കാറ്റ് ആഞ്ഞടിക്കുന്നു.
കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നു.
ഞാൻ ആളിപ്പടരുന്നു.
മുടികരിഞ്ഞമണം
അസ്ഥിയുടെ പൊട്ടലുകൾ,ചീറ്റലുകൾ,
ഉരുകുന്ന മാംസം
ചിരിക്കുന്ന തലയോട്ടി
ഞാൻ ചിരിക്കുന്നു.
സ്വന്തം വന്ധ്യത
മൂടിവെയ്ക്കാൻ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാൻ ചിരിക്കുന്നു...........
ഭ്രാന്തമായി.

(നന്ദിതയുടെ കവിതകൾ)

തലക്കെട്ടുകളില്ലാത്ത കവിതകളെപ്പറ്റി അവസാനമോർത്തത് എമിലി ഡിക്കിൻസൺന്റെ കവിതകളെക്കുറിച്ചുള്ള പഠനം വായിച്ചപ്പോളാണ്. മരണാനന്തരം കവിതകളിലൂടെ പ്രശസ്തയായ, അതിനിഗൂഢമായ ജീവിതം തന്റെയുള്ളിൽത്തന്നെ കുഴിച്ചിട്ട എമിലി ഡിക്കിൻസൺ. ആയിരത്തി എണ്ണൂറ് കവിതകളെ ലോകം വീണ്ടെടുത്തപ്പോൾ ഡിക്കിൻസൺ സ്റ്റൈൽ ഓഫ് പോയട്രി വരെയുണ്ടായി.

കറുത്തഒറ്റക്കല്ലുള്ള കമ്മലുകളണിഞ്ഞ ചെവികളോടെ മുന്നിലിരിക്കുന്ന ആ മെലിഞ്ഞ മുഖത്തെ നിഗൂഢതകൾ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങിയത് ഗുരുവായൂരപ്പൻ കോളേജിൽ വച്ചാണ്. കവിതയും കഥയും അറിയാത്ത കാലത്ത് ബോധിവൃക്ഷത്തിന്റെ ചുവട്ടിലിരിക്കുമ്പോൾ മടിയിലേക്ക് വീണ വെള്ളപ്പൂക്കളെ കയ്യിലിട്ടു തിരിച്ച് കൂട്ടുകാരി പറഞ്ഞു നന്ദിത ഇവിടെയൊക്കെ എത്രയോ ഇങ്ങനെയൊക്കെ ഇരുന്നിട്ടുണ്ടാവുമല്ലേ?
മറുപടിയൊന്നും പറയാതെ മരത്തിലേക്ക് ഇനിയും വെളുത്തപൂക്കൾ വീഴുന്നുണ്ടോ എന്നുനോക്കി. കുന്നിറങ്ങി ഹോസ്റ്റലിലേക്ക് പോകുന്ന വഴിയിലെത്തിയപ്പോൾ അവൾ പറഞ്ഞു, എനിക്ക് കിട്ടിയത് നന്ദിതയുടെ റൂമാണെന്ന് ആരൊക്കെയോ പറയുന്നു.

ഇന്ന് നന്ദിതയുടെ പിറന്നാളാണ്. ആരായിരുന്നു നന്ദിതയെന്ന അന്വേഷണമെത്തിനിന്നത് ഡോ. എം.എം ബഷീർ സാറിന്റെയടുക്കലാണ്. വയനാട് മുട്ടിലുള്ള നന്ദിതയുടെ വീട്ടിലേക്ക് ഇതിനകം അദ്ദേഹം എത്രയോ യാത്രചെയ്തിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലായിരിക്കുമ്പോൾ ഡോ.ആർ. വിശ്വനാഥൻ സാറിനെയും കാത്തിരിക്കുന്ന എം.ഫിൽ വിദ്യാർഥിനിയായ നന്ദിതയെ ബഷീർസാറിനറിയാം. ഉച്ചഭക്ഷണം കഴിഞ്ഞുള്ള വിശ്രമവേളയിൽ തന്റെ ഗൈഡായ വിശ്വനാഥൻ സാറിനെ കാണണമെങ്കിൽ ബഷീർസാറിന്റെ ഡിപ്പാർട്ടുമെന്റ് മുറിയിൽ പോകണം.

'കുട്ടി ഇരിക്കൂ, മാഷിപ്പോ വരും.' നന്ദിതയും ബഷീർ സാറും തമ്മിലുള്ള സംസാരം ഇത്രമാത്രം. അത്രമതി. കാരണം അത് മലയാളം വിഭാഗമാണ്. നന്ദിതയ്ക്ക് കാണേണ്ടത് തന്റെ ഇംഗ്ളീഷ് പ്രൊഫസറെയാണ്. ഇടയ്ക്കൊരു സംഭാഷണത്തിൽ വിശ്വനാഥൻ സാറിന്റെയും ബഷീർ സാറിന്റെയും വിഷയം നന്ദിതയായി. അവളുടെ മുഖത്തെ നിഗൂഢതയുടെ ആഴമളക്കാനൊന്നും തുനിഞ്ഞില്ലെങ്കിലും നന്ദിതയിൽ ഒരുപാട് നിഗൂഢതകൾ ഉണ്ടെന്ന അനുമാനത്തിലെത്തി രണ്ടുപേരും.

പിന്നെ കാലങ്ങൾക്കുശേഷം അവർ നന്ദിതയ്ക്കായി വീണ്ടുമിരിക്കേണ്ടി വന്നു. കണക്കുകൂട്ടലുകളൊന്നും കാലമൊരിക്കലും പിഴയ്ക്കാറില്ലല്ലോ. നന്ദിതയുടെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചിരുന്ന നോട്ടുബുക്കുകൾ അവരുടെ മാതാപിതാക്കൾ ബഷീർ സാറിന് കൈമാറി. കവിതകളുടെ നിറവും മണവും രുചിയും രൂപവുമായിരുന്നു ആ നിഗൂഢതകൾക്ക്. അത് പകർത്തിയെഴുതി ബഷീർ മാഷ് പ്രസിദ്ധീകരണത്തിനായി അയച്ചു. മാഷിന്റെ പഠനക്കുറിപ്പോടെ തന്നെ.

'ചിതയിലെരിയുന്ന മനസ്സ്' എന്ന തലക്കെട്ടോടെ സാറിന്റെ പഠനക്കുറിപ്പ് ആരംഭിക്കുന്നു...സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോൾ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോൾ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറേ കവിതകൾ അവശേഷിപ്പിച്ചിരിക്കുന്നു. മലയാളത്തിലും ഇംഗ്ളീഷിലും അനായാസം എഴുതുവാൻ കഴിയുമായിരുന്നു. പക്ഷേ, എല്ലാം രഹസ്യമാക്കിവെച്ചു. അമ്മയും അച്ഛനും അനുജനും പോലും അക്കാര്യം അറിയുന്നത് നന്ദിത ഇവിടം വിട്ടുപോയശേഷമാണ്.

നന്ദിതയുടെ മലയാള കവിതകളെ ബഷീർ സാർ വീണ്ടെടുത്തപ്പോൾ തന്റെ മിടുക്കിയായ വിദ്യാർഥിനിയ്ക്കുള്ള ആദരാഞ്ജലികളായിരുന്നു വിശ്വനാഥൻ സാറിനെ സംബന്ധിച്ചിടത്തോളം നന്ദിതയുടെ ഇംഗ്ളീഷ് കവിതകളുടെ എഡിറ്റിങ്ങും പ്രസിദ്ധീകരണവും. തന്റെ മുമ്പിലൂടെ കടന്നുപോയ ആ പ്രസരിപ്പിന്റെ ആന്തരാംശങ്ങളായി അവശേഷിച്ച ആ കവിതകൾ അദ്ദേഹത്തിന് നല്കിയത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു. അങ്ങനെയൊരു പ്രതിഭയെ അക്കാലത്ത് അറിയാൻ കഴിയാതെ പോയത്, കണ്ടെടുക്കാൻ കഴിയാതെ പോയത്. ഒരു പക്ഷേ അങ്ങനെയൊരു പ്രതിഭാതലം നേരത്തേ അടയാളപ്പെടുത്തപ്പെട്ടിരുന്നെങ്കിൽ ഇന്നും ആ മുഖം തുടിപ്പോടെ തന്നെ നിലനിൽക്കുമായിരുന്നെങ്കിലോ...

നന്ദിതയെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ബഷീർ സാർ ആ മോള് എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. മിടുക്കികളായ വിദ്യാർഥിനികൾക്കുമാത്രം അധ്യാപകരാൽ വന്നുചേരുന്ന വിശേഷണം. നന്ദിതയുടെ കൈപ്പട പകർത്തിയെഴുതുമ്പോൾ മാഷും വിചാരിച്ചിരിക്കണം വീണ്ടെടുക്കാൻ കഴിയാതെ പോയല്ലോ എന്ന്. ജീവിതത്തോട് അഗാധമായ മമത വച്ചുപുലർത്തിയിരുന്ന നന്ദിതയ്ക്ക് എവിടെയാണ് ഇടറിപ്പോയത്. ഉത്തരമായി ഒരു കവിതയാണ് നന്ദിത തരുന്നത്.
Another Grim day
The morning Glories
Have not opened their eyes.
My mild day,gigs up your wrath.
Not that I blame you my lover,
But the open doors tell me
Of something
I wis...was left unsaid

'അമ്മേ, ഒരു ഫോൺ വരും. അത് ഞാൻ തന്നെ അറ്റൻഡ് ചെയ്തോളാം' എന്നുപറഞ്ഞുകൊണ്ട് ഉറങ്ങാൻ പോയ നന്ദിത കാത്തിരുന്ന ഫോൺ വന്നതായി അച്ഛനോ അമ്മയോ കേട്ടില്ല. പിന്നീട് അമ്മയാണ് കണ്ടത് ഡ്രോയ്ങ് റൂമിന്റെ ടെറസ്സിൽ നിന്നും താഴേക്ക് സാരിയിൽ തൂങ്ങിനിൽക്കുന്നത്. ബഷീർ സാർ അത് പറഞ്ഞപ്പോൾ ആ സാരി മുറുകാതെ നന്ദിത താഴെവീണ് കയ്യോ കാലോ പൊട്ടിയതായിട്ട് ഞാൻ ഭാവനയിൽ കണ്ടു. അതിനപ്പുറം സ്വയം കെടുത്തിക്കളഞ്ഞ വിളക്കായി നന്ദിതയെ സങ്കല്പിക്കാനേ വയ്യ. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള ഊഞ്ഞാലാട്ടത്തിൽ ആയത്തിലൊന്ന് മുന്നോട്ടാഞ്ഞാൽ പ്രിയപ്പെട്ട നന്ദിതാ നിങ്ങളുടെയടുത്തെത്താം. വീണ്ടെടുക്കലുകളെ അസാധുവാക്കിക്കൊണ്ട്!