പ്രിയപ്പെട്ട മെയ്ലൻ,

ജെറാൾഡിന്റെ കൂടെ താമസിക്കുന്നതിനുള്ള അനുവാദം ചോദിച്ചുകൊണ്ടുള്ള കത്തുകിട്ടി. ജെറാൾഡ് സുഖമായിരിക്കുന്നതിൽ സന്തോഷം. ചൈനയുടെ കടുത്ത തീരുമാനങ്ങളാണ് ഞങ്ങളുടെ കുടുംബം ഇങ്ങനെ രണ്ടായിപ്പിരിഞ്ഞുപോകാൻ കാരണം എന്ന് ജെറാൾഡ് പറഞ്ഞറിഞ്ഞിട്ടുണ്ടാവുമല്ലോ. വർഷങ്ങളോളം പ്രണയിച്ചാണ് ഞാനും ജെറാൾഡും  വിവാഹിതരായത്. ഞങ്ങളുടെ മകൻ റെനിയ്ക്ക് പന്ത്രണ്ടുവയസ്സുള്ളപ്പോൾ എന്നെയും അവനെയും ജീവൻ രക്ഷാർഥം അമേരിക്കയിലേക്കയച്ച കഥ ജെറാൾഡ് പറഞ്ഞു കാണുമല്ലോ. ജെറാൾഡിന്റെ പാതി ചൈനീസ് ഐഡന്റിറ്റിയിൽ അദ്ദേഹം എത്രകാലം പിടിച്ചുനിൽക്കും. കടുത്ത പനി വന്നത് ഖേദത്തോടെ മാത്രമേ എനിക്കു വായിക്കാൻ കഴിയുന്നുള്ളൂ.
മെയ്ലൻ, നിങ്ങൾ അനുവാദം ചോദിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ പങ്കുചേരാനാണല്ലോ. സമ്മതം തന്നിരിക്കുന്നു. നിങ്ങൾക്കൊരിക്കലും ജെറാൾഡിന്റെ എലിസബത്താവാൻ കഴിയില്ലല്ലോ എന്ന ദുഃഖത്തോടെ.
സ്നേഹപൂർവം
എലിസബത്ത് മക്ളോഡ്

നൊബേൽ സമ്മാനം നേടിയ ആദ്യ അമേരിക്കൻ വനിത എന്ന ഖ്യാതി നേടിയ പേൾ എസ് ബക്കിന്റെ വിഖ്യാതനോവലായ ലെറ്റർ ഫ്രം പീക്കിങ്ങിലെ വരികളാണിത്. സ്വജനപക്ഷപാതം ചൈന മുറുകെ പിടിച്ചപ്പോൾ വേർപിരിയേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥ. പിടിക്കപ്പെടാതിരിക്കാനായി ചൈനയിലെ പലപല ടൗണുകളിൽ നിന്നും തന്റെ പ്രേയസിയ്ക്ക് കത്തുകളയച്ചുകൊണ്ടിരുന്ന പാതി ചൈനക്കാരനായ ജെറാൾഡ് മക്ളോഡ്. പാശ്ചാത്യരുമായി യാതൊരിടപാടും വേണ്ടെന്ന ചൈനയുടെ ഉത്തരവിൽ കത്തുകളിലൂടെ ജീവിക്കുന്ന ഒരു കുടുംബം. താൻ ചൈനീസ് വേരുള്ള അച്ഛന്റെ മകനാണെന്ന് മുതിരുംതോറും മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കുന്ന ജെറാൾഡ് -എലിസബത്ത് ദമ്പതിമാരുടെ മകൻ റെനി മക്ളോഡ്. അതിജീവനത്തിനായി അവർ നടത്തുന്ന പോൾട്രിഫാമുകൾ.

വൈകാരികതയാലും ചർച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ നിലപാടുകളാലും അതിസങ്കീർണമാണ് ദ ലെറ്റർ ഫ്രം പീക്കിങ്. ചൈനയുടെ തലസ്ഥാനനഗരിയിൽ നിന്നുള്ള എഴുത്തുകളിലൂടെ രാജ്യങ്ങളുടെ നയതന്ത്രങ്ങളിൽ കുരുങ്ങിപ്പോകുന്നവരുടെ ജീവിതകഥകളാണിത്. തന്റെ ജീവിതത്തിന്റെ നല്ലൊരുഭാഗവും ചൈനയിൽ ചെലവഴിച്ചതിന്റെ അനുഭവത്തിൽ എഴുത്തുകാരി അനശ്വരമാക്കിയ ക്ളാസിക് നോവൽ.

nobel kathakal
നൊബേൽ കഥകൾ വാങ്ങാം

ചൈനയിലെ ഒറ്റപ്പെട്ട ജീവിതത്തിനിടയിൽ കടുത്ത പനി പിടിപെടുന്ന ജെറാൾഡിനുവേണ്ടി പിന്നീട് കത്തുകളെഴുതുന്നത് എലിസബത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന മെയ്ലൻ എന്ന യുവതിയാണ്. മനുഷ്യസഹജമായ പരിഗണനകൾ തന്റെ ഭർത്താവിനുകൊടുത്തുകൊണ്ടിരിക്കുന്ന മെയ്ലന് എലിസബത്ത് സമ്മതം കൊടുക്കുന്നു. തന്റെ സ്ഥാനം ഏറ്റെടുത്തെങ്കിലും താനാവാൻ കഴിയില്ലല്ലോ എന്ന ഖേദത്തോടെ. ജെറാൾഡിനും മെയ്ലനും ഒരു കുഞ്ഞുപിറക്കുന്നതും പിന്നീട് ഡെരാൾഡ് മരണപ്പെടുന്നതുമെല്ലാം എലിസബത്തിനെ അറിയിക്കുന്നത് മെയിലനാണ്.

മൂത്ത സഹോദരീ, ഇളയ സഹോദരീ എന്നീ അഭിസംബോധനകളാണ് അവർ പരസ്പരം കത്തുകളിലൂടെ നല്കിയിരുന്നത്. രണ്ടുപേർക്കും ജെറാൾഡിൽ സ്വാർഥതയുണ്ട്. എങ്കിലും പരസ്പരം പ്രകടിപ്പിക്കാതെ പരമാവധി കാത്തുസൂക്ഷിക്കുന്നു. എലിയബത്ത് അമേരിക്കൻ ജീവിതത്തിന്റെ പ്രതിനിധിയാവുമ്പോൾ മെയ്ലൻ ചൈനയുടെ പ്രതിനിധിയാണ്. തങ്ങളുടേതെല്ലാം തങ്ങളിൽ തന്നെ നിക്ഷിപ്തമായിരിക്കണമെന്ന വാശിയുള്ള ചൈനയുടെ.

വളരെ ലളിതമായ ആഖ്യാനം, അതിവിശാലമായ രാഷ്ട്രീയ വിശകലനങ്ങൾ, കുടുംബം എന്ന വൈകാരികത, പ്രണയം എന്ന മാസ്മരികത, കുട്ടികൾ എന്ന ദൗർബല്യം... പേൾ എസ് ബക്ക് വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി മാറാൻ ഇനിയുമുണ്ട് കാരണങ്ങൾ.

1892 ജൂൺ ഇരുപത്തിയാറിന് യുഎസ്സിലെ വിർജിനിയയിലാണ് ബക്ക് ജനിച്ചത്. മിഷനറി പ്രവർത്തകരായ മാതാപിതാക്കൾക്കൊപ്പം തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും അവർ ചെലവഴിച്ചത് ചൈനയിലായിരുന്നു. അതുകൊണ്ടുതന്നെ ചൈനയിൽ സായ് തെൻസുങ് എന്ന പേരിലാണ് ബക്ക് അറിയപ്പെടുന്നത്. അതവർ സ്വീകരിച്ച ചൈനീസ് പേരാണ്. ദ ഗുഡ് എർത്ത് എന്ന വിഖ്യാത നോവലിലൂടെ വായനയുടെ ആസ്വാദനതലം തന്നെ മാറ്റി മറിച്ച ബക്ക് 1932-ൽ പുലിറ്റ്സർ പ്രൈസ് കരസ്ഥമാക്കി. തന്റെ ജീവിതത്തെയും കൂടി കോർത്തിണക്കിയ പെസന്റെ  ലൈഫ് ഇൻ ചൈന എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകളുടെയും ജീവിതത്തിലും സമൂഹത്തിലും പിന്നാക്കം നിൽക്കുന്നവരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച ബക്ക് ഒരു മികച്ച സംഘാടക കൂടിയായിരുന്നു. ചൈനയെക്കുറിച്ചും പൗരസ്ത്യസംസാരങ്ങളെക്കുറിച്ചും ബക്ക് ധാരാളമെഴുതി.

''ജന്മംകൊണ്ടും പാരമ്പര്യം കൊണ്ടും അമേരിക്കക്കാരിയായ എനിക്ക് പക്ഷേ സാഹിത്യം കൊണ്ട് ചൈനയുടെ പക്ഷത്തോട്ടാണ് ചായ്വ്. കാരണം ഞാൻ വളർന്നത് ചൈനീസ് പാരമ്പര്യവും ക്ളാസിക് കൃതികളും വായിച്ചുകൊണ്ടാണ്''- നൊബേൽ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ബക്ക് നടത്തിയ പ്രസംഗത്തിലെ പ്രസക്തമായി വാക്കുകളാണിവ. 1973-ൽ എൺപതാം വയസ്സിലാണ് ബക്ക് അന്തരിച്ചത്.

Content Highlights:Remembering Pearl S Buck On her Birth Anniversary