എഴുത്തുകാരൻ യു.എ ഖാദറിന്റെ പത്നി ഫാത്തിമ നിര്യാതയായി.യു.എ ഖാദർ അന്തരിച്ച് ആറുമാസം തികയുന്നതിനുമുന്നേ തന്നെ അദ്ദേഹത്തിന്റെ പ്രിയപത്നിയും യാത്രയായിരിക്കുന്നു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഫാത്തിമയുടെ നിര്യാണത്തിൽ അനുശോചനമർപ്പിച്ചുകൊണ്ട് എഴുത്തുകാരൻ യു.കെ കുമാരൻ സംസാരിക്കുന്നു.

തൃക്കോട്ടൂരിന്റെ കഥാകാരൻ യു.എ ഖാദറിന്റെ പ്രിയപത്നി യാത്രയായിരിക്കുന്നു. ഖാദർക്കയെ പരിചയമുള്ള കാലം തൊട്ടേ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയങ്കരിയായ ഫാത്തിമയെയും അറിയാം. ഖാദർക്കയുടെ എല്ലാ സാഹിത്യ വളർച്ചയ്ക്കും നേരത്തിനും കാലത്തിനും നോക്കി വളമിട്ടുകൊടുത്തത് ഫാത്തിമയായിരുന്നു. ആദ്യകാലങ്ങളിൽ അല്പസ്വൽപം അശ്രദ്ധമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു ഞാനറിയുന്ന ഖാദർക്ക. ഖാദർക്കയെ ശരിയായ ജീവിതരീതിയിലേക്കു കൊണ്ടുവരാൻ, അദ്ദേഹമാഗ്രഹിക്കുന്ന തരത്തിൽ ഒരു സാഹിത്യകാരനാവാൻ ആ നല്ലപാതി നടത്തിയ പരിശ്രമങ്ങൾ ഇന്നോർക്കുകയാണ്.

തിക്കോടിയിൽ നിന്ന് ഖാദർക്ക കുടുംബസമേതം കോഴിക്കോടേക്കുമാറിയത് അത്ര നല്ല ജീവിതസാഹചര്യം വന്നുചേർന്നിരുന്ന കാലത്തായിരുന്നില്ല. കോഴിക്കോട് കിണാശ്ശേരിയിലെ പഞ്ചമഹൽ എന്ന കോളനിയിൽ വളരെ പരിമിതമായ വീടും പരിസരവുമായി ഖാദർക്കയും ഭാര്യയും മക്കളും കഴിഞ്ഞു. അവിടെ നിന്നാണ് ശരിക്കും ഖാദർക്കയുടെ എഴുത്തുജീവിതം തുടങ്ങുന്നത്. അതിനുള്ള പ്രചോദനം ഫാത്തിമയല്ലാതെ മറ്റാരുമല്ലായിരുന്നു. മലയാളസാഹിത്യത്തിൽ യു.എ ഖാദർ എന്ന പേര് അടയാളപ്പെടുത്തപ്പെടാൻ കാരണമായ തൃക്കോട്ടൂർകഥകളുടെ ഉറവിടം ഫാത്തിമയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം അദ്ദേഹം കൊയിലാണ്ടിക്കാരനാണ്, ഫാത്തിമയാകട്ടെ തിക്കോടിക്കാരിയും. ഫാത്തിമയെ വിവാഹം കഴിക്കുക വഴിയാണ് തൃക്കോട്ടൂരെന്ന തിക്കോടിയുമായി ഖാദർക്ക സംബന്ധത്തിലാവുന്നത്. തുടക്കത്തിൽ പയ്യോളിയിൽ ചായപ്പൊടി കച്ചവടമായിരുന്നു അദ്ദേഹത്തിന്. തന്റെ ഭാര്യയിലൂടെ കേട്ട തൃക്കോട്ടൂർ കഥകൾ പുന:സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്.

പഞ്ചമഹലിലെ വളരെ പരിമിതമായ സാഹചര്യം പതുക്കെ പതുക്കെ മാറിത്തുടങ്ങിയതും ഫാത്തിമയുടെ ജീവിക്കാനുള്ള വൈഭവം കൊണ്ടു തന്നെയായിരുന്നു. പിന്നീട് തൊട്ടടുത്ത്, പൊക്കുന്നിൽ അല്പം കൂടി വിശാലമായ ജീവിതസാഹചര്യവും വീടും അദ്ദേഹത്തിന് കെട്ടിപ്പടുക്കാനായതിനു പിറകിൽ ആ ശക്തമായ സ്ത്രീസാന്നിധ്യം തന്നെയാണ് ഉണ്ടായിരുന്നത്. തന്റെ നല്ലപാതിയെ എന്നും ബഹുമാനത്തോടെ മാത്രമേ അദ്ദേഹം നോക്കിക്കണ്ടിരുന്നുള്ളൂ. ഇത്രയും ശക്തമായ ഒരു സാന്നിധ്യമായി ഫാത്തിമ കൂടെ ഉണ്ടായിരുന്നില്ലെങ്കിൽ തൃക്കോട്ടൂർ പെരുമക്കാരന് നിത്യവൃത്തിക്കിടയിലെ നേരം പോക്ക് മാത്രമായിപ്പോകുമായിരുന്നു സാഹിത്യം. എഴുത്തുകാരുടെ കൂടെയുള്ള ജീവിതം പലപ്പോഴും സുഗമമായിക്കൊള്ളണമെന്നില്ല. അവർ പലപ്പോഴും ചിന്തയുടെ മറുകണ്ടം ചാടിപ്പോകുകയും വർത്തമാനകാലത്തിൽ നിന്നും വേർപെട്ട് പോകുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളെ മനസ്സിലാക്കി കൂടെനിൽക്കാൻ ഫാത്തിമക്കു കഴിഞ്ഞു എന്നതിനർഥം തന്നെ വളരെ അസാധാരണത്വം നിറഞ്ഞ സ്ത്രീത്വമായിരുന്നു അവർ എന്നാണ്.

ഭാര്യയോടുള്ള ആഗാധമായ ആദരവ് അദ്ദേഹം വച്ചുപുലർത്തിയിരുന്നു. അവർക്ക് വളരെ നിസ്സാരമായ അസുഖങ്ങൾ വരുന്ന വേളകളിൽ പോലും ഖാദർക്ക വേവലാതിപ്പെടുന്നതിന് നേർസാക്ഷിയായിട്ടുണ്ട് ഞാൻ. ഫാത്തിമയും അങ്ങനെ തന്നെയായിരുന്നു. ഒരു സാഹിത്യകാരനാണ് തന്റെ ജീവിതപങ്കാളി എന്നതിൽ അവർ അഭിമാനം കൊണ്ടിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ കൃതികളിലെ തമാശകളും സന്ദർഭങ്ങളും എടുത്തുപറഞ്ഞ് തന്റെ ഭർത്താവിന്റെ സാഹിത്യം അവർ ആസ്വദിച്ചിരുന്നു. സാഹിത്യത്തിൽ യു.എ ഖാദർ എന്ന പേര് നിലനിൽക്കുന്നിടത്തോളം കാലം ഒപ്പം തലയുയർത്തി നിൽക്കപ്പെടും ഫാത്തിമയുടെ പേരും. തൃക്കോട്ടൂർ പെരുമയുടെ റഫറൻസ്ഗ്രന്ഥമായിരുന്ന ഫാത്തിമക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Content Highlights : Writer UK Kumaran Pays Homage to Fathima Wife of Veteran Writer UA Khader