ബംഗാളിനോവലുകള്‍ വായിച്ച് വിദൂരമായ ആ ദേശത്തെ ഗ്രാമജീവിതത്തെ സങ്കല്പിച്ച ഒരു തലമുറയുണ്ടായിരുന്നു, ഇവിടെ. ആരോഗ്യനികേതനം എന്ന മഹത്തായ കൃതി അവര്‍ക്ക് എഴുത്തിലെ പ്രകാശഗോപുരമായി. അതിന്റെ പരിഭാഷകയായ നിലീന അബ്രഹാമിനെ ആരാധനയോടെ നോക്കിയിരുന്ന ഒരു പെണ്‍കുട്ടി അവരുടെ തുടര്‍ജീവിതം, ചിന്തകള്‍, ഒടുവില്‍ നിലീനയെ ഓര്‍ത്ത് ഒരു തുള്ളി കണ്ണീര്‍... എല്ലാം ഈ കൊച്ചുകുറിപ്പിലുണ്ട്..

ന്ത്യന്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച നോവല്‍ ഏതെന്ന് ആരുചോദിച്ചാലും കണ്ണടച്ച് ഞാന്‍ പറയും താരാശങ്കര്‍ ബന്ദോപാധ്യയയുടെ ആരോഗ്യനികേതനം! ഏറ്റവുമധികം ബംഗാളി നോവലുകള്‍ വായിച്ചിട്ടുള്ള ഒരാള്‍ തീര്‍ച്ചയായും ഞാനല്ല. പക്ഷേ, ഞാന്‍ വായിച്ചതൊക്കെയും എന്റെ ഉള്ളില്‍ വല്ലാതെ കൊണ്ടിട്ടുണ്ട്. ബംഗാളിലെ നാട്ടുമ്പുറജീവിതം ഒരിക്കലെങ്കിലും ഒന്ന് കാണാന്‍ ഞാന്‍ ഏറെ കൊതിച്ചു. മുപ്പതുകൊല്ലത്തോളം കോണ്‍ഗ്രസും അതിലേറെക്കാലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഭരിച്ചിട്ടും ബംഗാളികള്‍ക്ക് മെച്ചപ്പെട്ടൊരു ജീവിതം കൊടുക്കാന്‍ കഴിഞ്ഞില്ല. ഇനി ആര് ഭരിച്ചാലും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലതാനും. നമ്മുടെ രാഷ്ട്രീയം അത്രമേല്‍ ജീര്‍ണിച്ചുകഴിഞ്ഞു. അതിന്റെ ഇരകള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് ഒഴുകിയെത്തുന്നതുകണ്ട് എന്റെയുള്ളില്‍ ഞാന്‍ രൂപപ്പെടുത്തിയ ബംഗാള്‍ ഉടഞ്ഞുചിതറി! തീര്‍ച്ചയായും അവരില്‍ ഏറെയും പൂര്‍വബംഗാളില്‍നിന്ന് നുഴഞ്ഞുകയറിയവരാണ്. വിഭജനത്തിനുമുമ്പ് എഴുതപ്പെട്ട നോവലുകളിലെ ഒരൊറ്റ കഥാപാത്രത്തിന്റെയും പുറംചട്ടപോലും അവരിലൊന്നും കാണാന്‍ കഴിയാതെ വന്നപ്പോള്‍ എന്റെ തകര്‍ച്ച പൂര്‍ണമായി!

എന്റെ ബംഗാള്‍പ്രണയം തുടങ്ങുന്നത് മഹാരാജാസ് കാലത്താണ്. കോളേജ് ലൈബ്രറിയില്‍ ചില ബംഗാളി നോവലുകളുടെ പരിഭാഷകളുണ്ടായിരുന്നു. മഹാരാജാസില്‍ അക്കാലത്ത് ബംഗാളി ഭാഷയ്ക്ക് ഒരു ഡിപ്പാര്‍ട്ട്‌മെന്റും ഉണ്ടായിരുന്നു. വെളിച്ചം അകത്തുകയറാതെ പരുങ്ങിനില്‍ക്കുന്ന, മിക്കവാറും കുടുസ്സായ ഒരു മുറിയിലായിരുന്നു അത്. അവിടെയായിരുന്നു ആരോഗ്യനികേതനും അതിമനോഹരമായി മൊഴിമാറ്റി മലയാളിയുടെ ഉള്ളംകൈയില്‍ വെച്ചുകൊടുത്ത നിലീന അബ്രഹാം ഉണ്ടായിരുന്നത്. ഞാന്‍ ഇടയ്‌ക്കൊക്കെ അവിടെപ്പോയി എത്തിനോക്കാറുണ്ടായിരുന്നു. ഒരിക്കലോ മറ്റോ നിലീനടീച്ചര്‍ അവിടെയിരുന്ന് എന്തോ വായിക്കുന്നത് കണ്ടിട്ടുണ്ട്. രണ്ടാംഭാഷയായി ബംഗാളി പഠിക്കുന്ന കുട്ടികളുടെ ക്ലാസിലേക്ക് പോകുമ്പോഴോ മടങ്ങിവരുമ്പോഴോ ആണ് ഞാന്‍ ടീച്ചറെ പലപ്പോഴും കണ്ടിരുന്നത്. ആരാധനമൂത്ത് ഞാന്‍ ടീച്ചറുടെ പിന്നാലെ നിശ്ശബ്ദം നടക്കും. മഹാരാജാസിലെ വിശാലമായ വരാന്തകളിലൂടെ നടന്ന്, മലയാളം എം.എ. ക്ലാസിന്റെ മുന്നിലെ പടിക്കെട്ടുകളിറങ്ങി കുടനിവര്‍ത്തി നില്‍ക്കുന്ന ബദാംമരച്ചുവട്ടിലൂടെ ക്ലാസ്മുറിയിലേക്ക് പോകുമ്പോഴും ക്ലാസുകഴിഞ്ഞ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കുള്ള കോണികയറുമ്പോഴും ഞാന്‍ പിന്‍തിരിയുകയാണ് പതിവ്. എപ്പോഴും മുറുകിനില്‍ക്കുന്ന മുഖത്തോടെ നടക്കുന്ന നിലീനടീച്ചറോട് എന്തെങ്കിലുമൊന്ന് മിണ്ടാന്‍ ഞാന്‍ ഭയപ്പെട്ടു. ഞാന്‍ വായിച്ച നോവലുകളിലൊക്കെ അതിസുന്ദരികളായി അവതരിച്ച ബംഗാളിപെണ്‍കൊടികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തയായിരുന്നു നിലീനടീച്ചര്‍. നിലീനയെ മലയാളിപുരുഷനായ അബ്രഹാം കണ്ടുമുട്ടിയതെവിടെവെച്ചാണെന്നും അവര്‍ എങ്ങനെയാണ് പ്രണിയിക്കാന്‍ തുടങ്ങിയതെന്നുമൊക്കെ അറിയാനുള്ള ആഗ്രഹത്തിന്റെ കനല്‍ എന്നില്‍ത്തന്നെ എരിഞ്ഞടങ്ങി. അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പകരാന്‍ പറ്റുന്ന ആരെയും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നിട്ടും ഏതോ കാറ്റ് വീശുമ്പോള്‍ എന്നെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് ഒരു തീമിനുക്കം തെളിഞ്ഞുവന്നു. അങ്ങനെയൊരിക്കല്‍ എം. ലീലാവതിടീച്ചറോട് ചോദിച്ചാണ് ഞാനറിഞ്ഞത്. ബംഗാളില്‍നിന്ന് നിലീനയും കോളേജില്‍നിന്ന് അബ്രഹാമും മുംെബെയിലെ ഒരു കോളേജില്‍ പഠിക്കാനെത്തിയപ്പോഴാണ് പരിചയപ്പെട്ടതും അടുപ്പത്തിലായതും എന്ന്. അതിലപ്പുറം ഒരു വിശദീകരണം ഉണ്ടായില്ല. ചോദിക്കാന്‍ സങ്കോചം എന്നെ അനുവദിച്ചില്ല.

പഠിച്ചുകഴിഞ്ഞ്, എന്നെ കാത്തിരുന്ന പ്രണയഭംഗത്തിലേക്കും കടുത്ത ഏകാന്തതയിലേക്കും വഴുതിവീണു. ഒരു കൂട്ടുകൊതിച്ച് വിവാഹിതയായി. ജീവിതം കൈവിട്ടുപോകുന്നതുകണ്ട് പകച്ചുനിന്നു. ഓര്‍മകള്‍ക്കിടമില്ലാത്ത തരിശുഭൂമിയില്‍നിന്ന് നിലീനടീച്ചര്‍ മാത്രമല്ല, മഹാരാജാസുതന്നെയും മാഞ്ഞുപോയി. പക്ഷേ, അപ്രതീക്ഷിതമായി ജോലി കിട്ടിയപ്പോള്‍ ജീവിതം ഓരില, ഈരില, മൂവിലയായി തളിര്‍ത്തുതുടങ്ങി. മാഞ്ഞുപോയ ഓര്‍മകള്‍ പൂക്കളായും കായ്കളായും പരിണമിച്ചു. എന്നിട്ടും അറുപതുകഴിഞ്ഞപ്പോള്‍ ചില സങ്കടങ്ങള്‍ വേരിന്‍മേല്‍ കിളിര്‍ത്തുവന്നു. എന്റെ ദേശം ഏതാണെന്നൊരു ചോദ്യം എന്നെ അലട്ടാന്‍ തുടങ്ങി. ജനിച്ചദേശം എന്നെ പുറന്തള്ളി. ചെന്നെത്തിയ ദേശമാകട്ടെ എന്നെ ഉള്ളിലേക്ക് കടത്തിയുമില്ല. അപ്പോഴാണ് നിലീന അബ്രഹാം ഓര്‍മയില്‍ ഞെട്ടിത്തെളിഞ്ഞത്. നമ്മള്‍ ചെറുപ്പത്തില്‍ ജീവിച്ച ഇടം, ജീവിച്ചരീതികള്‍, പിന്തുടര്‍ന്ന സംസ്‌കാരം ഒക്കെ അലട്ടാന്‍ തുടങ്ങുന്ന ഒരു കാലമുണ്ടെന്ന് തിരിച്ചറിഞ്ഞത്. തിരഞ്ഞെടുത്ത വഴികളൊക്കെയും തെറ്റിപ്പോയോ എന്നൊരു ശങ്ക കാര്‍ന്നുതിന്നാന്‍ തുടങ്ങുന്നത്. അതൊക്കെയും എന്നെക്കാള്‍ എത്രയോ തീവ്രമായി അനുഭവിച്ച ഒരാളാണ് നിലീന എബ്രഹാം എന്നെനിക്ക് തീര്‍ച്ചയായിരുന്നു. അമ്മയുടെ മടിത്തട്ടില്‍നിന്ന് പുറപ്പെട്ടുവന്ന കുട്ടി ഏതോ നിമിഷത്തില്‍ വെമ്പിത്തിരിഞ്ഞ് നോക്കുമ്പോള്‍ മടിത്തട്ടുമില്ല, അമ്മയുമില്ലെന്നറിയുമ്പോഴുണ്ടാകുന്ന ശൂന്യതാബോധം നിലീനയെ അപ്പാടെ വിഴുങ്ങിയിട്ടുണ്ടാവണം. കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന ഒരു മലയാളി സുഹൃത്തിന് നിലീന എബ്രഹാമുമായി ഗാഢമായി ഹൃദയബന്ധമുണ്ടായിരുന്നു. അയാളാണ് കഥ പറഞ്ഞത്. ഒടുവിലൊടുവിലായപ്പോള്‍ നിലീന ദീദിക്ക് ബംഗാള്‍ വല്ലാതെ മിസ് ചെയ്തിരുന്നു എന്ന്. പക്ഷേ, ബംഗാളില്‍നിന്ന് വേരോടെ പിഴുതെടുത്ത് കേരളത്തില്‍ നട്ട ഒരു ജീവിതം വീണ്ടും പിഴുതെടുക്കുക എന്നത് തീരെ പ്രായോഗികമല്ല! കാലമേറെ കഴിഞ്ഞതുകൊണ്ട് നിഷ്ഫലവും!

മലയാളി എന്ന വാക്ക് പലപ്പോഴും നന്ദികേടിന്റെ പര്യായമാണ്. മികച്ച എത്രയോ ബംഗാളി നോവലുകള്‍ കാട്ടുതേന്‍പോലെ ശുദ്ധവും മധുരവുമായ മലയാളത്തില്‍ പകര്‍ന്നുതന്ന നിലീന എബ്രഹാമിനെ നമ്മുടെ വായനസമൂഹം പൂര്‍ണമായും വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞു. 2006-ല്‍ അന്തരിക്കുമ്പോഴേക്കും നിലീന ആരുമല്ലാതായിക്കഴിഞ്ഞിരുന്നു. ഏതോ പള്ളി സെമിത്തേരിയില്‍ ഒന്നരപ്പതിറ്റാണ്ടായി ഉറങ്ങുന്ന നിലീന, എനിക്ക് വിങ്ങുന്ന ഒരോര്‍മയാണ്. എന്നാല്‍, നിലീനയുടെ ഒരു ചിത്രമോ എന്തെങ്കിലും വിവരമോ കേരളസാഹിത്യ അക്കാദമിപോലും ശേഖരിച്ചുവെച്ചിട്ടില്ലെന്നറിയുമ്പോഴാണ് മലയാളിയുടെ നന്ദികേടിന്റെ ആഴം ഹൃദയഭേദകമാവുന്നത്. മാത്രമല്ല, മൊഴിമാറ്റം ചെയ്യപ്പെടുന്ന കൃതികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെ കച്ചവടവത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചില പ്രസാധകര്‍ നിലീനയുടെ കൃതികളില്‍നിന്ന് ഒട്ടേറെ ഭാഗങ്ങള്‍ കൈയടക്കത്തോടെ കവര്‍ന്ന ചില കൂട്ടിച്ചേര്‍ക്കലുകളോടെ മറ്റുചിലരുടെ പേരില്‍ പുറത്തിറങ്ങുന്നുണ്ടെന്നും കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍, അക്ഷരവും നമ്മള്‍ മലയാളികള്‍ക്ക് വെറുമൊരു കച്ചവടച്ചരക്ക് മാത്രമായിത്തീര്‍ന്നിരിക്കുന്നു!

Content Highlights: translator Nileena Abraham, Gracy