലയ മണ്ഡപം വരെയും.
 
ഉത്തരധ്രുവത്തിനോട് എനിക്ക് ഒരു പ്രത്യേക കടപ്പാട് ഉണ്ട്. എനിക്ക് 7 വയസ്സുള്ളപ്പോള്‍ 'ദീപിക' ബാലപംക്തിയില്‍ എന്റെ പ്രിയപ്പെട്ട ഇല്ലിക്കത്തൊട്ടിയില്‍ നാരായണപിള്ളസാറിന്റെ ശക്തമായ പിന്‍ബലത്തോടെ 'ഉത്തരധ്രുവം' എന്ന പേരില്‍ മൂന്നിഞ്ച് നീളമുള്ള ഒരു 'ലേഖനം' പ്രസിദ്ധീകരിച്ചതോടെയാണ് ഞാന്‍ ഒരെഴുത്തുകാരനാകുന്നത്. ഉത്തര ധ്രുവം ഒരിക്കലും കാണുമെന്നു ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.
 
അങ്ങനെയിരിക്കുമ്പോളാണ് ദുബായില്‍ നിന്ന് ലോസ് ആഞ്ജലീസിലേക്കുള്ള എമിരേറ്റ്‌സ് വിമാനത്തില്‍ കയറിയത്. 16 മണിക്കൂറോളമാണ് നോണ്‍ സ്റ്റോപ് യാത്ര. ഇത്തരം യാത്രകളെ നാട്ടിലെ തീവണ്ടി യാത്രകളുമായാണ് ഞാന്‍ താരതമ്യപ്പെടുത്തുക. 16 മണിക്കൂര്‍ ഏതാണ്ട് പരശുറാം എക്‌സ്പ്രസ്സ് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തെത്താന്‍ എടുക്കുന്ന സമയം മാത്രമാണ്. അതിലെന്തിരിക്കുന്നു.
 
വിമാനം മൂളിയും പാടിയും ഇരമ്പിയും ഇടക്കൊന്നു കുലുങ്ങിയും പൊയ്‌ക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ മുമ്പിലെ സ്‌ക്രീനില്‍ നോക്കുമ്പോള്‍ കാണുന്നത് അത് ഉത്തരധ്രുവത്തിനു മീതെ പറക്കുന്ന ഫ്‌ളൈറ് പാത്ത് ചിത്രമാണ്. ഓരത്തെ സീറ്റിലാണ് ഞാന്‍ ഇരിക്കുന്നത്. ജനല്‍ അപ്രാപ്യം. എണീറ്റ് മുകളില്‍ നിന്ന് ബാഗെടുത്ത് ക്യാമറ കരസ്ഥമാക്കി വിമാനത്തിന്റെ പിറകിലേക്ക് പോയി.
 
അവിടെ പിന്‍വാതിലില്‍ ഒരു ഒറ്റ ജനല്‍ ഉണ്ട്. ഞാന്‍ അതിലൂടെ നോക്കി. അപ്പോളിതാ ഉത്തരധ്രുവം പാലോ തൈരോ തറയില്‍ വീണു പര ന്നത് പോലെ വെളുപ്പിന്റെ ഒരു പരലോകമായി താഴെ പിന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ഫോട്ടോയെടുക്കാന്‍ പോലും മറന്നു ഞാന്‍ അത് നോക്കി നിന്നു. ലോകത്തിന്റെ ഉച്ചിയിലാണ് ഞങ്ങള്‍! ഞാന്‍ നോക്കുന്നത് സാക്ഷാല്‍ ഉത്തരധ്രുവത്തിലേക്കാണ്! ഞാന്‍ ഉള്ളിലേക്ക് നോക്കി. പുറത്തേക്കു നോക്കുന്ന ഒരു തല പോലും കാണാനില്ല. ഇത് എന്റെ രഹസ്യം മാത്രമാണ്!
 
35000 അടി മുകളില്‍ നിന്നു എടുത്ത ചിത്രങ്ങളാണ് ഇവ. ഒന്നില്‍ ഒരു നദി കാണാം. കാനഡയില്‍ നിന്നും റഷ്യയില്‍ നിന്നും ആര്‍ട്ടിക്കിലേക്കു ഒഴുകുന്ന അഞ്ചു നദികളില്‍ ഒന്നായിരിക്കണം അത്.
 
weeklyകഴിഞ്ഞ വര്‍ഷമാണ് എയര്‍ ഇന്ത്യ ആദ്യമായി ധ്രുവത്തിനു മീതെ സര്‍വീസ് ആരംഭിച്ചത്: ഡല്‍ഹി-സാന്‍ ഫ്രാന്‍ സിസ്‌കോ. ആ ഫ്‌ലൈറ്റിന്റെ കാപ്റ്റന്‍ ഒരു രസകരമായ വിവരം പറഞ്ഞത് വായിച്ചു ; 'ഉത്തരധ്രുവം കടന്നു ഭൂഗോളത്തിന്റെ മറുവശത്തേക്കു പോയപ്പോള്‍ വിമാനത്തിന്റെ നാവിഗേഷന്‍ ഡിസ്പ്‌ളേ 180 ഡിഗ്രി വട്ടം തിരിഞ്ഞു വടക്കുനിന്നും തെക്കോട്ടായതു ഒരു അത്ഭുത കാഴ്ച ആയിരുന്നു,'
 
സിനിമ കണ്ടുകൊണ്ടിരിക്കുന്ന നമ്മളുണ്ടോ നമ്മള്‍ തലകീഴായ് മറിഞ്ഞ വസ്തുത അറിയുന്നു!
 
ചിത്രങ്ങള്‍
 
1.ഫ്‌ളൈറ് പാത്തിലെ ധ്രുവകാഴ്ച്ച . 2. ഒളിഞ്ഞിരിക്കുന്ന സൂര്യന്‍. 3. രണ്ടു നിഴലുകള്‍. 4. അജ്ഞാതനദി 5, മഞ്ഞിന്റെ ഭൂഘണ്ഡം 6. മഞ്ഞു കടലിലെ മഞ്ഞു മുനമ്പ്. 
 
Content highlights: writer Zacharia journey through North Pole