ഴുത്തുകാരി മാധവിക്കുട്ടിയുടെ എൺപത്തിയേഴാം ജന്മദിനം. കേരളീയസമൂഹത്തിന് ആരായിരുന്നു മാധവിക്കുട്ടി എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയുക സാധ്യമല്ല. ഒരു തലമുറയുടെ മാത്രമല്ല പല തലമുറകളുടെ വായനാസംസ്കാരത്തെയും ആസ്വാദനരീതികളെയും നിർണ്ണയിച്ച എഴുത്തുകാരി എന്ന വിശേഷണത്തിന് അർഹയാണ് അവർ. സാഹിത്യത്തിൽ സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തുക വലിയ വെല്ലുവിളിയായിരുന്ന കാലത്തുതന്നെയാണ് മാധവിക്കുട്ടിയും എഴുത്തിന്റെ ലോകത്തേക്കെത്തുന്നത്. ലളിതാംബിക അന്തർജ്ജനം, സരസ്വതി, രാജലക്ഷ്മി എന്നീ എഴുത്തുകാരികൾ തുറന്നിട്ട ധീരമായ നിലപാടുകളെ ഉൾക്കൊണ്ടുള്ള എഴുത്തുരീതി തന്നെയാണ് മാധവിക്കുട്ടിയും പിന്തുടർന്നത്. കുടുംബത്തിനുള്ളിലും പുറത്തും ഒരു സ്ത്രീയ്ക്ക് അനുഭവിക്കേണ്ടി വരുന്ന പലതരത്തിലുള്ള അസമത്വങ്ങളെ, അവഗണനകളെ യാഥാർഥ്യത്തോടെ രചനകളിലേക്ക് സന്നിവേശിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഒരുതരത്തിലുള്ള ഭീഷണികളെയും ഭയക്കാതെ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനും ജീവിച്ചുകാണിക്കാനും കഴിഞ്ഞുവെന്നതാണ് മാധവിക്കുട്ടിയെ വേറിട്ടുനിർത്തുന്ന ഒരു ഘടകം.

1934 മാർച്ച് 31-ന് തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് കുടുംബത്തിലായിരുന്നു മാധവിക്കുട്ടിയുടെ ജനനം. വി.എം. നായരുടെയും കവയിത്രി ബാലാമണിയമ്മയുടെയും മകൾ. കൊൽക്കത്തയിലായിരുന്നു ബാല്യകാലം ചെലവഴിച്ചത്. ചെറുപ്പം മുതലേ വായനയോടും എഴുത്തിനോടും താല്പര്യം പ്രകടിപ്പിച്ച മാധവിക്കുട്ടിയുടെ ആദ്യകാല രചനകൾ ഇംഗ്ലീഷിലായിരുന്നു. പതിനഞ്ചാം വയസ്സിൽ മാധവദാസുമായി വിവാഹം നടന്നു. കമലാദാസ് എന്ന പേരും സ്വീകരിക്കുന്നത് ആ ഘട്ടത്തിലാണ്. കവിതകൾ, ചെറുകഥകൾ, നോവലെറ്റുകൾ എന്നിങ്ങനെ സാഹിത്യത്തിന്റെ പലമേഖലകളിലും കഴിവ് തെളിയിച്ചു. 'സമ്മർ ഇൻ കൽക്കത്ത' എന്ന കാവ്യസമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നാണ് ഗൗരവമായ സാഹിത്യരചനയിലേക്ക് കടക്കുന്നത്. കഥകളിലൂടെയാണ് മാധവിക്കുട്ടി കൂടുതൽ ശ്രദ്ധനേടുന്നത്. സ്ത്രീമനസിന്റെ പല ഭാവതലങ്ങളെയും രഹസ്യങ്ങളെയും ആവിഷ്കരിക്കുന്നതിൽ മാധവിക്കുട്ടിയുടെ തൂലിക വിജയിച്ചു. യാഥാർഥ്യവും കാല്പനികതയും ഇടകലർന്ന രചനകളിലൂടെ സാഹിത്യഭാവുകത്വത്തെ പുതുക്കിപ്പണിയുകയായിരുന്നു മാധവിക്കുട്ടി.

Photo : B. muralikrishnan

1973-ൽ പുറത്തിറങ്ങിയ ആത്മകഥയായ 'എന്റെ കഥ' ഒരേസമയം അവർക്ക് പ്രശസ്തിയും വിമർശനങ്ങളും നേടിക്കൊടുത്തു. എല്ലാ വിമർശനങ്ങളെയും സധൈര്യം നേരിട്ടു മുന്നേറാൻ കഴിഞ്ഞുവെന്നതാണ് മാധവിക്കുട്ടിയുടെ വ്യക്തിത്വത്തെ വേറിട്ടതാക്കുന്നത്. 'നഷ്ടപ്പെട്ട നീലാംബരി', 'ജാനുവമ്മ പറഞ്ഞ കഥ', 'കോലാട്', 'നെയ്പ്പായസം', 'ഉണ്ണി എന്ന കുട്ടി', 'മതിലുകൾ' എന്നിവ മാധവിക്കുട്ടിയുടെ ചില കഥകളാണ്. 'നീർമാതളം പൂത്ത കാലം', 'ബാല്യകാലസ്മരണകൾ', 'ഒറ്റയടിപ്പാത' എന്നിവ ഓർമ്മക്കുറിപ്പുകളും 'ചന്ദനമരങ്ങൾ', 'വണ്ടിക്കാളകൾ' എന്നിവ നോവലെറ്റുകളുമാണ്. 2009 മെയ് 31ന് അന്തരിച്ചു. 2018 ഫെബ്രുവരി ഒന്നിന് ഗൂഗിൾ മാധവിക്കുട്ടിയോടുള്ള ആദരസൂചകമായി ഒരു ഡൂഡിൽ പുറത്തിറക്കുകയുണ്ടായി. മാധവിക്കുട്ടിയെ വായിക്കാതെ ഒരു തലമുറയും കടന്നുപോകുന്നില്ല എന്നതാണ് ഈ എഴുത്തുകാരിയുടെ പ്രസക്തിയെ കാലാതീതമായി നിലനിർത്തുന്നത്.

Content highlights :writer madhavikutty 87th birth anniversary their life and writings