രാത്രികാലങ്ങളില്‍ വടിച്ചുഴറ്റി ദേശം കാക്കാനിറങ്ങുന്ന മുത്തപ്പന്‍കഥകള്‍ പറഞ്ഞുതന്നത് കടമക്കുടിയില്‍ വീട് ഏര്‍പ്പാടാക്കി തന്ന ജള്‍ട്രൂഡ് താത്തിയാണ്. പുഴയരികിലുള്ള വാടകവീട്ടില്‍ താമസം തുടങ്ങി അഞ്ചുവര്‍ഷമായെങ്കിലും ഇന്നുവരെ മുത്തപ്പനെ കാണാനുള്ള യോഗമുണ്ടായിട്ടില്ല. വീടിന്റെ പടിഞ്ഞാറേ മതിലിനോടുചേര്‍ന്നാണ് മുത്തപ്പനെന്നു നാട്ടുകാര്‍ വിളിക്കുന്ന പുണ്യാളന്റെ പള്ളി. വിശുദ്ധന്റെ ആറടി രൂപത്തിന് ഇരുന്നൂറു വര്‍ഷത്തിനുമേല്‍ പഴക്കമുണ്ട്. ദ്വീപുകളിലേക്ക് റോഡ് വരുന്നതിനു മുന്നേ ബോട്ടിലും വഞ്ചിയിലുമാണ് തിരുനാളിന് ആളുകള്‍ എത്തിയിരുന്നത്. തുരുത്തിലുണ്ടാക്കുന്ന മണ്‍ചട്ടികള്‍ വാങ്ങിയാണ് ഭക്തരുടെ മടക്കം. ദേശാ ടനക്കിളികളും പൊക്കാളിപ്പാടവും കൈത്തോടുകളുമൊക്കെയുള്ള കടമക്കുടിക്കാഴ്ച്ചകള്‍ എന്റെ ചില കഥകളിലുമുണ്ട്...

ദ്വീപുകളിലേക്ക് പാലമെത്തിയിട്ടും ബോട്ടിനാണ് മിക്കപ്പോഴും യാത്ര...പള്ളിക്കടവില്‍നിന്നും ഏഴരബോട്ടിന് എറണാകുളത്തേക്ക് പോകും... ജോലി കഴിഞ്ഞ് ഹൈക്കോര്‍ട്ട് ജട്ടിവരെ നടക്കും. അഴിമുഖത്തെ കാറ്റേറ്റ് ഇരിക്കുമ്പോള്‍ ഷണ്‍മുഖംറോഡിലൂടെ നടക്കാനിറങ്ങിയിരുന്ന പ്രിയ സാഹിത്യകാരന്‍മാരേയും അവരുടെ കഥാപാത്രങ്ങളേയും ഓര്‍ക്കും... ദ്വീപുചുറ്റിയുള്ള യാത്രയില്‍ പ്രായമായവര്‍ കൂട്ടിനുണ്ടെങ്കില്‍ അവരോടു വര്‍ത്തമാനം പറഞ്ഞിരിക്കും...വല്ലാറുപാടത്തമ്മയും പാലിയത്തച്ചനും ശക്തന്‍തമ്പുരാനുമൊക്കെ നിറയുന്ന ദ്വീപുചരിത്രമാകും മിക്കവാറും സംസാരവിഷയം... കൂട്ടിന് ആരെയും കിട്ടിയില്ലെങ്കില്‍ പുസ്തകം വായിച്ചിരിക്കും. ആദ്യ രചനയായ ''ആദമിന്റെ മുഴ'' തുടങ്ങുന്നതും ഇതുപോലൊരു ജലയാത്ര വിവരിച്ചുകൊണ്ടാണ്. ഒ.എന്‍.വി.യുടെ കവിതയ്‌ക്കൊപ്പം കലാകൗമുദിയില്‍ കഥ വന്നിട്ട് ഏഴുകൊല്ലമാവുന്നു.

എറണാകുളത്തെ ബോട്ടുജെട്ടികളെല്ലാം അതിവേഗ ജലയാത്രയ്ക്കായി ഒരുങ്ങുന്നു. പള്ളിക്കടവിലും അതിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. വാട്ടര്‍മെട്രോ വരുന്നതോടെ ബോള്‍ഗാട്ടിയും മുളവുകാടും മൂലംപിള്ളിയും പിഴലയും വരാപ്പുഴയുമൊക്കെ ചുറ്റിയുള്ള പതിവു ബോട്ടുയാത്രകള്‍ പൂര്‍ണ്ണമായും ഇല്ലാതാകും.

ഓഫീസിലേക്ക് പോകാനിറങ്ങുമ്പോഴാണ് പള്ളിമുറ്റത്ത് കതിനകള്‍ പൊട്ടിയത്. ഏഴരബോട്ടിനു കയറുമ്പോള്‍ കൊടിമരത്തിനു മുകളില്‍ നനഞ്ഞ പറവയെപ്പോലെ തിരുനാള്‍കൊടി കാറ്റിനോടുപിണങ്ങി നില്‍പ്പുണ്ട്. ശിങ്കാരിമേളവും ആള്‍ക്കൂട്ടവും ഇല്ലാതെ കൊടികേറിയതിന്റെ വിഷമം കടവില്‍ നിന്നവരുടെ മുഖത്തുണ്ടായിരുന്നു.ആഘോഷപ്പൊലിവോടെ മുത്തപ്പന്റെ തിരുനാള്‍ നടന്നിട്ട് രണ്ടുവര്‍ഷമാകുന്നു. ഉരുള്‍നേര്‍ച്ചയുള്‍പ്പെടെയുള്ള ആചാരങ്ങളെല്ലാം മുടങ്ങി. റ്റി.പി.ആര്‍. നിരക്ക് കൂടുതലായതിനാല്‍ ഇത്തവണയും ''ഉരുളും'' ''തിരുവടിയെടുത്തുവെക്കലും'' ഉണ്ടാവാനിടയില്ലെന്ന് ഒപ്പമിരുന്ന ചേട്ടായി സങ്കടത്തോടെ പറഞ്ഞു.

വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങി എറണാകുളം പബ്ലിക് ലൈബ്രറിയില്‍ കയറുന്ന പതിവുണ്ട്. ലൈബ്രററിയില്‍ പോകുന്ന ദിവസം മാര്‍ക്കറ്റ് റോഡിലൂടെയാണ് ജട്ടിയിലെത്തുക... സ്റ്റീല്‌പ്ലേറ്റുകളില്‍ പച്ചക്കറികള്‍ നിറച്ചു വില്‍ക്കുന്നവരുടെ നിര വഴിനീളെ ഉണ്ടാവും. ഏതെടുത്താലും ഇരുപതു രൂപയാണ്. ചന്തയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി ജട്ടിയിലെത്തുമ്പോഴേക്കും പുരാവസ്തുപോലെ തുരുമ്പെടുത്ത ഏഴരബോട്ട് കടവില്‍ നിന്ന് നീങ്ങാന്‍ റെഡിയാണ്.. മാസ്‌കും ധരിച്ച് ആളുകള്‍ ആരോടും മിണ്ടാതെ ഓരോ സീറ്റിന്റേയും അരികുചേര്‍ന്ന് ഒതുങ്ങിയിരിക്കുന്നു. രാഷ്ട്രീയം പറഞ്ഞ് ആളുകളുമായി തര്‍ക്കിക്കാറുള്ള കമ്മ്യൂണിസ്റ്റുകാരനായ ലെസ്ലിന്‍ചേട്ടാ യിപോലും മിണ്ടാട്ടമില്ലാതെ മുന്നിലുണ്ട്. ഞാന്‍ കൈ ഉയര്‍ത്തി സഖാവിനൊരു ലാല്‍സലാം കൊടുത്തിട്ട് ജാലിക്കടുത്തുള്ള സീറ്റി ലിരുന്നു.

ഗോശ്രീ പാലത്തിനു താഴെക്കൂടി ബോട്ട് പൊന്നാരിമംഗലം എത്തിയപ്പോഴേക്കും ദ്വീപുകാരല്ലാത്ത രണ്ടുപേര്‍ അവിടെനിന്നു കയറി. വെട്ടിയൊതുക്കിയ നീണ്ടതാടിയുള്ള മധ്യവയസ്‌കന്‍ ഒരു നീണ്ട കുപ്പായമാണ് ഉടുത്തിരിക്കുന്നത്. അയാളോടൊപ്പം കയറിയ ചെറുപ്പക്കാരന്‍ മൂക്കിനു താഴേക്ക് മാസ്‌ക് താഴ്ത്തി ഇടയ്ക്കിടെ ശുദ്ധവായു ആസ്വദിക്കുന്നുണ്ട്. കടവുകളിലെ കപ്പേളകളില്‍ നിന്നുള്ള സന്ധ്യാജപങ്ങള്‍ കേട്ടുതുടങ്ങി. പുറംകാഴ്ച്ച കണ്ടിരിക്കുമ്പോഴാണ് ഫോണിന്റെ കാര്യം ഓര്‍ത്തത്. പോക്കറ്റില്‍ സാധനമില്ല! ഉള്ളൊന്ന് ആന്തി.. വെപ്രാളത്തോടെ ബാഗിലുള്ളതെല്ലാം പുറത്തേക്കിട്ടു. സംഗതി വൈേ്രബറ്റര്‍മോഡില്‍ അനങ്ങാതെ കിടപ്പുണ്ട്. വെറുതെ പേടിച്ചു...

''ഇതില്‍ ഏതാണ് ഇഷ്ടപ്പെട്ട കഥ?''
ബാഗില്‍നിന്ന് ഞാന്‍ പുറത്തേക്ക് എടുത്തുവെച്ച പുസ്തകമെടുത്ത് മറിച്ചുനോക്കികൊണ്ടിരുന്ന ചെറുപ്പക്കാരന്‍ കുറച്ചുകഴിഞ്ഞ്
ചോദിച്ചു. 

''പന്ത്രണ്ടു കഥകളും ഇഷ്ടമാണ്.''
പുതിയ പതിപ്പിന്റെ കവര്‍പേജില്‍ അവന്റെ കട്ടിമീശയുള്ള മുഖമാണ്. മുള്ളുവേലിയും ചോരവാര്‍ന്ന മനുഷ്യനും ചേര്‍ന്നുള്ള ഒരു വാട്ടര്‍കളര്‍ പെയിന്റിംഗായിരുന്നു പഴയതില്‍. ഓമനപ്പുഴയിലെ ബോബന്‍ വിന്‍സെന്റാണ് അതെനിക്ക് തന്നത്. കടപ്പുറത്തിരുന്നായിരുന്നു വായന. തിരപോലെ ഒന്നിനു പിന്നാലെ മറ്റൊന്നായി പന്ത്രണ്ടു കഥകള്‍... ഇപ്പോഴുള്ള രണ്ടാംപതിപ്പ് തൊട്ടപ്പനൊപ്പം ബുക്ക്സ്റ്റാളിലെ റാക്കിലിരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നും.

ജോലി കഴിഞ്ഞ് പനമ്പള്ളിനഗറിലൂടെയുള്ള മടക്കയാത്രയില്‍ ചിലപ്പോഴൊക്കെ അവനെ ഓര്‍ക്കും. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനു ഭൂമി ഏറ്റെടുത്തപ്പോഴാണ് അവന് വീട് നഷ്യപ്പെട്ടത്. ആ വഴിയോരത്തു തന്നെയാണ് ഒടുക്കം ഉറുമ്പരിച്ചു കിടന്നതെന്ന് ആരോ പറഞ്ഞറിവുണ്ട്.. ''ച്യൂയിംഗ് ചെറീസ്' എഴുതാനുള്ള തയ്യാറെടുപ്പില്‍ പനമ്പള്ളിനഗറിലെ ബഹുനിലക്കെട്ടിടങ്ങളുടെ ഭൂതകാലം തേടുമ്പോഴാണ് എറണാകുളത്തെ ഒട്ടുമിക്ക നിര്‍മ്മിതികള്‍ക്കും താഴെ കുടിയൊഴുപ്പിക്കപ്പെട്ടവരുടെ കണ്ണീരുണ്ടെന്നറിയുന്നത്. രാത്രിയാകുമ്പോള്‍ കോണ്‍ക്രീറ്റ് ഭിത്തിയും തുരന്ന് തേക്കുപാട്ടുകളും കുട്ടികളുടെ കരച്ചിലുകളും കേള്‍ക്കാറുണ്ടെന്ന് ഓഫീസിനടുത്തുള്ള അപ്പാര്‍ട്ടുമെന്റിലെ കേണല്‍ പറയും.

പുറത്തെടുത്ത സാധനങ്ങളൊക്കെ ബാഗില്‍ തിരികെവെച്ചുകഴിഞ്ഞപ്പോഴേക്കും അടുത്തിരുന്നവന്‍ വീണ്ടുമെന്നോടു ചോദിച്ചു.
പന്ത്രണ്ടില്‍ ഏറ്റവും ഇഷ്ടം...''
പുസ്തകം തുറന്നു. ''*മഴമേഘങ്ങളുടെ നിഴല്‍'' മുതല്‍ ''*ഒരു യാത്രാമൊഴി''വരെ പന്ത്രണ്ടു വന്‍കരകള്‍. ഏതിലാണ് ആദ്യമിറങ്ങുക? ഞാനയാളോടു പറഞ്ഞു.
''*സമുദ്രപരിണാമം.''
ആത്മഹത്യ ചെയ്ത പെണ്ണിനേയും കൊണ്ട് അഴിമുഖം കടന്നുള്ള ബോട്ടുയാത്രയാണതില്‍. വായിക്കുമ്പോള്‍ നമ്മള്‍ ശരിക്കും ആ ബോട്ടിലുണ്ടെന്ന് തോന്നും.. ഞാനതു പറഞ്ഞപ്പോഴേക്കും അതുവരെ മിണ്ടാതിരുന്ന താടിക്കാരന്‍ സംസാരിച്ചു തുടങ്ങി.

''*പരിദാനം എന്ന കഥയില്‍ ''അവളെ കാണാന്‍ ഞാനെന്റെ ആത്മാവിനെ ചെകുത്താനും വില്‍ക്കുമെന്ന്' ഒരു വരി എഴുതിയിട്ടുണ്ട്.. അതിനൊരു ദസ്തയേവ്‌സ്‌കി ടച്ചുണ്ടെന്നാണ് എനിക്കു തോന്നുന്നത്..'
സാഹിത്യതര്‍ക്കങ്ങള്‍ നീണ്ടെങ്കിലും എനിക്ക് സന്തോഷമായി. ഒപ്പമിരിക്കുന്നവര്‍ പുസ്തകപ്രപേമികളാണ്.. മധ്യവയസ്‌കനു വിദേശസാഹിത്യത്തോടാണ് പ്രിയം. മുളവുകാടു പിന്നിട്ടതും വേസ്പ്പര കഴിഞ്ഞുള്ള അമിട്ടുകളുടെ ഒച്ച കേട്ടുതുടങ്ങി. പരുത്തിയിലയില്‍ വാങ്ങാറുള്ള പാച്ചോറു നേര്‍ച്ച ഓര്‍മ്മ വന്നു.

''നിങ്ങള് കണ്‍ഫെഷന്‍'** വായിച്ചിട്ടുണ്ടോ''
സത്യം പറഞ്ഞാല്‍ ഞാനത് വായിച്ചിട്ടില്ല. ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം. ഇല്ലെന്നു പറയാനുള്ള മടി കാരണം മിണ്ടാതിരുന്നു.
''കോളുകൊണ്ട അഴിമുഖത്തെ ബോട്ടുകള്‍പോലെയാണ് യൗവ്വനങ്ങള്‍. ഇഷ്ടമില്ലാത്ത കടവുകളിലേക്ക് നമ്മളെയത് വലിച്ചു കൊണ്ടുപോകും. കണ്‍ഫെഷനിലെ കഥാപാത്രത്തിന് ആ വഴിയൊക്കെ അലഞ്ഞിട്ട് തിരിച്ചുപോരാന്‍ ഭാഗ്യമുണ്ടായി..''
ഒരു നിഷേധിയെപ്പോലെ അവന്റെ സംസാരം നീണ്ടു. കടവിലെ വെളിച്ചത്തിലേക്ക് ബോട്ട് അടുക്കുന്നത് കണ്ട് താടിക്കാരന്‍ എഴുന്നേറ്റു.
''ഈ കഥാസമാഹാരത്തില്‍ എനിക്കിഷ്ടപ്പെട്ട ഒരു ചോദ്യമുണ്ട്...
''ഹൂ ദ ഡെവിള്‍...''

താടിക്കാരന്‍ അതു പറഞ്ഞയുടനേ തൊട്ടുമുന്നിലെ സീറ്റ് ആരോ ഇരുന്നപോലെ ഒന്നു താണു. ഇത്തിള്‍നിറഞ്ഞ താങ്ങുകുറ്റിയിലെ ടയറില്‍ മുട്ടിയമര്‍ന്ന് ബോട്ടുനിന്നു. ഞാന്‍ ബാഗുമെടുത്ത് ഇറങ്ങി.
കടവിനടുത്തുള്ള പള്ളിമുറ്റത്തേക്ക് നടന്നു.. തിരുനാള്‍രൂപം കഴുകിയ കരിക്കുവെള്ളം വാങ്ങാന്‍ ആളുകള്‍ മാസ്‌കും ധരിച്ചു നില്‍ക്കുന്നു.. തിരുനടയിലേക്ക് പുണ്യാളന്‍ എഴുന്നുള്ളുന്നതിന്റെ പള്ളിമണികളും ലുത്തീനയും ഉയര്‍ന്നു. കുന്തിരിക്കപ്പുക നിറയുന്ന രൂപക്കൂട്ടിലേക്ക് അയാള്‍ മാസ്‌ക് മാറ്റി കയറുമ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്!

*വിക്ടര്‍ ലീനസിന്റെ കഥകളുടെ തലക്കെട്ടുകള്‍ 
** വിശുദ്ധ അഗസ്ലിനോസിന്റെ ആത്മകഥ. 

Content Highlights : Writer Francis Noronha Writes about Writer Victor Leenus