കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടില്‍ ദേശീയപാതയോരത്തെ രാമനാട്ടുകരയിലാണ് വേദി. ഹരിദാസ് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്ക് ഷോപ്പില്‍ പുതുതായി തുടങ്ങിയ സര്‍വീസ് സ്റ്റേഷന്‍ ഉദ്ഘാടനമാണ് രംഗം. സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താനും സാഗരഗര്‍ജനമെന്ന് അദ്ദേഹം വിശേഷിപ്പിച്ച സുകുമാര്‍ അഴീക്കോടും എത്തിയിട്ടുണ്ട്. 

സ്ഥാപന ഉടമ അയ്യപ്പനെ ബഷീര്‍ വിളിക്കുന്നത് ശ്രീമാന്‍ അയ്യപ്പനെന്നാണ്. സ്വീകരണവും സ്വാഗതവുമെല്ലാം കഴിഞ്ഞപ്പോള്‍ അഴീക്കോട് വിളക്ക് തെളിയിച്ചു. അയ്യപ്പന്‍ ചൂണ്ടിക്കാട്ടിയ സ്വിച്ചില്‍ ബഷീര്‍ വിരലമര്‍ത്തി. കൂടി നിന്നവര്‍ക്കൊപ്പം ബഷീറും അന്തം വിട്ടു. കൂറ്റനൊരു കാര്‍ ഹ്രൈഡോളിക് പിസ്റ്റണില്‍ ഉയര്‍ന്നു പൊങ്ങുന്നു. ഇതൊരു മഹാദ്ഭുതമാണെന്ന് പ്രസംഗത്തില്‍ ബഷീര്‍ ആവര്‍ത്തിച്ചു.

രാമനാട്ടുകര അങ്ങാടിയില്‍ യൂണിവേഴ്സിറ്റി റോഡിലുണ്ടായിരുന്ന സര്‍വീസ് സ്റ്റേഷന്‍ കെട്ടിടം അടുത്ത കാലത്താണ് പൊളിച്ചു പണിതത്. കാലിക്കറ്റ് സര്‍വകലാശാലാ മലയാളപഠനവകുപ്പ് മേധാവിയായിരുന്ന അഴീക്കോടിന് സ്റ്റാന്‍ഡേര്‍ഡ് കമ്പനിയുടെ ' ഗസല്‍ ' മോഡല്‍ കാറുണ്ടായിരുന്നു. കാറുകള്‍ അപൂര്‍വമായിരുന്ന കാലത്ത് കാമ്പസിലെ എല്ലാവര്‍ക്കും പരിചിതമായിരുന്ന ഈ കാറും അറ്റകുറ്റപ്പണി നടത്തിയിരുന്നത് അയ്യപ്പന്റെ ഹരിദാസ് എന്‍ജിനീയറിങ് വര്‍ക്ക് ഷോപ്പിലാണ്. രാമനാട്ടുകരയിലെ മഹാരാജ കോംപ്ലക്സില്‍ പഴയ കാല കഥകളോര്‍ത്ത് അയ്യപ്പന്‍ ഇപ്പോഴുമുണ്ട്.

Content Highlights: Vaikom Muhammad Basheer memory of car service station owner