എവിടെ നിന്നാരംഭിക്കണെമെന്നമെനിക്കറിയില്ല. എങ്കിലും പലപ്പോഴും അതിന്റെ കാരണം ഞാൻ ആരോപിക്കാറ് ചാർലി ഫെറ്യൂസേത്തിന് നേരെയാണ്. മിൽ വാലിയിൽ, തമാൽ പർവതത്തിനുതാഴെ അയാൾ ഒരു സമ്മർ കോട്ടേജ് കൈവശം വച്ചുപോരുന്നുണ്ട്. ശൈത്യകാലത്തെ ചുരുക്കം ചില നാളുകളിലല്ലാതെ അദ്ദേഹം അതിൽ താമസിക്കാറില്ല. തലച്ചോറിന് വിശ്രമം നൽകാനായി നീച്ചേയും ഷോപെൻഹോവളും വായിച്ചങ്ങനെയിരിക്കും ആ സമയങ്ങളിൽ. വേനൽ വന്നപ്പോൾ അദ്ദേഹം തിരഞ്ഞെടുത്തതാവട്ടെ സിറ്റിയിൽ ആകെ പൊടിപടലങ്ങൾ നിറഞ്ഞതും ഉഷ്ണമുള്ളതുമായ ഒരിടമായിരുന്നു. അധ്വാനിക്കാനും അസ്തിത്വമില്ലാതാക്കാനുമാണത്രേ. എല്ലാ ശനിയാഴ്ചയും ഉച്ചതിരിഞ്ഞ് അയാളെ കാണാൻ പോകുന്നതും തിങ്കൾ രാവിലെ വരെ ആ കൂടിക്കാഴ്ച തുടരുന്നതും എന്റെ ചര്യകളിൽ ഒന്നല്ലായിരുന്നെങ്കിൽ, ഈ ജനുവരിയിലെ സവിശേഷമായ തിങ്കളാഴ്ച സാൻഫ്രാൻസിസ്കോ തീരത്ത് എന്നെ കാണില്ലായിരുന്നു.(ദ സീ വൂൾഫ്- ജാക് ലണ്ടൻ)
സയൻസ് നോവലുകളുടെ ഉപജ്ഞാതാവ്, കമേഴ്സ്യൽ നോവലുകളുടെ പ്രോത്ഘാടകൻ, ഡിസ്റ്റോപ്യൻ നോവലുകളുടെ തുടക്കക്കാരൻ തുടങ്ങിയ വിശേഷണങ്ങളാൽ സമ്പന്നമാണ് ജാക് ലണ്ടൻ എന്ന അമേരിക്കൻ എഴുത്തുകാരന്റെ അക്കൗണ്ട്. അമേരിക്കൻ സാഹിത്യത്തിലും പത്രപ്രവർത്തന രംഗത്തും സാമൂഹ്യപ്രവർത്തനത്തിലും കിടയറ്റ പേരുകളിലൊന്നായി മാറിയ ജോൺ ഗ്രിഫിത് ലണ്ടൻ എന്ന മഹാപ്രതിഭയുടെ നൂറ്റിനാല്പത്തിനാലാം ജന്മവാർഷികദിനമാണ് ജനുവരി 12.
അമേരിക്കയിലെ ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്ന ജാക്കിന്റെ ബാല്യവും കൗമാരവും അത്ര സുഖകരമായിരുന്നില്ല. കുടുംബത്തിലെ അസ്വാരസ്യങ്ങളും ദാരിദ്ര്യവും കാരണം ഏറെക്കുറേ സ്വയം പഠനത്തെയായിരുന്നു ലണ്ടൻ ആശ്രയിച്ചിരുന്നത്. വിഖ്യാത നോവലിസ്റ്റായിരുന്ന മരിയ ലൂയിസ് റെയ്മിന്റെ 'സിഗ്ന' എന്ന കൃതിയോടാണ് തന്റെ സാഹിത്യജീവിതം ലണ്ടൻ കടപ്പെട്ടിരിക്കുന്നത്. വായന ഒരു ഒബ്സഷനായി കൂടെകൂടിയിരിക്കുന്നു എന്നു തിരിച്ചറിഞ്ഞിട്ടും ലണ്ടൻ പലപണികളും രാപകലില്ലാതെ ചെയ്തുകൊണ്ടിരുന്നു. വളർത്തമ്മയിൽ നിന്നും കടം വാങ്ങിയ പണം തിരികെ കൊടുക്കാനായി കടൽക്കൊള്ളക്കാരനാവാനും മെനക്കെട്ടു. സ്വന്തമായൊരു ബോട്ടും അതിനായി സംഘടിപ്പിച്ചിരുന്നു ലണ്ടൻ. കടൽപ്പണി മടുത്തപ്പോൾ പിന്നെ ശ്രദ്ധതിരിഞ്ഞത് പഠനത്തിലേക്കാണ്. ഓക് ലാന്റ് ഹൈസ്കൂളിൽ പഠനം തുടർന്നു. സ്കൂൾ മാഗസിനുകളിലെ സ്ഥിരം എഴുത്തുകാരനായിമാറി. ജപ്പാനിലെ ചരക്കുകപ്പലുകളിൽ പണിയെടുത്ത അനുഭവത്തിൽ 'തൈഫൂൺ ഓഫ് ദ കോസ്റ്റ് ഓഫ് ജപ്പാൻ' എന്ന ആദ്യകൃതി വെളിച്ചം കണ്ടു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ബിരുദപഠനം തുടങ്ങിയെങ്കിലും ദാരിദ്ര്യം കാരണം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു.
വിവിധ ജോലികൾ, തുടർ പഠനശ്രമങ്ങൾ, എഴുത്തുകൾ... ജാക് ലണ്ടൻ വിജയം കണ്ടത് അക്ഷരങ്ങളിൽ മാത്രമായിരുന്നു. തുടർജീവിതം ഒരെഴുത്തുകാരന്റേത് മാത്രമായി ഒതുക്കാതെ അമേരിക്കയുടെ സാമൂഹ്യപ്രശ്നങ്ങളിൽ നിരന്തരം അദ്ദേഹം ഇടപെട്ടു. ജാക് ലണ്ടനെ കീഴടക്കിയത് മദ്യമായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ അത്യധികം വൈകാരികമായി പ്രകടിപ്പിക്കുമായിരുന്ന ലണ്ടൻ രണ്ട് വിവാഹങ്ങളിലും തികഞ്ഞ പരാജയമനുഭവിച്ചു. തന്റെ ആത്മകഥാംശമുള്ള നോവലായ 'ജോൺ ബാർലികോണി'ൽ ഉടനീളം അദ്ദേഹം ആ മദ്യാസക്തി വിവരിക്കുന്നുണ്ട്. 1916 നവംബർ ഇരുപത്തി രണ്ടിന് നാല്പതാം വയസ്സിൽ മോർഫീൻ അമിതമായി ശരീരത്തിൽ കടന്ന് അവശനിലയിൽ കണ്ടെത്തിയ ജാക് ലണ്ടൻ അനുഭവങ്ങളും സാഹിത്യവും പാതിയുപേക്ഷിച്ച് മടങ്ങുകയായിരുന്നു.
Content Highlights: Remembering Veteran American Writer Jack London on his 144 Birth Anniversary