സോവിയറ്റ് റഷ്യൻ കവയിത്രിയും ബാലസാഹിത്യകാരിയുമായ അഗ്നിയ ബർട്ടോയുടെ 40-ാം ഓർമദിനം. മോസ്കോയിലെ ഒരു റഷ്യൻ-ജ്യൂവിഷ് കുടുംബത്തിലാണ് അഗ്നിയ ജനിച്ചത്. 1906 ഫെബ്രുവരി 17-നായിരുന്നു ജനനം. ആദ്യകാലത്ത് കവിതകളോടായിരുന്നു അഗ്നിയക്ക് താല്പര്യമുണ്ടായിരുന്നത്. കവിതകൾ വായിക്കുകയും സ്വന്തമായി കവിതകൾ എഴുതാനും അവർ താല്പര്യം പ്രകടിപ്പിച്ചു. 20-ാം നൂറ്റാണ്ടിലെ ഒരു റഷ്യൻ കവയിത്രിയായ അന്ന അക്മാതോവയെയും റഷ്യൻ കവി വ്ളാദിമിർ മയകോവ്സ്കിയെയും അനുകരിക്കാൻ ശ്രമിച്ചിരുന്നു. ബിരുദപഠനത്തിനുശേഷം തനിക്ക് ഒരു കവിയായാൽ മതിയെന്ന് അവർ അഭിപ്രായപ്പെട്ടു.

അക്കാലത്തെ ബർട്ടോയുടെ കവിതകളെല്ലാം പ്രണയവും വിപ്ലവവും പ്രതിപാദിക്കുന്നവയായിരുന്നു. എന്നാൽ തനിക്ക് കുട്ടികളുടെ കവിയായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് അവർ പ്രഖ്യാപിച്ചു. ഒരു ഇലക്ട്രിക് എഞ്ചിനീയറും കവിയുമായ പാവൽ ബർട്ടോ അഗ്നിയയെ വിവാഹം കഴിച്ചു. 1925നുശേഷമാണ് അഗ്നിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങുന്നത്. ചൈനീസ് ബോയ് വാൻ-ലിൻ, മിഷ്ക ദി പെറ്റി തീഫ് എന്നിവ അക്കാലത്ത് പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളാണ്. 1936-ൽ കളിപ്പാട്ടങ്ങൾ (Toys) എന്ന പേരിൽ കൗമാരപ്രായക്കാർക്കായി കാവ്യാത്മകമായ മിനിയേച്ചറുകളടങ്ങിയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് അഗ്നിയ കുട്ടികളുടെ എഴുത്തുകാരിയായി മാറുന്നത്. ആ പുസ്തകം വലിയ വിജയമായിരുന്നു അക്കാലത്ത് നേടിക്കൊടുത്തത്.

1949-ൽ കുട്ടികൾക്കുള്ള കവിത (Poetry for children) എന്ന കൃതിക്ക് സ്റ്റാലിൻ സമ്മാനം ലഭിച്ചു. 1960-കളിൽ അഗ്നിയ അനാഥാലയത്തിൽ ജോലിചെയ്തു. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിച്ച കവിതയാണ് 'സ്വെനിഗോരോഡ്'. വിവിധ രാജ്യങ്ങളിലെ കുട്ടികൾ എഴുതിയ കവിതകൾ വിവർത്തനം ചെയ്ത് 1977-ൽ പുസ്തകമാക്കി. ട്രാൻസ്ലേഷൻസ് ഫ്രം ദി ചിൽഡ്രൻസ് ലാംഗ്വേജ് എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. 1981 ഏപ്രിൽ ഒന്നിന് മോസ്കോയിൽവെച്ച് അഗ്നിയ അന്തരിച്ചു. കുട്ടികളുടെ സിനിമകൾക്കുവേണ്ടിയും അഗ്നിയ നിരവധി സ്ക്രിപ്റ്റുകൾ രചിച്ചിട്ടുണ്ട്. സ്നേഹവും വിപ്ലവവും നിറയുന്ന കവിതകളിൽനിന്ന് കുട്ടികളുടെ ഭാഷയിലേക്ക് കവിതകളെ മാറ്റി സ്ഥാപിക്കുകയായിരുന്നു അഗ്നിയ. കുട്ടികൾക്കുവേണ്ടി എഴുതുക എന്ന ലക്ഷ്യം അവർക്ക് തുടക്കത്തിലേ ഉണ്ടായിരുന്നു. കുട്ടികളുടെ എഴുത്തുകാരിയായി അറിയപ്പെടാൻ അവർ ആഗ്രഹിച്ചു.
Content highlights :soviet russian poet and children's writer agniya barto life and writings