മലയാള സാഹിത്യത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തിക്കോടിയന്‍ വിടവാങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞു. തിക്കോടിയന്‍ എന്ന പി. കുഞ്ഞനന്തന്‍ നായര്‍.ഹാസ സാഹിത്യകാരനായി തുടങ്ങി ഒടുവില്‍ അനസൂയവിശുദ്ധനായ ആത്മകഥാകാരനായി വിളങ്ങിയ എട്ടുപതിറ്റാണ്ടിലധികം നീണ്ടുനിന്ന സാര്‍ഥക ജീവിതം

തിക്കോടിയന്‍ വിഹരിക്കാത്ത മേഖലകളില്ല. ഹാസ്യലേഖനങ്ങള്‍, നര്‍മകവിതകള്‍, നാടകങ്ങള്‍, നോവലുകള്‍, തിരക്കഥകള്‍, ആത്മകഥ എന്നിങ്ങനെ ആ മേഖല വിപുലമാണ്.

1940-കളില്‍ സഞ്ജയന്‍ മാസികയിലേക്ക് അദ്ദേഹം തന്റെ ഒരു കവിത പ്രസിദ്ധീകരണത്തിനായി അയച്ചു. മാസികയുടെ പത്രാധിപരായിരുന്ന സാക്ഷാല്‍ സഞ്ജയന് കവിത പിടിച്ചു. കവിയായ കുഞ്ഞനന്തന്‍ നായര്‍ തിക്കോടിയെ തിക്കോടിയനാക്കി മാറ്റിയത് അദ്ദേഹമാണ്.

തിക്കോടിയന്റെ സാഹിത്യജീവിതത്തെ കരുപ്പിടിപ്പിക്കുന്നതില്‍ മൂന്ന് പ്രേരകശക്തികള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. സ്വതവേ അലസനായ അദ്ദേഹത്തിന് ഈടുറ്റ സാഹിത്യസൃഷ്ടികള്‍ എഴുതിക്കുന്നതില്‍ ഈ മൂന്നുഘടകങ്ങളും നിര്‍ണായകമായി. ദേശപോഷിണി, ഉറൂബ്, എം.ടി. വാസുദേവന്‍നായര്‍. ഈ മൂന്നുഘടകങ്ങളുടെയും സ്‌നേഹപൂര്‍ണമായ നിര്‍ബന്ധങ്ങളില്ലായിരുന്നെങ്കില്‍ തന്റെ പല സാഹിത്യസൃഷ്ടികളും വെളിച്ചംകാണില്ലായിരുന്നുവെന്ന് തിക്കോടിയന്‍തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്.

1970-കളുടെ അവസാനത്തില്‍ 'മലയാളനാട്' എന്ന പ്രസിദ്ധീകരണത്തിലൂടെ പത്രാധിപര്‍ വി.ബി.സി. നായരായിരുന്നു തിക്കോടിയന്റെ വ്യക്തിജീവിതത്തെ ആദ്യമായി പുറംലോകത്തെ അറിയിച്ചതെന്ന് തോന്നുന്നു. അന്ന് 'മലയാളനാട്ടി'ല്‍ തിക്കോടിയനെക്കുറിച്ചുവന്ന ഫീച്ചറിന്റെ തുടക്കത്തില്‍ തിക്കോടിയന്റെ ഒരു മുഖമൊഴിയുണ്ട്. അതിങ്ങനെ: 'എന്നെപ്പറ്റി അറിയണമെന്ന് ആഗ്രഹിച്ച എല്ലാവരില്‍ നിന്നും ഞാന്‍ ഒഴിഞ്ഞുമാറിനിന്നിട്ടേയുള്ളൂ. എന്നാല്‍ പ്രിയപ്പെട്ട വി.ബി.സീ. നിങ്ങളുടെ മുന്നില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. എന്റെ പരാജയം താങ്കള്‍ക്കൊരു നേട്ടമാണെങ്കില്‍ അതെനിക്കൊരു ഭാരമല്ല.' അതായിരുന്നു തിക്കോടിയന്‍. ഈയൊരു മനോഭാവമാണ് ദേശപോഷിണിക്കും ഉറൂബിനും എം.ടി.ക്കും മുമ്പില്‍ നിരന്തരം കീഴടങ്ങാന്‍ തിക്കോടിയനെ പ്രേരിപ്പിച്ചത്. അതുകൊണ്ട് 'അരങ്ങുകാണാത്ത നടനി'ല്‍ നിന്നും വിലപ്പെട്ട സാഹിത്യസൃഷ്ടികള്‍ കൈരളിക്ക് ലഭിക്കുകയും ചെയ്തു.

ദേശപോഷിണിയുമായുള്ള തന്റെ ബന്ധം തിക്കോടിയന്‍ 'അരങ്ങുകാണാത്ത നടനി'ല്‍ പലവുരു അയവിറക്കുന്നുണ്ട്. അവരുടെ വാര്‍ഷികോത്സവങ്ങള്‍ക്ക് തിക്കോടിയന്‍ നാടകങ്ങള്‍ ഒഴിച്ചുകൂടാത്ത ഒന്നായിരുന്നു. നടന്‍ കുഞ്ഞാണ്ടിയടക്കമുള്ള വായനശാലാ പ്രവര്‍ത്തകര്‍ ഇതിനായി തിക്കോടിയനെ നേരത്തേത്തന്നെ സമീപിക്കും. ആരെയും മുഷിപ്പിക്കാനാകാത്ത തിക്കോടിയന്‍ നാടകരചന ഏല്‍ക്കുകയും ചെയ്യും. പക്ഷേ, വാര്‍ഷികം വാതില്‍പ്പടിയിലെത്തിനില്‍ക്കുമ്പോഴും രചന തുടങ്ങിയിട്ടുപോലുമുണ്ടാകില്ല. അതോടെ നാടകപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടുപടിക്കല്‍ കുത്തിയിരുന്നാണ് നാടകരചന പൂര്‍ത്തിയാക്കുന്നത്. തിക്കോടിയന്റെ പല നാടകങ്ങളുടെയും രചനാരഹസ്യം ഇതാണ്. പുഷ്പവൃഷ്ടി, ജീവിതം, പ്രസവിക്കാത്ത അമ്മ, തീപ്പൊരി, കണ്ണാടി, നിരാഹാരസമരം, പഴയ ബന്ധം, രാജമാര്‍ഗം, കന്യാദാനം - അങ്ങനെ നീളുന്നു ആ നാടകപരമ്പര.

ഒരു പക്ഷേ, കോഴിക്കോട്ടെ സഹൃദയസദസ്സുകളിലും സാംസ്‌കാരികവേദികളിലുമൊക്കെ ഒരു നര്‍മസാന്നിധ്യമായി ഒതുങ്ങിപ്പോകുമായിരുന്ന തിക്കോടിയനെ അവസാന നാളുകളില്‍ മലയാള സാഹിത്യത്തിലെത്തന്നെ ഒരു നിത്യസാന്നിധ്യമാക്കി നിലനിര്‍ത്തിയത്, ഒരു സംശയവുമില്ല, എം.ടി. വാസുദേവന്‍നായരാണ്. എം.ടി. എന്ന മാതൃഭൂമി പത്രാധിപരുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധമില്ലായിരുന്നുവെങ്കില്‍ തിക്കോടിയന്റെ അനശ്വരസൃഷ്ടിയായ 'അരങ്ങുകാണാത്ത നടന്‍' അരങ്ങുകാണില്ലായിരുന്നു.

ഇങ്ങനെ ആത്മകഥാംശമുള്ള ഒരു കൃതി എഴുതണമെന്ന് പറഞ്ഞശേഷം എം.ടി. അക്കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരസ്യപ്പെടുത്തുകയായിരുന്നു. അതോടെ അതെഴുതുകയല്ലാതെ തിക്കോടിയനും മറ്റൊരു മാര്‍ഗമില്ലാതായി. തിക്കോടിയന്റെ സ്വഭാവമറിയാവുന്ന എം.ടി. ഓരോ ആഴ്ചയിലെയും മാറ്റര്‍ ലഭിക്കുന്നതിനായി സഹപത്രാധിപര്‍ ശത്രുഘ്നനെ തിക്കോടിയന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. അങ്ങനെയാണ് മലയാള സാഹിത്യത്തിലെ ഈ മികച്ച ആത്മകഥ പിറവികൊള്ളുന്നത്. തിക്കോടിയന്റെ പ്രസംഗാനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രചനകൂടി എഴുതിക്കണമെന്ന് എം.ടി. ആഗ്രഹിച്ചിരുന്നു. പക്ഷേ, കാലം അതനുവദിച്ചില്ല.

താനൊരു സാഹിത്യകാരനാണെന്ന് തിക്കോടിയന്‍ ഒരുകാലത്തും മേനി നടിച്ചിരുന്നില്ല. തന്റെ സാഹിത്യസൃഷ്ടികളെക്കുറിച്ച് ഒരു വിലയിരുത്തലിനോ വിചിന്തനത്തിനോ അദ്ദേഹം തുനിഞ്ഞിരുന്നുമില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദംകൊണ്ട് താന്‍ പലതുമെഴുതി - ഈ മനോഭാവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

'അരങ്ങു കാണാത്ത നടനി'ലെ ഒരധ്യായത്തിന്റെ പേര് പട്ടം പറപ്പിക്കുന്ന കുട്ടി എന്നാണ്. കാറ്റാണ് തന്റെ പട്ടത്തെ നിയന്ത്രിക്കുന്നതെന്നറിയാതെ കുട്ടി പട്ടം പറത്തുന്നു. തന്റെ സാഹിത്യജീവിതത്തെയും തിക്കോടിയന്‍ അങ്ങനെയാണ് കണ്ടത്. സൗഹൃദത്തിന്റെ കാറ്റാണ് അദ്ദേഹത്തിന്റെ സാഹിത്യരചനയ്ക്ക് ഉപോദ്ബലകമായത്.

തിക്കോടിയന്റെ സമ്പൂര്‍ണ നാടകങ്ങള്‍ വാങ്ങാം

Content Highlights: Thikkodiyan death anniversary