ളിത ഭാരതിക്ക് ഇപ്പോള്‍ വയസ്സ് 93. ഓര്‍മകള്‍ പതുക്കെ മങ്ങിക്കൊണ്ടിരിക്കയാണ്. ചെന്നൈ അണ്ണാനഗറിലെ വീട്ടിലെത്തിയപ്പോള്‍ കസേരയില്‍ ചാരിക്കിടക്കുകയായിരുന്നു അവര്‍. മെലിഞ്ഞ ശരീരം, വലിയ കണ്ണുകള്‍, ആഢ്യത്വമുള്ള പ്രസന്നമായ മുഖം. ചിരിച്ച് കൈകൂപ്പി 'വണക്കം' പറഞ്ഞു. അവരുടെ മകനും കര്‍ണാടകസംഗീതജ്ഞനുമായ രാജ്കുമാര്‍ പരിചയപ്പെടുത്തി. പൊടുന്നനെ ചോദ്യം: 'സുബ്രഹ്മണ്യഭാരതി മരിച്ചിട്ട് 100 വര്‍ഷമാവുകയല്ലേ?' ഓര്‍മകള്‍ മാഞ്ഞുതുടങ്ങുമ്പോഴും മുത്തച്ഛനെ അവര്‍ മനസ്സില്‍ ചേര്‍ത്തുപിടിച്ചിരിക്കയാണ്. സുബ്രഹ്മണ്യഭാരതിയുടെ മകള്‍ തങ്കമ്മാള്‍ ഭാരതിയുടെ മക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്നയാളാണ് ലളിത ഭാരതി.

''അമ്മ സ്‌കൂള്‍ടീച്ചറായിരുന്നു. ഭാരതിയാരുടെ ഗാനങ്ങള്‍ ഇത്രയും നന്നായി പാടിയ ഒരാള്‍ തമിഴ്നാട്ടില്‍ വേറെയുണ്ടാവില്ല. വരികളുടെ അര്‍ഥവും ഭാവവും ഉള്‍ക്കൊണ്ട് ഘനഗംഭീരശബ്ദത്തിലാണ് അമ്മ പാടിയിരുന്നത്'' -ലളിത ഭാരതിയുടെ മുടിയില്‍ തലോടിക്കൊണ്ട് രാജ്കുമാര്‍ പറഞ്ഞു. ''മുത്തച്ഛന് എഴുത്തായിരുന്നു ജീവിതം. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരെയും സ്‌നേഹിച്ചു. അനീതികള്‍ക്കെതിരേ ശബ്ദിച്ചു. വലിയ ദാരിദ്ര്യമായിരുന്നു. ഇന്നിപ്പോള്‍ ചെന്നൈയിലും പുതുച്ചേരിയിലും ജന്മനാടായ എട്ടയപുരത്തും സ്മാരകമന്ദിരങ്ങളുണ്ട്. ഈ കെട്ടിടങ്ങളൊന്നുംതന്നെ ഭാരതിയാരുടെ സ്വന്തമല്ല എന്നതാണ് സത്യം. വാടകയ്ക്കുതാമസിച്ച വീടുകളാണവ. സ്വന്തമായി വീടുണ്ടാക്കാന്‍ പണമുണ്ടായിരുന്നില്ല. എവിടെയും സ്ഥിരമായി താമസിക്കാന്‍ ബ്രിട്ടീഷ് പോലീസ് അനുവദിച്ചുമില്ല. അദ്ദേഹത്തിന്റെ തൂലികയെ അവര്‍ ഭയന്നു. ചെന്നൈയില്‍നിന്ന് പുതുച്ചേരിയിലേക്കുള്ള പലായനം ബ്രിട്ടീഷ് പോലീസിന്റെ അറസ്റ്റുഭയന്നാണ്. പുതുച്ചേരിയില്‍ ഫ്രഞ്ച് സര്‍ക്കാരായതിനാല്‍ സ്വസ്ഥമായി ജീവിക്കാനായി. ആ പത്തുവര്‍ഷത്തിലാണ് മികച്ച രചനകള്‍ ഉണ്ടായത്. തിരിച്ച് ചെന്നൈയിലെത്തി മൂന്നുവര്‍ഷംമാത്രം ജീവിച്ചു. അപ്പോഴേക്കും വിരക്തി വല്ലാതെ പിടികൂടിയിരുന്നു. തന്റെ മരണം അടുത്തുവെന്ന് തോന്നല്‍ കലശലായി'' -അമ്മയില്‍നിന്ന് താന്‍ കേട്ട കഥകളുടെ കെട്ടുകള്‍ ഒന്നൊന്നായി അഴിക്കുകയാണ് രാജ്കുമാര്‍. ''ക്ഷിപ്രകോപിയായിരുന്നു മുത്തച്ഛന്‍. ദേഷ്യപ്പെട്ട് പാത്രങ്ങള്‍ വലിച്ചെറിയും. പെട്ടെന്ന് ശാന്തനായി ഭാര്യയുടെ അടുത്തുപോയിപ്പറയും, 'ഇതാ പുതിയ ഭാരതി വന്നു. പഴയ ഭാരതി മരിച്ചിരിക്കുന്നു.'

പക്ഷിമൃഗാദികളെ ഭാരതിയാര്‍ക്ക് വലിയ സ്‌നേഹമായിരുന്നു. കുരുവികളെക്കണ്ടാല്‍ അരിമണികള്‍ വാരിവിതറും. ഒരിക്കല്‍ തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ കുരങ്ങുള്‍പ്പെടെ മൃഗങ്ങളെയൊക്കെ ഭാരതിയാര്‍ അടുത്തുചെന്ന് തലോടി. സിംഹത്തിനടുത്ത് പോകരുതെന്ന് മൃഗശാലാ ജീവനക്കാരന്‍ നിര്‍ദേശിച്ചത് കൂട്ടാക്കിയില്ല. കൂട്ടിനടുത്തെത്തി വാലില്‍ തൊട്ടതിനുശേഷം അദ്ദേഹം പറഞ്ഞു: 'നീ കാട്ടുരാജ, ഞാന്‍ പാട്ടുരാജ. പാട്ടുരാജയ്ക്ക് ഒരു ഗര്‍ജനം കൊട്...' ഉടനെ സിംഹം ഗര്‍ജിച്ചുവെന്നാണ് കഥ. തിരുവനന്തപുരത്ത് തമിഴ്പണ്ഡിതനായ വയ്യാവുരി പിള്ള നടത്തിയിരുന്ന ശൈവപ്രകാശസഭ എന്ന സംഘടനയുടെ ഓഫീസില്‍ അവിചാരിതമായെത്തി 'ചിന്നഞ്ചെറു കിളിയേ...' എന്ന ഗാനം ഭാരതിയാര്‍ പാടിയ ഓര്‍മകളും ലളിത ഭാരതി മക്കളുമായി പങ്കുവെച്ചിട്ടുണ്ട്.

ചെന്നൈ ട്രിപ്ലിക്കേനിലെ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ദിവസവും ദര്‍ശനംനടത്തുമായിരുന്നു. അവിടെ ആനയ്ക്ക് തേങ്ങയും പഴവും നല്‍കും. മദമിളകിയ കാര്യമറിയാതെ ഒരു ദിവസം പതിവുപോലെ അന്നംനല്‍കി. ആന തുമ്പിക്കൈകൊണ്ട് അദ്ദേഹത്തെ എടുത്തെറിഞ്ഞു. നിലത്തുവീണപ്പോള്‍ അദ്ദേഹത്തിനുസമീപം ആന നടന്നുവന്നു. പക്ഷേ, ചവിട്ടിമെതിക്കാതെ നടന്നുപോയി. സുഹൃത്തായ കുവളൈ കണ്ണനാണ് ആശുപത്രിയിലെത്തിച്ചത്. പൊതുവേ അനാരോഗ്യമുള്ളതിനാല്‍ ആനയുടെ ആക്രമണം കൂടുതല്‍ തളര്‍ത്തി. സംഭവംനടന്ന് പത്തുമാസം കഴിഞ്ഞാണ് ഭാരതിയാര്‍ മരിച്ചത്. അവസാനകാലത്ത് ഉദരസംബന്ധമായ അസുഖം കലശലായി. അതിസാരം വല്ലാതെ കൂടി. ട്രിപ്ലിക്കേനിലെ വാടകവീട്ടിലായിരുന്നു മരണം. സമീപത്തെ കണ്ണമ്മാംപേട്ട ശ്മശാനത്തില്‍ സംസ്‌കാരം. മൃതദേഹംവഹിച്ചുളള യാത്രയില്‍ പത്തോ പന്ത്രണ്ടോ പേര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ'' -രാജ്കുമാര്‍ പറഞ്ഞു.

ജീവിച്ചിരുന്നപ്പോള്‍ എട്ടയപുരം രാജാവ് ഭാരതിയാര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങളും സഹായവും നല്‍കി. മരണശേഷംമാത്രമാണ് അദ്ദേഹം പ്രമുഖനെന്ന ഖ്യാതി നേടിയത്. അതോടെ രചനകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ഗാനങ്ങള്‍ ഇന്ത്യ മുഴുവന്‍ അലയടിച്ചു. ഒരു ദരിദ്രനുലഭിച്ച മരണാനന്തരസൗഭാഗ്യങ്ങള്‍! ഭാരതിയാരുടെ മരണശേഷം ഭാര്യ ചെല്ലമ്മാള്‍ തിരുെനല്‍വേലിയിലേക്ക് താമസം മാറി. കഷ്ടപ്പാടുനിറഞ്ഞതായിരുന്നു പിന്നീടുള്ള ജീവിതം. 1956-ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. മരിക്കുമ്പോള്‍ 66 വയസ്സായിരുന്നു അവര്‍ക്ക്. ''ഭാരതിയാരുടെ പിന്‍മുറക്കാരെന്ന് അറിയപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്'' -രാജ്കുമാറും നിരഞ്ജനും പറയുന്നു.

കാലത്തിനുമുമ്പേ നടന്നൊരാള്‍

ബ്രാഹ്മണനായിരുന്നെങ്കിലും അതിനുയോജിക്കാത്ത ജീവിതം. സിഖുകാരെപ്പോലെ വെളുത്ത തലപ്പാവ്, കട്ടിമീശ, മേല്‍വസ്ത്രത്തിനുമേലെ ഒരു കോട്ട്. നാടിനുപോലും അപരിചിതമായ വേഷവിധാനങ്ങള്‍! മാനവികതയുടെ വിശാലലോകത്തേക്കായിരുന്നു ആ കണ്ണുകള്‍ തുറന്നുപിടിച്ചത്. തന്നിലെ ബ്രാഹ്മണ്യത്തോട് കലഹിച്ചുകൊണ്ടുതന്നെയായിരുന്നു ജീവിതം. ജാതിവാല്‍ ഉപേക്ഷിച്ചു, പൂണൂല്‍ മുറിച്ചെടുത്തു. മറ്റുമതസ്ഥരുടെ ആചാരങ്ങളിലും ചടങ്ങുകളിലും പങ്കെടുത്തു. ദളിതരുടെ ക്ഷേത്രപ്രവേശനത്തിന് മുന്‍കൈയെടുത്തു. ഏഴുവയസ്സുകാരിയായ ചെല്ലമ്മാളെ വിവാഹംകഴിച്ചത് പതിന്നാലാം വയസ്സില്‍.

തമിഴ്നാട്ടിലെ തിരുെനല്‍വേലിക്കടുത്ത എട്ടയപുരത്ത് 1882 ഡിസംബര്‍ 11-ന് ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യരുടെയും ലക്ഷ്മി അമ്മാളുടെയും മകനായി ജനനം. അഞ്ചാംവയസ്സില്‍ അമ്മയും പതിനാറാം വയസ്സില്‍ അച്ഛനും മരിച്ചു. നാട്ടില്‍ പ്രാഥമികവിദ്യാഭ്യാസം. ഏഴാംവയസ്സില്‍ കവിതയെഴുത്ത് തുടങ്ങി. പതിനൊന്നാം വയസ്സിലാണ് 'ഭാരതി' എന്ന് അറിയപ്പെട്ടുതുടങ്ങിയത്. 29 ഇന്ത്യന്‍ ഭാഷകളും മൂന്ന് വിദേശഭാഷയുമുള്‍പ്പെടെ 33 ഭാഷകളില്‍ പ്രാവീണ്യം. 1898 മുതല്‍ രണ്ടുവര്‍ഷം വാരാണസിയില്‍ താമസിച്ചപ്പോള്‍ സംസ്‌കൃതവും ഹിന്ദിയും പഠിച്ചു. ഹൈന്ദവ ആത്മീയതയുമായി കൂടുതല്‍ അടുത്തതും ഇക്കാലത്താണ്. അത് ദേശീയപ്രസ്ഥാനത്തിലേക്കുള്ള കാല്‍വെപ്പിന് ഹേതുവായി. വാരാണസിയില്‍നിന്ന് തിരിച്ചെത്തി എട്ടയപുരം രാജാവിന്റെ കൊട്ടാരത്തിലെ ആസ്ഥാനകവിയായി. മധുരയില്‍ അധ്യാപകനായി. അതിനുശേഷം ചെന്നൈയില്‍ തമിഴ് ദിനപത്രമായ 'സ്വദേശമിത്രനി'ല്‍ പത്രപ്രവര്‍ത്തകന്‍. 1905-ല്‍ വാരാണസിയില്‍നടന്ന കോണ്‍ഗ്രസ് അഖിലേന്ത്യാസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ, സ്വാമി വിവേകാനന്ദന്റെ ശിഷ്യ സിസ്റ്റര്‍ നിവേദിതയെ പരിചയപ്പെട്ടു. അതോടെ സ്ത്രീശാക്തീകരണത്തില്‍ പ്രവര്‍ത്തനം ശക്തമാക്കി. 1906 ഏപ്രിലോടെ എം.പി.ടി. ആചാര്യയോടൊപ്പം തമിഴ് വാരിക ഇന്ത്യ, ഇംഗ്ലീഷ് പത്രമായ ബാലഭാരതം എന്നിവയില്‍ പ്രവര്‍ത്തിച്ചു.

ഭാരതിയാരുടെ മരണശേഷം ഭാര്യ ചെല്ലമ്മാളും രണ്ടുപെണ്‍മക്കളും ഒറ്റപ്പെട്ടു. സാമ്പത്തിക പ്രശ്‌നം രൂക്ഷമായപ്പോള്‍ രചനകള്‍ വില്‍ക്കാന്‍ ചെല്ലമ്മാള്‍ തീരുമാനിച്ചു. പുതുച്ചേരിയിലെ പലായനജീവിതത്തിനിടയിലാണ് കൃഷ്ണഗീതങ്ങളും പാഞ്ചാലീശപഥവും കുയില്‍പ്പാട്ടുമൊക്കെ അദ്ദേഹം രചിക്കുന്നത്.

ഭാരതി കണ്ണമ്മ എന്ന വാക്ക് ഇന്നും തമിഴ്നാട്ടില്‍ പ്രബലമാണ്. ആധുനിക തമിഴ്‌സാഹിത്യത്തിലെ ഏറ്റവും വലിയ സാങ്കല്പികകഥാപാത്രമായിരുന്നു ഭാരതിയുടെ കണ്ണമ്മ. തമിഴ്നാട്ടില്‍ ഇപ്പോഴും മിക്കവരും പെണ്‍മക്കളെ കണ്ണമ്മ എന്നുവിളിക്കുന്നു.

Content Highlights: Subramania Bharati 100th death anniversary