'കായംകുളം രാജ്യത്തുള്ള തേവലക്കരയിലെ ഒരു ക്ഷേത്രത്തില്‍ ഒരുപാടു രത്‌നങ്ങള്‍ പതിച്ച തിരുവാഭരണങ്ങളുണ്ട്. ക്ഷേത്രത്തില്‍ ഒരുപാടു സ്വര്‍ണവും ഒളിപ്പിച്ചിട്ടുണ്ട്'' - ബ്രസീലില്‍നിന്നു കൊച്ചിയിലേക്ക് പോര്‍ച്ചുഗീസ് ഗവര്‍ണറായെത്തിയ മാര്‍ട്ടിം അഫോണ്‍സോ ഡിസൂസ അതുകേട്ട് പൊട്ടിച്ചിരിച്ചു. ''സാവോ സെന്റയിലെപ്പോലെ ഇവിടെനിന്ന് എനിക്കു നിധി കിട്ടും''. രഹസ്യം പറഞ്ഞുതന്ന ഭടന്റെ പുറത്തുതട്ടി ഡിസൂസ അജ്ഞാപിച്ചു ''പോയി അവിടുത്തെ മറ്റു കാര്യങ്ങളറിഞ്ഞുവാ''

പോര്‍ച്ചുഗീസ് അഡ്മിറലായിരുന്ന അഫോണ്‍സോ ഡിസൂസ ഒരു യുദ്ധക്കൊതിയനായിരുന്നു. ഫ്രഞ്ച് ആധിപത്യമുണ്ടായിരുന്ന ബ്രസീല്‍ പിടിച്ചടക്കാന്‍ പോര്‍ച്ചുഗീസ് രാജാവ് നിയോഗിച്ചത് ഡിസൂസയെയാണ്. ഫ്രഞ്ചുപടയെ തോല്‍പ്പിച്ച് 1532-ല്‍ ബ്രസീലില്‍ ആദ്യമായി രണ്ടു പോര്‍ച്ചുഗീസ് കോളനികള്‍ ഡിസൂസ സ്ഥാപിച്ചു. സാന്റോസ് നഗരത്തിനടുത്തെ ദ്വീപായ സാവോ സെന്റയും മറ്റൊന്ന് സാവോപോളോയിലെ പീരാച്ചിനിംഗയും. ഫ്രഞ്ചു വ്യാപാരികള്‍ ഒളിപ്പിച്ച സ്വര്‍ണവും വെള്ളിയുമെല്ലാം ഡിസൂസ പോര്‍ച്ചുഗലിലേക്ക് കടത്തി. കൊച്ചി രാജ്യത്തു വന്നപ്പോഴും കൊള്ളയായിരുന്നു ഡിസൂസയുടെ പ്രധാന ലക്ഷ്യം.

തേവലക്കര ദേശത്ത് ആദ്യകാലത്തുണ്ടായിരുന്ന ബുദ്ധവിഹാരം, ബ്രാഹ്മണന്‍മാരുടെ വരവോടെ ഒമ്പതാം നൂറ്റാണ്ടില്‍ ക്ഷേത്രമായി മാറി. ഇവിടുത്തെ കണക്കില്ലാത്ത നിധിയുടെ വിവരമാണ് ഡിസൂസയുടെ ചെവികളിലെത്തിയത്.

ഇന്നത്തെ സെക്യൂരിറ്റി ഏജന്‍സികള്‍ക്കു സമാനമായി പതിനാറാം നൂറ്റാണ്ടില്‍ 'ചങ്ങാതിമാര്‍' എന്ന വിഭാഗമുണ്ടായിരുന്നു. അടിതടയും പല പയറ്റും പഠിച്ച നായര്‍ യോദ്ധാക്കളായിരുന്നു ഇവര്‍. അതിലുപരി അതി വിശ്വസ്തരും. ഇവര്‍ രാജാവിന്റെയോ നാടുവാഴികളുടെയോ അടിമകളായിരുന്നില്ല. പൊന്നും പണ്ടവും വിലപിടിപ്പുള്ള സാധനങ്ങളുമായി പോകുന്ന കച്ചവടക്കാര്‍ ദേഹരക്ഷയ്ക്കും സ്വത്തുരക്ഷയ്ക്കുമായി 'ചങ്ങാതി'മാരെ കൂടെ കൂട്ടും. സ്ത്രീകളുടെ സുരക്ഷയ്ക്കും ചെറുകോട്ടകളുടെ സുരക്ഷയ്ക്കും ഇവരാണു കാവല്‍. ജീവന്‍ കളഞ്ഞും അവരതെല്ലാം സംരക്ഷിച്ചു. അവരിലൊരാള്‍ കൊല്ലപ്പെട്ടാല്‍ സ്‌നേഹിതരും ബന്ധുക്കളും കുടിപ്പകയുമായി നടന്ന് എതിരാളികളെ വകവരുത്തും.

തേവലക്കര ക്ഷേത്രം കാത്തുരക്ഷിച്ചത് ഇതുപോലെ രണ്ടു ചങ്ങാതിമാരാണ്. 1545-ല്‍ ഡിസൂസ ക്ഷേത്രം ആക്രമിക്കാന്‍ പുറപ്പെട്ടു. അവര്‍ക്കു രഹസ്യവിവരം കിട്ടി. ഒരു ചങ്ങാതിയേ കാവലിനുള്ളു. മറ്റേയാള്‍ ദൂരെയെവിടെയോ ആണ്.

രാത്രിയില്‍ ഡിസൂസയും പട്ടാളവും ക്ഷേത്രം വളഞ്ഞു. അവരെ ഒറ്റയ്ക്കു നേരിടുന്നത് മണ്ടത്തരമാണെന്നു മനസ്സിലക്കിയ ചങ്ങാതി ആളെക്കൂട്ടാന്‍ പോയി. അതിനകം ഡിസൂസ ക്ഷേത്രത്തിനകത്തു കയറി. ഇതറിഞ്ഞെത്തിയ ക്ഷേത്രം അധികാരികള്‍ കൊള്ളയടിക്കരുതെന്നു ഡിസൂസയുടെ കാലുപിടിച്ചു പറഞ്ഞു. ക്ഷേത്രം കൊള്ളയടിക്കാതെ മടങ്ങിയാല്‍ പന്തീരായിരം പവന്‍ കൊടുക്കാമെന്ന് ഉറപ്പും നല്‍കി.

പക്ഷേ, ഡിസൂസ അതു ചിരിച്ചു തള്ളി. വെളുക്കുവോളം ക്ഷേത്രത്തില്‍നിന്നുള്ള വിലപിടിപ്പുള്ളതല്ലൊം വാരിക്കൂട്ടി. കൊള്ളമുതലുമായി ക്ഷേത്രത്തിനു പുറത്തെത്തിയ ഡിസൂസയ്ക്കു മുന്നിലേക്ക് ചങ്ങാതിപ്പട വാളും കുന്തവുമായി ചാടിവീണു. അവര്‍ പന്ത്രണ്ടു പേരുണ്ടായിരുന്നു. പിന്നെ പൊരിഞ്ഞ യുദ്ധം. പോര്‍ച്ചുഗീസുകാരില്‍ പലര്‍ക്കും പരിക്കുപറ്റി. ഡിസൂസ ജീവനുംകൊണ്ടു കുതിരപ്പുറത്തേറി കൊച്ചിയിലേക്കോടി. ആളെണ്ണം കൂടുതലുണ്ടായിട്ടും ചങ്ങാതിപ്പടയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്കായില്ല.

ചാവേര്‍ക്കഥ

ചാവേറുകളെക്കുറിച്ച് ഏറ്റവും അധികം കേട്ടതു 'മാമാങ്ക'ക്കഥകളിലാണ്. സാമൂതിരിയെ വകവരുത്താന്‍ ഇറങ്ങിത്തിരിച്ചവര്‍. എന്നാല്‍ അതിനും മുന്നെ ചാവേര്‍ പടയാളികള്‍ ഉണ്ടായിരുന്നതായി ആയിരം വര്‍ഷം മുമ്പെഴുതിയ 'പയ്യന്നൂര്‍ പട്ടോല'യില്‍ പറയുന്നുണ്ട്. മഹോദയപുരത്ത് (കൊടുങ്ങല്ലൂര്‍) ചാവേറുകളുണ്ടായിരുന്നതായി 'ചോളപുരം ശാസന'ത്തിലുമുണ്ട്.

കേരള രാജാക്കന്‍മാര്‍ സിംഹാസനാരോഹണം ചെയ്താല്‍ ഒരു ദിവസം നാടിന് ഊണു കൊടുക്കുക പതിവാണ്. രാജാവിന്റെ അമൃതേത്തിനു ശേഷം ഈ ഭക്ഷണം കഴിക്കുന്നവര്‍ രാജാവിന്റെ മാനവും ജീവനും ജീവന്‍ ത്യജിച്ചും രക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യും. രക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജാവിനെ ദ്രോഹിച്ചവരെ നശിപ്പിക്കാനായിരുന്നു പിന്നത്തെ ശ്രമം.

മഹോദയപുരത്തുനിന്നാണ് ചാവേര്‍ സംസ്‌കാരം കൊച്ചിയിലേക്ക് എത്തിയതെന്നാണു കരുതുന്നത്. ഇടപ്പള്ളിയില്‍ 1504-ല്‍ കൊച്ചി രാജ്യവും കോഴിക്കോട് സാമൂതിരിപ്പടയും തമ്മില്‍ നടന്ന യുദ്ധത്തില്‍ രാജാവും രണ്ടിളമുറക്കാരും മരിച്ചു. യുദ്ധത്തിനു ശേഷം ആ സൈന്യത്തില്‍ ഇരുന്നൂറു പേര്‍ മാത്രമേ ശേഷിച്ചുള്ളു. മുടിയും പുരികവും വടിച്ചുകളഞ്ഞ് അവര്‍ സാമൂതിരിയോടു പകവീട്ടാന്‍ പുറപ്പെട്ടു. വഴിയില്‍ കണ്ട ശത്രുക്കളെയെല്ലാം കൊന്നുതള്ളി. ഒടുവില്‍ കോഴിക്കോടെത്തിയപ്പോഴേക്കും അതില്‍ ഇരുപതുപേരെ ശേഷിച്ചുള്ളു. അഞ്ചുകൊല്ലം കൊണ്ട് സാമൂതിരി രാജ്യത്തെ കഴിയാവുന്നത്ര പേരെ കൊന്ന് അവര്‍ ഇല്ലാതായി.

ഇതില്‍നിന്നു വ്യത്യസ്തമാണ് ചങ്ങാതിക്കൂട്ടം. 'സംഘാതം' ലോപിച്ചാണു ചങ്ങാത്തമായതെന്ന് ഒരു വാദമുണ്ട്. ക്ഷേത്രങ്ങള്‍ക്കു നേരെ നിരന്തര ആക്രമണമുണ്ടായപ്പോള്‍ ചെറുക്കാനായാണ് ആദ്യം നായര്‍ ചാവേറുകളെച്ചേര്‍ത്ത് ചങ്ങാതം ഉണ്ടാക്കിയതെന്നാണു കരുതുന്നത്. പിന്നീടത് ഏതുതരം സംരക്ഷണത്തിനും തയ്യാറുള്ള ചങ്ങാതിക്കൂട്ടമായി. ഈ സംഘത്തെ ആക്രമിക്കാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. കുടിപ്പക വെച്ച് ആക്രമിക്കുന്നവന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്യുന്നിടംവരെ എത്തിയിരുന്നു കാര്യങ്ങള്‍.

യുദ്ധമില്ലാക്കാലത്ത് നായര്‍ പടയാളികളുടെ വരുമാന മാര്‍ഗം കൂടിയായിരുന്നു ചങ്ങാതം. കച്ചവടസംഘങ്ങളെ ഒരു സ്ഥലത്തുനിന്നു സുരക്ഷിതമായി ഇവര്‍ മറ്റൊരിടത്തെത്തിച്ചു. അതിനു നല്ല കൂലിയും വാങ്ങും. വിശ്വാസമായിരുന്നു ഇവരുടെ അടിസ്ഥാനം. തല പോയാലും ഒറ്റും ചതിയുമില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അയാളെ സമുദായത്തില്‍നിന്നു പുറത്താക്കുകയും ജാതിയില്‍ തരംതാഴ്ത്തുകയും ചെയ്യും.

Content Highlights: security agency from 16th century