വേജ്ജരായ ചരിതം എന്ന നോവലിന്റെ എഴുത്തു വഴികളെക്കുറിച്ച്

കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലെ ഇടിഞ്ഞു പൊളിഞ്ഞ പടിഞ്ഞാറേ ഗോപുരത്തില്‍ നൂറ്റാണ്ടുകളുടെ മഞ്ഞും മഴയും വെയിലുമേറ്റ് കറുകറുത്ത കല്ലുകള്‍. കിഴക്കേ നടയില്‍ വലിയൊരു കാഞ്ഞിരം. രോഗനാശിനിയായ തീര്‍ത്ഥക്കുളം. അതിനടിയില്‍ മൂന്ന് മണിക്കിണറുകളുള്ളതായി ഐതിഹ്യം. എല്ലാറ്റിനും സാക്ഷിയായി ചരിത്രമെല്ലാം പകര്‍ത്തിവെച്ച പോലെ ആകാശ മേഘങ്ങള്‍. നോക്കി നില്‍ക്കേ പല പല രൂപങ്ങളിലേക്ക് ചലച്ചിത്രമായി വളരുന്നവ.

തെളിഞ്ഞത് വടക്കന്‍ കേരളത്തിന്റെപ്രാദേശിക വൈദ്യ ചരിത്രം. പക്ഷേ എപ്പൊഴോ തിരിച്ചറിഞ്ഞു, അത് നാടിന്റെ തന്നെ ചരിത്രമായിരുന്നുവെന്ന്. വായനയിലനുഭവിച്ച സ്ഥലകാലങ്ങളിലേക്കായി ഭാവനയുടെ മേഘസഞ്ചാരം. ആയിരത്തി എണ്ണൂറോളം വര്‍ഷം പഴക്കമുള്ള വടക്കേ മലബാര്‍. നൂറ്റിമുപ്പതു വര്‍ഷം മുമ്പത്തെ ഒരു മലയാള പുസ്തകം.. വേജ്ജരായ ചരിതം.

കഥ പറയാന്‍ തെരെഞ്ഞെടുത്തത് അക്കാലത്തെ ഭാഷാശൈലി. ചരിതമെഴുതുന്നത് 'ഞാനാ' വരുത്, നൂറ്റിമുപ്പതു വര്‍ഷം മുമ്പുണ്ടായിരുന്ന ഒരാള്‍തന്നെയാവണം. അയാളിലേക്കായി പിന്നെ എല്ലാ നോട്ടവും. അതിതീവ്രമായ ത്വക് രോഗങ്ങളെപ്പോലും ചികിത്സിച്ച് മാറ്റിയിരുന്ന പ്രശസ്തനായൊരു വൈദ്യര്. കൂട്ടത്തില്‍ സാഹിത്യരചനയിലും തല്പരന്‍. പെരിഞ്ചെല്ലൂരില്‍ നിന്ന് നാടുവിട്ട് തലശ്ശേരിയില്‍ പോത്തേരി കുഞ്ഞമ്പു വക്കീലിന്റയും പിന്നീട് മദിരാശിയില്‍ ഇയോതി താസിന്റെ കൂടെയും കഴിഞ്ഞ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവ്. മലയാളത്തിന്റെ നോവല്‍ ചരിത്രത്തില്‍ സരസ്വതീ വിജയത്തോടൊപ്പം ചേര്‍ത്തുവെയ്ക്കേണ്ടതായിരുന്നെങ്കിലും നിരോധിക്കപ്പെട്ട നോവലെഴുതിയ ആള്‍. ചരിത്രത്തിലെ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് ഒടുവില്‍ നിഷ്‌ക്കരുണം കൊല്ലപ്പെട്ട ഒരാള്‍... ചേന്നനാര്‍ എന്ന ചേന്നനാര്‍ കേളന്‍ വൈദ്യര്‍.

'ഉയിരറിവി'ന്റെ അവസാന മിനുക്കുപണികളിലെപ്പൊഴോ ചരിത്രത്തിന്റെ വഴിത്താരയില്‍ നിന്നാണ് ആ ദംശമേറ്റത്. പടര്‍ന്നു കയറിയ അസ്വസ്ഥതകള്‍ക്കൊടുവില്‍ കുറേ ചരിത്ര പുസ്തകങ്ങള്‍ക്കിടയിലേക്ക്. ഒന്നിലെ സൂചനകളില്‍ നിന്ന് അടുത്തതിലേക്കും അതില്‍ നിന്ന് തൊട്ടടുത്തതിലേക്കുമെന്നിങ്ങനെ മാറി മാറിയുള്ള അലച്ചില്‍. കണ്ടതും കേട്ടതും പഴമയുടെ മണിച്ചിത്ര വാതിലുകള്‍ക്കുള്ളില്‍ കുടിയിരുത്തിയ വൈവിദ്ധ്യമാര്‍ന്ന പുരാവൃത്തങ്ങള്‍, ഗോത്ര സ്മൃതികള്‍, ചരിത്ര വസ്തുതകള്‍, കഥകള്‍, പാട്ടുകള്‍. പഠിച്ചു വെച്ച പാഠങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവയല്ലല്ലോ എന്ന് അങ്കലാപ്പ്.

പറിച്ചു നടപ്പെടേണ്ട മണ്ണും പരിസരവും പരിചയപ്പെടാന്‍ ഓരോ കാലത്തെയും വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങളിലൂടെ പിന്നെയും യാത്ര. ചേന്നനാര്‍ എന്ന നോവലിസ്റ്റിലേക്ക് രൂപാന്തരം നേടും വരെ. സംഘകാലത്തിന്റെ ആരവാരങ്ങളുയര്‍ന്നു. ആള്‍കൂട്ടങ്ങളില്‍പ്പോലും ഞാനൊറ്റയായി. ചേന്നനാര് ഉണര്‍ന്നു. തിണകളും തിണയാളരും വന്‍മരങ്ങളും കാട്ടാറുകളും നിറഞ്ഞു വന്നു.

കാലത്തിന്റെ കടലിലാണ്ടുപോയ ഒരു വന്‍കര ഉയര്‍ന്നു വരുംപോലെ ഒരു നാടിന്റെ ആദി ചരിത്രം... വാക്കുകളുടെ മഹാസമുദ്രത്തില്‍ അക്ഷരമാലകളുടെ വേലിയേറ്റം. മരുന്നറിവുകളും കൊണ്ട് കേരളത്തിലെത്തിയ ശ്രമണരില്‍ നിന്നു തുടങ്ങി. വേജ്ജരായരും ചന്തന്‍വേശരും ഏഴിമലനന്നനും കളങ്കായ്ക്കണ്ണി നാര്‍മുടിച്ചേരലും വന്നു, കുറവരും മറവരും പരതവരും വേളാളരും വന്നു, കുമട്ടൂര്‍ കണ്ണനാരും കീരത്തനാരും വന്നു. പാഴിയും പൂഴിയും നിറഞ്ഞു.

ആദ്യമാദ്യം അക്ഷരങ്ങളും വാക്കുകളും മടിച്ചു നില്പായിരുന്നു. പുതിയ കാലത്തേക്ക് കടന്നു വരാനൊരു സങ്കോചം പോലെ. മെല്ലെ മെല്ലെ ഓരോന്നും കഥയുടെ പ്രവാഹത്തിലേക്ക് ഇഴുകിയൊഴുകി. ഓരോ അധ്യായവും പൂര്‍ത്തിയാകുമ്പോള്‍ പറയാന്‍ ബാക്കിയായവ അണിയലവും ചായില്യവുമണിഞ്ഞെന്നതു പോലെ കാത്തിരുന്നു. അരിയെറിഞ്ഞ് എഴുന്നള്ളിക്കുന്നതും കാത്ത്.

പക്ഷേ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ ഭാഷാശൈലിയിലെ പഴമയും വഴക്കങ്ങളും പുതിയ വായനക്ക് ചേരുന്നതാണോ എന്ന് സംശയം. ആദ്യം പരിശോധിച്ചവരും അങ്ങനെയൊരു പ്രശ്‌നം എടുത്തു പറഞ്ഞു. പിന്നെയും പൊളിച്ചും മാറി മാറി വായിച്ചും കുറച്ചു നാള്‍ അടച്ചു വെച്ച് പുതിയതു പോലെയെടുത്ത് വായിച്ചും...

ആനയും അമ്പാരിയുമായി മുന്നില്‍ നടന്ന ചരിത്ര പാഠങ്ങളില്‍ ഒരു വേളഅന്തിച്ചു നിന്നും പിന്നെ അതില്‍ നിന്നകന്ന് പഴമയുടെ ഊടുവഴികളിലൂടെയും മലയാള ഭാഷയുടെ അക്കാലത്തെ രചനാശൈലികളിലൂടെയുംഒക്കെ ഇറങ്ങി നടന്ന് ഹൃദയത്തിലനുഭവിച്ച അതിരുകളില്ലാത്ത കാഴ്ചയുടെ വിസ്മയലോകങ്ങള്‍...

മനസ്സിനെ വിളിച്ചിറക്കി ചരിത്രത്തിന്റെ കാണാത്തുരുത്തുകളിലേക്കും ശീലത്തനിമകളുടെ വാമൊഴിയറിവുകളിലേക്കുമൊക്കെ കൈപിടിച്ചു കൊണ്ടുപോയ സംഘകാല കൃതികള്‍, കേരളോത്പത്തി ഗ്രന്ഥങ്ങള്‍, കേരള ചരിത്രത്തെയും ജാതി വ്യവസ്ഥകളെയും അധികരിച്ചുള്ള പുസ്തകങ്ങള്‍, ശ്രീബുദ്ധന്റെ ജീവിതത്തെയും ദര്‍ശനത്തെയും വിശദീകരിച്ച പുസ്തകങ്ങള്‍, ആദ്യ കാല മലയാള നോവലുകള്‍, വിദഗ്ധരും സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണങ്ങള്‍... യാത്രകള്‍...

books
പുസ്തകം വാങ്ങാം

ചരിത്ര വസ്തുതകളില്‍ പലതിനും വിദഗ്ധരുടെ ഗവേഷണങ്ങളോടാണ് കടപ്പാട്. പക്ഷി ഉപേക്ഷിച്ചു പോയ ഒരു തൂവലിനെ ഉപാദാനമാക്കി പക്ഷിയുടെ ജീവചരിത്രമെഴുതും പോലെ.

പരിമിതികള്‍ മറികടക്കാന്‍ വ്യത്യസ്ത ചരിത്രവഴികളിലൂടെ പല തരത്തില്‍ സഞ്ചരിക്കേണ്ടി വന്നു. വഴികാട്ടിയായി മുന്നില്‍ നടന്നത് പവിത്രന്‍ മാഷ്.ശിലാലിഖിതങ്ങള്‍ക്കും ചരിത്രരേഖകള്‍ക്കും പുറനാനൂറിനും അകനാനൂറിനുമെല്ലാം നന്ദി. ആദ്യ വായനക്കാരി മുതല്‍ തിരുത്തുകള്‍ നിര്‍ദ്ദേശിച്ച് തന്ന എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു.

Content Highlights: Vejjaraya charitham Novel by Dr PM Madhu Mathrubhumi Books