ആകാശത്ത് ക്രിസ്മസ് നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍, രാത്രിയില്‍ വൃശ്ചികക്കാറ്റ് വീശുമ്പോള്‍ അനെയ്‌സ് എന്ന ഫ്രഞ്ച് സുഗന്ധമായി, ആ ഓര്‍മകള്‍ ഇന്നുമെത്തുന്നു. ഏഡ്രിയന്‍ മനസ്സില്‍ നിറയുന്നു. പശ്ചാത്തലത്തില്‍ ചിദംബരക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍, പൊടിമണ്‍ പാതകളിലൂടെ ഹോസ്റ്റലിലേക്കുള്ള സന്ധ്യാനടത്തങ്ങള്‍. വിരഹവും സ്‌നേഹവും വേദനയും നിറഞ്ഞ ഒരു കുറിപ്പ്
രാത്രി ചുറ്റിലും തട്ടിമറിഞ്ഞുവീണ വെള്ളിനിലാവ്. ഇലത്തുമ്പുകളിലും വൃക്ഷാഗ്രങ്ങള്‍ക്കുമേലും തൂവി വീണിടത്തൊക്കെയും നിലാവുകിടന്നു വെട്ടിത്തിളങ്ങി.
പുറത്ത് പടര്‍ന്നുപന്തലിച്ച ഇലഞ്ഞിമരം. അതിന്മേല്‍ ദീപക്കാഴ്ച വിതാനിച്ചുകൊണ്ട് മിന്നാമിന്നികള്‍. വേപ്പുമരങ്ങള്‍ക്കിടയിലൂടെ കാണായ ആകാശത്ത് സൗമ്യമന്ദഹാസം പൊഴിച്ചുകൊണ്ട് നിറചന്ദ്രന്‍. ചുറ്റിലും ചിതറിക്കിടക്കുന്ന നക്ഷത്രമുത്തുകള്‍.
ജനാലക്കമ്പിമേല്‍ കവിള്‍ചേര്‍ത്തുവെച്ചുകൊണ്ട് ഞാന്‍ മന്ത്രിച്ചു: 'വേപ്പുമരച്ചില്ലകളേ, എന്റെ കുഞ്ഞുനക്ഷത്രങ്ങളേ, നിങ്ങളറിഞ്ഞോ, ഏഡ്രിയന്‍ എന്നെ സ്‌നേഹിക്കയാണ്! സത്യമാണു കേട്ടോ ഞാന്‍ പറയുന്നത്!' അവരൊന്നും മിണ്ടിയില്ല, ആ സമയം ഇലകളെ ചെറുതായ് കുഴച്ചുമറിച്ചുകൊണ്ട് നേരിയ ഒരു ചൂളംകുത്തലോടെ സ്‌നേഹവാനായൊരു കാറ്റ് ആവഴി കടന്നുപോയി.
എന്റെ ഹൃദയം ആഹ്ലാദത്താല്‍ ഉന്മത്തമായിരുന്നു. കേള്‍ക്കാന്‍ കാത്തിരുന്നതെങ്കിലും ഓര്‍ക്കാപ്പുറത്ത് ആ വാക്കുകള്‍ കാതില്‍വീണപ്പോള്‍ എന്തൊരവിശ്വസനീയത! ഏഡ്രിയന്‍ എന്ന ഏഡ്രിയന്‍ ക്ലോദ്. എന്റെ ഫ്രഞ്ച് ഭാഷാധ്യാപകന്‍.
ഞാനന്ന് ചിദംബരത്ത് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉപരിപഠനം നടത്തുന്നു. തമിഴ്ഭാഷയോടും സംസ്‌കാരത്തോടുമുള്ള അതിരുകടന്ന അഭിനിവേശമാണ് എന്നെ പ്രാചീനമായ ആ ക്ഷേത്രനഗരത്തിലെത്തിച്ചത്.
ഏഡ്രിയന്‍ ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും സൗമ്യന്‍, ഹേമന്തത്തില്‍ ഹിമശകലങ്ങള്‍ പൊഴിയുന്നത്ര മൃദുവായ സംസാരം. ക്ലാസെടുക്കുമ്പോള്‍ മാത്രമാണ് ആ ശബ്ദം ഉയര്‍ന്നുകേള്‍ക്കുക. അറുപതുപേരുള്ള ഹാളില്‍ ഉച്ചത്തില്‍ പറയാതെ വയ്യല്ലോ! വൈകുന്നേരമാണ് ഫ്രഞ്ച് പഠനം. ക്ലാസ് തീരുമ്പോള്‍ എമ്പാടും ഇരുള്‍ പരക്കും. ഹോസ്റ്റലിലേക്ക് കുറച്ചേറെ ദൂരമുണ്ട്. പാതയുടെ ഇരുവശത്തുമായി കൂറ്റന്‍ പേരാലുകളും അരയാലുകളും. മങ്ങിയ വെളിച്ചത്തില്‍ അവയുടെ ഭയജനകമായ നിഴലിളക്കങ്ങള്‍. വൈദ്യുതിവിളക്കുകള്‍ അങ്ങിങ്ങ് മങ്ങിക്കത്തുന്നെങ്കിലും വഴി പ്രായേണ വിജനം. ടൗണില്‍നിന്നു മടങ്ങുന്ന കാല്‍നടക്കാരോ, കുടമണികിലുക്കി നീങ്ങുന്ന ഒറ്റക്കാളവണ്ടിയോ ഇടയ്‌ക്കെങ്ങാന്‍ ആവഴി വന്നെങ്കിലായി. എന്റെ ഭീതികള്‍ ഊഹിച്ചറിഞ്ഞിട്ടാവണം, ക്ലാസു കഴിഞ്ഞു മടങ്ങുമ്പോള്‍ ഏഡ്രിയനും എന്നെ അനുധാവനം ചെയ്യും. ഒരു കാവല്‍മാലാഖയുടെ കരുതലോടെ, തന്റെ സന്തതസഹചാരിയായ സൈക്കിളും ഉന്തിക്കൊണ്ട്... വാച്ച്മാന്‍ ഗേറ്റ് തുറന്ന് എന്നെ അകത്തുകടത്തുമ്പോള്‍ യാത്രാഭിവാദനത്തോടെ ആള്‍ കടന്നുപോകും. ഏതാണ്ടെല്ലാ പ്രവൃത്തിദിനങ്ങളിലും ശുഷ്‌കാന്തിയോടെ നിറവേറ്റപ്പെടുന്ന ദിനചര്യ.
സര്‍വകലാശാലകള്‍ തമ്മിലുള്ള എക്‌സ്ചേഞ്ച് പ്രോഗ്രാമിലൂടെയാണ് ഏഡ്രിയന്‍ തമിഴകത്തെത്തിയത്. ഒരുവര്‍ഷത്തേക്ക്. തെക്കേ ഇന്ത്യയോട് എന്തെന്നില്ലാത്ത മമതയുണ്ടായിരുന്നു ആളിന്. ഇന്ത്യയെ സ്‌നേഹിക്കുന്ന മറ്റെല്ലാ വിദേശികളെയുംപോലെ അതിനെ മുജ്ജന്മപാശത്തിന്റെ തുടര്‍ച്ച എന്ന് ഏഡ്രിയനും ഉറച്ചുവിശ്വസിച്ചു.
ചുറ്റുമുള്ളവരുടെ തുറന്ന പെരുമാറ്റം, സഹപ്രവര്‍ത്തകര്‍ക്ക് തന്നോടുള്ള കരുതല്‍ ഇവയൊക്കെ ആള്‍ ഏറെ വിലമതിച്ചിരുന്നു. പക്ഷേ, ജനിച്ചുവളര്‍ന്ന തെക്കന്‍ ഫ്രാന്‍സിലെ ഡോമ എന്ന മനോജ്ഞമായ ചെറുപട്ടണത്തിന്റെ ഓര്‍മകള്‍ ഏഡ്രിയനെ സദാ നിഴല്‍പോലെ പിന്തുടര്‍ന്നു.
ആള്‍ വീട്ടിലെ മൂത്തമകന്‍. ജിംനാസ്റ്റായ അനുജത്തി. ശില്പകലാ വിദ്യാര്‍ഥിയായ അനുജന്‍. അമ്മ നടത്തുന്ന ബേക്കറി. നദിക്കരയിലെ തങ്ങളുടെ വസതി, ഡോമയിലെ ലിലാക് പാടങ്ങള്‍, കൂട്ടുകാരുമൊത്തുള്ള സുദീര്‍ഘമായ സൈക്കിള്‍ സവാരികള്‍... ഇവയൊക്കെ ആ സംഭാഷണങ്ങളില്‍ മിക്കപ്പോഴും കടന്നുവന്നു. ആദ്യമായാണ് ചങ്ങാതി ഇത്രമേല്‍ വിദൂരവും അപരിചിതവുമായ ഒരു ദിക്കില്‍ വന്നുപെടുന്നത്.
ചിദംബരം എനിക്കും പുതിയതായിരുന്നു. സഹപാഠികളും ഹോസ്റ്റലിലെ സ്‌നേഹിതകളും തികഞ്ഞ സ്‌നേഹവായ്‌പോടെയാണ് പെരുമാറിയത്. തമിഴ്ഭാഷ ഞാന്‍ വളരെ പെട്ടെന്ന് പഠിച്ചെടുക്കുകയും ചെയ്തു. എന്നിട്ടും ഇടയ്ക്കിടെ ഏകാന്തത കടന്നുവന്നു.
ലോകത്ത് ഞാനേറ്റവും സ്‌നേഹിച്ചതും എന്നെ സ്‌നേഹിച്ചതും എന്റെ അപ്പനായിരുന്നു. അപ്പന്റെ പെട്ടെന്നുള്ള വേര്‍പാട് കുറേക്കാലത്തെക്കെങ്കിലും എന്നെ സ്തബ്ധയും വിമൂകയുമാക്കിയിരുന്നു. മലഞ്ചെരിവില്‍ സ്വാസ്ഥ്യംപൂണ്ടു മയങ്ങുന്ന എന്റെ വീട്, ഞാന്‍ വിട്ടുപോന്ന പ്രിയതര സാന്നിധ്യങ്ങള്‍ ഇവയൊക്കെ ഓര്‍ത്ത് ഇടയ്ക്കിടെ കണ്ണീര്‍പൊടിഞ്ഞിരുന്നു.
പങ്കുവെക്കാന്‍ പൊതുവായ പല വ്യസനങ്ങളും ഉള്ളതിനാലാവണം ഞങ്ങള്‍ വളരെപ്പെട്ടെന്ന് സുഹൃത്തുക്കളായിമാറിയത്. അന്നത്തെ ചിദംബരം, ഗ്രാമഹൃദയം കാത്തുസൂക്ഷിക്കുന്ന നിദ്രാലസമായ ഒരു പട്ടണമായിരുന്നു. ഗംഭീരമായ ഔന്നത്യത്തോടെ വിരാജിക്കുന്ന നടരാജക്ഷേത്രം, ചെറുതും വലുതുമായ വെറെയും കോവിലുകള്‍. സവാരിക്ക് കാളവണ്ടികളും കുതിരവണ്ടികളും. ആധുനികമായ ഭോജനശാലകളില്ല, ചെന്നിരിക്കാന്‍ പാര്‍ക്കുകളില്ല. തമിഴ് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന രണ്ടുമൂന്നു തിയേറ്ററുകള്‍. പിന്നെ മലബാറുകാര്‍ നടത്തുന്ന റെയില്‍വേ കാന്റീന്‍.
അന്ന് ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക് കട്ടിലേ ഉണ്ടായിരുന്നില്ല. കാമ്പസിലെ വഴിയോരത്ത് അവ നിര്‍മിക്കുന്നവരുണ്ട്. ബലിഷ്ഠമായ നാലു കമ്പിന്മേല്‍ ചൂടിക്കയര്‍ വരിഞ്ഞ് മണിക്കൂറുകള്‍ക്കകം സംഭവം റെഡി. വില തുച്ഛം. 'കാട്ടുമൈന'യില്‍ എസ്.പി. പിള്ള ഉപയോഗിച്ചേ ഞാന്‍ ഇതു കണ്ടിരുന്നുള്ളൂ. കിടന്ന് ഏതാനും ആഴ്ചകള്‍ക്കകം കട്ടില്‍ ഒരു കുഴിഞ്ഞ തൊട്ടിയായി പരിണമിക്കും!
ഒഴിവുദിനങ്ങള്‍ പരമവിരസമായിരുന്നു. ഭാഗ്യത്തിന്, അതിവിസ്തൃതമാണ് കാമ്പസ്. സര്‍ സി.പി.യുടെ പേരിലുള്ള വിശാലവും ഗംഭീരവുമായ ലൈബ്രറി. മലയാളിയായ ഗൗതമനായിരുന്നു അന്ന് ലൈബ്രേറിയന്‍.
എമ്പാടും മാവ്, വേപ്പ്, ഉങ്ങ് തുടങ്ങിയ വൃക്ഷങ്ങള്‍. ചുവട്ടില്‍ കല്‍ത്തറ. അതിസ്വച്ഛന്ദമായിരുന്നു അന്തരീക്ഷം. വിരസമധ്യാഹ്നങ്ങളില്‍ നമ്മളാ ഇലപ്പടര്‍പ്പുകള്‍ തണല്‍നീര്‍ത്തിയ കല്‍ക്കെട്ടുകളില്‍ ചെന്നിരിക്കും. നടരാജക്ഷേത്രത്തിന്റെ പടവുകളിലിരുന്ന് മീനുകള്‍ക്ക് മലര്‍പ്പൊരി എറിഞ്ഞുകൊടുക്കും. ചില വൈകുന്നേരങ്ങളില്‍ ജമന്തിയും മരിക്കൊഴുന്തും മണക്കുന്ന ആ പുരാതനവീഥികളിലൂടെ അലഞ്ഞുതിരിയും.
തെക്കുവീഥിയിലെ ടീക്കടയിലെ ഡിക്കോഷന്‍ കോഫിയുടെ നറുഗന്ധം കേട്ടാലേ മനസ്സുനിയറും. ഒപ്പം ചൂടുള്ള വെങ്കായ പക്കവടയും. ചുമന്നുള്ളിയും പെരുംജീരകവുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന ആ പലഹാരത്തിന്റെ നേരിയ എരിവുപോലും ഏഡ്രിയന് താങ്ങാനാവില്ല. മുഖം ചുവന്നുതുടുക്കും. കണ്ണില്‍ നീര്‍പൊടിയും. ''എന്തിനാണ് സകലതിലും ഇങ്ങനെ കണ്ടമാനം മുളകുവാരിയിട്ട് നിങ്ങള്‍ ആളുകളെ കരയിക്കുന്നത്?'' -ആള്‍ ചോദിക്കും.
മെല്ലിച്ച് ഉയരമുള്ള ദേഹം. അസാധാരണമാംവിധം നീണ്ടുയര്‍ന്ന മൂക്ക്. വിഷാദസമുദ്രം കോരിയൊഴിച്ചപോല്‍ പാതികൂമ്പിയ നീലക്കണ്ണുകള്‍. തവിട്ടുനിറമാര്‍ന്ന മുടിയിഴകള്‍. അവ തീരേ ഒതുക്കമില്ലാതെ, കൊടുങ്കാറ്റില്‍പ്പെട്ടതുപോല്‍ ആകെ കുഴഞ്ഞുമറിഞ്ഞ്-അതായിരുന്നു ഏയ്ഡ്രിയന്‍. അത്രയ്ക്കുചന്തമൊന്നുമില്ലെങ്കിലും ഓമനിക്കാന്‍ തോന്നുന്ന എന്തോ ഒന്ന് ആ മുഖത്തിനുണ്ടായിരുന്നു. വാത്സല്യം കാംക്ഷിക്കുന്ന ഒരു കുട്ടിയുടെ ഭാവം. ഏഡ്രിയനെച്ചൂഴ്ന്ന്, സദാ ഒരു വനപുഷ്പസുഗന്ധം. നേര്‍ത്തതെങ്കിലും സിരകളെ ഉണര്‍ത്തുന്ന ഒരു അപൂര്‍വഗന്ധം. അനെയ്സ് എന്ന ഫ്രഞ്ച് പെര്‍ഫ്യൂമിന്റേതാണെന്ന് ഏറെക്കാലത്തിനുശേഷമാണ് ഞാന്‍ തിരിച്ചറിഞ്ഞത്.
*** *** ***
ആയിടെയായിരുന്നു ക്രിസ്മസ്. ഡോമയിലെ തിരുപ്പിറവി ആഘോഷങ്ങളെക്കുറിച്ച് ആള്‍ വിശദമായിത്തന്നെ വിവരിച്ചു. കാട്ടില്‍നിന്ന് ബിര്‍ച്ചുമരം മുറിച്ച് ട്രക്കിലേറ്റിക്കൊണ്ടുവരുന്നത്, എല്ലാവരും ചേര്‍ന്ന് ക്രിസ്മസ് ട്രീ അലങ്കരിക്കുന്നത്... ബ്ലാക്ബെറിയും കറുത്ത മുന്തിരിങ്ങയുമൊക്കെ ചേര്‍ത്ത് വീട്ടിലുണ്ടാക്കുന്ന കോട്ട് ഡ്യൂറോണ്‍ എന്ന വീഞ്ഞ്. അമ്മയുടെ മാസ്റ്റര്‍പീസായ (വൈനില്‍ പാകംചെയ്യുന്ന) കോക്ക് ഓവ്വാ എന്ന വിശേഷപ്പെട്ട ക്രിസ്മസ് ചിക്കന്‍... പിന്നെ വിരുന്നുകള്‍, കാരള്‍ ഗാനങ്ങള്‍, നൃത്തോത്സവങ്ങള്‍... തപാലിലൂടെ എത്തിച്ചേര്‍ന്ന ഡോമയില്‍നിന്നുള്ള ക്രിസ്മസ് നവവത്സരഫോട്ടോകള്‍, ആശംസാകാര്‍ഡുകള്‍... ഒക്കെയും എന്തൊരാവേശത്തോടെയാണെന്നോ കാട്ടിത്തന്നത്!
ടജ്ജ്നേവ് വിശേഷിപ്പിച്ചതുപോലെ ആഹ്ലാദത്തിന്റെ ദിനരാത്രങ്ങളും പ്രകാശത്തിന്റെ വിനാഴികയും വസന്തപ്രവാഹങ്ങളെപ്പോല്‍ എത്രവേഗം കടന്നുപോകുന്നു! ക്ലാസുകള്‍ അവസാനിക്കാറായി. ഏതാനും ദിവസങ്ങള്‍ക്കകം പരീക്ഷ ആരംഭിക്കുന്നു.
എങ്ങും സന്ധ്യയുടെ ചുവപ്പുരാശി പടര്‍ന്നിറങ്ങിയ ഒരു വൈകുന്നേരം. തില്ലൈകാളി അമ്മന്‍ കോവിലിന് അടുത്തുള്ള ആമ്പല്‍ക്കുളം. ഏഡ്രിയന്‍ അന്ന് പതിവിലും നിശ്ശബ്ദന്‍. തൊട്ടപ്പുറത്ത് പൊട്ടുകടല വില്‍ക്കുന്ന ബാലകരുടെ വായ്ത്താരി. പൊടുന്നനെ ഏഡ്രിയന്‍ പറഞ്ഞു: ''അടുത്തയാഴ്ച ക്ലാസുകള്‍ തീര്‍ത്ത് ഞാന്‍ മടങ്ങുകയാണ്. പിന്നീട് നമ്മള്‍ കണ്ടെന്നുവരില്ല''. സത്യത്തില്‍ ആ ചിന്ത എന്നെയും സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു.
വളരെ കുറച്ചുകാലത്തെ സൗഹൃദംമാത്രം. എന്നിട്ടും ഞാനാ യുവാവിനെ സ്‌നേഹിച്ചുതുടങ്ങിയിരുന്നു. ഞങ്ങളൊന്നിച്ച് അലഞ്ഞുനടന്ന വഴികള്‍, കൈമാറിയ വിശേഷങ്ങള്‍... ഒക്കെയും ഇതാ അവസാനിക്കുന്നു. ആള്‍ കാണാമറയത്തേക്ക് യാത്രയാവുന്നു.
''എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം ചോദിക്കാനുണ്ട്. ആലോചിച്ചുമാത്രം മറുപടിതന്നാല്‍ മതി''. ഏഡ്രിയന്റെ സ്വരത്തില്‍ തികഞ്ഞ ഗൗരവം. പെട്ടെന്നാണ് എരുമപ്പറ്റങ്ങളെയും തുരത്തിക്കൊണ്ട് ഒരുസംഘം ഗ്രാമക്കുട്ടികള്‍ ആവഴി പാഞ്ഞുപോയത്. വമ്പിച്ച ശബ്ദഘോഷത്താല്‍ സ്വസ്ഥത ഭഞ്ജിക്കപ്പെട്ടു. പിന്നീടതേക്കുറിച്ച് സംസാരിച്ചതേയില്ല.
പരീക്ഷതീര്‍ന്ന ദിവസം, അന്നും ഏഡ്രിയന്‍ ഒപ്പമുണ്ടായിരുന്നു. രണ്ടുപേര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ശോകത്താല്‍ മനസ്സ് വിമൂകനിശ്ചലം. ഹോസ്റ്റലിനുമുന്നിലെ വാകമരത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ ഏഡ്രിയന്‍ ഒരു ലക്കോട്ടുനീട്ടിക്കൊണ്ട് പറഞ്ഞു: ''മറിയാ, എനിക്കു പറയാനുള്ളതെല്ലാം ഇതിലുണ്ട്. നാളെ ഞാന്‍വരും, പത്തുമണിക്ക്. മറുപടി അപ്പോള്‍ പറഞ്ഞാല്‍മതി. രാത്രിയാണ് ൈഫ്‌ളറ്റ്, മദിരാശിയില്‍നിന്ന്...'' എന്നിട്ട് കാറ്റ് വയല്‍പ്പൂക്കളെ തഴുകുന്നത്ര സൗമ്യമായൊരു ചുംബനം നെറ്റിമേലര്‍പ്പിച്ച് ആള്‍ നടന്നകലുന്നു. മുറിയിലെത്തിയപാടേ, തിടുക്കപ്പെട്ട് ഞാനാ കത്തുവായിച്ചു. ''മറിയാ, ഞാനാവശ്യപ്പെടുന്നത് നിന്റെ ഹൃദയമാണ്. നീ എന്റെ ആഗ്രഹം നിരാകരിക്കില്ല എന്നെന്റെ മനസ്സുപറയുന്നു...'' തികച്ചും കവിതാത്മകമായൊരു ഹ്രസ്വ സന്ദേശം.
'ഓ! ഏഡ്രിയന്‍, നീ സ്‌നേഹിക്കുന്നതിലും എത്രയോ ഉത്കടമായി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!' -ഞാനുറക്കെ വിളംബരംചെയ്യാനാശിച്ചു. ചെലവഴിക്കപ്പെടാത്ത കറുത്തപണംപോല്‍ ഹൃദയത്തില്‍ പരിരക്ഷിക്കപ്പെട്ട പ്രണയമത്രയും ഏറ്റുവാങ്ങാന്‍ ഇതാ ദാഹാര്‍ത്തനായ ഒരാത്മാവ്! മനസ്സ് ഭാരമില്ലാത്ത തൂവല്‍പോല്‍ പാറുകയായ്...''
രാവേറെച്ചെന്നിട്ടും ഉറക്കം വരുന്നില്ല. ഒക്കെയും സശ്രദ്ധം വീക്ഷിച്ച് തുറുകണ്ണുമായ് എന്നെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് ഞാനറിയാതെ ഒരാള്‍! ഉറങ്ങാതെ ഉറക്കം നടിച്ചുകിടന്ന കൗശലക്കാരി! മറ്റാരുമല്ല എന്റെ റൂം മേറ്റ്: ഭാനുമതി അക്ക.
ഹോസ്റ്റലിലെ ഏറ്റം പഴക്കംചെന്ന അന്തേവാസി. പ്രാചീന തമിഴ് സാഹിത്യത്തില്‍ ഗവേഷക. സദാ ദുര്‍മുഖി. ആരോടും അടുക്കാത്ത പ്രകൃതം. ശുദ്ധഹൃദയ എങ്കിലും കലഹപ്രിയ. അജ്ഞാതമായ ഏതോ ഹേതുവിനാല്‍ എന്നോട് അതിരുകവിഞ്ഞ വാത്സല്യം. കല്ലുക്കുള്‍ ഈറം എന്നപോല്‍ ഒരു മനസ്സലിവ്.
പക്ഷേ, അമിതസ്‌നേഹം നിമിത്തം ഐന്റ സകല കാര്യങ്ങളിലും കയറി തലയിട്ടുകളയും. പക്ഷേ, ഞാനതൊന്നും കാര്യമാക്കിയില്ല. കാരണങ്ങള്‍ പലതാണ്. ഭാനുമതി അക്കയുടെ മുറിയില്‍ ഒന്നാന്തരം രണ്ടു കട്ടിലുകള്‍. നേരെച്ചൊവ്വേ കറങ്ങുന്ന സീലിങ് ഫാന്‍. സദാ ഇലഞ്ഞിമരത്തിന്റെ തണല്‍. കൂടാതെ ആള്‍ മിതഭാഷിയാകയാല്‍ എനിക്ക് പഠിക്കാന്‍ പറ്റിയ അന്തരീക്ഷവും!
ആയമ്മ വിശദമായിത്തന്നെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഏഡ്രിയന്‍ എന്നെ സ്‌നേഹിക്കുന്നത് അവരത്ര കാര്യമാക്കിയില്ല. പക്ഷേ, എന്റെ പ്രതിസ്‌നേഹപ്രഖ്യാപനം ആളിനെ അമ്പരപ്പിച്ചുകളഞ്ഞു. ഈ വെള്ളക്കാരന്മാര്‍ കാണുന്ന പെണ്ണുങ്ങളെയൊക്കെ കയറി പ്രേമിക്കും. എന്നിട്ട് രണ്ടുനാള്‍ കഴിഞ്ഞ് ഉപേക്ഷിച്ചുകളയും. അതുപോലെയാണോ സനാതന ഭാരതധര്‍മം? ഞാനാണെങ്കില്‍ അച്ഛനില്ലാത്ത കുട്ടി. വിശ്വസിച്ച് ദൂരെ പഠിയ്ക്കാനയച്ച അമ്മയോട് എന്തൊരു വഞ്ചനയാണീ കാട്ടുന്നത്... ഇങ്ങനെ പോയി ആയമ്മയുടെ ഭാഷണം.
സദാചാരത്തിന്റെ ഒരിക്കലും ഉറങ്ങാത്ത ആ കാവല്‍പ്പോരാളി മുടിയൊക്കെ നിറുകയില്‍ തൂര്‍ത്തുകെട്ടി. വമ്പിച്ച വീറോടെ സാരോപദേശം തുടര്‍ന്നു. കാണാപ്പാട് അകലത്തിലുള്ള ഒരു പരദേശിയെ കെട്ടുന്നതോടെ നമ്മുടെ ഭാഷയില്ല, സംസ്‌കാരമില്ല. വീടില്ല, വീട്ടുകാരില്ല. സ്വന്തം ദേശംപോലും അന്യമാവും. പിന്നെ എവിടുന്നോവന്ന, ആരെന്നോ എന്തെന്നോ തിരിയാത്ത ഒരുവന് സ്വന്തം ഹൃദയം ഏല്പിച്ചുകൊടുക്കുക! എന്തൊരു വങ്കത്തം.
എന്തിനധികം. നേരം പുലര്‍ന്നപ്പോഴേക്കും എന്റെ ഹൃദയം ചഞ്ചലമായി. മനസ്സ് തലകീഴ്മേല്‍മറിഞ്ഞു. പാതിമനസ്സോടെ ഏഡ്രിയന് ഞാനേതാനും വരികള്‍ കുറിച്ചു. ഹ്രസ്വമായ ഒരു വിടവാങ്ങല്‍ സന്ദേശം. ഏഡ്രിയനെ അഭിമുഖീകരിക്കാന്‍ വയ്യാഞ്ഞ് ഞാനത് ഭാനുമതിയക്കയെ ഏല്പിച്ചു. കൃത്യസമയത്തുതന്നെ ആള്‍ എത്തിച്ചേര്‍ന്നു. വിജിഗീഷുവിന്റെ തലയെടുപ്പോടെ അക്ക സന്ദര്‍ശകമുറിയിലേക്കു നടന്നു. മട്ടുപ്പാവില്‍നിന്ന് താഴേക്കു നോക്കുമ്പോള്‍ അതാ ഹതാശന്റെ അലക്ഷ്യമായ കാല്‍വെപ്പുകളും കുനിഞ്ഞ ശിരസ്സുമായ് നടന്നകലുന്ന എന്റെ പ്രിയമിത്രം! ഛിന്നഭിന്നമായ്ത്തീര്‍ന്ന ഹൃദയം! 'എന്റെ ഓമനേ, എത്ര അഗാധമായ് ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' പിന്നാലെ ഓടിച്ചെന്ന് ആ കരങ്ങളില്‍ കരമമര്‍ത്തി ഉച്ചത്തില്‍ വിളംബരം ചെയ്യാന്‍ ഞാനാഗ്രഹിച്ചു.
പക്ഷേ, മുന്നില്‍ കര്‍ക്കശക്കാരിയായ ഡൊറോത്തി ലാവണ്യ എന്ന വാര്‍ഡന്‍. ബുള്‍ഡോഗിനെപ്പോല്‍ ജാഗരൂകനായ വാച്ച്മാന്‍ രാമലിംഗം. കണ്ണീര്‍മറയിലൂടെ ഏഡ്രിയന്‍ നടന്നുമറയുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. വര്‍ഷങ്ങള്‍ കടന്നുപോയി. ഒരവധിക്കാലത്ത് അമ്മയോടൊത്ത് ഏതാനും നാള്‍ ചെലവഴിക്കാനായി ഞാന്‍ മലഞ്ചെരുവിലെ എന്റെ വീട്ടിലെത്തി. പഴയ ഷെല്‍ഫുകള്‍ പരതുന്നതിനിടയ്ക്ക് അപ്രതീക്ഷിതമായ് ഒരു പോസ്റ്റ്കാര്‍ഡ്. ക്രിസ്മസ് സന്ദേശമാണ്. മഞ്ഞില്‍ തെളിഞ്ഞ ഒരു ബിര്‍ച്ചുമരം. പിന്നിലായ് ഒരൊറ്റനക്ഷത്രം.. എന്നില്‍ നിതാന്തസ്‌നേഹത്തോടെ ഏഡ്രിയന്‍ എന്ന കൈയൊപ്പ്. കാലപ്പഴക്കത്താല്‍ അക്ഷരങ്ങള്‍ മങ്ങിത്തുടങ്ങി. ഏറെക്കാലം ആള്‍സഞ്ചാരമില്ലാതെ ഉപേക്ഷിക്കപ്പെട്ട ചില പഴയ വസതികള്‍. കരിയിലകള്‍ പരവതാനിവിരിച്ച മുറ്റം. ഓര്‍ക്കാപ്പുറത്ത് വൃശ്ചികത്തിലെ കാറ്റ്. അത് ഊക്കോടെ പാഞ്ഞുവന്ന് കരിയിലകളെ അടിച്ചുപറത്തും. പൊടുന്നനവെ വിസ്മൃതിയില്‍ മറഞ്ഞുകിടന്നതൊക്കെയും വെളിവാക്കപ്പെടും. കാറ്റ് അടങ്ങവേ, കരിയിലകള്‍ വീണ്ടും അവയെ മൂടും.
ക്രിസ്മസിന്റെ ആരവങ്ങള്‍ അകലെനിന്നുയരുമ്പോഴേ ഞാന്‍ ഏഡ്രിയനെ ഓര്‍ക്കും. ആള്‍ ഏറെ സ്‌നേഹിക്കുന്ന ഡോമയെയും അവിടത്തെ വര്‍ണാഭമായ തിരുപ്പിറവിയാഘോഷങ്ങളും മനസ്സിലേക്ക് കടന്നുവരും.
പിന്നീടെത്രയോ വിരസസംവത്സരങ്ങള്‍... സ്‌നേഹരഹിതയാമങ്ങള്‍... വിരസവിജന നിശീഥിനികള്‍... അപ്പോഴൊക്കെയും പ്രകാശിക്കുന്ന ഒരള്‍ത്താരവിളക്കായ് ആ മുഖം.. വിദൂരതയില്‍നിന്നും ഒഴുകിയെത്തുന്ന വനപുഷ്പത്തിന്റെ നറുഗന്ധം..
Content Highlights: writer Rosemary christmas memory