ആറുദശകക്കാലം സാഹിത്യ,സാംസ്കാരിക,വിദ്യാഭ്യാസ, ആത്മീയമണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന എസ് ഗുപ്തൻ നായർ വിടവാങ്ങിയിട്ട് പതിനഞ്ച് വർഷം തികഞ്ഞിരിക്കുന്നു. സാഹിത്യവിമർശനത്തിലെ കണിശയ്ക്കും നിർബന്ധബുദ്ധിക്കും കടുകിട വ്യതിയാനം വരുത്താതെ ജീവിച്ച അദ്ദേഹത്തെ അനുസ്മരിക്കുകയാണ് ആഷാമേനോൻ.
മലയാള വിമർശസാഹിത്യത്തിലെ പ്രധാനമുഖങ്ങളിലൊന്നായിരുന്നു എസ്. ഗുപത്ൻ നായർ. അദ്ദേഹത്തിന്റെ ചരമവാർഷികദിനത്തിൽ നല്ല കുറച്ചനുഭവങ്ങൾ പങ്കുവെക്കാനാണെനിക്കിഷ്ടം. കാരണം ഞങ്ങൾ തമ്മിൽ അത്ര നല്ല ഓർമകൾ ഇല്ലായിരുന്നു. എന്റെ 'പരാഗകോശങ്ങൾ' എന്ന പുസ്തകത്തിന് ഓടക്കുഴൽ അവാർഡ് തന്നത് അദ്ദേഹം അധ്യക്ഷനായിട്ടുള്ള കമ്മറ്റിയാണ്. ഓടക്കുഴൽ അവാർഡ് എടുത്തുപറയാനുള്ള കാരണം ആദ്യകാലങ്ങളിൽ എന്റെ രചനാശൈലിയെ നിശിതമായി വിമർച്ചിരുന്നയാളായിരുന്നു എസ്. ഗുപ്തൻനായർ. 1981-ൽ മാതൃഭൂമി ആഴ്ചപ്പതിൽ വന്ന ലേഖനത്തിലാണ് അദ്ദേഹം എന്റെ എഴുത്തിനെ വിശദമായിട്ടു തന്നെ ആക്രമണത്തിന് വിധേയനാക്കിയത്.
എനിക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ ആക്രമണമേൽക്കേണ്ടി വന്നയാളായിരുന്നു വി.രാജകൃഷ്ണൻ. യൂറോപ്യൻ സാഹിത്യത്തിൽ നിന്നും ആശയങ്ങൾ അങ്ങന്നെ കടംകൊണ്ട് എഴുതുന്നു എന്ന ആരോപണമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. വാസ്തവത്തിൽ യൂറോപ്യൻ സാഹിത്യസംബന്ധമായ എഴുത്തുകളടങ്ങിയ ഒരു പുസ്തകം മാത്രമേ അന്ന് എന്റേതായി ഇറങ്ങിയിരുന്നുള്ളൂ. 'പുതിയ പുരുഷാർഥങ്ങൾ' എന്നായിരുന്നു പുസ്തകത്തിന്റെ ശീർഷകം. 'രോഗത്തിന്റെ പൂക്കൾ' എന്നായിരുന്നു വി. രാജകൃഷ്ണന്റെ പുസ്തകത്തിന്റെ പേര്. തികച്ചും ഭാരതീയനായ ഗുപ്തൻ നായർക്ക് 'പുതിയ പുരുഷാർഥങ്ങൾ' എന്ന പേരിൽ ഞാനെഴുതിയത് എന്താണെന്ന് തീർച്ചയായും ഉൾക്കൊള്ളാൻ കഴിയേണ്ടതാണ്. പക്ഷേ എന്തുകൊണ്ടോ അദ്ദേഹം വിമർശനമഴിച്ചുവിട്ടു.
ഗുപ്തൻ നായർ വളരെ പ്രസാദമധുരമായ ശൈലിയിൽ ഭാഷയെയും സാഹിത്യത്തെയും സമീപിച്ചിരുന്നു. സാഹിത്യേതരവിഷയങ്ങളിൽ അതിയായ താലപര്യമുണ്ടായിരുന്നു. സംഗീതവും സ്പോർട്സും അദ്ദേഹത്തിന്റെ രണ്ട് ഇഷ്ടങ്ങളായിരുന്നു എന്നു തന്നെ പറയണം. സാഹിത്യകാർ പൊതുവേ താല്പര്യം കാണിക്കാത്ത മേഖലയാണ് അന്നൊക്കെ സ്പോർട്സ്. അക്കാലത്ത് ഒരു ടെന്നീസ് റാക്കറ്റുമായി അദ്ദേഹം നിൽക്കുന്ന ഒരു ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. വളറെ മതിപ്പോടു കൂടി മാത്രമേ അദ്ദേഹത്തിന്റെ ആ നിൽപിനെക്കുറിച്ച് ചിന്തിക്കാനാവൂ.
ആദ്യകാലങ്ങളിൽ അദ്ദേഹം എന്നോടു കാണിച്ചിരുന്ന എതിർപ്പ്, അല്ലെങ്കിൽ പരാമുഖത പിൽക്കാലത്ത് അയഞ്ഞുവന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഗണിതവും ഭൗതികശാസ്ത്രവുമാണ് എന്റെ അധ്യാപനവിഷയങ്ങൾ. സാഹിത്യം മാത്രമല്ല, സംഗീതവും ഗണിതവും ശാസ്ത്രവും ആഷാമേനോൻ കൈകാര്യം ചെയ്യുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതെന്നെ അത്ഭുതസ്തബ്ധനാക്കി. കാരണം രചനകൾ വായിച്ചിട്ടാണല്ലോ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഞാൻ അദ്ദേഹത്തിന്റെ വായനാനിരീക്ഷണത്തിന് നിരന്തരം വിധേയനായിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലായി. അതെന്നിൽ വളരെയധികം ചാരിതാർഥ്യമുളവാക്കി. എസ്. ഗുപ്തൻ നായർ വിടവാങ്ങിയിട്ട് പതിനഞ്ച് വർഷം തികഞ്ഞിരിക്കുന്നു. ഓർത്തുകൊണ്ടേയിരിക്കുന്നു നിരീക്ഷണങ്ങളുടെ ആ നെറ്റിച്ചുളിവുകളെ!
Content Highlights: Writer Critic Ashamenon Remembers Veteran Critic S Guptan Nair on hid 15 Death Anniversary