chithiraതിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ നാടുനീങ്ങിയിട്ട് ചൊവ്വാഴ്ച 30 വര്‍ഷം തികയുന്നു. ഭരണാധികാരിയെന്ന നിലയില്‍ തിരുവിതാംകൂറില്‍ ഒട്ടേറെ വികസനത്തിന് യത്‌നിച്ച അദ്ദേഹം രാജാവും, തിരു-കൊച്ചിയിലെ രാജപ്രമുഖനും പിന്നീട് പൗരനുമായിരുന്നു. 1991 ജൂലായ് 20-ന് രാവിലെയാണ് അദ്ദേഹം നാടുനീങ്ങിയത്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കവടിയാര്‍ കൊട്ടാരവളപ്പിലെ പഞ്ചവടിയില്‍ ചൊവ്വാഴ്ച രാവിലെ 8.15-ന് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും.

തിരുവിതാംകൂറിലെ ഇളയ മഹാറാണി സേതു പാര്‍വതി ഭായിയുടെയും, പൂരംനാള്‍ രവിവര്‍മ കൊച്ചുകോയി തമ്പുരാന്റെയും മൂത്ത മകനായി 1912 നവംബര്‍ ഏഴിന് അദ്ദേഹം ജനിച്ചു. 1924-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ മരണത്തെത്തുടര്‍ന്ന് രാജാവായി 12 വയസ്സു മാത്രമുണ്ടായിരുന്ന ചിത്തിര തിരുനാള്‍ അവരോധിക്കപ്പെട്ടു. പ്രായക്കുറവു കാരണം അദ്ദേഹത്തിന് 18 വയസ്സ് തികയുന്നതുവരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധിയായി ഭരിച്ചു. 1931 നവംബര്‍ മുതല്‍ 1949 വരെ അദ്ദേഹം തിരുവിതാംകൂര്‍ ഭരിച്ചു.

1936-ല്‍ അദ്ദേഹം ക്ഷേത്രപ്രവേശന വിളംബരം നടത്തി. തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി, ടെലിഫോണ്‍ സര്‍വീസുകള്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, എഫ്.എ.സി.ടി. റേഡിയോ സ്റ്റേഷന്‍, സ്വാതി തിരുനാള്‍ സംഗീത കോളേജ്, പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എന്‍ജിനീയറിങ് കോളേജ് തുടങ്ങിയവ ആരംഭിച്ചത് അദ്ദേഹമാണ്.1956-ല്‍ ഐക്യകേരളം രൂപപ്പെടുന്നതുവരെ അദ്ദേഹം രാജപ്രമുഖനായി തുടര്‍ന്നു.

Content Highlights: Sree Chithira Thirunal Balarama Varma