ന്റെ ബാല്യകാല സ്വപ്നലോകത്ത് സുമംഗലയുടെ കഥാപാത്രങ്ങളായിരുന്നു ചുറ്റും. കാഴ്ചയില്‍ ഏറെ കട്ടിയുള്ള മിഠായിപ്പൊതി എന്ന പുസ്തകം പത്തിലേറെ തവണ വായിച്ചിട്ടുണ്ടാകണം. നീലിമ എന്ന പാവക്കുട്ടിയും തന്ത്രക്കാരി തത്തമ്മ പെണ്ണും പിന്നെ പാല്‍ക്കാരി പശുവുമെല്ലാം എന്റെ വീട്ടില്‍ തന്നെയാണ് ജീവിച്ചത്. അവരെ അതിഥികളെന്ന് പോലും വിളിക്കാനാകില്ല. അവിട്ടത്തൂര്‍ സ്പെയ്സ് ലൈബ്രറിയില്‍ കാറ്റലോഗ് പുസ്തകത്തില്‍ 1500-മാത്തെ നമ്പറായിരുന്നു മിഠായിപ്പൊതിയുടേത്. ഓരോ തവണയും നമ്പര്‍ കാണാപാഠമായി ലൈബ്രേറിയന്‍ അംബികച്ചേച്ചിയോട് പറയുമ്പോള്‍ ചേച്ചി ചോദിക്കും, ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് വായിക്കുന്നത് എന്ന്. ജാള്യത മറയ്ക്കാനായി കള്ളനോട്ടത്തോടെ മറുപടിയില്ലാതെ ഞാന്‍ നില്‍ക്കും. ചിരിയടക്കാനാകാതെ ചേച്ചി പുസ്തകം എടുത്തു തരും.

ലൈബ്രറിയില്‍ നിന്ന് വരുന്ന വഴി അമ്പലമുണ്ട്, ആലുണ്ട്. വീട്ടിലെത്തി വായന തുടങ്ങാന്‍ ക്ഷമയില്ലാത്ത ഞാന്‍ ആല്‍ത്തറയില്‍ ഇരുന്ന് മിഠായിപ്പൊതി തുറക്കും. അതിലെ കഥകള്‍ ഓരോന്നായി നുണയുമ്പോള്‍ അച്ഛന്‍ ക്ലാസ് കഴിഞ്ഞ് സുസുക്കി സമുറായി ബൈക്കില്‍ ആ വഴി വരുന്നുണ്ടായിരിക്കും. 'വരൂ വീട്ടിലേക്ക് പോകാം,' എന്ന് പറയുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഉടുപ്പിലെ പൊടിതട്ടി ആല്‍ത്തറയില്‍ നിന്ന് എഴുന്നേല്‍ക്കും. വഴിയരികിലെ കടയില്‍ ബൈക്ക് നിര്‍ത്തി അച്ഛന്‍ കപ്പലണ്ടിയും സിപ്പ്അപ്പും വാങ്ങി തരുന്നതുവരെ വായനമുടക്കിയ അച്ഛനോടുള്ള പരിഭവം മാറില്ല. 

മഞ്ചാടിക്കുരു മേശ വലിപ്പില്‍ സൂക്ഷിക്കുന്ന, അതെടുത്ത് കഴിച്ച് ഛര്‍ദ്ദിക്കുന്ന, അച്ഛന്റെ കയ്യില്‍ നിന്ന് തുടയില്‍ അടിവാങ്ങുന്ന, കഥയിലെ പെണ്‍കുട്ടി സ്വയം ഞാനാണെന്ന് സങ്കല്‍പ്പിച്ചത് വീട്ടില്‍ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. മഞ്ചാടിക്കുരു വായിച്ചതിന് ശേഷം അച്ഛനും അമ്മയ്ക്കും മുന്നില്‍ ഒരു ആവശ്യം ഉന്നയിച്ചു. 'എനിക്കും വേണം മേശ, വെറും മേശയല്ല വലിപ്പുള്ള മേശ'. എനിക്കും അതില്‍ മഞ്ചാടിക്കുരു പൊതിഞ്ഞു സൂക്ഷിക്കണം. എന്റെ ജീവിതത്തില്‍ ഞാന്‍ മറ്റൊരു കാര്യത്തിനും  ഞാന്‍ ഇത്രയും ദുര്‍വാശി കാണിച്ചിട്ടില്ല. മേശ വാങ്ങാനുള്ള പണം അന്ന് അച്ഛന്റെ കയ്യിലുണ്ടായിരുന്നില്ല. കരഞ്ഞ് കരഞ്ഞ് തളര്‍ന്ന എന്നെ തോളിലിട്ട് അച്ഛന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ വഴങ്ങിയില്ല. വലിപ്പില്ലാത്ത ഒരു മേശയില്‍ പുസ്തകം വയ്ക്കുന്ന സ്റ്റാന്റിന്റെ തട്ടെടുത്ത് താല്‍ക്കാലികമായി രണ്ട് വലിപ്പുകള്‍ അച്ഛന്‍ പിടിപ്പിച്ച് അതെനിക്ക് സമ്മാനമായി നല്‍കിയപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയായി ഞാന്‍  മാറുകയായിരുന്നു. ഇനി വേണ്ടത് മഞ്ചാടിക്കുരുവാണ്, പക്ഷേ അതെവിടെ കിട്ടും? എന്റെ അക്ഷരശ്ലോകം ഗുരുവായ രാഘവന്‍ മാസ്റ്ററുടെ വീട്ടില്‍ മഞ്ചാടി മരമുണ്ടായിരുന്നു. മാഷിന്റെ വീട്ടിലെ കാവിനോട് ചേര്‍ന്ന്. മാഷിന്റെ മഞ്ചാടിമരം ഓര്‍മയില്‍ വന്നപ്പോള്‍ സമയം പാഴാക്കാതെ ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി. ചിന്നി ചിതറി കിടക്കുന്ന മഞ്ചാടി മണികളെ ഞാന്‍ കൈപ്പിടിയിലാക്കി. താഴെ ചിതറിക്കിടക്കുന്ന എന്റെ സ്വപ്നങ്ങളെ ചേര്‍ത്തുവയ്ക്കുകയായിരുന്നു ഞാന്‍ ആ നിമിഷം.

കുട്ടികള്‍ക്ക് വേണ്ടി സുമംഗല എഴുതിയ ത്രില്ലര്‍ കഥകളില്‍ എന്നെ ഏറ്റവും കിടുക്കിയത് രഹസ്യം ആയിരുന്നു. ചിത്തഭ്രമം ബാധിച്ച ആ ഇരട്ട പെണ്‍കുട്ടിയുടെ കഥാപാത്രം എന്നെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. അതുപോലെ മുത്തശ്ശനും മുത്തശ്ശിയ്ക്കും അരികില്‍ അവധി ആഘോഷിക്കാന്‍ എത്തുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന കഥ (കഥയുടെയും കഥാപാത്രത്തിന്റെയും പേര് ഓര്‍മയില്‍ ഇല്ല), ഡ്രഗ് ഡീലറായി കുട്ടികളെ പറഞ്ഞ് പറ്റിക്കുന്ന കള്ളനോട്ടടിക്കുന്ന ഒരു വില്ലന്റെ കഥ, തോട്ടിനരികില്‍ നീല കല്ലുകളുള്ള മാല ധരിച്ച് പ്രേതമായി വരുന്ന തമ്പ്രാട്ടികുട്ടിയുടെ കഥ.... അങ്ങനെ എത്രയേറെ കഥകളും കഥാപാത്രങ്ങളുമാണ് എനിക്ക് ചുറ്റും ജീവിച്ചത്. 

കഴിഞ്ഞ ദിവസം സുമംഗലയുടെ വിയോഗവാര്‍ത്ത കേട്ടപ്പോള്‍ എന്നെ ആ പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയത് എന്റെ സുഹൃത്ത് സന്ദീപേട്ടന്‍ അയച്ച ഒരു സന്ദേശമായിരുന്നു. സന്ദീപേട്ടന് നന്ദി... ഇന്നെനിക്കൊപ്പം അച്ഛനില്ല, സുമംഗലയുമില്ല, ബാക്കിയുള്ളത് മഞ്ചാടിക്കുരുവും മിഠായിപ്പൊതിയും മധുരമുള്ള കുറേയേറെ ഓര്‍മകളും മാത്രം

കഥമുത്തശ്ശിയ്ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി, എന്റെ ബാല്യകാലം മനോഹരമാക്കിയതിന്, പുസ്തകത്തിന്റെ ലോകത്ത് എന്നെ തളച്ചിട്ടതിന്, എന്റെ ഭാവനയുടെ ലോകം വിശാലമാക്കിയതിന്... ആയിരം നന്ദി

Content Highlights: Sumangala Writer demise, a loving note from fan girl, manchadikuru, mittayipothi