പ്രൊഫസര്‍ ഹൃദയകുമാരി ടീച്ചര്‍ ഓര്‍മയായിട്ട് ഏഴുവര്‍ഷം. അധ്യാപിക, സംഘാടക, എഴുത്തുകാരി, സാംസ്‌കാരികപ്രവര്‍ത്തക തുടങ്ങിയ നിലകളില്‍ ഹൃദയടീച്ചര്‍ വഹിച്ച പങ്ക് ചെറുതല്ല. ടീച്ചറെ അനുസ്മരിക്കുകയാണ് ശിഷ്യയും എഴുത്തുകാരിയുമായ സരിത മോഹനന്‍ ഭാമ. 

പ്രൊഫസര്‍ എന്ന് തന്നെയാണ് ആദ്യം പറയേണ്ടത്. കാരണം, പണ്ഡിതയും കാവ്യാസ്വാദകയും പ്രകൃത്യുപാസകയും  ഗ്രന്ഥകാരിയുമൊക്കെ ആയിരുന്നെങ്കിലും പ്രൊഫസര്‍  ബി ഹൃദയകുമാരി ആദ്യവും അവസാനവും ടീച്ചറായാണ് ഏറ്റവും വൈകാരികമായി ഓര്‍മ്മിക്കപ്പെടുന്നത്.

 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളജില്‍ മൂന്ന് കൊല്ലം പ്രിന്‍സിപ്പലായിരുന്നു. നയതന്ത്രപ്രമുഖര്‍, വിദേശസര്‍വകലാശാലകളില്‍ പ്രൊഫസര്‍മാര്‍ എന്നിവരടങ്ങുന്ന ഒരു ശിഷ്യപാരാവാരം മാത്രംമതി അവരെ അധ്യാപകര്‍ക്കുള്ള ഹാള്‍ ഓഫ് ഫെയിമില്‍ സൂക്ഷിക്കാന്‍.

കേരളത്തിന് ഹൃദയകുമാരിടീച്ചറുടെ മതിപ്പുമൂല്യം ഔദ്യോഗികമായി രേഖപ്പെടുത്തുന്നത് വിദ്യാഭ്യാസവിചക്ഷണ എന്ന പേരിലാവും എന്ന് വാദിക്കുന്നവരുണ്ട്. കുറച്ചൊക്കെ ശരിയാവാം. കാരണം ഹൃദയകുമാരി ടീച്ചര്‍ അധ്യക്ഷയായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നമ്മുടെ നാട്ടിലെ കോളജുകളിലും ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ രീതി വേണം എന്നൊരു ആലോചനയ്ക്ക് തന്നെ തുടക്കമിട്ടത്. 

നിസ്സാരമല്ല അത്. ഏതാണ്ട് 38 വര്‍ഷങ്ങള്‍ കേരളത്തിന്റെ തെക്കും വടക്കും നടുക്കുമായി പല നിലവാരത്തിലുള്ള സാഹിത്യവിദ്യാര്‍ത്ഥികളെ പഠിപ്പിച്ചതിന്റെ ആവിതോരാത്ത അനുഭവവേവ് ആയിരിക്കണം  ഹൃദയകുമാരിട്ടീച്ചര്‍ ആ റിപ്പോര്‍ട്ടായി പരാവര്‍ത്തനം ചെയ്തത്. വരുന്നകാലത്തെ കോളജ്കുട്ടികളുടെ മേല്‍ ടീച്ചറിന്റെ പിന്‍നിലാവ് വീണു പുതുപുലരിയാവുന്നത്, ആര്‍ക്കറിയാം, ഒരുപക്ഷെ,  ആ വിദ്യാഭ്യാസപരിഷ്‌ക്കാരങ്ങളിലൂടെയാവാം.

എങ്കിലും, ഞങ്ങള്‍ക്ക്  ഹൃദയകുമാരി ടീച്ചര്‍ കേവലം ടീച്ചറായിരുന്നില്ല. ഞങ്ങളെപ്പോലെ അടുപ്പമുള്ള ശിഷ്യര്‍ 'വലിയ ടീച്ചര്‍', 'കൊച്ചുടീച്ചര്‍', 'ടീച്ചറുചേച്ചി' എന്ന് യഥാക്രമം പരാമര്‍ശിച്ചിരുന്ന ഹൃദയകുമാരി, സുഗതകുമാരി, സുജാതാദേവി എന്നിവരില്‍,  മൂവരും ഒന്നുപോലെ ടാഗോറിയന്‍ കാവ്യനവോത്ഥാനത്തിന്റെ തിരമാലയില്‍ മുങ്ങിപ്പൊങ്ങിവന്നവരാണ്. ലിറിക്കല്‍ കവിതയില്‍ സുഗതകുമാരിയും  കുറേക്കൂടി പോസ്റ്റ് മോഡേണ്‍ അലകളുയരുന്ന കാവ്യസരണിയില്‍ സുജാതാദേവിയും തുഴഞ്ഞുപോയപ്പോള്‍, കല്പിതസാഹിത്യത്തിന്റെ  ലാവണ്യമര്‍മ്മങ്ങള്‍ തേടിയുള്ള സഞ്ചാരത്തിലായി വല്യേച്ചിയായ ഹൃദയകുമാരി.

മലയാളത്തിലും ഇംഗ്ലീഷിലും സവ്യസാചിയായിരുന്നു ഹൃദയടീച്ചര്‍. വള്ളത്തോള്‍കൃതികള്‍ ഇംഗ്ലീഷിലേയ്ക്കും ടാഗോര്‍കൃതികള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യാന്‍, ഹൃദയടീച്ചറുടെ നിശിതസുന്ദരമായ ഭാഷയാണല്ലോ ഡോ. അയ്യപ്പപണിക്കര്‍ കണ്ടെത്തിയത്. ഈ അക്ഷരസഹോദരിമാരുടെ വേരുകള്‍ക്കുമുണ്ട് വാക്കിന്റെ മണം. വിമന്‍സ് കോളജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്നു  അമ്മ വി. കെ കാര്‍ത്ത്യായനിയമ്മ. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്‍ ആയിരുന്നല്ലോ അച്ഛന്‍. ആ സ്വാധീനത്തിലാവാം ഒരു ഖദര്‍-ഗാന്ധിയന്‍ കാര്‍ക്കശ്യം ടീച്ചറിന്റെ വേഷവിധാനത്തിലും അച്ചടക്കബോധത്തിലും കാണാറുണ്ടായിരുന്നു.

ആ കഞ്ഞിപ്പശ അക്കാദമിക് ലോകത്തില്‍ ഹൃദയടീച്ചര്‍ എപ്പോഴും കയ്യാളിയിരുന്ന പ്രജ്ഞയുടെ ആജ്ഞാശക്തിയില്‍ ഉണ്ടായിരുന്നു. ചരിത്രബോധമുള്ള  മലയാളികളില്‍, വിശേഷിച്ച് സ്ത്രീകളില്‍,ടീച്ചര്‍ ഉണര്‍ത്തിയ ആത്മാഭിമാനത്തില്‍ ഉണ്ടായിരുന്നു. 1980- കളുടെ മധ്യത്തില്‍, തിരുവനന്തപുരത്ത് വച്ച്  ഓള്‍ ഇന്ത്യ ഇംഗ്ലീഷ്  (കോളജ്) ടീച്ചേര്‍സ് കോണ്‍ഫ്രന്‍സ് എന്നൊരു ത്രിദിനമീറ്റിങ്ങ്,അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തില്‍  നടത്തുകയുണ്ടായി . കേരളത്തിലെ കോളജുകളായിരുന്നു ആതിഥ്യം വഹിച്ചിരുന്നത്.

'ഇന്ത്യന്‍ വനിതകളും ഇംഗ്ലീഷ് വിദ്യാഭ്യാസവും' എന്നോ മറ്റോ ഒരു സെഷന്‍ നടക്കുകയാണ്. അതില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ഒരു ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ദക്ഷിണേന്ത്യന്‍ സ്ത്രീകളുടെ 'നിരക്ഷരതയും മൂല്യരാഹിത്യത്തെയും' കുറിച്ച്  അത്യാവേശത്തോടെ കത്തിക്കയറുകയാണ്. അദ്ദേഹം പറഞ്ഞു: 'കേരളത്തിലാണെങ്കില്‍ പെണ്ണുകള്‍, പുരുഷന്മാര്‍ക്ക് മുമ്പില്‍ concubines ആയാണ്  കഴിഞ്ഞിരുന്നത്.' 
 
ഞങ്ങളെപ്പോലെ വിദ്യാര്‍ത്ഥിനി വോളന്റിയര്‍മാര്‍ അമര്‍ഷത്തോടോടെ, നിസ്സഹായതയോടെ കേട്ടുനിന്നു. നിമിഷങ്ങള്‍ക്കുള്ളില്‍, അധ്യക്ഷസ്ഥാനത്തിരുന്ന ഹൃദയകുമാരിടീച്ചര്‍ ചാടിയെണീറ്റ് പറഞ്ഞു 'പ്രൊഫസര്‍ അമിത്, പൊട്ടത്തെറ്റാണ് നിങ്ങള്‍ പറയുന്നത്. ഇനി അഥവാ അങ്ങിനെയായിരുന്നെങ്കില്‍ തന്നെ, ധരിച്ചോളൂ , ആണുങ്ങളായിരുന്നു concubinse.  കൊള്ളാവുന്ന സ്ത്രീകളുടെ ആജ്ഞാനുവര്‍ത്തികളായിരുന്നു അവര്‍. വിന്ധ്യനിപ്പുറത്തെ ഒരു ചരിത്രവും പഠിയ്ക്കാതെ,  എങ്ങിനെ ഇവിടെ വന്നു സംസാരിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടു എന്ന് എനിയ്ക്ക് അതിശയം തോന്നുന്നു.'
ചുറ്റുമുയര്‍ന്ന കയ്യടിയ്ക്കിടയില്‍ കാറ്റുപോയ ബലൂണ്‍ പോലെ ആ മുഖ്യപ്രഭാഷകന്റെ പ്രസംഗം പെട്ടെന്നസ്തമിച്ചു.

തലേന്ന്, ഈ പ്രഭാഷകനെ സ്വീകരിച്ചുകൊണ്ടുവരാന്‍ നിയുക്തയായ ഞാന്‍, അദ്ദേഹത്തിനോട് 'ഡോ. രാജാ രാമണ്ണയുടെ  (പത്മഭൂഷണ്‍ ലഭിച്ച  ശാസ്ത്രജ്ഞന്‍) ഛായയുണ്ട് ' എന്ന്  അനാവശ്യമായി കുശലം പറയുകയും  അദ്ദേഹം 'ഹൂ ഈസ് ദിസ്  രാജാ രാമണ്ണ? എനി വേ ഐ ഡോണ്ട് ലുക്ക് ലൈക്ക് എനി ബ്ലഡി  മദ്രാസി,' എന്ന്  പൊട്ടിത്തെറിക്കുകയും ചെയ്യുകയുണ്ടായി. സ്വാഗതസംഘത്തിലുള്ള എന്റെ ചങ്ങാതികളില്‍ പലരും ആ വംശീയപരാമര്‍ശം സഹിക്കേണ്ടി വന്നതിന്റെ മുറിവുണങ്ങാതെ നില്‍ക്കുകയായിരുന്നു. ആ പ്രായത്തില്‍, ഞങ്ങള്‍ക്ക്  അത് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.
അവിചാരിതമായി  ഞങ്ങളുടെ  പ്രതികാരം  പരസ്യമായി നിര്‍വഹിച്ചതിന്റെ ആശ്വാസത്തില്‍  ഓടിയടുത്ത് ചെന്ന് സര്‍വ്വഭയബഹുമാനങ്ങളും മറന്ന് ടീച്ചറെ കെട്ടിപ്പിടിച്ചുപോയി. 
 
ഹൃദയടീച്ചര്‍ ഒരു നിമിഷം ചിരിയിലേക്ക് വഴുതിയെങ്കിലും, ഉടനടി ഗൗരവക്കാരിയായി. 'അതൊക്കെ ശരി, പക്ഷെ നിങ്ങളെല്ലാം കൂടി എന്റെ വാക്കുകള്‍ക്ക് കൂട്ടക്കയ്യടി നടത്തിയത്  ശരിയായില്ല. അദ്ദേഹം അതിഥിയല്ലേ, അദ്ദേഹം സംസാരിച്ചപ്പോള്‍, കുറേപ്പേര്‍ ഹൂളിഗന്‍സിനെപ്പോലെ കൂവിയില്ലേ? മോശമായി.
'എല്ലാം തനിയെ സംഭവിച്ചതാണ് എന്ന് പറഞ്ഞിട്ടും, ടീച്ചര്‍ തന്റെ നിലപാട് ഒട്ടും അയച്ചില്ല. ' ഐ ക്ലിയര്‍ലി സോ യു ജസ്റ്ററിങ് റ്റു യുവര്‍ ഫ്രണ്ട്‌സ് റ്റു ക്ലാപ്. അങ്ങിനെയാണ്  ആ  ബഹളം തുടങ്ങിയത്.' എന്ന് ശകാരത്തില്‍ ഉറച്ച് നിന്നു.
 ഇമ്മാതിരി  എത്രയോ സംഭവങ്ങള്‍  മൂന്നര പതിറ്റാണ്ടു നീണ്ടുനിന്ന അദ്ധ്യാപനകാലത്തെ ശിഷ്യര്‍ക്ക് ഓര്‍ക്കാനുണ്ടാവും!

ഇതുപോലെ  അവശ്യഘട്ടങ്ങളില്‍, വാക്കുകളുടെ ഉരുക്കുഖഡ്ഗം വീശിയിരുന്ന ഹൃദയടീച്ചര്‍, ഉള്ളില്‍ തൊടുന്ന  കവിത വായിക്കുമ്പോള്‍, തുമ്പപ്പൂ പോലെ മൃദുലയാവുന്നതും കണ്ടിട്ടുണ്ട്. 
ഇംഗ്ലീഷ്‌കവിതയിലെ റൊമാന്റിക് കാലഘട്ടം ഇതള്‍ വിടര്‍ത്തി ആവിഷ്‌ക്കരിക്കുന്നു  'കാല്പനികത' എന്ന ഗ്രന്ഥത്തിനാണല്ലോ ഹൃദയകുമാരി ടീച്ചര്‍ക്ക്‌ നിരൂപണത്തിനുള്ള  കേരളം സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ആ പുസ്തകം അച്ചടിച്ച് കിട്ടിയയുടന്‍, ടീച്ചര്‍  എന്നെ വീട്ടില്‍ വരുത്തി ഒരു കോപ്പി ചൂടോടെ തന്നത്  എനിക്ക് തെല്ലൊന്നുമല്ല അഭിമാനമായത്.
'വരദ 'യിലെ അരുമച്ചെടിക്കുഞ്ഞുങ്ങള്‍ക്കിടയിലൂടെ നടന്ന്, അന്ന് ടെന്നിസന്റെ 'Mariana ' എന്ന കവിത പതുക്കെ എന്നാല്‍ മുഴക്കത്തോടെ, ചൊല്ലി.  കരിപ്പച്ച പായല്‍ പൂച്ചെടിചോടുകളില്‍ കട്ടപിടിക്കുന്നതും മരപ്പട്ടികയ്ക്കു പിന്നില്‍ നിന്നു ചുണ്ടെലി ചിലക്കുന്നതും ജാലകപ്പടിയില്‍ നീലപ്രാണി പാടുന്നതുമൊക്കെ, രസിച്ച്, എടുത്തുപറഞ്ഞു.'ഷെര്‍ലക് ഹോംസ്  കഥകളുടെ പുനര്‍വായന കഴിഞ്ഞാല്‍ ,  ചുറ്റുമുള്ള പച്ചപ്പും അവയെക്കുറിച്ചുള്ള കവിതകളുമാണ് എന്റെ  ശരത്കാലത്തിലെ  മിത്രങ്ങള്‍,' എന്ന് ചിരിയോടെ പറഞ്ഞു 'ഓര്‍മ്മകളിലെ  വസന്തകാല'ത്തിന്റെ ഗ്രന്ഥകാരി.

സുഗതകുമാരിയെയാണ് നമ്മള്‍ സസ്യശ്യാമളകോമളയായ കേരളപ്പരപ്പിന്റെ  ഏറ്റവും ഉല്‍കൃഷ്ടോപാസകയായ എഴുത്തുകാരിയായി കരുതിപ്പോരുന്നത്. എന്നാല്‍ അവരോളം തന്നെ പ്രകൃതിയില്‍ ആവേശോന്മത്തയായിരുന്നു ആത്മഗൗരവത്തിന്റെ  ശ്രേഷ്ഠബിംബമായി നാം കരുതുന്ന  ഈ വല്യേച്ചിയും എന്നത് അതിശയമായി തോന്നാം.  ആയിരം മുഴുതിങ്കള്‍ കണ്ടുതീര്‍ത്ത്  പതിനായിരക്കണക്കിന് സാഹിത്യവിദ്യാര്‍ത്ഥികളെ കാല്‍പ്പനികതയുടെ കമനീയപറുദീസകള്‍ കാട്ടിയ സാഫല്യത്തോടെ, ഹൃദയകുമാരി ടീച്ചര്‍ അവസാനനിദ്രയിലാഴ്ന്നിട്ട്  ഇന്ന് ( Nov  8 ) ഏഴ് വര്‍ഷമാവുന്നു .
 'ശ്വസിച്ച കാറ്റിനോടും കുടിച്ച വെള്ളത്തിനോടും  സൂര്യനോടും ചന്ദ്രനോടും വിരല്‍ കോര്‍ത്ത കൈകളോടും എങ്ങിനെ നന്ദി പറയും?' എന്ന്  ആത്മകഥയുടെ മുഖവുരയില്‍ വ്യാകുലപ്പെടുന്നുണ്ട് ഹൃദയടീച്ചര്‍ . ഹൃദയകുമാരിടീച്ചറിന്റെ ഓര്‍മ്മദിവസത്തില്‍ , ഞങ്ങള്‍ക്കും ആ വിളക്കുമരത്തോട് അതേ വാക്കുകളെ ചോദിക്കാനുള്ളു - സാംസ്‌കാരികജീവിതത്തില്‍, ശ്വസിച്ച കാറ്റിനോടും കുടിച്ച വെള്ളത്തിനോടും  സൂര്യനോടും ചന്ദ്രനോടും വിരല്‍കോര്‍ത്ത കൈകളോട് (ഞങ്ങള്‍) എങ്ങിനെ നന്ദി പറയും!'

Content Highlights : saritha mohan bhama writes the memory about prof hridayakumari