ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും എഴുത്തുകാരിയുമായ റോസ ലക്‌സംബര്‍ഗിന്റെ രക്തസാക്ഷിത്വത്തിന് 101 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1919 ജനുവരി പതിനഞ്ചിനാണ് ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളും നിര്‍ഭയരായ യുദ്ധവിരുദ്ധ പ്രവര്‍ത്തകരുമായിരുന്ന റോസാ ലക്‌സംബര്‍ഗും കാള്‍ ലീബിനെറ്റും നാസികളാല്‍ കൊല്ലപ്പെട്ടത്.
ഡമോസ്‌ക് പോളിഷ് ഗ്രാമത്തിലെ ജൂത കുടുംബത്തില്‍ ജനിച്ച് വാഴ്‌സയില്‍ പഠനകാലം പിന്നിട്ട റോസ ജൂത വിവേചനത്തിന്റെ കയ്ക്കുന്ന ചെറുപ്പമാണു ജീവിച്ചു തീര്‍ത്തത്. ഇടുപ്പിനെ തളര്‍ത്തിയ രോഗം കാരണം മുടന്ത് അവരെ പിടികൂടി. പക്ഷെ റോസ എന്ന വിപ്ലവകാരിയുടെ രാഷ്ട്രീയജീവിതത്തിന് അത് തടസ്സമായില്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെ പഠന നാളുകളിലാണ് റോസ സോഷ്യലിസ്റ്റ് സംഘത്തില്‍ ചേരുന്നത്.
ജര്‍മനിയില്‍ താമസിച്ചുകൊണ്ട് പാര്‍ട്ടിയുടെ നേതൃത്വമേല്‍ക്കാന്‍ സഖാക്കള്‍ റോസയെ ക്ഷണിച്ചു. ജര്‍മന്‍ പ്രവേശം എളുപ്പമായിരുന്നില്ല. ഗുസ്തഫ് ലൂബെക്ക് എന്ന ജര്‍മന്‍കാരനുമായി ഒരു വിവാഹനാടകം നടത്തിയാണ് റോസ അവിടെയെത്തുന്നത്. അവിടെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റോസ തീരുമാനിച്ചു. ഒടുവില്‍ പാര്‍ട്ടി ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ പിന്തുണച്ചപ്പോള്‍ യുദ്ധത്തെ എന്നും എതിര്‍ക്കുക മാത്രം ചെയ്തിരുന്ന റോസ പാര്‍ട്ടി വിട്ടു.
1906 ല്‍ റോസ തന്റെ പ്രസിദ്ധമായ താത്വിക പാഠം The Mass strike , the political Party and the Trade Unions പ്രസിദ്ധീകരിച്ചു.1913 ല്‍ The accumulations of capital എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.1915 ല്‍ വിഖ്യാതമായ ലഘുലേഖ The crisis in the Germa Social Democracy പ്രസിദ്ധീകരിച്ചു.1918 ല്‍ ഏറെ ശ്രദ്ധേയമായ The Russion Revolution പ്രസിദ്ധീകരിച്ചു.
റോസയും കാള്‍ ലിബ്‌നെറ്റും ജര്‍മ്മനിയിലെ മറ്റു വിപ്ലവകാരികളോട് ചേര്‍ന്നുകൊണ്ട് 1916 -ല്‍ 'ആന്റി വാര്‍ സ്പാര്‍ട്ടക്കസ് ലീഗ് ' തുടങ്ങി. ഇത് പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ജര്‍മ്മനി ആയി മാറി. ഒളിവിലിരുന്നുകൊണ്ട് ലിബിനെക്റ്റ് ഭരണവര്‍ഗ്ഗത്തെ അട്ടിമറിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട്,
'സ്പാര്‍ട്ടക്കസ് കത്തുകള്‍' എന്ന് പില്‍ക്കാലത്തറിയപ്പെട്ട നിരവധി ലഘുലേഖകള്‍ പുറത്തിറക്കി.
1919 ജനുവരി ആയപ്പോഴേക്കും പാര്‍ട്ടി ജര്‍മ്മനിയില്‍ നിലനിന്നിരുന്ന അസമത്വങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങി. പാര്‍ട്ടിക്ക് തീവ്രസ്വഭാവം കൈവന്നു തുടങ്ങിയതോടെ ഭരണകൂടം സമരം അടിച്ചമര്‍ത്താന്‍ പട്ടാളത്തിന്റെ സഹായം തേടി.
റോസയും ലിബിനെക്റ്റും ഒളിവില്‍ പോയി. പക്ഷെ ആ വിപ്ലവകാരികളുടെ നാളുകള്‍ എണ്ണപ്പെട്ടിരുന്നു. 1919 ജനുവരി 15 നായിരുന്നു റോസാ ലക്‌സംബര്‍ഗും കാള്‍ ലിബിനെക്റ്റും താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിലേക്ക് പട്ടാളം ഇരച്ചുകയറിയത്. അറസ്റ്റ് ചെയ്‌തെങ്കിലും കൊല്ലുമെന്ന് റോസ കരുതിയിരുന്നില്ല. ജയിലില്‍ നിന്ന് വായിക്കാനായി പുസ്തകങ്ങളും എടുത്താണ് റോസ പട്ടാളക്കാര്‍ക്കൊപ്പം പോയത്.
എന്നാല്‍ ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം അവര്‍ തോക്കിന്റെ പാത്തികൊണ്ടു റോസയുടെ തലയോട് തകര്‍ത്തു. പിന്നെ വെടിയുതിര്‍ത്തു. മൃതദേഹം കൂസ്ബര്‍ഗിലെ ലാന്‍വെര്‍ കനാലില്‍ തള്ളി. മാസങ്ങള്‍ക്കുശേഷം മാത്രമാണ് ലോകമെങ്ങും ആരാധിക്കപ്പെട്ടിരുന്ന ആ കമ്യൂണിസ്റ്റുകാരിയുടെ മൃതദേഹം പോലും പുറം ലോകം കണ്ടുള്ളൂ. ലിബിനെക്റ്റിനെ പട്ടാളം നേരെ ടൈയര്‍ഗാര്‍ട്ടന്‍ പാര്‍ക്കിലേക്ക് കൊണ്ടുപോയി വെടിവെച്ചുകൊന്നു.

കഴിഞ്ഞ ദിവസം ബെര്‍ലിനില്‍ നടന്ന റാലി| AFP
കവിയും ചിത്രകാരിയുമായിരുന്ന റോസ മായാത്ത നിറങ്ങളാലും ചിത്രങ്ങളാലും കാലത്തെ മറികടന്നു. 1919 -ലെ വിപ്ലവകാരികളെ ഭരണകൂടം അടിച്ചമര്‍ത്തിയെങ്കിലും അവരുടെ രാഷ്ട്രീയം മരണമില്ലാത്ത അവശേഷിക്കുന്നു. റോസയുടെ എഴുത്തുകള്‍ ലോകത്താകമാനം വായിക്കപ്പെടുന്നു. ഇവര്‍ കൊല്ലപ്പെട്ട ദിവസത്തിന്റെ ഓര്‍മയ്ക്കായി വര്‍ഷാവര്‍ഷം ബെര്‍ലിനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ റാലി സംഘടിപ്പിക്കുന്നു. 'യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നത്, വേറിട്ട് ചിന്തിക്കുന്നവന്റെ സ്വാതന്ത്ര്യമാണ് ' എന്ന റോസയുടെ വാക്കുകള്‍ എന്നും പ്രസക്തമാണ്.
Content Highlights: The revolutionary Rosa Luxemburg life