വള്ളികുന്നം: നാടകാചാര്യന്‍ തോപ്പില്‍ഭാസിയുടെ സംഭവബഹുലമായ ജീവിതത്തില്‍ നിഴലുപോലെ ആയിരുന്നു ഭാര്യ അമ്മിണിയമ്മ. ഭാസിയുടെ രാഷ്ട്രീയ കലാജീവിതത്തില്‍ തണലായി കുടുംബംനോക്കിയത് അമ്മിണിയമ്മയാണ്. ശൂരനാട് കേസില്‍ ഒളിവില്‍ക്കഴിയുമ്പോഴായിരുന്നു തോപ്പില്‍ഭാസി അമ്മിണിയമ്മയെ വിവാഹംകഴിച്ചത്.

വിവാഹവും അതിനുശേഷമുള്ള ഒളിവുകാല ജീവിതവും ഒളിവിലെ ഓര്‍മകള്‍ എന്ന പുസ്തകത്തില്‍ ഭാസി പറയുന്നുണ്ട്. 1948- ല്‍ എണ്ണക്കാട്ടുഗ്രാമത്തില്‍ കുട്ടി എന്ന കുടിയാന്റെ കൊട്ടില്‍ പൊളിക്കാന്‍ തമ്പുരാന്‍ ആള്‍ക്കാരെ അയച്ചു. അതിനെ എതിര്‍ത്ത കര്‍ഷകത്തൊഴിലാളികളെ പോലീസ് പിടിച്ചുകെട്ടി അറവുമാടുകളെപ്പോലെ തെരുവിലൂടെ അടിച്ചു നടത്തിച്ചു ലോക്കപ്പിലെറിഞ്ഞു.

തൊഴിലാളികളെ പിന്തുണച്ചതു കമ്യൂണിസ്റ്റുകളായ ശങ്കരനാരായണന്‍ തമ്പിയും കുടുംബവുമാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ശങ്കരനാരായണന്‍ തമ്പിയും സഹോദരങ്ങളും ഒളിവില്‍പ്പോയി. തമ്പിയുടെ അമ്മയും അച്ഛന്‍ എണ്ണക്കാട്ടുകൊട്ടാരത്തിലെ രാമവര്‍മ രാജാവും പല്ലനയിലെ പാണ്ഡവത്തുവീട്ടിലേക്കു താമസംമാറ്റി.

ആ കാലത്ത് വീട്ടുകാര്‍ക്കും വിശന്നുവലഞ്ഞെത്തുന്ന ഒളിവിലിരിക്കുന്ന സഖാക്കള്‍ക്കും ഭക്ഷണം ഒരുക്കിയത് തമ്പിയുടെ സഹോദരീപുത്രി 12 വയസ്സ് മാത്രമുണ്ടായിരുന്ന അമ്മിണിയമ്മയായിരുന്നു. പറമ്പില്‍ വീഴുന്ന നാളികേരം പെറുക്കി കുട്ടയിലാക്കി ഏറെദൂരം ചുമന്നുകൊണ്ടുപോയി വിറ്റാണ് അവര്‍ വീട്ടുസാധനങ്ങള്‍ വാങ്ങിയിരുന്നത്.

അമ്മാവന്‍മാരെല്ലാം ഒളിവില്‍. അമ്മയുടെ സഹോദരി സുഭദ്രാമ്മ തങ്കച്ചി ജയിലില്‍. പോലീസിന്റെ തുടര്‍ച്ചയായ വീടുപരിശോധന. ജന്മിമാരുടെയും സംഘത്തിന്റെയും അവഹേളനം. ഇവയൊക്കെയാണ് അമ്മിണിയമ്മയെയും കമ്യൂണിസ്റ്റാക്കിയത്. ശൂരനാട് കേസില്‍ ഒളിവില്‍ക്കഴിയുന്ന ഭാസിയെക്കൊണ്ട് അമ്മിണിയമ്മയെ കെട്ടിക്കാന്‍ ശങ്കരനാരായണന്‍ തമ്പി ആഗ്രഹിച്ചു. അതിന് അമ്മിണിയമ്മ സമ്മതം മൂളി. ഒളിവിലിരുന്നുതന്നെ വിവാഹം നടത്തി.

വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കണമെന്നായിരുന്നു ഭാസിയുടെ ആഗ്രഹം. തിരുവിതാംകൂര്‍ പോലീസ് 1,000 രൂപ ഭാസിയുടെ തലയ്ക്കു വിലയിട്ടകാലം. ഒളിവിലായതിനാല്‍ പോലീസ് പിടിയിലാകുമെന്നതിനാല്‍ പുതിയതായി വെട്ടിയ കിണറിന്റെ ഭൂതം ഊട്ടിനെന്ന പേരില്‍ ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചു സദ്യ നല്‍കി. ഇതിനിടെ പാതിരാത്രിയില്‍ ഭാസി അമ്മിണിയമ്മയെ താലികെട്ടി.

താലികെട്ടിനുശേഷം ഭാസി വീണ്ടും ഒളിവിലേക്കു മടങ്ങി. ഏതപകടവും ഏതവസരത്തിലും സംഭവിക്കാവുന്ന ഒരാളാണ്, എനിക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല എന്നാണ് തന്റെ കല്ല്യാണക്കാര്യത്തെ അമ്മിണിയമ്മ കണ്ടത്.

പിന്നീട്, തോപ്പില്‍ ഭാസി വള്ളികുന്നം പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായി. തുടര്‍ന്ന്, നിയമസഭാ സമാജികനുമായി. സമൂഹത്തില്‍ മാറ്റങ്ങള്‍വരുത്തിയ നിരവധി നാടകങ്ങളുടെ രചയിതാവും സിനിമാസംവിധായകനും തിരക്കഥാകൃത്തുമായി. തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് നിരവധിതവണ അദ്ദേഹത്തിനു ലഭിച്ചു.

ഭാസിയുടെ മരണംവരെ അദ്ദേഹത്തിന്റെ കലാ രാഷ്ട്രീയ സംസ്‌കാരിക ജീവിതത്തില്‍ തണലായി അമ്മിണിയമ്മയുണ്ടായിരുന്നു. ഒരാഴ്ചമുന്‍പ് രോഗാവസ്ഥയിലാവുന്നതുവരെ പാര്‍ട്ടിയുടെയും മറ്റു സാംസ്‌കാരികച്ചടങ്ങുകളിലും സജീവസാന്നിധ്യവുമായിരുന്നു അവര്‍.

രണ്ടാഴ്ചമുന്‍പ് തോപ്പില്‍ വസതിയില്‍ നടന്ന അവകാശികള്‍ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രകാശനം നടത്തിയതും അമ്മിണിയമ്മയായിരുന്നു. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ഭാസിയെ സംസ്‌കരിച്ചതിനു തൊട്ടടുത്തുതന്നെ അമ്മിണിയമ്മയ്ക്കും ചിതയൊരുങ്ങും.

Content Highlighsts: Thoppil Bhasi's wife Ammini Amma dies at 85