വിടപറഞ്ഞിട്ടും തീരാത്ത ഗാഥയാണ് വി.കെ.എന്‍. കാറ്റിലും സഹൃദയര്‍ കൂടുന്ന വെടിവെട്ടങ്ങളിലും ആരും കേള്‍ക്കാത്ത ഒരു വി.കെ.എന്‍. നേരനുഭവം വിടരും. അവ നമ്മെ വീണ്ടും വീണ്ടും ചിരിയുടെ പിതാമഹനെ ഓര്‍മിപ്പിക്കും

തിക്കോടിയന്‍ കോഴിക്കോട്ട് പുതിയ വീട് പണിഞ്ഞ് താമസം തുടങ്ങിയ കാലം. കുറ്റൂശയ്ക്ക് അടുപ്പക്കാരെയൊക്കെ വിളിച്ചിരുന്നെങ്കിലും വിവാഹം, മരണം, അടിയന്തരം, പ്രസംഗം, ശില്പശാല തുടങ്ങി നാലാള്‍ കൂടുന്നിടത്തൊന്നും പോകാത്ത വി.കെ.എന്‍. അന്നുപോയില്ല. തിക്കോടിയന് അസ്വാഭാവികതയൊന്നും തോന്നിയുമില്ല -പ്രതീക്ഷിച്ചിട്ടില്ലല്ലോ.

അതിന്റെ അലയൊലികളൊക്കെയടങ്ങി മറ്റൊരുദിവസം കോഴിക്കോട്ടെത്തി തിക്കോടിയന്റെ പുതിയ വീട്ടിലേക്കു ചെന്നു... തിക്കോടിയന്‍പോലും വീടുപണിയുന്ന കാലം... എന്ന് ഗേറ്റില്‍നിന്ന് അന്യഥാ ചിന്തിക്കുകയും ചെയ്തു.

അവിടെ വലിയൊരു അല്‍സേഷ്യന്‍ നായയുണ്ടായിരുന്നു. അദ്ദേഹം കൂട്ടിലോ മുറ്റത്തോ അല്ല. ഒരു മുറിയിലാണ്! ആ മുറിയുടെ ജനാലയിലൂടെ നോക്കിയാല്‍ ഗേറ്റുവരെ കാണാം...

വി.കെ.എന്‍. ഗേറ്റുതുറന്ന് മുറ്റത്തേക്ക് പ്രവേശിക്കുന്നതുകണ്ട അല്‍സേഷ്യന്‍ പെട്ടെന്ന് ഡ്യൂട്ടി കോണ്‍ഷ്യസ് ആയി കുര തുടങ്ങി. അവിടെ നായയുള്ള കാര്യം തിക്കോടിയന്‍ പറഞ്ഞിരുന്നില്ല. അപരിചിതനെപ്പോലെ തന്നെ ട്രീറ്റു ചെയ്ത് നിര്‍ത്താതെ കുരയ്ക്കുന്ന അല്‍സേഷ്യനോട് വി.കെ.യെന്ന് പകയും വൈരാഗ്യവും തോന്നി. അതിലേറെ തിക്കോടിയനോടും. പിന്നെ വൈകിയില്ല. ജനാലയ്ക്കടുത്തുചെന്ന് അല്‍സേഷ്യനുനേരെ നാലു മറുകുര അങ്ങോട്ടു കുരച്ചു.

അല്‍സേഷ്യന്‍ അത്ര പ്രതീക്ഷിച്ചില്ല. കുരയ്ക്കുന്ന മനുഷ്യനെ അദ്ദേഹവും ആദ്യമായി കാണുകയാണ്. അമ്പരപ്പോടെ അദ്ദേഹം കുര നിര്‍ത്തി. ''ആരപ്പാ ഇത്?''

അപ്പോഴേക്കും തിക്കോടിയന്‍ ഉമ്മറത്തെത്തി വി.കെ.യെന്നെ സ്വീകരിച്ചു.

''ആരാ ഇത്?''-വി.കെ.എന്‍. ചോദിച്ചു.

''മരുമകനാണ്.''-തിക്കോടിയന്‍ പറഞ്ഞു.

''മരുമകന്‍ കുരയ്ക്കുമോ?''

അപ്പോഴാണ് പിറകില്‍ നില്‍ക്കുന്ന മരുമകനെ തിക്കോടിയന്‍ ശ്രദ്ധിച്ചത്.

''ഓ... നായ.'' തിക്കോടിയന്‍ ആഞ്ഞു ചിരിച്ചു. ''അവന്‍ ആളറിയാതെ കുരച്ചതാണ്. ഞാന്‍ പരിചയപ്പെടുത്താം.''

അപ്പോള്‍ അല്‍സേഷ്യന്‍ ശാന്തനായി നിലത്ത് കിടക്കുകയായിരുന്നു.

''അവന്റെ ദേഷ്യമൊക്കെ പോയെന്നു തോന്നുന്നു. ആളെ മനസ്സിലായിക്കാണും. ചിലപ്പോള്‍ വായിച്ചും കാണും''-എന്നിങ്ങനെ തിക്കോടിയന്‍ ചിന്തിക്കുകയും പറയുകയും ചെയ്തു.

''ശരി. പരിചയപ്പെട്ടുകളയാം'' എന്നായി വി.കെ.എന്‍. ''നമ്മുടെ ജര്‍മന്‍സല്ലേ''.

തിക്കോടിയന്‍ ചെന്നു വാതില്‍ തുറന്നു. അല്‍സേഷ്യന്‍ ഒന്നു തല പൊന്തിച്ചുനോക്കി.

''ഗാമാ, ഇതു നമ്മുടെ വി.കെ.എന്‍...'' തിക്കോടിയന്‍ നായയ്ക്ക് പരിചയപ്പെടുത്തി. ''നിനക്ക് മനസ്സിലാകാത്തതോ അങ്ങനെ നടിച്ചതോ. ഒരു ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കൂ...''

''ഹലോ ജര്‍മന്‍സ്...''-വി.കെ.എന്‍. കൈനീട്ടി.

അടുത്തനിമിഷം അല്‍സേഷ്യന്‍ വലിയൊരു കുരയോടെ വി.കെ.യെന്റെ നേരെ കുതിച്ചു ചാടി. മുണ്ടില്‍ പിടികൂടി. അല്‍സേഷ്യന്‍ ഗാമയും വി.കെ.യെന്നും തമ്മില്‍ ദ്വന്ദ്വയുദ്ധം ആരംഭിച്ചു.

ഒടുവില്‍ മുണ്ടു കടിച്ചുകീറി കൊടിയായി പറപ്പിച്ച് ഗാമ പുറത്തേക്കോടി. വി.കെ.എന്‍. സാമാന്യം തോറ്റിരുന്നു. ഇരു കൈയും പൊക്കി. വംശീയകൃതിയെഴുതിയതുകൊണ്ടുള്ള ജര്‍മന്‍സിന്റെ പ്രതികാരമാവുമോ ഇത് എന്ന് വി.കെ.എന്‍. സംശയിച്ചു.

തിക്കോടിയന്‍ അലമാര തുറന്ന് പുതിയൊരു ഡബിള്‍ മുണ്ടെടുത്ത് വി.കെ.യെന്നിനു കൊടുത്തു. എന്നിട്ട് അടിയന്തരമായി ടാക്‌സി വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ക്രമസാധാന നില തൃപ്തികരം. കടിയും മാന്തലും ഒന്നുമില്ല.

''ആശ്വാസം!''-തിക്കോടിയന്‍ പറഞ്ഞു.

''എനിക്കാശ്വാസമായില്ല.'' -വി.കെ. എന്‍. വിയോജിച്ചു. ''ജര്‍മന്‍സിനെപ്പറ്റി ഇതഃപര്യന്തം ഞാനെഴുതിയ സാഹിത്യമെല്ലാം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. രക്തസമ്മര്‍ദവും കൂടി. വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു.''

''ക്ഷമിക്കൂ വി.കെ.എന്‍.'' -തിക്കോടിയന്‍ പറഞ്ഞു. ''ഞാന്‍ ഗാമയ്ക്കുവേണ്ടി മാപ്പു ചോദിക്കാം. വേണമെങ്കില്‍ അവനെക്കൊണ്ടും മാപ്പ് ചോദിപ്പിക്കാം''

''ഇതിന് മാപ്പില്ല. മിസ് ബിഹേവിയര്‍ ഓണ്‍ ഗസ്റ്റ്''

-വി.കെ.എന്‍. തീര്‍ത്തുപറഞ്ഞു. ''അത് ചെയ്തത് മൃഗമായാലും ഉത്തരവാദിത്വം മനുഷ്യനാണ്. അതിന്റെ ആഘാതത്തിലുമാണ് ഞാന്‍. ഒന്നാന്തരം അപമാനത്തിന്റെ.''

''കുഴപ്പമൊന്നും ഇല്ലെന്നല്ലെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്. കടിയോ മാന്തലോ മറ്റ് പരിക്കോ ഒന്നും ശരീരത്തിലില്ലെന്ന്'' -തിക്കോടിയന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

''ശരീരത്തിനു ചികിത്സിക്കാനേ ഡോക്ടര്‍ക്കറിയൂ.'' -വി.കെ.എന്‍. പറഞ്ഞു. ''അപമാനത്തിനു ചികിത്സയില്ല. അരങ്ങു കാണാത്ത നടനാകുന്നു അപമാനം. അതു താന്‍ പരിഹരിക്കണം.''

''ഞാനോ'' -തിക്കോടിയന്‍ പരിഭ്രമിച്ചു. ''എങ്ങനെ?''

''നിസ്സാരം'' -വി.കെ.എന്‍. പ്രിസ്‌ക്രൈബു ചെയ്തു ''അളകാപുരിയില്‍ ഡബിള്‍ റൂം... ഒരാഴ്ചത്തെ ബില്‍ പേയ്മെന്റ്...''

(പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ലേഖകനാണ് വി.കെ.എന്നിന്റെ ജീവചരിത്രമായ 'മുക്തകണ്ഠം വി കെ എന്നി'ന്റെ രചയിതാവ്)

Content Highlights: VKN, Thikkodiyan, Malayalam writer