കേരളത്തിലെ പുരോഗമനകലാപ്രവര്‍ത്തകരില്‍ പ്രധാനിയായ തോപ്പില്‍ ഭാസിയുടെ ജന്മദിനമാണ് ഏപ്രില്‍ എട്ട്. ആലപ്പുഴയിലെ വള്ളികുന്നം എന്ന ഗ്രാമത്തില്‍ 1924ലാണ് അദ്ദേഹത്തിന്റെ ജനനം. കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചരണം തന്റെ കഥകളില്‍ കൂടി നടപ്പിലാക്കിയ ഭാസി ജനപ്രിയസാഹിത്യത്തെ പുനര്‍നിര്‍വചിക്കുകയായിരുന്നു തന്റെ സൃഷ്ടികളിലൂടെ. അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയാറാം ജന്മദിനമാണ് ഇന്ന്.

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബിന്റെ രണ്ടാമത്തെ നാടകാവതരണമായിരുന്നു. പിന്നീടത് കേരളനാടക ചരിത്രത്തെത്തന്നെ തിരുത്തിക്കുറിച്ചു. സോമന്‍ എന്ന തൂലികാനാമത്തില്‍ ഏകാങ്കനാടകമായ മുന്നേറ്റവും, 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകവും എഴുതിയ തോപ്പില്‍ ഭാസ്‌കരപിള്ള മലയാളനാടകത്തിന്റെ ഭാസിയായി കുതിച്ചുയര്‍ന്നു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ നിന്നും തന്റെ ആശയങ്ങളെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും പറിച്ചു നട്ട തോപ്പില്‍ ഭാസി സാമൂഹ്യപരിവര്‍ത്തനത്തിന്റെ മുഖ്യമാധ്യമമായി തിരഞ്ഞെടുത്തത് നാടകാവതരണത്തെയായിരുന്നു. ഭാസിയുടെ ഭാവനയിലെ അനേകം കഥാപാത്രങ്ങള്‍ കേരളത്തിലെ ജാതീയതയെക്കുറിച്ചും ജന്മിത്തത്തെക്കുറിച്ചും വളര്‍ന്നുവരുന്ന മുതലാളിത്തത്തെക്കുറിച്ചും വേദികളില്‍ നിന്നും വേദികളിലേക്ക് പകര്‍ന്നുകൊടുത്തു. നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ മുഖം ഓരോ കാണിയും കണ്ടു. ഒപ്പം ജീവിതാനുഭവങ്ങളും.

പ്രമാദമായ ശൂരനാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ നിന്നും പിരിഞ്ഞുകിട്ടിയ കാശെല്ലാം ചെലവഴിച്ചതും ശൂരനാട് പ്രതികളുടെ കേസ് നടത്തിപ്പിനുതന്നെയായിരുന്നു. ഭൂവുടമകള്‍ക്കെതിരെ കര്‍ഷകത്തൊഴിലാളികളെ അണിനിരത്തി സംഘടിപ്പിച്ച വിപ്ലവസമരമായിരുന്നു ശൂരനാട് സമരം. ഭാസിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. അദ്ദേഹം ഒളിവില്‍പോയ കാലത്ത് എഴുതിയതാണ് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്നത്. കേരളത്തിലെ വേദികളില്‍ നിന്നും വേദികളിലേക്ക് വിശ്രമമില്ലാതെ ആ നാടകം ജൈത്രയാത്ര തുടര്‍ന്നപ്പോള്‍ കെ.പി.എ.സിയുടെ സാധ്യത മനസ്സിലാക്കി അതിനായി പതിനാറ് നാടകങ്ങള്‍ ഭാസി എഴുതിക്കൊടുത്തു. അറുപത്-എഴുപത് കാലഘട്ടത്തില്‍ കേരളമൊന്നാകെ കെ.പി.എ.സി ആ നാടകങ്ങളുമായി യാത്രചെയ്തു. സാമൂഹ്യപ്രതിബദ്ധതയുള്ളതും നാടകത്തെ സാധാരണക്കാരന്റെ വിവേകത്തിനനുസൃതമായി ചിട്ടപ്പെടുത്തിയതുമായിരുന്നു ഭാസി എന്ന നാടകകൃത്തിന്റെ വിജയം. കേരളത്തിലെ ഏതെങ്കിലുമൊരു വേദിയില്‍ കളിക്കാത്ത ഒരൊറ്റ നാടകവും അദ്ദേഹത്തിന്റേതായിട്ടില്ല എന്നതാണ് തോപ്പില്‍ഭാസി എന്ന പ്രതിഭയുടെ കഴിവ്.

കെ.പി.എ.സിയില്‍ നിന്നും ഭാസി തന്റെ തട്ടകത്തെ പതുക്കെ മലയാളസിനിമയിലേക്ക് മാറ്റി. നാടകം അക്കാലത്ത് സിനിമയിലേക്കുള്ള ചവിട്ടുപടിയായിരുന്നല്ലോ. നൂറില്‍പരം തിരക്കഥകള്‍, പതിനാറ് സിനിമാസംവിധാനങ്ങള്‍. എല്ലാം ബോക്സോഫീസില്‍ തകര്‍ത്തോടിയ പടങ്ങള്‍. ജനങ്ങള്‍ തങ്ങളെ കലയോടും സാഹിത്യത്തോടും ചേര്‍ത്തു നിര്‍ത്തിയ കാലം. 'ശരശയ്യ', 'തുലാഭാരം', 'അനുഭവങ്ങള്‍ പാളിച്ചകള്‍', 'പൂജയ്ക്കെടുക്കാത്ത പുഷ്പങ്ങള്‍', 'കൂട്ടുകുടുംബം', 'അശ്വമേധം', 'അഗ്‌നിപരീക്ഷ', 'അടിമകള്‍', 'വാഴ്വേമായം'...തിരക്കഥകളുടെ മാസ്മരികതയില്‍ കേരളത്തിലെ കൂട്ടുകുടുംബങ്ങള്‍ വിതുമ്പി. തൊഴിലാളിവര്‍ഗങ്ങള്‍ വിജൃംഭിതരായി മുഷ്ഠി ചുരുട്ടി. മുതലാളിമാര്‍ അസ്വസ്ഥരായി. തോപ്പില്‍ ഭാസിയുടെ അക്ഷരങ്ങള്‍ കേരളീയജനജീവിതത്തിന്റെ അടിത്തട്ടുകളിലേക്ക്, അപാരതയിലേക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് ചിരപ്രതിഷ്ഠ നേടി.

കഥകളിലെ സങ്കീര്‍ണതകളല്ല സ്വാഭാവികതയാണ് ഭാസിയെ വേറിട്ട തിരക്കഥാകൃത്താക്കിയത്. പമ്മന്‍ കഥകളിലെ ജീവിതവും അതിന്റെ അഭ്രപാളി സാധ്യതകളും തിരിച്ചറിഞ്ഞ തോപ്പില്‍ ഭാസി തന്റെ തിരക്കഥകളുടെ മൂലകഥകളായി പലപ്പോഴും പമ്മന്‍ കഥകളെയും സ്വീകരിക്കാന്‍ മടികാണിച്ചില്ല.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. കേരള സംഗീത നാടകഅക്കാദമി ഫെല്ലോഷിപ്പ്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. ആത്മകഥയായ ഒളിവിലെ ഓര്‍മകള്‍ തോപ്പില്‍ ഭാസിയുടെ പുരോഗമനാശയത്തിലധിഷ്ഠിതമായ നാടക-സിനിമാ പ്രവര്‍ത്തനങ്ങളെയും വ്യക്തി ബന്ധങ്ങളെയും കുറിച്ച് പരാമര്‍ശിക്കുന്നതാണ്. ഒന്നാം കേരള നിയമസഭനിലവില്‍ വന്നപ്പോള്‍ പത്തനംതിട്ട നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭാംഗമായി. 1992 ഡിസംബര്‍ എട്ടിനാണ് അദ്ദേഹം അന്തരിച്ചത്.

Content Highlights: Thoppil Bhasi memories