ഓരോ മനുഷ്യനെയും ഇത്രമേൽ വ്യക്തിപരമായി പരിഗണിച്ച മറ്റൊരാളെക്കുറിച്ചറിയില്ല. അറിവിനും അറിവില്ലായ്മയ്ക്കും കഴിവിനും കഴിവില്ലായ്മയ്ക്കും അദ്ദേഹം നീട്ടിയ കസേരയിലിരിക്കാം. ഇത്രമേൽ ലളിതമാകണമെങ്കിൽ അത്രമേൽ ഔന്നത്യമുണ്ടാകണമെന്ന് തന്നെ കണ്ടിറങ്ങുന്നവരെക്കൊണ്ട് അദ്ദേഹം പറയാതെ പറയിച്ചു. നോവലിസ്റ്റും ജീവചരിത്രകാരനുമായ താഹ മാടായി, എം പി വീരേന്ദ്രകുമാറിനെ അടുത്തറിഞ്ഞ സന്ദർഭങ്ങളെക്കുറിച്ചു പറയുന്നു.
1986 ലെ ഏതോ ഒരു ദിവസം ഉച്ച നേരം. മഴ പെയ്യാൻ മൂടിക്കെട്ടി നിന്ന അന്തരീക്ഷം.
മലയോര നഗരമായ തളിപ്പറമ്പിൽ ഒരു എൽ.ഡി.എഫ് യോഗം. നഗരത്തിലെ ഹൈവേയോടു ചേർന്ന കവലയിൽ വലിയൊരു ആൾക്കൂട്ടം ഒരാളുടെ പ്രസംഗം കേട്ടുനിൽക്കുന്നു. മിക്കവാറും മുണ്ട് മാടിക്കുത്തി നിൽക്കുന്ന, തനി നാട്ടിൻപുറത്തുകാരായ ശ്രോതാക്കൾ... സർ സയ്യിദ് കോളേജിൽ പഠിക്കുന്ന കുറേ കുട്ടികളും ആ കൂട്ടത്തിലുണ്ട്. ബാബ്രി മസ്ജിദ്/രാമജന്മഭൂമി വിഷയമാണ് പറയുന്നത്. മാനവ സൗഹൃദത്തെക്കുറിച്ച് ധാരാളം ഉദ്ധരണികൾ ഉള്ള ആ 'രാഷ്ട്രീയ പ്രസംഗം' അവസാനിപ്പിച്ചത്, കബീറിന്റെ കഥ പറഞ്ഞു കൊണ്ടാണ്. മൃതദേഹം ഹിന്ദുവോ മുസൽമാനോ എന്ന തർക്കത്തിനൊടുവിൽ പൂവായി മാറിയ കബീർ.
പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. മഴ നനഞ്ഞും എം.പി വീരേന്ദ്രകുമാർ എന്ന ആ മനുഷ്യൻ പ്രസംഗിച്ചു കൊണ്ടിരുന്നു...
രണ്ട്:
പുനത്തിലിന് മാതൃഭൂമി പുരസ്കാരം കിട്ടിയ ദിവസം, ഉച്ചയോടടുപ്പിച്ച് പുനത്തിലിനോടൊപ്പം മാതൃഭൂമിയിൽ എം.പി വീരേന്ദ്രകുമാറിന്റെ മുറിയിലെത്തി. 'തുടർച്ചയായ മദ്യപാനം ഓർമയെ ബാധിക്കില്ലേ' എന്ന് വീരേന്ദ്രകുമാർ പുനത്തിലിനോട് ചോദിച്ചു.
' മനസ്സ് മറന്നാലും കുപ്പി ഓരോന്ന് ഓർമിപ്പിക്കും.''
പുനത്തിലിന്റെ മറുപടി കേട്ട് വീരേന്ദ്രകുമാർ ചിരിച്ചു. തുടർന്ന് വീരേന്ദ്രകുമാർ കഴുത്തിലണിഞ്ഞ രുദ്രാക്ഷമാലയെക്കുറിച്ചായി സംസാരം. വടകരയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ അത്തരമൊരു മാല പുനത്തിലും ധരിച്ചിരുന്നു. തൊപ്പിയും രുദ്രാക്ഷവുമിട്ട പുനത്തിലിന്റെ പഴയൊരു ചിത്രം ഓർമിച്ചെടുത്ത് എം പി വീരേന്ദ്രകമാർ ചോദിച്ചു: ഇപ്പോ രണ്ടും ഉപേക്ഷിച്ചു അല്ലേ?
പിന്നീടവർ പരസ്പരം പ്രചോദിപ്പിച്ച ചില പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞു. ബ്രാംസ്റ്റോക്കറുടെ 'ഡ്രാക്കുള'യെപ്പറ്റി വീരേന്ദ്രകുമാർ പറയുന്നത് ശ്രദ്ധയോടെ കേട്ടു പുനത്തിൽ.
' എം ടിയും നിങ്ങളും പുസ്തകത്തെക്കുറിച്ച് മാത്രം സംസാരിക്കണം. നല്ല അനുഭവമായിരിക്കും.'കാസാബ്ലാങ്ക' (പുനത്തിൽ താമസിച്ചിരുന്ന ഫ്ളാറ്റ്)യിൽ ഇരിക്കാം',
പുനത്തിൽ പറഞ്ഞു
'അവിടെ വേണോ?'
ആ ചോദ്യം കേട്ട് പുനത്തിൽ പൊട്ടിച്ചിരിച്ചു.
മൂന്ന്:
'ഞാൻ മരുഭൂമിയെക്കുറിച്ച് എഴുതണമെന്ന് വിചാരിക്കുന്നുണ്ട്, 'ഡാന്യൂബ് സാക്ഷി' എന്ന പുസ്തകം തന്ന് കൊണ്ട് എം.പി വീരേന്ദ്രകുമാർ പറഞ്ഞു: കാടുകളെക്കുറിച്ചും പുഴകളെ ഹിമാലയൻ താഴ്വാരങ്ങളെ കുറിച്ചും എഴുതി. ഇനി മരുഭൂമി എന്ന അനുഭവം '.
അങ്ങനെയൊരു പുസ്തകം എഴുതുകയാണെങ്കിൽ ഷാർജ ബുക്ക് ഫെയറിൽ പ്രകാശിപ്പിക്കുന്നതായിരിക്കും ഉചിതമെന്ന് പുനത്തിൽ പറഞ്ഞപ്പോൾ എം.പി വീരേന്ദ്രകുമാർ പറഞ്ഞു: ഒമാൻ സ്ട്രീറ്റിൽ ഞാൻ മുമ്പ് പോയ ഒരു മലയാളിയുടെ ചായക്കടയുണ്ട്' അവിടെയൊക്കെ ഒരിക്കൽ കൂടി പോകണമെന്നുണ്ട്. നടക്കുമോ എന്നറിയില്ല'.
നടന്നില്ല.
Content Highlights: Writer Novelist Thaha Madayi Remembers MP Veerendrakumar