ദേശഭക്തിയുണര്‍ത്തുന്ന 'ഝാന്‍സി കീ റാണി' എന്ന കവിതയെഴുതിയ സുഭദ്രാകുമാരി ചൗഹാന്റെ ദീപ്തസ്മരണകള്‍ ഉണര്‍ത്തുകയാണ് ഹിന്ദി സാഹിത്യലോകം. കവയിത്രിയുടെ നൂറ്റിപ്പതിനേഴാം ജന്മവാര്‍ഷികത്തിലാണ് ഇന്ത്യന്‍ ദേശീയതയ്ക്കും സാഹിത്യത്തിനും അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സുഭദ്രാകുമാരിയുടെ സ്മരണകള്‍ പുതുക്കിയത്. തന്റെ രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളുടെ കാഠിന്യത്തെക്കുറിച്ചും അവ എങ്ങനെയാണ് മറികടക്കേണ്ടത് എന്നതിനെക്കുറിച്ചുമെല്ലാം സുഭദ്ര തന്റെ കവിതകളില്‍ എഴുതിയിരുന്നു. രാഷ്ട്രം സ്വാതന്ത്ര്യം കൈവരിക്കുന്നതിനായി സ്ത്രീകള്‍ അണിനിരക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കവയിത്രി പാടി. 

അലഹാബാദിലെ നിഹാല്‍പൂരില്‍ 1904 ഓഗസ്റ്റ് പതിനാറിനാണ് സുഭദ്ര ജനിച്ചത്. വെറുമൊരു കുഗ്രാമത്തില്‍ വളര്‍ന്നുവന്ന സുഭദ്രാ കുമാരി ചൗഹാന്‍ അക്ഷരങ്ങളുമായുള്ള തന്റെ പരീക്ഷണം തുടങ്ങിയത് ഒമ്പതാം വയസ്സുമുതലാണ്. ദേശസ്‌നേഹത്തെക്കുറിച്ചെഴുതിയ ആദ്യ കവിത അച്ചടിച്ചുവരികയും ചെയ്തു. കൗമാരത്തിളപ്പില്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സുഭദ്രാകുമാരി ഇന്ത്യന്‍ നാഷണലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേരുകയും കവിതകളിലൂടെ വിപ്‌ളവീര്യം പകര്‍ന്നുകൊടുക്കുകയും ചെയ്തു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിലേക്ക് കൂടുതല്‍ ആളുകളെ സാഹിത്യത്തിലൂടെയും ഗാനങ്ങളിലൂടെയും ആകര്‍ഷിക്കേണ്ട ചുമതല സുഭദ്രാകുമാരി ചൗഹാന് ആയിരുന്നു. അക്കാലത്തെ സ്ത്രീകള്‍ നേരിട്ട ലിംഗവിവേചനവും ജാതീയതയുമായിരുന്നു കവയിത്രിയെ നിരാശപ്പെടുത്തിയത്. ചെറുത്തുനില്‍പ്പിനായി അവര്‍ തന്റേതായ എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു. പ്രസംഗവും കവിതയും നിഷേധവും ഇറങ്ങിപ്പോക്കുമെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. തന്റെ പിന്‍മുറക്കാരും ഇതുപോലെ വിവേചനം അനുഭവിക്കരുത് എന്ന ചിന്തയാല്‍ മഹത്തായ ബാലസാഹിത്യവും അവരെഴുതി. 

ഇന്ത്യയിലെ ആദ്യത്തെ വനിതാസത്യഗ്രഹിയും സുഭദ്രാകുമാരി ചൗഹാന്‍ ആണ്. 1932-ലാണ് അവര്‍ ആദ്യമായി സത്യാഗ്രഹമിരിക്കുന്നത്. 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ശക്തമായപ്പോള്‍ രണ്ടുതവണയാണ് എഴുത്തുകാരി അറസ്റ്റുവരിച്ചത്. അപ്പോഴേക്കും എണ്‍പത്തിയെട്ട് കവിതകളും നാല്‍പ്പത്തിയാറ് ചെറുകഥകളുമായി ഹിന്ദി സാഹിത്യത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കവയിത്രിയായി മാറിക്കഴിഞ്ഞിരുന്നു സുഭദ്രാകുമാരി. 1948-ല്‍ നാല്‍പത്തിയെട്ടാം വയസ്സില്‍ ഒരു റോഡപകടത്തിലാണ് അവര്‍ മരണപ്പെട്ടത്.

Content Highlights : Remembering poet Subhdrakumary Chauhan on her 117 Birth Anniversary