ലയാളത്തിലെ പ്രമുഖ നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ  എം.കെ. മേനോന്റെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 23. വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന എം. കൃഷ്ണന്‍ കുട്ടി മേനോന്‍ വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ നോവലായി കരുതപ്പെടുന്ന അവകാശികള്‍ എഴുതിയത് വിലാസിനിയാണ്. 

1947ല്‍ മദിരാശി സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവര്‍ഷം കേരളത്തില്‍ അദ്ധ്യാപകനായും നാലുവര്‍ഷം ബോംബെയില്‍ ഗുമസ്തനായും ജോലിനോക്കിയശേഷം 1953-ല്‍ സിംഗപ്പൂരിലേക്ക് പോയി. തുടര്‍ന്നുള്ള 25 വര്‍ഷക്കാലം വാർത്താ ഏജൻസിയായ ഏ. എഫ്. പിയുടെ കീഴില്‍ ജോലിനോക്കിയ അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യന്‍ കേന്ദ്രത്തിന്റെ ഡയറക്ടറായാണ് വിരമിച്ചത്. 

1977-ല്‍ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993- അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാന്നിധ്യമായിരുന്നു. നോവലുകളും യാത്രാവിവരണങ്ങളുമുള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ അവകാശികള്‍ എന്ന കൃതി നോവല്‍ വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായാണ് കരുതപ്പെടുന്നത്. നാല് വാള്യമായാണ് അവകാശികള്‍ പ്രസിദ്ധീകരിച്ചത്. 

മലയാള നോവല്‍ രംഗത്തെ ഒരു അപൂര്‍വസൃഷ്ടിയാണ് ഈ ഗ്രന്ഥം. അവകാശികളുടെ രചന ആരംഭിച്ചത് 1970 ജനുവരി ഒന്നാം തീയതിയാണ്. 1975ല്‍ രചന പൂര്‍ത്തീകരിച്ചു. എന്നാല്‍ പകര്‍ത്തി എഴുതി 1980ല്‍ ഫെബ്രുവരിയിലാണ് പ്രസിദ്ധീകരിച്ചത്. സിംഗപ്പൂരില്‍ ജോലി ചെയ്തിരുന്ന കാലത്ത് താന്‍ കണ്ട ജീവിത സത്യങ്ങള്‍ വാക്കുകളില്‍ ആവിഷ്‌കരിക്കാന്‍ ആണ് നോവലിസ്റ്റ് ശ്രമിക്കുനത്. 4000 പേജുകളായി പരന്നു കിടക്കുന്ന ഈ നോവല്‍ വായനക്കാരില്‍ മടുപ്പ് ഉണ്ടാക്കുന്നില്ല എന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.

മലയാളത്തിലെന്നല്ല മററു ഭാരതീയഭാഷകളിലും ഇത്ര ദൈര്‍ഘ്യമുള്ള നോവല്‍ രചിക്കപ്പെട്ടിട്ടില്ല. ഈ നോവലില്‍ 40-ഓളം കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ പത്തോളം കഥാപാത്രങ്ങളുടെ കാഴ്ച്ചപാടിലുടെ ആണ് കഥയുടെ ചുരുളഴിയുന്നത്. നാല് തലമുറകളുടെ കഥയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. അനേകദശകങ്ങളുടെ കഥ അനാവരണം ചെയ്യപ്പെടുന്നു. 

മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലെ ജീവിതമാണ് നോവലിന്റെ പശ്ചാത്തലം. വിലാസിനിയുടെ നോവലുകളില്‍ പലതും മനഃശാസ്തരപരമായ പ്രമേയങ്ങളുള്ളവയായിരുന്നു. അക്കാലത്ത് അത്തരത്തിലുള്ള നോവലുകള്‍ മലയാളത്തില്‍ അപൂര്‍വമായിരുന്നു. കേരള സാഹിത്യ അക്കാദമി അദ്ദേഹത്തിന്റെ ഓര്‍മക്കായി മികച്ച നോവല്‍ നിരൂപണ കൃതിക്ക് വിലാസിനി പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റ് പ്രധാന കൃതികള്‍: നിറമുള്ള നിഴലുകള്‍, ഇണങ്ങാത്ത കണ്ണികള്‍, ഊഞ്ഞാല്‍, ചുണ്ടെലി, യാത്രാമുഖം. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Content Highlights: Vilasini alias MK Menon birth anniversary