സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട്. പിറവി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ വിസ്മയം സൃഷ്ടിച്ച മഹാനടനായിരുന്നു പ്രേംജി. മുഖത്തിന്റെ ഒരു പാതിയില്‍ വിഷാദവും ഒരു ഭാഗത്ത് സന്തോഷവും വരുത്തുന്ന ഏകലോചനം എന്ന അഭിനയത്തിലൂടെ അദ്ദേഹം അനുവാചകരെ വിസ്മയിപ്പിച്ചിരുന്നു.

1908 സെപ്റ്റംബര്‍ 23ന് പൊന്നാനിയിലാണ് പ്രേംജി ജനിച്ചത്. യഥാര്‍ത്ഥപേര്: എം.പി ഭട്ടതിരിപ്പാട്. 19-ാം വയസ്സില്‍ മംഗളോദയത്തില്‍ പ്രൂഫ് റീഡറായി വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി.

പിന്നീട് എം.ആര്‍.ബിയുടെ മറക്കുടക്കുള്ളിലെ മഹാനഗരം, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിയുടെ അപ്ഫന്റെ മകള്‍, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങള്‍, പി.ആര്‍. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവര്‍ത്തികമാക്കിക്കൊണ്ട് കുറിയേടത്തുനിന്നും വിധവയായ ആര്യാ അന്തര്‍ജനത്തെ പ്രേംജി വിവാഹം ചെയ്തു.

നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും കടന്ന പ്രേംജി 'മിന്നാമിനുങ്ങ്', 'തച്ചോളി ഒതേനന്‍', 'കുഞ്ഞാലി മരയ്ക്കാര്‍', 'ലിസ','യാഗം', 'ഉത്തരായനം', 'പിറവി', 'സിന്ദൂരച്ചെപ്പ്' തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു. 'സപത്നി',' നാല്‍ക്കാലികള്‍', 'രക്തസന്ദേശം', 'പ്രേംജി പാടുന്നു' എന്നീ കാവ്യസമാഹാരങ്ങളും 'ഋതുമതി' എന്ന നാടകവും രചിച്ചിട്ടുണ്ട്.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്തത 'പിറവി'യിലെ ചാക്യാര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിന് അദ്ദേഹത്തിന് 1988-ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. 1977-ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച അദ്ദേഹത്തിന് കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. 1998 ഓഗസ്റ്റ് 10-ന് അദ്ദേഹം അന്തരിച്ചു.

Content Highlights: writer and actor premji memory