1973-ലും '78-ലും കേശവമേനോനെ കാണാന്‍ പോയതിനെക്കുറിച്ച് എസ്.കെ. പൊറ്റെക്കാട്ടിന്റെ അപ്രകാശിതവും അപൂര്‍വവുമായ രണ്ടു ഡയറിക്കുറിപ്പുകള്‍ ഇതോടൊപ്പം. എസ്.കെ.യുടെ മകള്‍ സുമിത്രാജയപ്രകാശിന്റെ ശേഖരത്തില്‍നിന്ന്

1973 നവംബര്‍ 4

കെ.പി. കേശവമേനോന്‍ രണ്ടുമാസമായിട്ട് രോഗശയ്യയിലാണ്. ഒരു നേരിയ ഹാര്‍ട്ട് അറ്റാക്ക്. സ്‌ട്രോക്ക് ഉണ്ടായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിപൂര്‍ണവിശ്രമമെടുക്കണമെന്ന് വിധിച്ചിരിക്കയാണ്. എന്നാല്‍, കേശവമേനോന്‍ തനിക്കു പരിപൂര്‍ണമായ ആരോഗ്യമുണ്ടെന്ന നാട്യത്തില്‍ കഴിയുകയാണ്.

ഞാനും ഉറൂബും (പി.സി. കുട്ടിക്കൃഷ്ണന്‍) കഴിഞ്ഞ ഒക്ടോബര്‍ 12-ന് കേശവമേനോനെ കാണാന്‍പോയിട്ടുണ്ടായിരുന്നു. കേശവമേനോന്‍ കൂടുതല്‍ സംസാരിക്കുന്നത് ഹൃദ്രോഗത്തെ ബാധിക്കുമെന്ന് മനസ്സിലാക്കി ഞാന്‍ അധികനേരം അവിടെനിന്നില്ല.

കേശവമേനോന്‍ എന്നെ കാണണമെന്നു പറഞ്ഞു. ഇന്നലെ ശ്രീനിവാസനെക്കൊണ്ട് ഫോണ്‍ ചെയ്യിച്ചിരുന്നു. അതിനാല്‍ ഞാന്‍ ഇന്ന്, ശ്രീകണ്‌ഠേശ്വരക്ഷേത്രത്തില്‍ കുട്ടിക്കേളുമാസ്റ്ററുടെ മകള്‍ ശ്രീദേവിയുടെ വിവാഹത്തില്‍ സംബന്ധിച്ചു. അവിടെനിന്ന് ഓട്ടോറിക്ഷകള്‍ ഓടാതെയിരുന്നതിനാല്‍ (പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്) ബിലാത്തികുളംവരെ നടന്നു.

കേശവമേനോന്റെ വീട്ടിലെത്തിയപ്പോള്‍ സണ്‍ഇന്‍ലോ തളാപ്പ് പറഞ്ഞു. ''ഇന്നലെ വൈകുന്നേരം മുഴുവനും പൊറ്റെക്കാട്ടിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു മൂപ്പര്''.

ഞാന്‍ മുകളിലേക്ക് കേറിച്ചെന്നു.

ഞാന്‍ വന്നതറിഞ്ഞപ്പോള്‍ കേശവമേനോന് വലിയ സന്തോഷമായി. രണ്ടുമൂന്നുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഒന്നാമത്തെ കാര്യം, കേരള സാഹിത്യ അക്കാദമി സമ്മാനപരിഗണനയ്ക്ക്, 'നാം മുന്നോട്ട്' എന്ന തന്റെ ഗ്രന്ഥങ്ങളുടെ അഞ്ചുവാല്യങ്ങളും അയക്കുന്നുണ്ടെന്നും അത് ഏത് ഇനത്തില്‍പ്പെടുമെന്നും എന്നോട് ചോദിച്ചു. ഉപന്യാസങ്ങളുടെ ഇനത്തില്‍പ്പെടുത്താമെന്ന് ഞാന്‍ പറഞ്ഞു. മറ്റൊരു കാര്യം: ''ഞാന്‍ ഓഫീസില്‍പോയി ഒരു മണിക്കൂര്‍ ഇരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.'' എന്ന വാര്‍ത്തയായിരുന്നു.

ഇക്കാര്യം താഴെനിന്ന് തളാപ്പ് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു: ''മൂപ്പര്‍ നിര്‍ബന്ധം പിടിക്കുന്നു. മാതൃഭൂമി ഓഫീസില്‍പോയി കുറച്ചുനേരം ഇരിക്കണമെന്നും അതിനാല്‍ അവിടെ കോഴിപ്പുറത്തു മാധവമേനോന്‍ ഉപയോഗിച്ചിരുന്ന താഴത്തെ റൂം കേശവമേനോനുവേണ്ടി ഒന്നു പുതുക്കിത്തയ്യാറാക്കിവെച്ചിരിക്കയാണ്. വിഷമം അതല്ല. ഇവിടത്തെ കോണി ഇറങ്ങുകയും കയറുകയും ചെയ്യണ്ടേ? ഇന്ദിരാഗാന്ധി കേശവമേനോനെ സന്ദര്‍ശിക്കാന്‍ വരുന്നുവെന്ന് കേട്ടപ്പോള്‍ കോണിയിറങ്ങി താഴെ ചെന്നുനില്‍ക്കാന്‍ പുറപ്പെട്ട മനുഷ്യനാണ്- ഞങ്ങള്‍ തടഞ്ഞുനിര്‍ത്തി. (27 ഒക്ടോബര്‍). ഇന്നലെ കോണിയിറങ്ങി താഴെ വന്നുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഒരുവിധം ഞങ്ങള്‍ പിടിച്ചുകയറ്റി. തിങ്കളാഴ്ച ആപ്പീസില്‍പോയി ഒരു മണിക്കൂര്‍ അവിടെ ചെലവഴിക്കണമെന്നാണ് പറയുന്നത്. അതിനുള്ള റിഹേഴ്സലാണിപ്പോള്‍''.

കേശവമേനോന്‍ ഇപ്പോള്‍ കിടപ്പിലായപ്പോള്‍ കുറച്ചുക്ഷീണം ബാധിച്ചപോലെത്തന്നെയാണ് കാണുന്നത്. കാരണം, ഒരു ജോത്സ്യന്‍ 1974 മാര്‍ച്ച് മാസം കഴിഞ്ഞുകിട്ടാന്‍ പ്രയാസമാണെന്ന് പ്രവചിച്ചതാണത്രേ (നൊമ്മന്‍ കെ.വി. അച്യുതന്‍ നായരും അതുതന്നെ പറഞ്ഞതായും അറിയുന്നു). അതിനാല്‍ തന്റെ അന്ത്യം അടുത്തുവെന്ന വിശ്വാസത്തോടെ കേശവമേനോന്‍ എല്ലാ ഒരുക്കങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്. ''ഞാന്‍ ഇതേവരെ ഒരാളോടും കാത്തുനില്‍ക്കാന്‍ പറഞ്ഞിട്ടില്ല. അന്തകന്‍ വരുമ്പോഴും അങ്ങനെ കാത്തുനില്‍ക്കാന്‍ ഇടവരുത്തുകയില്ല'' എന്നാണ് കേശവമേനോന്‍ സ്വതസിദ്ധമായ നര്‍മബോധത്തോടെ പറയുന്നത്.

''രണ്ടുമൂന്നു പുസ്തകങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അത് ഡിക്റ്റേറ്റ് ചെയ്തുകൊടുക്കാന്‍ താന്‍ തയ്യാറാണ്. പക്ഷേ, അങ്ങനെ തലച്ചോറിനെ പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍ അനുവദിക്കുന്നില്ല. എന്തുചെയ്യും? ഭക്ഷണക്കാര്യത്തിലും മൂപ്പര്‍ ചിലപ്പോള്‍ വാശിപിടിക്കുന്നു. ചില പദാര്‍ഥങ്ങളൊന്നും ഭക്ഷിക്കരുതെന്നു ഡോക്ടര്‍ സി.കെ. രാമചന്ദ്രന്‍ വിലക്കിയിട്ടുണ്ട്. ''ആ പദാര്‍ഥങ്ങള്‍ ഡോക്ടര്‍ ഭക്ഷിക്കണ്ടാ; എനിക്കുവേണം.'' എന്നാണ് കേശവമേനോന്‍ വാദിക്കുന്നത്.

ഞാന്‍ കാല്‍മണിക്കൂറുനേരം അദ്ദേഹത്തിന്റെ രോഗശയ്യയ്ക്കരികെ ഇരുന്നു. അധികസമയവും കേശവമേനോനെക്കൊണ്ട് ഒന്നും പറയിക്കാതെ ഞാന്‍തന്നെ സംസാരിച്ചു സമയംകഴിച്ചു. തുഞ്ചന്‍കമ്മിറ്റിയും കേരളസര്‍ക്കാരും ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റവുമൊക്കെ ഞങ്ങളുടെ സംസാരവിഷയങ്ങളായിരുന്നു.

യാത്രപറഞ്ഞു കോണിയിറങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു: ''പഴയതലമുറയിലെ ഒരു വന്മരം! ഈ മരം മണ്ണില്‍ മറിഞ്ഞുവീണാല്‍ അന്തരീക്ഷത്തില്‍ ഒരു മഹാശൂന്യതയായിരിക്കും.

1973 നവംബര്‍ 21

ഇന്നുരാവിലെ 11 മണിക്കു വൈ.എം.സി.എ. ഹാളില്‍ കെ.പി. വറീത് മാസ്റ്ററെഴുതിയ ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന ഗ്രന്ഥത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കാന്‍പോയി. ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് ശ്രീ. കെ.പി. കേശവമേനോനായിരുന്നു. ഒരു നല്ലപ്രസംഗവും ചെയ്തു. രോഗംമാറി ഇപ്പോള്‍ ദിവസവും രാവിലെ 11 മുതല്‍ 1 വരെ മാതൃഭൂമി ആപ്പീസില്‍ പോകുന്നുണ്ട്. (താഴെ കോഴിപ്പുറം ഉപയോഗിച്ച മുറി)

Content Highlights: SK pottekkatt, KP kesavamenon