ചിലര്‍ ചില സ്ഥലങ്ങളില്‍ അപൂര്‍വമാകും. തിരുവില്വാമലയില്‍നിന്നും വല്ലപ്പോഴുംമാത്രം പുറംയാത്രകള്‍ ചെയ്തിരുന്ന വി.കെ.എന്‍. ഒരു സിനിമാസെറ്റിലെത്തുക എന്നത് അതുകൊണ്ടുതന്നെ അത്യപൂര്‍വ കാഴ്ചയാണ്. ഇത് അത്തരമൊരു സംഭവത്തിന്റെ ചിത്രവും ഓര്‍മയുമാണ്. സാഹിത്യവും സിനിമയും സംഗമിച്ചതിന്റെ സാക്ഷ്യവും
എന്റെ 'അപ്പുണ്ണി' എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കട്ടെ എന്ന് നിര്‍ദേശിച്ചത് വി.കെ.എന്‍. ആയിരുന്നു. തിരക്കഥാകൃത്തായ വി.കെ.എന്നും കൂടെയുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, കക്ഷി ക്ലീനായി എന്നെ പറ്റിച്ചു. വി.കെ.എന്‍. വന്നില്ല.
ഒരു കാട്ടില്‍ രണ്ടു സിംഹം വേണ്ടെന്ന് അതികായന്‍ നിശ്ചയിച്ചിരിക്കണം. ഷൂട്ടിങ് തീരുന്നതിനുമുമ്പ് ഒരു ദിവസം അപ്രതീക്ഷിതമായി വി.കെ.എന്‍. ലൊക്കേഷനിലെത്തി. പതിവുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കുവേണ്ടി തയ്യാറെടുത്ത് സ്റ്റില്‍ ഫൊട്ടൊഗ്രഫര്‍ മോമി വന്നപ്പോള്‍ വി.കെ.എന്‍. പറഞ്ഞു:
''അതു വേണ്ട. അപ്പുണ്ണി എന്ന നീചനെ ഞാനും സത്യനും നോക്കിനില്‍ക്കുന്ന പടം മതി. കഥാപാത്രവും അവന്റെ അന്തകരും എന്ന് അടിക്കുറിപ്പ് എഴുതാം.'' അതായിരിക്കും കേമം എന്ന് നെടുമുടി വേണുവും അംഗീകരിച്ചു. മോമി പിന്നെ സംശയിച്ചില്ല.
'ക്ലിക്ക്'

മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷവും ആ അസുലഭനിമിഷത്തിന്റെ ഓര്‍മ മാഞ്ഞിട്ടില്ല..
Content Highlights: Sathyan Anthikad Memory about VKN