മലയാളിക്കും മലയാളത്തിനും ഒരേയൊരു വി.ടി.യേ ഉള്ളൂ. അത് വി.ടി. ഭട്ടതിരിപ്പാടാണ്. 23-ാം വയസ്സില്‍ അക്ഷരം പഠിച്ച്, എഴുത്തില്‍ മലയാളഭാഷയുടെ മിഴിവും മിടിപ്പും നട്ടെല്ലുമായ വി.ടി, നമ്പൂതിരി സമുദായത്തെ സ്വയം തീപ്പന്തമായെരിഞ്ഞ് നവീകരിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്, ആരോടും ഒന്നിനോടും രാജിയാവാത്ത നിഷേധി. വി.ടി.യുടെ മകനായ ലേഖകന്‍ അച്ഛന്‍ എന്ന അസാധാരണ അദ്ഭുതത്തിലേക്ക് തിരിഞ്ഞുനോക്കുകയാണിവിടെ...

ജീവിതമുടനീളം അവനവനോടു സമരം ചെയ്ത ഒരാള്‍ കത്തിത്തീര്‍ന്ന കനല്‍പോലെ ശാന്തമായി ഉറങ്ങുന്നുണ്ട്, ഞങ്ങളുടെ മണ്ണില്‍. തെങ്ങിന്‍ചുവട്ടില്‍ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് ഒരച്ഛന്‍ മടിയനായ മകനെ പറഞ്ഞേല്‍പ്പിച്ച പഴയകഥ പോലെ ആ ഓര്‍മകളെ കിളച്ചുമറിക്കുമ്പോള്‍ സ്‌നേഹാര്‍ദ്രമായ മനുഷ്യ സങ്കല്പങ്ങളുടെ അക്ഷയസമ്പാദ്യം സ്വന്തമാവുകയാണ് എനിക്കും.

അച്ഛന്റെ അവസാനനാളുകളിലെ ഒരു ചിത്രം മനസ്സിലുണ്ട്. രണ്ടുദിവസം തുടര്‍ച്ചയായി ഒരേ കിടപ്പ്. ഉണരുന്നില്ല. കണ്ണു മിഴിക്കുന്നില്ല. രോഗാവസ്ഥയിലും ഉമ്മറത്തിണ്ണയിലോ ചാരുകസേരയിലോ ഇരുന്ന് കനമുള്ള പുസ്തകത്തില്‍ കണ്ണുനടുകയോ സുഹൃത്തുക്കളോടു സൊള്ളുകയോ ചെയ്തുപോന്ന അച്ഛന്‍ ഇങ്ങനെയൊരബോധനിലയിലേക്കു വീണപ്പോള്‍ ഞങ്ങള്‍ പരിഭ്രമിച്ചു.

vt
വി.ടി. ഭട്ടതിരിപ്പാട്‌ | വര: ദ്വിജിത്ത്‌

ഗ്രാമത്തില്‍ വൈദ്യന്മാര്‍ അനേകമുണ്ട്. അവരില്‍ ചിലര്‍ വന്ന് ശിരസ്സില്‍ കുഴമ്പിട്ടുനോക്കി. ഡോക്ടര്‍മാര്‍ മരുന്നു കുത്തിവെച്ചു. എല്ലാവരും ആശ്വസിപ്പിച്ചു. ''പേടിക്കാനില്ല. എല്ലാം നോര്‍മലാണ്.'' എന്നിട്ടും ഞങ്ങള്‍ക്ക് ആശങ്ക. അച്ഛന്റെ സാന്നിധ്യവും നഷ്ടപ്പെടുകയാണോ? ആ ശരീരത്തിന് അന്ത്യം സംഭവിക്കുകയാണോ? ഹൃദ്രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയിലെ രണ്ടാഴ്ചത്തെ തടങ്കലിനു ശേഷം സ്വാതന്ത്ര്യം തിരിച്ചുകിട്ടി എന്ന ആശ്വാസത്തോടെ വീട്ടിലെത്തിയപ്പോഴാണ് ഈ കോട അച്ഛനെ പിടികൂടിയത്.

ചില സുഹൃത്തുക്കള്‍ വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്. എല്ലാവരും പൂമുഖത്തുകാവലുണ്ട്. ഇനി എന്തുവേണം എന്ന ചിന്തയോടെ ഞങ്ങള്‍ തെക്കെമുറിയില്‍ അച്ഛന്റെ കിടയ്ക്കയ്ക്കരികിലും. ചുമരില്‍ അച്ഛന്റെ കൂട്ടാളിയായ ഘടികാരം രാത്രി പതിനൊന്നുമണിയായെന്നറിയിച്ചു. ആ മണിനാദം കേട്ടെന്നപോലെ അച്ഛന്‍ കണ്ണുതുറന്നു ചുറ്റും നോക്കി. പിന്നെ ക്ലോക്കിനോടോ ഞങ്ങളോടോ ആയി പതുക്കെ ചോദിച്ചു: ''ഇപ്പോള്‍ പ്രപഞ്ചസമയം എത്രയായി?''

നഷ്ടപ്പെട്ടതു തിരിച്ചുകിട്ടിയ ആഹ്ലാദം ഞങ്ങള്‍ക്ക്, അച്ഛനെ എഴുന്നേല്‍പ്പിച്ചു. അപ്പോഴേക്കും അമ്മയും അടുത്തെത്തി. ''രണ്ടു ദിവസമായി എന്തൊരു ഉറക്കമായിരുന്നു? ഞങ്ങളെയെല്ലാം പരിഭ്രമിപ്പിച്ചില്ലേ?''

അമ്മയുടെ വാക്കുകള്‍ക്ക് അച്ഛന്‍ കാതോര്‍ത്തു. പിന്നെ തന്റെ കുറ്റിത്തലയില്‍ പതിവുപോലെ ൈകയോടിച്ചു. അച്ഛന്റെ ജീവിതചിന്തകളുടെ ചലനമാണ് ആ ശിരസ്സുതടവല്‍.

ചെറുചിരിയോടെ അച്ഛന്‍ മെല്ലെ പറഞ്ഞു: ''ഞാന്‍ ഉറങ്ങുകയായിരുന്നില്ല. മരണത്തിന്റെ റിഹേഴ്സലിലായിരുന്നു. മരിക്കാന്‍ എനിക്കു പേടിയില്ല. പ്രിയപ്പെട്ടവരെ വിട്ടുപിരിയുമ്പോഴുള്ള വ്യസനമേയുള്ളൂ. നല്ലൊരു യാത്രയിലായിരുന്നു ഞാന്‍. വഴിയിലെങ്ങും പ്രകാശം. സംഗീതകോലാഹലം. എന്നാല്‍, ആഗ്രഹിച്ച ഇടത്തില്‍ എത്താനും സാധിക്കുന്നില്ല. അനുജന് (എന്നെ അങ്ങനെയായിരുന്നു അച്ഛന്‍ വിളിച്ചിരുന്നത്) ഓര്‍മയില്ലേ ആ ശ്ലോകം?''

അച്ഛന്റെ മനസ്സിലുള്ളത് അദ്ദേഹത്തിനു പ്രിയപ്പെട്ട കെ.കെ. രാജാവിന്റെ വരികളാണെന്ന് എനിക്ക് മനസ്സിലായി. ഞാനതു കേള്‍പ്പിച്ചു.

''കത്തുന്നുണ്ടു വിളക്കു രാവുപകലും സംഗീതകോലാഹലം

എത്തുന്നുണ്ടു ഗംഭീരമൌനമധുരം ത്രൈലോക്യചൈതന്യമേ

ഉത്തുംഗാതരംഗസീമ്നി നടനം ചെയ്യുന്ന നിന്നന്തിക-

ത്തെത്തുന്നില്ലിവനിന്ദ്രിയ ചിറകടിച്ചെത്രയ്ക്കുയര്‍ന്നീടിലും''

ഒട്ടും ഭംഗിയില്ലാത്ത ഐന്റ ചൊല്ലല്‍ അച്ഛന്‍ സാകൂതം കേട്ടു. പ്രശാന്തമായ ചില രാത്രികളില്‍ വീട്ടുമുറ്റത്ത് അച്ഛന്‍ മെടഞ്ഞിട്ട തെങ്ങിന്‍പട്ടകള്‍ക്കുമീതെ വിരിച്ച കോസറികളില്‍ക്കിടന്നുള്ള ആ ഉറങ്ങല്‍ ഹൃദ്യമായ അനുഭവമായിരുന്നു. മേലെ അനന്തമഹിമാവേന്തുന്ന ആകാശവും നക്ഷത്രങ്ങളും സാക്ഷിയായി അച്ഛന്‍ കേള്‍പ്പിച്ചു തന്ന കവിത. ഇന്ദ്രിയച്ചിറകടിച്ചെത്രയ്ക്കുയര്‍ന്നാലും നിന്റെ അന്തികത്ത് എത്തുന്നില്ലല്ലോ എന്ന ഈ സങ്കടം ജാഗ്രത്തിലും സുഷുപ്തിയിലും അച്ഛനില്‍ നിറഞ്ഞുനിന്നു. സ്വന്തം ദൗര്‍ബല്യങ്ങളും പ്രതിസന്ധികളും കുടഞ്ഞുകളയാന്‍ അച്ഛനെ സഹായിച്ചത് ഈ കാവ്യാനുശീലനമായിരുന്നു. കാളിദാസനും വ്യാസനും മുതല്‍ ആനുകാലികങ്ങളിലെ പുതുക്കക്കാരന്‍ കവിവരെ രചിച്ച കവിതകളില്‍ ഇഷ്ടപ്പെട്ടത് ശബ്ദതലത്തില്‍ ചൊല്ലിയാസ്വദിക്കല്‍ അച്ഛന് രസമായിരുന്നു. ഞാനോര്‍ക്കുന്നു: 'പൊന്നരിവാളമ്പിളിയില്‍' എന്ന പ്രസിദ്ധഗാനം കേട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു: 'കമ്യൂണിസ്റ്റുകാരനായ കവിക്ക് പ്രിയം പൊന്നില്‍ത്തന്നെ'. പക്ഷേ, ഇടശ്ശേരിയുടെ വിപ്‌ളവം ജീവിതത്തെ അടുത്തുകണ്ടറിയലാണ്. ആയിടെ ഒരു വാര്‍ഷികപ്പതിപ്പില്‍ വന്ന ഇടശ്ശേരിയുടെ കൊച്ചുകവിത (മുള്ളും പൂവും) അച്ഛനെ സ്പര്‍ശിച്ച സന്ദര്‍ഭമായിരുന്നു. മുള്ള് ഒരിക്കലേ പൊന്തുകയുള്ളൂ. അതു നുള്ളണം. നുള്ളുമ്പോള്‍ പുതുപൂക്കള്‍ പൊടിച്ചുവരും. ചവിട്ടിപ്പോന്ന മുള്ളുകളിലിരുന്ന് പൂക്കള്‍ സമാശ്വാസ സൗരഭം പൊഴിക്കും. അച്ഛനും ജീവിതം മുള്‍ച്ചെടിപ്പടര്‍പ്പായിരുന്നുവല്ലോ.

ആ ജന്മം 'സംഭവാമി യുഗേ യുഗേ' എന്ന മട്ടിലുള്ള അവതാരമൊന്നുമായിരുന്നില്ല. ഗ്രാമത്തിലെ കുണ്ടനിടവഴികളിലൊന്നിലേക്കു കാല്‍നീട്ടിയ പഴയ തറവാട്ടിലെ ഈറ്റില്ലത്തില്‍ പിറന്നുവീണു. സമ്പത്തിലോ സംസ്‌കാരത്തിലോ ഗ്രാമത്തിലെ മുഖ്യവിനോദമായ പകിടകളിയില്‍പ്പോലുമോ പ്രശസ്തരായി ആരും അവിടെ ഉണ്ടായിട്ടില്ല എന്നാണ് അച്ഛന്‍ പറയുക. 'മേനിക്കണ്ടപ്പരായിപ്പലരുമവനിയില്‍ പ്പാര്‍ത്തുവന്ന' (കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍) മുന്‍തലമുറയുടെ അലസജീവിതത്തില്‍ പെണ്‍കൊടയ്ക്കും വൈദികവൃത്തിക്കുമായി വരവില്‍ക്കവിഞ്ഞു ചെലവിടുകയാല്‍ സാമ്പത്തികസ്ഥിതിതന്നെ പരുങ്ങലിലായിരുന്നു. അതുനിമിത്തം കാരണവന്മാര്‍ അന്യോന്യം മത്സരിച്ച് ദുഷ്പ്പേരും സമ്പാദിച്ചു. കാലത്തെ മറികടക്കാനാവശ്യമായ ധീരോദാത്തത നഷ്ടപ്പെട്ട പുരുഷന്മാര്‍. 'ഉണ്ണാനും ഉടുക്കാനും ഉണ്ടാക്കിത്തരണേ' എന്നു ദയനീയമായി പ്രാര്‍ഥിക്കുന്ന സ്ത്രീകളും.

നുള്ള്, പിച്ച്, നടുപ്പുറത്ത് അടി, പിടിച്ചുതള്ളല്‍, ഏത്തമിടല്‍ തുടങ്ങിയ ശിക്ഷാവിധികള്‍ സഹിച്ച് ഓതിക്കന്മാരുടെ കീഴില്‍ ആറുവയസ്സു മുതല്‍ ഉരുക്കഴിച്ചുപോന്ന നീണ്ടകാലത്തെ ഓത്തുചൊല്ലല്‍കൊണ്ട് തലയ്ക്കു ചെനപിടിച്ച കറുത്ത കുട്ടിപ്പട്ടേരി രാമന്‍ ഒടുവില്‍ സമുദായത്തിലെ പ്രാകൃതാവസ്ഥയെ തച്ചുതകര്‍ക്കാന്‍ പരിഷ്‌കരണപ്രസ്ഥാനത്തിലേക്ക് എടുത്തുചാടുകയായിരുന്നു.

ഓത്തുചൊല്ലല്‍ നിര്‍ത്തുമ്പോള്‍ അച്ഛന് വയസ്സ് പതിനാറ്. ഭാരതപ്പുഴയുടെ തെക്കെ ചാലില്‍നിന്ന് വെള്ളം ചെപ്പുകുടത്തില്‍ നിറച്ച് ചുമലിലേറ്റി വടക്കേരയിലുള്ള മുണ്ടമുക അയ്യപ്പന്‍കാവിലേക്ക് കൊണ്ടുവരേണ്ട ശാന്തിജോലി കിട്ടി. താന്‍ കൊണ്ടുവന്ന വെള്ളം വേണം ഊരായ്മക്കാര്‍ക്കു മൂത്രമൊഴിച്ചശേഷം ശുദ്ധിവരുത്താന്‍കൂടി. ക,ഖ,ഗ,ഘ പോലും വേര്‍തിരിച്ചറിയാത്ത ശാന്തിക്കാരന്‍ തിരുമേനിക്ക് അമ്പലവട്ടത്തെ നങ്ങേലിക്കുട്ടി സ്ലേറ്റില്‍ അക്ഷരമാല എഴുതിക്കൊടുത്തു. ശര്‍ക്കര പൊതിഞ്ഞുകൊണ്ടുവന്ന കടലാസില്‍നിന്ന് 'മാന്‍മാര്‍ക്കു കുട' എന്ന് ആദ്യമായി വായിച്ചപ്പോള്‍ ആളിപ്പടര്‍ന്ന മഹാചൈതന്യം ഊതിക്കത്തിച്ചത് ഇത്തിരിയോളംപോന്ന ആ ബാലികയായിരുന്നു. പഠിക്കാനുള്ള മോഹത്തില്‍ ശാന്തിവൃത്തി ഉപേക്ഷിച്ചതും 23-ാം വയസ്സില്‍ തൃശ്ശൂര്‍ നമ്പൂതിരി വിദ്യാലയത്തില്‍ ഏഴാം സ്റ്റാന്‍ഡേഡില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നതും അച്ഛന്റെ അനന്തര ജീവിതത്തില്‍ പ്രസിദ്ധമാണ്. ഉടുക്കാന്‍ വസ്ത്രംപോലുമില്ലാതിരുന്ന അച്ഛന് അവിടെ പഠിച്ച രണ്ടരക്കൊല്ലവും മാറിച്ചുറ്റാന്‍ മുണ്ടു ലഭിച്ചത് സഹപാഠി മൂത്തിരിങ്ങോടിന്റെ ഔദാര്യത്താലായിരുന്നു.

തിളച്ചുമറിഞ്ഞ അനേകം സാമൂഹികവിപ്‌ളവങ്ങള്‍ക്കുശേഷം ഏറെ പ്രതീക്ഷയോടെ നിളക്കരയിലെ കൊടുമുണ്ടയില്‍ തുടങ്ങിവെച്ച 'ഉദ്ബുദ്ധകേരളം' പത്രവും കോളനിയും സാമ്പത്തിക കാരണങ്ങളാല്‍ നിശ്ചലമായതോടെ അച്ഛന്‍ നിരാശനായി. കോളനിയില്‍ ഒരുമിച്ചുകഴിഞ്ഞ കുടുംബങ്ങള്‍ ചിന്നിച്ചിതറി. കൂടെയുണ്ടായിരുന്നവര്‍ കൂറുമാറി. എവിടെയും അപ്രസന്നതയും ഉന്മേഷ ശൂന്യതയും. മേഴത്തൂരില്‍ കൈവന്ന പാഴ്പ്പറമ്പിലേക്ക് സകുടുംബം പറിച്ചു നടപ്പെട്ടു. അച്ഛന്റെ അധ്യായം കഴിഞ്ഞു എന്നു കരുതിയവരുണ്ട്. അതിനിടയില്‍ വൃദ്ധപിതാവ് മരണപ്പെട്ടു. സംസ്‌കാരത്തിലോ അച്ഛന്‍ പെങ്ങള്‍ പാര്‍വതിയും പി.കെ. രാഘവപ്പണിക്കരും തമ്മില്‍ നടന്ന മിശ്രവിവാഹത്തിലോ ബന്ധുക്കള്‍ സഹകരിച്ചില്ല.

ഭക്ഷണമില്ലാത്ത പകലുകള്‍, ഉറക്കമില്ലാത്ത രാത്രികള്‍, അയല്‍പ്പക്കത്തെ പരിഹാസങ്ങള്‍, അപമാനങ്ങള്‍, ചവിട്ടിച്ചതയ്ക്കപ്പെട്ട അന്തസ്സ് -ചെറിയ ക്‌ളാസുകളില്‍ പഠിക്കുന്ന ഞങ്ങള്‍ക്ക് അച്ഛന്‍ പകര്‍ത്തിയെഴുതാന്‍ തന്നത് വിക്ടര്‍ ഹ്യൂഗോവിന്റെ ഈ വാക്യങ്ങളായിരുന്നു. മംഗളോദയം പ്രസില്‍ സുഹൃത്ത് നാലപ്പാട്ട് നാരായണമേനോന്റെ പരിഭാഷയുടെ (പാവങ്ങള്‍) പ്രൂഫ് പരിശോധകരിലെ ഒരാളായിരുന്നുവല്ലോ അച്ഛനും. ദുഃഖത്തെ ജയിക്കാനും ദാരിദ്ര്യത്തെ കൂട്ടാക്കാതെ ജീവിക്കാനും ഉത്തമഗ്രന്ഥങ്ങളുടെ സഹവാസം അച്ഛനെ സ്വാധീനിച്ചിട്ടുണ്ട്.

കല്‍ച്ചട്ടി പോലെയാണ് അച്ഛന്റെ മനസ്സ്. വേഗത്തില്‍ ചൂടാവില്ല. ചൂടായാല്‍ ആറാന്‍ താമസവും. കൂട്ടിലിട്ട മൃഗംപോലെ ഉമ്മറക്കോലായയില്‍ ഉലാത്തുമ്പോഴാവും മുറ്റത്തെ മാവിന്‍ചുവട്ടില്‍ അപരിചിതന്റെ കാല്‍പ്പെരുമാറ്റം കേള്‍ക്കുക. വി.ടി.യെ കാണാന്‍ ആളുകള്‍ വന്നുകൊണ്ടിരുന്നു. സ്വന്തം സങ്കല്പങ്ങള്‍ പങ്കിടാന്‍, കര്‍മപദ്ധതികള്‍ പര്യാലോചിക്കാന്‍, എഴുതിയ പുസ്തകം കേള്‍പ്പിക്കാന്‍, അഭിപ്രായം കേള്‍ക്കാന്‍, പ്രസംഗത്തിനു ക്ഷണിക്കാന്‍, സാമൂഹിക ജീവിതത്തിലും സാഹിത്യത്തിലും സശ്രദ്ധരായി ദൂരെനിന്നെത്തുന്ന സുഹൃത്തുക്കള്‍. ഇല്ലായ്മയിലും അച്ഛന്റെ ഹിതംപോലെ അതിഥികളെ സത്കരിക്കാന്‍ അടുക്കളയില്‍ അമ്മയും പാടുപെട്ടു.

അക്കാലത്തെ ഒരനുഭവം നടനും നാടകകൃത്തും അധ്യാപകനുമായ പി.എം. ശങ്കരനാരായണന്‍ ഓര്‍മിക്കുന്നുണ്ട്. ഒരുദിവസം ഉച്ചയ്ക്ക് അദ്ദേഹം വി.ടി.യുടെ വീട്ടിലെത്തി. ഒരു നാടക റിഹേഴ്സലിനെപ്പറ്റി സംസാരിക്കാനാണു വന്നത്. അച്ഛന്‍ േകാലായയില്‍ സ്വീകരിച്ചിരുത്തി. കാര്യങ്ങള്‍ സംസാരിച്ചുതീര്‍ന്ന് മടങ്ങാന്‍ പുറപ്പെട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു: ''ഉച്ചയായി, ഊണു കഴിഞ്ഞിട്ടു പോകാം. ഇവിടെ ഇരിക്കൂ... ഞാനിപ്പോള്‍ വരാം.''

അച്ഛന്‍ തോര്‍ത്തു തോളിലിട്ട് കുടയുമെടുത്ത് എങ്ങോട്ടോ പോയി. അത് മാന്‍മാര്‍ക്കുകൂടയോ എന്ന് ശ്രദ്ധിച്ചില്ലെന്ന് പി.എം.എസിന്റെ ഫലിതം. എട്ടുപത്ത് കര്‍ഷകത്തൊഴിലാളികളോടൊപ്പമാണ് അച്ഛന്‍ മടങ്ങിവന്നത്. അധികവും ദളിതവിഭാഗത്തില്‍പ്പെട്ടവര്‍; ഷര്‍ട്ടിടാത്തവര്‍.

'ഇരുന്നുമുഷിഞ്ഞുവോ' എന്നുചോദിച്ച് അച്ഛന്‍ അകത്തേക്കുപോയി; പണിക്കാര്‍ കൈയും കാലും കഴുകാന്‍ കുളത്തിലേക്കും. ഒരുകിണ്ടി വെള്ളവുമായി അച്ഛന്‍ തിരിച്ചുവന്നു: ''കൈകഴുകൂ, നമുക്കുണ്ണാം.'' പൈപ്പോ ടാപ്പോ ഇല്ലാത്ത കാലം. നീണ്ട ഇടനാഴിയില്‍ നിരത്തിയിട്ട എട്ടുപത്ത് ഇലകള്‍ക്കുമുമ്പില്‍ വിയര്‍പ്പുകഴുകിക്കളഞ്ഞ പണിക്കാര്‍ നിരന്നിരുന്നു. താനും ഇരുന്നശേഷം അച്ഛന്‍ 'ഇരിക്കൂ' എന്ന് ക്ഷണിച്ചു. അന്ന് ശുദ്ധനമ്പൂതിരിയായിരുന്ന പി.എം.എസ്. ആദ്യമൊന്നുമടിച്ചു. അമ്മ എല്ലാവര്‍ക്കും വിളമ്പിത്തന്നു. ചെറിയൊരു ഊണിന്റെ വട്ടം. മണ്ണിന്റെ മക്കളോടൊപ്പമിരുന്ന് സമൃദ്ധമായി ഉണ്ടു.

കൈകഴുകുമ്പോള്‍ അച്ഛന്റെ കുസൃതിച്ചോദ്യം: ''ശങ്കരനാരായണന് ഇവരുടെ കൂടെയിരുന്ന് ഉണ്ണാന്‍ ചൊടിപ്പുതോന്നിയോ?'' അന്നത്തെ ആ പരുങ്ങല്‍ 85-ാം വയസ്സിലും മാറിയിട്ടില്ലെന്ന് പി.എം.എസിന്റെ ഫലിതം വീണ്ടും.

'നോക്കൂ, മനസ്സിന്റെ ചളി' എന്ന് ഹ്യൂഗോ പറഞ്ഞതുപോലെ അലിവില്ലാതെ പെരുമാറുന്നവരുടെ മുമ്പില്‍പ്പെടുന്ന അബദ്ധങ്ങളും അച്ഛനുണ്ടായിട്ടുണ്ട്. യോഗക്ഷേമസഭകളില്‍ പങ്കെടുത്ത് പിന്നെ പിന്തിരിപ്പന്മാരായ ചിലര്‍ അതിഥികളായെത്തും. വി.ടി.യുടെ നാശം എത്രത്തോളമായി എന്നറിയാന്‍ വരുന്നവര്‍ക്ക് നിരാശയാവും ഫലം എന്ന് അച്ഛന്‍ സ്വകാര്യം പറയും.

അത്തരത്തിലുള്ള ഒരു നമ്പൂതിരി അച്ഛനെ ഒരിക്കല്‍ ആക്രമിച്ച കഥ അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്. മധുരമംഗലം നമ്പൂതിരി എന്ന് അദ്ദേഹത്തെ നമുക്ക് വിളിക്കാം.

''പണ്ട് ഓങ്ങല്ലൂരും പാഴൂരും സഭ കഴിഞ്ഞ് നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ല. വി.ടി.യുടെകൂടെ രണ്ടുദിവസം സംസാരിച്ചുകൂടാന്‍ ഒരു രസം. അങ്ങനെ വന്നതാണ് '' -എന്ന് വന്നപാടേ മധുരമംഗലം മുഖവുരമൊഴിഞ്ഞു.

''പഴയ പ്രവര്‍ത്തകരെ കാണുന്നത് എപ്പോഴായാലും സന്തോഷമാണ്. യാത്രചെയ്തുവരുകയല്ലേ ചായ കൊണ്ടുവരാം. അതോ സംഭാരമാണോ വേണ്ടത്? ഇതാ ചെല്ലം. മുറുക്കല്‍ പതിവില്ലേ?'' -അച്ഛന്റെ കൊണ്ടുപിടിച്ച ആതിഥ്യം.

ചായയും മുറുക്കലും കഴിഞ്ഞ ഉടനെ മധുരമംഗലം കുശലം തുടങ്ങി: ''വി.ടി.യെപ്പറ്റി ചിലതൊക്കെ കേട്ടിട്ടാണ് ഞാന്‍ വരുന്നത്.''

''എന്താ ഇപ്പോള്‍ ഇങ്ങനെയൊരു കേട്ടുകൂടായ്മ?'' -എന്ന അച്ഛന്റെ ചോദ്യത്തിന് മറുപടിപറയാതെ മധുരമംഗലത്തിന്റെ മറുചോദ്യം: '' മാര്‍ക്‌സിസം, ഗാന്ധിസം -ഇതില്‍ ഏത് ആശയം വിജയിച്ചുകാണാനാണ് വി.ടി. ആഗ്രഹിക്കുന്നത്?''

ഇങ്ങനെ അപകടംപിടിച്ച അനുചിതമായ ചോദ്യം വലിച്ചെറിഞ്ഞതില്‍ അച്ഛന് അരിശം തോന്നാതിരുന്നില്ല. ''മധുരമംഗലത്തെപ്പോലെ ഞാനൊരു രാഷ്ട്രീയചിന്തകനല്ല. ശരിക്കുപറയുകയാണെങ്കില്‍ രണ്ടും ഞാന്‍ വേണ്ടത്ര പഠിച്ചിട്ടില്ല. അതുകൊണ്ട് ഉറച്ച അഭിപ്രായം പറയാന്‍ അശക്തനാണ്'' -എന്ന് അച്ഛന്‍.

''എന്തിനാ വളയ്ക്കണത്? വി.ടി.യും കമ്യൂണിസ്റ്റാണെന്നാണല്ലോ കേട്ടത്.''

''ഈ സി.ഐ.ഡി.പ്പണിയുടെ ആവശ്യം മനസ്സിലാകുന്നില്ല'' -ക്ഷോഭമടക്കിയുള്ള അച്ഛന്റെ അന്വേഷണം.

''വി.ടി.യുടെ അനുജനില്ലേ, ആ ഇട്ട്യേമ്മാരന്‍. അയാളെ സഖാവുണ്ണി എന്നല്ലേ വിളിച്ചത്? അയാളെ എം.എസ്.പി. അറസ്റ്റുചെയ്തില്ലേ?'' വി.ടി. മാതൃദത്തന്‍ ഭട്ടതിരിപ്പാട് എന്ന ഞങ്ങളുടെ ഉണ്ണിയപ്ഫന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. പക്ഷേ, ഒരറസ്റ്റിലുംപെട്ടിട്ടില്ല.

vt
അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌
എന്ന നാടകത്തിന്റെ നോട്ടീസ്‌

''ഏതാനും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി ഒരാളെ അളക്കുന്നത് ശരിയല്ല'' -അച്ഛന്‍ ശബ്ദമുയര്‍ത്തി.

''വി.ടി. സ്വതേ ഒരു എടുത്തുചാട്ടക്കാരനാണല്ലോ. രാഷ്ട്രീയമായും ഈ സ്വഭാവം വി.ടി.ക്കുണ്ടോ എന്നറിയാന്‍ ചോദിച്ചു എന്നേയുള്ളൂ.'' ഒരു ശുദ്ധാത്മാവിന്റെ വിടുവായത്തം എന്നുമനസ്സിലായപ്പോള്‍ ഏറ്റുമുട്ടലിന് ഒരുക്കിയ ആയുധങ്ങള്‍ അച്ഛന് വലിച്ചെറിയേണ്ടിവന്നു.

രണ്ടുദിവസം പാര്‍ക്കാന്‍വന്ന മധുരമംഗലം പിറ്റേന്നുതന്നെ മടങ്ങിയപ്പോള്‍ അച്ഛന്‍ ആശ്വസിച്ചു. 'വെടിപറയേണ്ടുന്ന ഒരാവശ്യംകൊണ്ടാണ് ചില ജനങ്ങള്‍ ദുഷ്ടവിചാരക്കാരാവുന്നത്' എന്ന 'പാവങ്ങളി'ലെ പരാമര്‍ശം വീണ്ടും അച്ഛന്റെ രക്ഷയ്‌ക്കെത്തി.

ജാതി-മത ഭേദമോ രാഷ്ട്രീയാഭിപ്രായമോ ഒരു കാര്യത്തിലും അച്ഛന്‍ പരിഗണിച്ചിരുന്നില്ല. വി.ടി. എന്തിസ്റ്റാണെന്ന് ചോദിച്ചുകൊണ്ട് തിരഞ്ഞെടുപ്പവസരങ്ങളില്‍ കയറി വരുന്ന ബുദ്ധിജീവികളെ കൂട്ടാക്കിയുമില്ല. 'മഹാത്മജി വരച്ചുകാണിച്ച സ്വതന്ത്രഭാരതത്തിന്റെ ശബളാഭമായ ചിത്രം കക്ഷിരാഷ്ട്രീയത്തിന്റെ കൂറകള്‍ നക്കിനിറംകെട്ടു' എന്ന് അച്ഛന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: VT Bhattathiripad, VT Vasudevan