രുപതോ ഇരുപത്തിരണ്ടോ പ്രായമുള്ള സുന്ദരിയും ബുദ്ധിമതിയുമായ നായർ പെൺകുട്ടി. നല്ല വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടുതന്നെ താൻ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളവൾ. അവൾക്കൊരു പ്രണയമുണ്ടാവുന്നത് സ്വാഭാവികം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ നായർ യുവാവാണ് ആ ഭാഗ്യവാൻ. പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണവും ഒപ്പം തന്നെ തന്റെ ജാതി സമ്പ്രദായമനുസരിച്ച് മുടിയും വളർത്തിയിട്ടുണ്ട്. മാതൃമേധാവിത്വമൊന്നുമല്ലെങ്കിലും താവഴിമാമൂലുകൾ അനുസരിച്ചാണ് ഇരുവരും ജീവിക്കുന്നത്. നായിക ഒരു നമ്പൂതിരിയെ വിവാഹം ചെയ്താൽ പിന്നെ നായികയുടെ തറവാടിന്റെ മഹിമ ഒന്നുകൂടി ഉയരും. നമ്പൂതിരിമാർക്ക് സംബന്ധം കൂടാനാണെങ്കിൽ ഇങ്ങനെയുള്ള പെൺകുട്ടികളെയേ വേണ്ടൂ. തന്റെ വേൾക്കാൻ പിറകേ കൂടുന്ന നമ്പൂതിരിയച്ഛനെ ബുദ്ധിയാൽ തലവട്ടം ചുറ്റിക്കുന്ന നായിക ഒടുക്കം വിദ്യാസമ്പന്നനായ കാമുകനെത്തന്നെ വിവാഹം ചെയ്യുന്നു.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഇന്ദുലേഖ' യുടെ കഥ ഇങ്ങനെ പോകുന്നു. ജന്മിത്വത്തിനെതിരെയും ബഹുഭാര്യാത്വത്തിനെതിരെയും കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കെതിരെയും ഒയ്യാരത്ത് ചന്തുമേനോൻ നടത്തിയ ആദ്യത്തെ സാംസ്കാരിക വിപ്ളവമായിരുന്നു 'ഇന്ദുലേഖ'. സുന്ദരിയായ ഇന്ദുലേഖ, കാമുകൻ മാധവൻ, സത്രീലമ്പടനായ സൂരി നമ്പൂതിരിപ്പാട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് ഒ. ചന്തുമേനോൻ നടത്തിയ നോവൽ പരിശ്രമം ലോകസാഹിത്യത്തിലെ മലയാളസാന്നിധ്യം ഊട്ടിയുറപ്പിച്ചു.

കോഴിക്കോട് നടുവണ്ണൂരിലെ ഒയ്യാരത്ത് തറവാട്ടിൽ 1847 ജനുവരി ഒമ്പതിനാണ് ചന്തുമേനോൻ ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ സംസ്കൃതവും നാടകങ്ങളും വ്യാകരണവും വശത്താക്കി. തന്റെ പ്രദേശത്തുള്ള സ്കൂളിൽ നിന്നും ഇംഗ്ളീഷ് ഭാഷയും സ്വായത്തമാക്കി. ചന്തുമേനോൻ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ തലശ്ശേരിയിലേക്ക് മാറിത്താമസിച്ചിരുന്നു അദ്ദേഹത്തിന്റെ കുടുംബം. തലശ്ശേരിയിൽ ബേസൽ ഇവാഞ്ജലിക് മിഷൻ നടത്തിയിരുന്ന സ്കൂളിൽ നിന്നും ഔപചാരിക വിദ്യാഭ്യാസം നേടിയ ചന്തുമേനോൻ പഠനത്തിലും ഉന്നതനിലവാരം പുലർത്തിയിരുന്നു. പത്താം വയസ്സിൽ അച്ഛനും പത്താം ക്ളാസിൽ പഠിക്കുമ്പോൾ അമ്മയും മരണപ്പെട്ടതിനെത്തുടർന്ന് വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ചു.

വില്യം ലോഗൻ മലബാർ മാന്വൽ രചിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് സർക്കാർ സർവീസിൽ ഒരു ക്ളാർക്കായി ചന്തുമേനോൻ ജോലിയിൽ പ്രവേശിച്ചത്. വില്യം ലോഗനാണ് അദ്ദേഹത്തെ സബ്കളക്ടറുടെ ഓഫീസിൽ നിയമനം ശരിയാക്കിയത്. മലബാറിലെ പല സർക്കാർ ഓഫീസുകളിലും മാറിമാറി ജോലി ചെയ്ത ശേഷം മുൻസിഫായും പിന്നീട് കോഴിക്കോടിന്റെ സബ്-ജഡ്ജിയായും ചന്തുമേനോൻ ചുമതലയേറ്റു. വില്യം ലോഗന് മലബാർ മാന്വൽ രചിക്കുന്നതിനുവേണ്ടിയുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.

മലബാറിലെ സാമൂഹ്യപരിഷ്കർത്താവ് എന്ന നിലയിൽ ഒ. ചന്തുമേനോന് കൃത്യമായ നിലപാടുകളുണ്ടായിരുന്നു. മരുമക്കത്തായത്തെക്കുറിച്ചും മലബാർ വിവാഹനിയമങ്ങളെക്കുറിച്ചും വിശദമായി പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനുമുള്ള കമ്മറ്റിയിൽ അദ്ദേഹവും അംഗമായി. നായർ വിവാഹങ്ങളും സംബന്ധങ്ങളും വളരെ വിശദമായിത്തന്നെ പഠിച്ച അദ്ദേഹം തന്റെ സാഹിത്യത്തിലും ആ വിഷയം തന്നെ കൈകാര്യംചെയ്തു. ഇന്ദുലേഖയ്ക്കുശേഷം 'ശാരദ' എന്ന നോവലും അദ്ദേഹം രചിച്ചു. 1899 സെപ്തംബർ ഏഴിന് തലശ്ശേരിയിലെ ഒയ്യാരത്ത് വീട്ടിൽ അമ്പത്തിരണ്ടാം വയസ്സിൽ ഹൃദയാഘാതം മൂലമാണ് അദ്ദേഹം അന്തരിച്ചത്. ഒ.ചന്തുമേനോൻ ഓർമയായിട്ട് ഇന്നേയ്ക്ക് നൂറ്റി ഇരുപത്തൊന്ന് വർഷം തികഞ്ഞിരിക്കുന്നു.