വിടപറഞ്ഞ ആത്മമിത്രത്തെയും വരിഷ്ഠകവിയെയും ഓര്‍ക്കുകയാണ് മറ്റൊരു കവി. കവിയെയും കവിതയെയും ഓര്‍ക്കുമ്പോള്‍ ഒരു കാലവും ഓര്‍ക്കപ്പെടുന്നു. ആ കാലത്തെ വലിയ പ്രതിഭകളും ഓര്‍ക്കപ്പെടുന്നു. കവി വിടപറയുമ്പോള്‍ ആ കാലത്തെക്കുറിച്ചുള്ള ഓര്‍മകളും അസ്തമിക്കുന്നു. കവിതമാത്രം എന്നും പ്രകാശിക്കുന്നു...

ഹാകവി അക്കിത്തം 1981-ല്‍ മാതൃഭൂമി ഓണപ്പതിപ്പില്‍ ഒരു കവിതയെഴുതി. തനിക്കുവേണ്ടിമാത്രം എന്ന് മഹാകവി പിന്നീട് വിശേഷിപ്പിച്ച ആ കവിതയുടെ പേര് 'അഭിഷേകമന്ത്രം'. അതിലെ ഒരു ശ്ലോകം അവസാനിക്കുന്നത് ഇങ്ങനെയാണ്:

'കേരളത്തിന്‍-
മണ്ണില്‍ജ്ജീവിച്ചരുളുമിവനാ-
ണെന്റെ കാലത്തിളങ്കോ'

''എന്റെ കാലത്ത് കേരളമണ്ണില്‍ ജീവിച്ചരുളുന്ന ഇളങ്കോവടികളാണ് ഇവന്‍''-കേരളത്തില്‍ ജീവിച്ചിരിക്കുന്ന നവകാലത്തിന്റെ ഇളങ്കോവടികളാണ് ഇവന്‍ -ആ ഇവനാണ് എസ്. രമേശന്‍ നായര്‍. 'ഈ വാക്കുകളിലൂടെയെല്ലാം ഞാന്‍ ആരാധിച്ചിട്ടുള്ളത് രമേശന്‍ നായരെന്ന കവിയിലുള്ള അവതാരപൗരുഷത്തെയാണ്' എന്ന് മഹാകവി മുപ്പതിലേറെ വര്‍ഷങ്ങള്‍ക്കുശേഷം പറഞ്ഞിട്ടുണ്ട്.

സത്യവാക്കായ മഹാകവി ഒരു യുവകവിയായ രമേശന്‍ നായരെ 'ഇളങ്കോവടികള്‍' എന്ന് കണ്ടതെന്തേ എന്നു ഞാന്‍ ചിന്തിച്ചു. വാത്സല്യക്കൂടുതലോ പക്ഷപാതമോ അല്ല, നിശ്ചയം. ഏതോ സൂക്ഷ്മാനുഭവം അതിനുചോദകമായുണ്ട്. പതിനാറുവര്‍ഷംമുമ്പ് ഞാനെഴുതിയ 'തൃക്കണാമതിലകത്തിന്റെ മൊഴികള്‍' എന്ന ലേഖനം ഓര്‍മയായി മുന്നില്‍ നിവര്‍ന്നു. കേരളമണ്ണിലെ തൃക്കണാമതിലകത്തിരുന്നുകൊണ്ട്, പുഴയതിരുകളും മലയതിരുകളുമില്ലാതെ മലയാളത്തമിഴ്, പാണ്ടിത്തമിഴ് (മധുരൈത്തമിഴ്) പുകാര്‍ത്തമിഴ് (ചോളത്തമിഴ്) എന്ന മൂന്നു നാട്ടുെമാഴികളെയും ഒന്നായിക്കണ്ട് 'ചിലപ്പതികാരകാവ്യ'മെഴുതിയ കേരളപുത്രനാണ് ഇളങ്കോവടികള്‍. ആ പൂര്‍വപുരുഷനെ നമുക്കിന്ന് വേണ്ടാതായി. പുകാര്‍, മധുര, വഞ്ചി എന്ന മൂന്നുനാടുകളെയും അവയിലെ ജനതയെയും സംസ്‌കാരത്തെയും ഒന്നായിക്കണ്ട പെരിയ മനസ്സാണ് ഇളങ്കോവടികളുടേത്. തനികേരളീയ കവി. അദ്ദേഹത്തെ നാം തമിഴിനുകൊടുത്തു.

എന്താണ് ആ പഴയ കവിക്ക് രമേശന്‍ നായരുമായുള്ള ബന്ധം. പില്‍ക്കാലത്ത് മൊഴിയതിരിട്ട് കൂറുവെച്ചപ്പോള്‍, പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായ പദ്മനാഭപുരമുള്‍പ്പെടുന്ന പ്രദേശം കന്യാകുമാരി ജില്ലയായി. അത് മദ്രാസ് സംസ്ഥാനമായി; ഇന്നത്തെ തമിഴ്നാട്. ആ നാട്ടുകാര്‍ കേരളീയര്‍ക്ക് അന്യനാട്ടുകാരായി. ആ പദ്മനാഭപുരത്തെ കുമാരപുരത്താണ് എസ്. രമേശന്‍ നായര്‍ പിറന്നുവളര്‍ന്നത്. തമിഴും മലയാളവും സംസ്‌കൃതവും ഒരുപോലെ പാലൂട്ടിയ രമേശന്‍ നായരില്‍ എങ്ങനെയോ ഇളങ്കോവടികളുടെ ഒരു പ്രസാദപ്രകാശം മഹാകവി അക്കിത്തം കണ്ടെത്തി.

അതിനൊത്തതായിരുന്നു രമേശന്‍നായരുടെ കര്‍മകാണ്ഡങ്ങളെല്ലാം. തമിഴും മലയാളവുമൊത്തുചേര്‍ന്ന കാവേരിയോ താമ്രപര്‍ണിയോ ആയി രമേശന്‍നായര്‍ സ്വയമൊഴുകി. യൗവനാരംഭത്തില്‍, അക്ഷരപോഷണംതേടി ചെന്നൈ നഗരത്തിലെത്തി (അന്നത്തെ മദിരാശി പട്ടണം). അവിടെ മലയാളത്തിന്റെ മറ്റൊരു സഹ്യപര്‍വതമുണ്ടായിരുന്നു-ഡോ. എസ്.കെ. നായര്‍. അദ്ദേഹത്തിന്റെ വാത്സല്യം രമേശന്‍നായര്‍ക്ക് അന്നംതന്നെയായി. രമേശനിലെ ഏതോ അഗ്‌നികളെ ദര്‍ശിച്ചറിയുകയാലാവാം, എസ്.കെ. നായര്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച് മലയാളം എം.എ. പഠിക്കാന്‍ മലയാളനാട്ടിലേക്കുതന്നെ തിരിച്ചയച്ചു. അങ്ങനെയാണ് രമേശന്‍ നായര്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എം.എ. വിദ്യാര്‍ഥിയായി ചേരുന്നത്. ഇത് രമേശന്‍ നായര്‍തന്നെ പിന്നീട് എന്നോട് പറഞ്ഞിട്ടുള്ളതാണ്.

തമിഴ്-മലയാള ദേശങ്ങളെ ഒന്നായിക്കാണാന്‍ രമേശന്‍ നായര്‍ക്കുണ്ടായ പശ്ചാത്തലത്തിലൊരു ഭാഗമാണിത്. ചിലപ്പതികാരവും തിരുക്കുറലും ഭാരതീയാര്‍ കൃതികളും മലയാളകവിതയുടെ മനസ്സൊഴുക്കിലേക്കുകൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ രമേശന്‍ നായരില്‍ ഇളങ്കോവടിപ്രഭാവം പ്രസരിച്ചിരിക്കണം. അത് അക്കിത്തത്തിന്റെ അകക്കണ്ണുകളില്‍ തെളിഞ്ഞിരിക്കണം (രമേശന്‍നായര്‍ക്കുമുമ്പും തിരുക്കുറല്‍ തുടങ്ങിയ കൃതികളെ മലയാളത്തിലേക്കുകൊണ്ടുവന്ന പ്രതിഭാവന്മാരെയും സ്മരിക്കുന്നു). ഇളങ്കോവടികളിലുള്ള ഏക സംസ്‌കാരബോധം രമേശന്‍ നായരുടെയും അടിത്തറയാണ്. ബഹുഭാഷാപരിചയം ബഹുസംസ്‌കാരബന്ധവുമാണ്. എല്ലാ ജനതയുടെയും സംസ്‌കാരത്തെ സ്‌നേഹപൂര്‍വം ഹൃദയത്തിലേറ്റിയ ഇളങ്കോവടികളുടെ ദര്‍ശനത്തിന്റെ അലകള്‍ രമേശന്‍ നായരിലുമുണ്ട്.

1972-ല്‍ എം.എ. പാസാകുന്നു. ഞാനും അതേവര്‍ഷംതന്നെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് എം.എ. കഴിഞ്ഞിരുന്നു. അതിനുശേഷമാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നതും പരിചയിക്കുന്നതും. എന്‍.വി. കൃഷ്ണവാരിയര്‍ ഡയറക്ടറായിരിക്കെ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താത്കാലിക ഉദ്യോഗസ്ഥരായി ചേരുമ്പോള്‍, രണ്ടുപ്രാവശ്യമായി വന്നുചേര്‍ന്ന പത്തുപേര്‍ ഈ താത്കാലികശാഖ കോട്ടയത്തേക്കു മാറ്റപ്പെട്ടപ്പോള്‍ അവിടേക്കുപോയി. കോടിമതയില്‍ ഒരു ഓഫീസ്. അക്കാലത്താണ് രമേശനിലെ കവിയുടെ ഊര്‍ജവും ഭാഷാസിദ്ധിയും കൂടുതലറിയുന്നത്. മലയാളത്തിലെ എല്ലാ അക്ഷരവും അക്ഷരച്ചേരുവയും പദപ്പൊരുളും നന്നായറിയുന്ന കവികളിലൊരാള്‍ എന്ന് അന്നേ മനസ്സില്‍ കുറിച്ചു.

ഉദാരസൗഹൃദത്തിന്റെ നാളുകളായിരുന്നു അവ. ഉത്പതിഷ്ണുത്വമുള്ള നല്ലവരായ സഹപ്രവര്‍ത്തകര്‍. രമേശന്‍ 'പാമ്പാട്ടി' തുടങ്ങിയ ആദ്യകാല കവിതകള്‍ എന്നെ ചൊല്ലിക്കേള്‍പ്പിക്കും. താണുപോയവരിലേക്ക് ഒഴുകിയെത്തുന്ന സ്‌നേഹപാനീയമായിട്ടാവാം കവിത ആദ്യം ഉറവെടുക്കുക. സുഭദ്രമായ രചനകളാണ് അന്നും രമേശന്റേത്. ചില വരികള്‍ ചൊല്ലിയിട്ട് ഒരു ചോദ്യം: ''മധുവേ, അസ്സലായിരിക്കുന്നില്ലേ? ഇതുപോലെ വേറൊരാള്‍ എഴുതുമോ!'' അത്തരം ചോദ്യങ്ങളില്‍ ആത്മപ്രശംസയോ അന്യനിന്ദയോ അന്യാവജ്ഞയോ അല്ല ഞാന്‍ കേട്ടത്; ആത്മവിശ്വാസത്തിന്റെ നിഭൃതധ്വനിയാണ്. ദൃഢതയുള്ള ആത്മബോധമാണ്. അതാണല്ലോ കവിയുടെ ബലം.

പരപുച്ഛം തീണ്ടാത്ത സാഹിത്യഭാഷണങ്ങളില്‍നിന്ന് ചിലത് ഞാന്‍ ഗ്രഹിച്ചു. തികവുള്ളവന്‍ അന്യനെ പുച്ഛിക്കുകയും ചെറുതാക്കാന്‍ ശ്രമിക്കുകയുമില്ല. പൊക്കം പോരെന്നു തോന്നുന്നവന്‍ സ്വയം പൊക്കംകൂട്ടാന്‍ പരിശ്രമിക്കാതെ, പൊക്കമുള്ളവനെ പരിഹസിച്ചു പുലമ്പികൊണ്ടിരിക്കും. രമേശന്‍ സ്വന്തം അക്ഷരബോധത്തെക്കുറിച്ച് ഉറപ്പുള്ളവനായിരുന്നു. 'പൂര്‍ണതാ ഗൗരവായ'

ആ സമയത്ത് വൈക്കം സാറിന്റെ (വൈക്കം ചന്ദ്രശേഖരന്‍ നായര്‍) മുഖ്യപത്രാധിപത്യത്തിലുള്ള 'ചിത്രകാര്‍ത്തിക' വാരികയില്‍ ഞാന്‍ 'വിശ്വസാഹിത്യത്തില്‍നിന്ന്' എന്ന ഒരു പംക്തി ആഴ്ചതോറും എഴുതിയിരുന്നു. അതിന് കഴിവുണ്ടായിട്ടല്ല; വൈക്കം സാര്‍ എന്നെ എന്നെ അതിലേക്ക് ഉപനയിച്ചതുകൊണ്ട്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ നിയോഗമനുസരിച്ച് ഒളശ്ശയിലെ ഒരു വലിയ വീട്ടില്‍ പോകുമായിരുന്നു. എന്റെ കണ്ണില്‍ വളരെ വലിയ ഒരു വീട്-ഒരു വലിയ മനുഷ്യന്‍ താമസിച്ചിരുന്നതുകൊണ്ട്-നാടകചാര്യനും വാക്പതിയുമായ എന്‍.എന്‍. പിള്ളയുടെ വീട്. അദ്ദേഹത്തില്‍നിന്ന് ചില ലേഖനങ്ങള്‍ വാങ്ങാനാണ് വൈക്കം സാര്‍ എന്നെ നിയോഗിച്ചത്. ചില നിയോഗങ്ങള്‍ അനുഗ്രഹങ്ങളായി മാറുന്നു.

എന്‍.എന്‍. പിള്ള ഒരു വിസ്മയപുരുഷനാകുന്നു. മനസ്സിലും വചസ്സിലും കര്‍മത്തിലും ധീരത- അതായത് സ്ഥിരചിത്തത. പല അനന്യഗുണങ്ങളുടെയും ഒരവതാരം. വത്സലനായ ഒരു കാരണവരുടെ മുന്നിലെന്നപോലെ എത്രയോ ദിവസം ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലിരുന്നിട്ടുണ്ട്. അപ്പോള്‍ തോന്നും 'ശരിയായ ഒരു ഭരതജന്മം തന്നെ, നാട്യശാസ്ത്രത്തില്‍ ജീവിതവും കലയും ശാസ്ത്രങ്ങളും അധ്യാത്മതത്ത്വങ്ങളുമെല്ലാം ലയിച്ചിരിക്കുന്നതുപോലെ എന്‍.എന്‍. പിള്ള എന്ന മനുഷ്യനിലും അവയെല്ലാം ന്യൂനതയേശാതെ വന്നിണങ്ങിയിരുന്നു എന്നു ഞാന്‍ കണ്ടു. ദേശസ്വാതന്ത്ര്യമെന്നപോലെ മനുഷ്യനുവേണ്ടിയുള്ള വചന സ്വാതന്ത്ര്യവും അദ്ദേഹത്തിന്റെ ആദര്‍ശമായിരുന്നു.

അവിടെച്ചെല്ലുന്ന ദിവസങ്ങളിലൊരുനാള്‍ ഞാന്‍ കണ്ടു യുവാക്കളും മധ്യവയസ്‌കരുമുള്‍പ്പെടെ ഒരുപാടുപേര്‍ വന്ന് നിരന്നിരിക്കുന്നു. എന്‍.എന്‍. പിള്ളയുടെ മകന്‍ വിജയരാഘവന്‍ (ഇന്ന് ചലച്ചിത്രരംഗത്തെ മഹാനടന്‍) അവര്‍ക്ക് എന്തോ നിര്‍ദേശങ്ങള്‍ സൗഹാര്‍ദപൂര്‍വം നല്‍കുന്നു. എന്‍.എന്‍. പിള്ളയുടെ സഹോദരി എല്ലാവര്‍ക്കും ചായ കൊടുക്കുന്നു.

ശ്രദ്ധിക്കവേ മനസ്സിലായി, നാടകത്തിലഭിനയിക്കാന്‍ അവസരംതേടി വന്നവരാണ്. കേരളത്തിനകത്തും പുറത്തും ആവേശക്കാറ്റായി പടര്‍ന്നിരുന്ന എന്‍.എന്‍. പിള്ളയുടെ നാടകസംഘത്തില്‍ ഒരഭിനേതാവ് എന്നുപറയുന്നതിന്റെ അഭിമാനത്തിന്റെ തിളക്കം അവരുടെ മുഖങ്ങളില്‍ മുന്‍കൂട്ടി സ്ഥാനംപിടിച്ചിട്ടുണ്ട്.

നാടകാചാര്യന്‍ അഭിമുഖംനടത്തി ഏറ്റവും യോഗ്യരെന്നു കാണുന്നവരെ തിരഞ്ഞെടുക്കും. ഞാന്‍ സകൗതുകം ആ അഭിമുഖപ്രക്രിയ അറിയാന്‍ കാത്തിരുന്നു.

ഒരേയൊരു കാര്യമാണ് അഭിമുഖവേളയില്‍ അഭിനേതാക്കളോട് ആചാര്യന്‍ ആവശ്യപ്പെടുന്നത്:

''എന്തായാലും എന്നോട് ഇതുവേണ്ടായിരുന്നു'' -ഈ സംഭാഷണം ഭിന്നഭിന്നഭാവങ്ങളില്‍ അതിനൊത്ത സ്വരവിശേഷങ്ങളോടെ, കേള്‍ക്കുന്നവര്‍ക്ക് അനുഭവമുണ്ടാക്കുന്ന തരത്തില്‍ പറയുക. ഇത്രേയുള്ളൂ.

ആദ്യമാദ്യം പോയവര്‍ തിരിച്ചിറങ്ങിവന്നു പറയുന്നതുകേട്ട്, പിന്നെയുള്ളവരെല്ലാം ഇരുന്നും നടന്നും മുഖം പലപാടു വക്രിപ്പിച്ചും സ്വരമേറ്റിയും കുറച്ചും പറഞ്ഞുശീലിക്കുകയാണ്.

പെട്ടെന്ന് ഒരദ്ഭുതവും ആരാധനയും എന്നില്‍ തിരയിട്ടു. എന്തൊരു പ്രതിഭയാണീ എന്‍.എന്‍. പിള്ള! ഒരു ചെറിയ സംഭാഷണം ചെറിയ ചെറിയ ഈ വ്യത്യാസങ്ങള്‍കൊണ്ട് എത്രയെത്ര ജീവിതാനുഭവങ്ങളായി മാറുന്നു! എത്രയെത്ര സംഭവങ്ങള്‍, എത്രയെത്ര ഹൃദയഗതങ്ങള്‍, എത്രതരം പ്രതികരണങ്ങള്‍ -ഇവയെല്ലാം അടക്കം ചെയ്ത സ്വരപേടകമാണല്ലോ ഭാഷ. ജീവിതസ്വരങ്ങളും സ്വരനാടകങ്ങളുമെല്ലാം ഭാഷയ്ക്കുള്ളില്‍ക്കണ്ട ആ ജീവിതജ്ഞാനിയെ ഞാന്‍ മനസ്സാ പ്രണമിച്ചു. അദ്ദേഹം എന്റെയും ഗുരുവായി. അദ്ദേഹത്തിന്റെ മുന്നില്‍പ്പോകുന്നതുപോലും ഒരു ഗ്രന്ഥപാരായണം പോലെയായിത്തോന്നി എനിക്ക്.

ഇത് വിവരിച്ചുകേട്ട രമേശന്‍ ഒരുദിവസം പറഞ്ഞു: ''മധുവേ, എന്‍.എന്‍. പിള്ളയുടെ വീട്ടിലേക്ക് ഞാനും വരുന്നു. ജീവിതം ആഴത്തിലറിഞ്ഞവനേ വലിയ നാടകക്കാരനാവൂ.''

ഞങ്ങളൊരുമിച്ച് ഒളശ്ശയിലേക്കുപോയി. രമേശന്‍ താനെഴുതിയ ലഘുനാടകങ്ങളുടെ കൈയെഴുത്തുപുസ്തകവും കരുതിയിട്ടുണ്ടായിരുന്നു. 'ആള്‍രൂപം' എന്ന് ശീര്‍ഷകം. ആ പുസ്തകത്തിനൊരവതാരിക എന്‍.എന്‍. പിള്ളയില്‍നിന്ന് എഴുതിക്കിട്ടണമെന്നൊരാഗ്രഹം രമേശനുണ്ടായിരുന്നു. എന്‍.എന്‍. പിള്ളയുടെ സഹജാതസ്‌നേഹം അതിന് സമ്മതം മൂളി. അദ്ദേഹത്തിന്റെ സാരവത്തായ അവതാരികയോടൊയാണ് ആ ലഘുനാടകസമാഹാരം കുറേക്കാലത്തനിപ്പുറം പുറത്തിറങ്ങിയത്. അതിലെ 'രാജാവിന്റെ അമ്മ' എന്ന നാടകത്തിന്റെ പ്രമേയവും കല്പനയും രമേശന്റെ സിദ്ധികളിലേക്കും ദര്‍ശനത്തിലേക്കുമുള്ള ഒരു കുഞ്ഞുവാതിലാണ്.

വലുപ്പച്ചെറുപ്പമൊട്ടുമില്ലാതെ ഏവരെയും സമന്മാരായിക്കാണുന്ന, എന്നാല്‍, അനഭിഗമ്യനെന്നു തോന്നാവുന്ന കര്‍ക്കശമായ മധുരമാണ് എന്‍.എന്‍. പിള്ള എന്ന് ഞങ്ങളിരുവര്‍ക്കും തോന്നി. അദ്ദേഹത്തിന്റെ ധ്വനിമയമായ നാടകങ്ങള്‍, കര്‍ട്ടന്‍, നാടകദര്‍പ്പണം, ആര്‍ജവമുള്ള ആത്മകഥ- ഈ കൃതികളെല്ലാം കാട്ടിത്തരുന്നതിനെക്കാള്‍ ഗഹനതയും വിശാലതയുമുള്ള ഒരാകാശം- അതാണല്ലോ സാക്ഷാല്‍ എന്‍.എന്‍. പിള്ള.

പതിനൊന്നുമാസത്തെ താത്കാലികലാവണം അവസാനിച്ചപ്പോള്‍ ഞങ്ങളുദ്യോഗസ്ഥര്‍ തൊഴില്‍രഹിതരായി കോട്ടയത്തുനിന്നു മടങ്ങി. ഞാന്‍ പഠിപ്പിക്കാനിടംതേടി പാരലല്‍ കോളേജുകളില്‍ കറങ്ങി. അപ്പോഴാണ് രമേശനെ ആകാശവാണി അനുഗ്രഹിക്കുന്നത്. തൃശ്ശൂര്‍ നിലയത്തില്‍ ഉദ്യോഗസ്ഥനായി നിയമിതനായപ്പോള്‍ അദ്ദേഹത്തിന് തെല്ലുവിഷമമുണ്ടായിരുന്നു, തിരുവനന്തപുരത്തല്ലാത്തതില്‍. എന്നാല്‍, തൃശ്ശൂര്‍ രമേശന്റെ രണ്ടാം ഗുരുകുലം കൂടിയായിത്തീര്‍ന്നല്ലോ. മഹാകവി അക്കിത്തത്തിന്റെ ചിത്തശുദ്ധിയുടെ സ്പര്‍ശമേറ്റ് രമേശന്റെ അക്ഷരഹവിസ്സിന് സ്ഫുടസംസ്‌കാരംതന്നെയുണ്ടായി എന്നുകരുതണം. തുടര്‍ന്ന് ആ ഹവിര്‍ഗന്ധമാണ് മലയാള വിണ്ണില്‍പ്പടര്‍ന്നത്.

'അമാവാസി നാളില്‍ ഞാനൊരു പൂര്‍ണചന്ദ്രനെക്കണ്ടു...' 'കലിയുഗതമസ്സാറ്റും സൂര്യമൂര്‍ത്തീ, നിശാകളഭത്തിലെഴുന്നള്ളും ചക്രവര്‍ത്തീ' 'അറുനാഴിയെള്ളെണ്ണയാടട്ടെയോ മറുജന്മപ്പൊടി മെയ്യിലണിയട്ടെയോ...' തുടങ്ങിയ ഗാനപാദങ്ങള്‍, പിന്നീട് ആദ്യമായി കേള്‍ക്കുമ്പോള്‍ത്തന്നെ അവയിലെ രമേശമുദ്ര എനിക്ക് മനസ്സിലായിരുന്നു. നല്ല കവിതയില്‍ കവിയുടെ ഡി.എന്‍.എ. ഉണ്ടാവും. മഹാകവിസന്നിധി അങ്ങനെയൊരു സ്വയംവികാസത്തിന് രമേശനെ തുണച്ചു. വേദാന്തഹിമാലയത്തെ ഉരുക്കി മഞ്ഞുകണങ്ങളാക്കി എല്ലാ മനുഷ്യര്‍ക്കും ആചമനീയമാക്കി സ്വയമലിഞ്ഞുചെന്ന സര്‍വഭൂതഹൃദയത്വമുള്ള വിനീതകവിയായ അക്കിത്തമെന്ന സഹസ്രാംശുവാണല്ലോ രമേശന്‍ നായരിലെ ഇളങ്കോവടികളെ കണ്ടത്. ഏതേതുവഴികളില്‍ പദമൂന്നി നടന്നെങ്കിലും രമേശന് കവിതകളുടെ ആധാരവും ലക്ഷ്യവും മനുഷ്യത്വമാണ്, സമദര്‍ശനമാണ്. ശ്രീനാരായണഗുരുദേവനെക്കുറിച്ചെഴുതിയ 'ഗുരുപൗര്‍ണമി' എന്ന ഉദാത്തകാവ്യം. ഈ കവിയുടെ കവിത്വവും ദര്‍ശനവുമെന്തെന്ന് പറഞ്ഞുതരുന്നു. ഋഷിയായ ശ്രീനാരായണനെ ആത്മാവില്‍ വഹിച്ച ഋഷിപരമ്പരക്കാരന്‍തന്നെയല്ലേ ഈ കവിയും. 'ഗുരുപൗര്‍ണമി' പോലൊരു പുസ്തകം വിദ്യാലയങ്ങളില്‍, പുതുതലമുറയെ, മാര്‍ക്കുകള്‍ക്കപ്പുറം ദിനചര്യയായി പഠിപ്പിച്ചാലേ വിദ്യാഭ്യാസംകൊണ്ടുള്ള ശരിയായ ഫലം കിട്ടൂ.

'ഒരേ ഭൂമിയൊരേ ജന്മം
ഒരേ മര്‍ത്ത്യനൊരേ ഗുണം
ഒരേ ജാതിയൊരേ ദൈവം
ഒരുമിക്കുവിനേവരും-

ഇങ്ങനെ ഗുരുസന്ദേശത്തെ സംഗ്രഹിച്ച് പ്രോജ്ജ്വലിപ്പിച്ച രചനയെ അടുത്ത തലമുറ ഔഷധമായി സേവിക്കേണ്ടതുണ്ട്.

ഇളങ്കോവടികള്‍ സിംഹാസനവും ഛത്രചാമരങ്ങളും ഉപേക്ഷിച്ചു. കുഞ്ചന്‍നമ്പ്യാര്‍ വീരശൃംഖലയും അക്ഷരലക്ഷവും വേണ്ടെന്നുവെച്ചു. വേണ്ടെന്നുവെക്കുന്നവനാണ് വലിയ കവി എന്ന് കാട്ടിത്തന്നവരിലൊരാളാണ് രമേശന്‍ നായര്‍. തിരുക്കുറളും ചിലപ്പതികാരവും ഭാരതിയാര്‍ പാടലുമെല്ലാം ഏറ്റുപാടിയ മലയാളകവിയായ രമേശന്‍ നായരെ കന്യാകുമാരി മുനമ്പില്‍വെച്ച് കാവ്യോചിതമായി ആദരിച്ചുവാഴ്ത്തി തമിഴ് പുലവനാക്കിയത് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയാണ്. ആ പ്രവൃത്തിയെ തെക്കന്‍ഭാരതത്തിന്റെ തിരിച്ചറിവായിക്കരുതാം. രമേശന്റെ 'ഗുരുപൗര്‍ണമി'യുടെ ഗുരുത്വം ഏതെങ്കിലുമൊരു വിദേശകവി തിരിച്ചറിഞ്ഞേക്കാം. ആ കവിത മറുനാട്ടുമൊഴികളായി നാം നാളെ കേട്ടെന്നും വരാം.

അക്ഷരമായി ജ്വലിച്ച പ്രിയസഹോദരന് പ്രണാമം

Content Highlights: V Madhusoodanan Nair, S Ramesan Nair