കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം മലയാളം കണ്ട ഏറ്റവും ശ്രദ്ധേയനായ ഹാസ്യ സാഹിത്യകാരന്‍ സഞ്ജയന്റെ ചരമവാര്‍ഷികദിനമാണ് സെപ്തംബര്‍ 13. മഹാഭാരതയുദ്ധ വിവരങ്ങള്‍ അന്ധനായ ധൃതരാഷ്ട്രരെ യഥാസമയം അറിയിക്കുന്ന ഇതിഹാസ കഥാപാത്രമാണ് സഞ്ജയന്‍. ഈ പേരാണ് മൂര്‍ക്കോത്ത് രാമുണ്ണി നായര്‍ തൂലികാനാമമായി സ്വീകരിച്ചത്. സമകാലിക ലോകത്തിന്റെ ചലനങ്ങളെ രസകരമായി അവതരിപ്പിച്ചാണ് സഞ്ജയന്‍ വായനക്കാരെ ചിരിപ്പിച്ചിരുന്നത്. 

കലാകാരന്‍ സ്വയം കരയുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്നവനാകണം എന്ന വിദൂഷക ധര്‍മ്മമായിരുന്നു സഞ്ജയന്റെ ആപ്തവാക്യം. ദുരന്തങ്ങളുടെ പെരുമഴ തന്നെയായിരുന്നു ആ ജീവിതം നിറയെ. സഞ്ജയന് 27 വയസ്സുള്ളപ്പോള്‍ ക്ഷയരോഗം കാരണം അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടു. പിന്നീട് ഏക മകനും മരിച്ചു. സഞ്ജയനും ക്ഷയരോഗബാധിതനായി. വ്യക്തിപരമായ ഈ സങ്കടങ്ങള്‍ക്കിയിലും സഞ്ചയന്‍ മലയാളികളെ തന്റെ എഴുത്തുകളിലൂടെ ചിരിപ്പിച്ചുകൊണ്ടിരുന്നു. ജീവിത ദുരിതങ്ങള്‍ക്കിടയിലും സഞ്ജയന് എങ്ങനെ ചിരിപ്പിക്കാന്‍ കഴിഞ്ഞു എന്ന് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. കരച്ചിലും ചിരിയുമുള്ള ലോകത്ത് ഭേദം ചിരി തന്നെയാണെന്ന് സഞ്ജയന്‍ പലപ്പോഴും എഴുതി.

മലയാളത്തിന് അത്രയും കാലം കണ്ടുതഴക്കമുണ്ടായിരുന്ന കടുകട്ടി സംസ്‌കൃത ഭാഷാസ്വാധീന ലേഖനങ്ങളില്‍ നിന്നും നിരൂപണങ്ങളില്‍ നിന്നും ഭാഷയെ മോചിപ്പിച്ച് സാധാരണക്കാരന്റെ ബുദ്ധിയെ ഉണര്‍ത്തുന്ന രീതിയില്‍ ലളിതമായ പ്രയോഗങ്ങളും നാടന്‍ശീലുകളും സഞ്ജയന്‍ തന്റെ ലേഖനങ്ങളില്‍ നിറച്ചു. സ്റ്റീഫന്‍ ലീക്കോക്, ജെയിംസ് തര്‍ബര്‍, മാര്‍ക് ട്വെയ്ന്‍ പോലുള്ള പാശ്ചാത്യ എഴുത്തുകാരുടെ രചനാരീതിയാല്‍ സ്വാധീനപ്പെട്ടിരുന്നു അദ്ദേഹം. ഷേക്‌സ്പിയറുടെ ദുരന്തനാടകമായ 'ഒഥല്ലോ'യ്ക്ക് മലയാളവിവര്‍ത്തനം നല്‍കിയതും സഞ്ജയനാണ്. 

1903 ജൂണ്‍ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടേയും പാറുവമ്മയുടേയും മകനായാണ് സഞ്ജയന്‍ ജനിച്ചത്. പിതാവ് തലശ്ശേരി ബാസല്‍ മിഷന്‍ ഹൈസ്‌ക്കൂളില്‍ മലയാളം വിദ്വാനായിരുന്നു. കവിയും ഫലിതജ്ഞനും അതിലുപരി സംഭാഷണ ചതുരനുമായിരുന്ന പിതാവില്‍ നിന്നാണ് സഞ്ജയന് സാഹിത്യതാത്പര്യം ഉടലെടുക്കുന്നത്.

തലശ്ശേരി ബ്രാഞ്ച് സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു സഞ്ജയന്റെ വിദ്യാഭ്യാസം. 1917-ല്‍ സഞ്ജയന്‍ എഴുതിയ ആദ്യ കവിത കൈരളി മാസികയില്‍ പ്രസിദ്ധീകരിച്ചു. 1936ലാണ് അദ്ദേഹം പ്രശസ്തമായ 'സഞ്ജയന്‍' എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിച്ചത്. 1935 മുതല്‍ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികള്‍ സാഹിത്യനികഷം(രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍ (ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവര്‍ത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപാഖ്യാനമെന്ന കവിതയും ശ്രദ്ധേയമാണ്. 1943 സെപ്തംബര്‍ പതിമൂന്നിന് നാല്‍പതാം വയസ്സില്‍ മരണത്തിന് കീഴടക്കുമ്പോള്‍ മലയാളത്തിന് ഒരു 'സഞ്ജയന്‍ലോകം' തന്നെ അദ്ദേഹം സംഭാവന നല്‍കിക്കഴിഞ്ഞിരുന്നു.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കായി സഞ്ജയന്‍ എന്നും ശബ്ദമുയര്‍ത്തിയിരുന്നു. കോടതി രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും സഞ്ജയനുള്ള മിടുക്ക് ഏറെ ശ്രദ്ധേയമാണ്. 1986ലാണ് സഞ്ജയന്‍ കൃതികള്‍ രണ്ട് വാള്യങ്ങളായി സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നത്.  മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തില്‍ ഹാസാഞ്ജലി എന്ന കവിതാ സമാഹാരം കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭഗവത്ഗീതയുടെ ശൈലിയനുകരിച്ച് സഞ്ജയനെഴുതിയ 'ഏമറി ഗീത'യില്‍ ബ്രിട്ടീഷ് സാനമ്രാജ്യത്തിന്റെ ഭീകരമുഖം ചിത്രീകരിക്കുന്നു. ചങ്ങമ്പുഴയുടെ 'മോഹിനി' എന്ന നാടകീയ ഭാവഗാനത്തിന് 'മോഹിതന്‍' എന്ന പേരില്‍ രചിച്ച പാരഡിയും അതിശയിപ്പിക്കുന്ന രചനാശൈലിക്കുദാഹരണമാണ്.

Content Highlights: writer Sanjayan MR Nair death anniversary