ഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ അറുപത്തി രണ്ടാം ചരമദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കൊച്ചുമകന്‍ കെ. നാരായണന്‍ കുട്ടി.

ള്ളത്തോളിന്റെ ആണ്‍മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു എന്റെ അച്ഛന്‍ ബാലചന്ദ്രന്‍. എനിക്ക് നാരായണന്‍ കുട്ടി എന്നാണ് പേരിട്ടത്. ഞങ്ങള്‍ മുത്തശ്ശന്‍ എന്നു വിളിച്ചിരുന്ന മഹാകവിയുടെ പേര് എനിക്കിരിക്കട്ടെ എന്ന് നിരീച്ചിരുന്നോ എന്നറിയില്ല. മഹാകവി തന്നെയാണ് ആ പേര് നിര്‍ദേശിച്ചത്.അദ്ദേഹത്തിന്റെ മഹത്വമൊക്കെ മനസ്സിലാവുന്നതിനുമുമ്പേ അദ്ദേഹം ഞങ്ങളെ വിട്ടുപോയി. എനിക്ക് ഏതാണ്ട് പതിനൊന്നു വയസ്സുള്ളപ്പോളായിരുന്നു അദ്ദേഹത്തിന്റെ മരണം.

Vallatholപേരക്കുട്ടികളെ വളരെയധികം ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. കുട്ടികളെ ആരും ശിക്ഷിക്കരുത്, അവരോട് ദേഷ്യപ്പെടരുത്. മഹാവികൃതികളായിരുന്നു ഞങ്ങളൊക്കെ. കുറേ പേരക്കുട്ടികളുണ്ടല്ലോ, എല്ലാവരും കൂടി ഒത്തുകൂടിയാല്‍ ബഹളമായിരിക്കും. അപ്പോള്‍ ആരെങ്കിലും ഞങ്ങളോട് ദേഷ്യപ്പെട്ടാല്‍ മുത്തശ്ശന്‍ അസ്വസ്ഥനാവുമായിരുന്നു. ദേഷ്യപ്പെടുന്നതെന്തിനാ എന്നു ചോദിക്കും. 'പരസ്പരം കുട്ടികള്‍ കാടുകാട്ടിയാല്‍ ഒരമ്മയിത്രയ്ക്കരിശപ്പെടാവതോ' എന്നെഴുതിയ കവിയല്ലേ. ഒരു കവി എന്ന നിലയില്‍ മുത്തശ്ശനെ വിലയിരുത്താനുള്ള പ്രായമൊന്നും ആയിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ കുറേ കവിതകള്‍ കാണാപ്പാഠമായിരുന്നു.  

മുത്തശ്ശന്‍ മരിക്കുന്നതിന് പത്തുദിവസം മുമ്പാണ് എറണാകുളത്തെ പുല്ലേപ്പടിയിലുള്ള വീട്ടിലേക്ക് കൊണ്ടുവരുന്നത്‌.  ഞാന്‍ അച്ഛനോടൊപ്പം മുത്തശ്ശനെ കാണാന്‍ പോയി. പാലക്കാട് അമ്മയുടെ വീട്ടില്‍ നിന്നായിരുന്നു ഞാന്‍ പഠിക്കാന്‍ പോയിരുന്നത്. എന്നെ കണ്ടയുടെനെ മുത്തശ്ശന്‍ എടുക്കാനാണ് ശ്രമിച്ചത്. അച്ഛന്‍ എന്നോട് ദേഷ്യപ്പെട്ടു. അസുഖമായിരിക്കുമ്പോള്‍ മുത്തശ്ശന്റെ മേത്ത് കയറുന്നോഎന്നു ശകാരിച്ചു. അന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഡോക്ടര്‍മാരെ അയച്ചിട്ടുണ്ട് കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കുമായിട്ട്. ഡോക്ടര്‍മാരുടെ പരിശോധന കഴിഞ്ഞ് അവര്‍ അച്ഛനോട് സംസാരിക്കുമ്പോള്‍ ഞാനും അവരുടെ ഇടയിലേക്ക് നുഴഞ്ഞുകയറി.

k narayanan kutty
കെ. നാരായണന്‍ കുട്ടി

ഡോക്ടര്‍മാരിലൊരാള്‍ മുത്തശ്ശനോട് ചോദിച്ചു മരിക്കാന്‍ ഭയമുണ്ടോ എന്ന്. മുത്തശ്ശന് കേള്‍വിയില്ലായിരുന്നതുകൊണ്ട് അടുത്തുനില്‍ക്കുന്ന ആള്‍ എഴുതിക്കൊടുക്കലാണ് പതിവ്. കയ്യിലെഴുതും മുത്തശ്ശന്‍ വായിക്കും. കേള്‍വിപ്രശ്നം ഉള്ളതുകൊണ്ടായിരിക്കണം മുത്തശ്ശന്‍ ലിപ് റീഡിങ് പഠിച്ചിരുന്നു. ഡോക്ടറുടെ ആ ചോദ്യം എഴുതിക്കൊടുക്കേണ്ടി വന്നില്ല, മുത്തശ്ശന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: മരിക്കാനൊന്നും ഭയമില്ല, പക്ഷേ അവിടെ കഥകളിയുണ്ടോ? കഥകളിയോടുള്ള അടങ്ങാത്ത ആവേശം ആര്‍ക്കും ആ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു. മുത്തശ്ശന്റെ ഓര്‍മ ഇന്നു ഞങ്ങളുടെ ഉള്ളിലുണ്ട്. വള്ളത്തോള്‍ കുടുംബം മഹാകവിയുടെ ഓര്‍മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.

Content Highlights: Vallathol memories by grandson K Narayanan Kutty