ലോകജനതയുടെ ഐക്യത്തെ സ്വപ്നം കണ്ട, അഹിംസാമാർഗത്തിലൂടെ അമേരിക്കയിലെ കറുത്തവർഗക്കാരുടെ നീതിയ്‍ക്കായി പോരാടിയ, നിരവധി തവണ മരണം നേർക്കുനേർ വന്ന് മടങ്ങിപ്പോയ മാർട്ടിൻ ലൂഥർ കിങ്ങിനെ വർഗവിദ്വേഷികൾ തോക്കിനിരയാക്കിയിട്ട് ഏപ്രിൽ നാലിനേക്ക് അമ്പത്തിരണ്ട് വർഷം പൂർത്തിയാവുന്നു. അസാമാന്യവ്യക്തിത്വത്തിനുടമയായിരുന്ന ഡോ.കിങ്ങിന്റെ സമരജീവിതത്തിലൂടെ ഒരെത്തിനോട്ടമാണ് ഈ കുറിപ്പ്
നീഗ്രോയും ഭരണഘടനയും എന്ന വിഷയത്തിൽ പ്രസംഗമത്സരത്തിനുള്ള ഒന്നാം സമ്മാനം കരസ്ഥമാക്കിയാണ് മൈക്കിൾ ലൂഥർ കിങ്ങും അവന്റെ അധ്യാപികയുടെ കൂടി ബസ്സിൽ കയറിയത്. മൈക്കിളിന് പതിനഞ്ചുവയസ്സാണ് അപ്പോൾ. ബസ് ഒരു സ്റ്റോപ്പിൽ നിർത്തിയപ്പോൾ രണ്ടുവെള്ളക്കാർ കയറി. അവർക്ക് ഇരിക്കാൻ വേണ്ടി ടീച്ചറോടും മൈക്കിളിനോടും എഴുന്നേറ്റുകൊടുക്കാൻ ഡ്രൈവർ അവശ്യപ്പെട്ടു. ഭയം കാരണം ടീച്ചർ വേഗം എഴുന്നേറ്റ് കൊടുത്തപ്പോൾ കൗമാരക്കാരനായ മൈക്കിളിന് അപമാനഭാരത്താൽ രക്തം തിളയ്‍ക്കുകയായിരുന്നു. ഡ്രൈവർ രൂക്ഷമായി നോക്കിയിട്ടും അവൻ എഴുന്നേറ്റില്ല. പിന്നെ അയാൾ അവനെ പുലഭ്യം വഴക്കുപറയുകയും എഴുന്നേറ്റുകൊടുക്കാൻ അവന്റെ ടീച്ചർ ദയനീയമായി പറയുകയും ചെയ്തതോടെ മൈക്കിൾ എഴുന്നേറ്റു. 'കറുത്തവർക്ക് സാമൂഹ്യതുല്യനീതി' എന്ന വിഷയത്തിൽ പ്രസംഗിച്ച് കിട്ടിയ ഒന്നാം സമ്മാനത്തെ അവൻ ലജ്ജയോടെ നോക്കി. ആ സംഭവത്തോടെ മൈക്കിൾ ലൂഥർ കിങ് എന്ന വ്യക്തിത്വം തന്റെ ജന്മോദ്ദേശ്യം തിരിച്ചറിയുകയായിരുന്നു. ആദ്യം ചെയ്തത് തന്നെയേറെ സ്വാധീനിച്ച വ്യക്തിത്വവും പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റൻഡ് മതസ്ഥാപകനും നവോത്ഥാനനായകനുമായ മാർട്ടിൻ ലൂഥറിനോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുകയായിരുന്നു. സ്വയം മാർട്ടിൻ ലൂഥറായി അവതരിക്കാൻ തീരുമാനിച്ച മൈക്കിൾ പിന്നെ അറിയപ്പെട്ടത് ലോകനായകൻ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്ന പേരിലാണ്.
അമേരിക്കൻ ഐക്യനാടുകളിലെ സ്റ്റേറ്റുകളിലൊന്നായ ജോർജിയയിലാണ് മാർട്ടിൻ ലൂഥർ കിങ് ജനിച്ചത്. പുരോഹിതനായിരുന്നു പിതാവായ കിങ് സീനിയർ. അദ്ദേഹത്തിന്റെ പ്രസംഗപാടവം വളരെ ചെറുപ്പം മുതലേ കിങ് ജൂനിയറിനെ സ്വാധീനിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രാസംഗികനാവാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചത് പിതാവിന്റെ ഭാഷാ-ചിന്താ സ്വാധീനമായിരുന്നു. മുതിർന്നതോടെ അറ്റ്ലാൻഡയിലെ മോർഹോസ് കോളേജാണ് ഉയർന്ന വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത്. കറുത്തവർക്കുവേണ്ടിയുള്ള രാജ്യത്തെ മികച്ച കോളേജിലൊന്നായിരുന്നു മോർഹോസ്. പിതാവിന്റെ വഴിയേ പുരോഹിതമാർഗം തിരഞ്ഞെടുത്ത മാർട്ടിൻ പെൻസിൽവാനിയയിലെ ക്രോസർ സെമിനാരിൽ നിന്നാണ് വൈദിക പഠനം പൂർത്തിയാക്കിയത്. ദൈവശാസ്ത്രഗ്രന്ഥങ്ങളും തത്വശാസ്ത്രചിന്താഗ്രന്ഥങ്ങളും മാർട്ടിന്റെ വായനയിലെ പതിവുവിഷയങ്ങളായിരുന്നു. അടിമത്തത്തിനെതിരെ നിശിതവിമർശനമുയർത്തിയ ഹെന്റി തോറോയുടെ ചിന്തകൾ മാർട്ടിനെ കൂടുതൽ സ്വാധീനിച്ചിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ മാർട്ടിനെ സ്വാധീനിച്ച വ്യക്തിത്വം മഹാത്മാ ഗാന്ധിയായിരുന്നു. ഗാന്ധിജിയുടെ അഹിംസാമാർഗങ്ങളും നിരാഹാര രീതികളും അടിമത്തത്തിനെതിരായുള്ള സമരമുറയായി മാർട്ടിനും സ്വീകരിച്ചു. കറുത്തവരെ അഭിസംബോധനചെയ്തിരുന്നത് പ്രായഭേദമന്യേ ബോയ് എന്നായിരുന്നു. ഏതു മുതിർന്ന കറുത്തമനുഷ്യനെയും നോക്കി വെളളപ്പോലീസുകാർ ബോയ് എന്നു വിളിക്കുന്നത് മാർട്ടിന് അസഹനീയമായ അപമാനമായി തോന്നി.
ബോസ്റ്റൺ സർവകലാശാലയിൽ ഉയർന്ന വിഭ്യാഭ്യാസം ചെയ്യുമ്പോൾ കൊറേറ്റ എന്ന യുവഗായികയെ മാർട്ടിൻ പരിചയപ്പെട്ടു, പ്രണയത്തിലായി. പ്രണയം വൈകാതെ വിവാഹത്തിലേക്കെത്തി. ആയിടയ്‍ക്കാണ് അലബാമയിലെ മോണ്ട് ഗോമറിയിലുള്ള ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയിൽ പുരോഹിതനാവാൻ ക്ഷണം ലഭിക്കുന്നത്. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിന് ശേഷം കറുത്തവർക്കായി മാത്രം നിർമിച്ച പള്ളിയായിരുന്നു അത്. അലബാമ മാർട്ടിനെ അസ്വസ്ഥപ്പെടുത്താൻ മതിയായ കാരണമുണ്ടായിരുന്നു. വർണവിവേചനവും അക്രമവും അസമത്വവും ഏറ്റവും കൂടുതൽ നിലനിന്നിരുന്ന പ്രദേശമായിരുന്നു അലബാമ.അലബാമയെ അദ്ദേഹം തന്റെ പ്രസംഗക്കളരിയായി കണ്ടുകൊണ്ട് തീപ്പൊരിപ്രസംഗങ്ങളിലൂടെ ആളുകളുടെ വിശ്വാസവും ആരാധനയും നേടിയെടുത്തു.
1955ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ലൂഥർ കിങ് ആദ്യസമരത്തിനിറങ്ങിപ്പുറപ്പെട്ടത് വിദ്യാഭ്യാസസംരക്ഷണത്തിനായിരുന്നു. കറുത്തവരുടെ മക്കൾക്കും വെള്ളക്കാരുടെ മക്കൾക്കും തുല്യവിദ്യാഭ്യാസം എന്ന നിർബന്ധത്തിൽ മാർട്ടിൻ ഉറച്ചുനിന്നു. ചരിത്രപ്രസിദ്ധമായ റോസാപാർക്ക്സ് സംഭവവും അരങ്ങേറുന്നത് അക്കാലത്താണ്. നഗരത്തിൽ ബസിൽ വെള്ളക്കാർക്ക് സീറ്റ് സംവരണം ചെയ്യുകയും കറുത്തവർ പിറകിലൂടെ മാത്രം ഇറങ്ങുകയും കയറുകയും വേണമെന്ന നിയമവും അന്നുണ്ടായിരുന്നു. വെള്ളക്കാർ ഇരിക്കുന്ന സീറ്റ് നിറഞ്ഞിരിക്കുകയാണെങ്കിൽ മധ്യഭാഗത്തുനിന്നും കറുത്തവർഗക്കാരൻ എഴുന്നേറ്റ് സീറ്റൊഴിഞ്ഞുകൊടുക്കണം എന്നാണ് ബസിലെ നിയമം. റോസാ പാർക്ക്സ് എന്ന കറുത്ത വനിത ജോലി ചെയ്ത് ക്ഷീണിച്ച് ബസിൽ കയറുകയും കറുത്തവരുടെ സീറ്റിലിരിക്കുകയും ചെയ്തു. എന്നാൽ അല്പസമയം കഴിഞ്ഞപ്പോൾ ഒരു വെള്ളക്കാരനുവേണ്ടി സീറ്റിലുള്ള നാല് കറുത്തവരും എഴുന്നേറ്റു കൊടുക്കണമെന്നായി ഡ്രൈവർ. മറ്റ് മൂന്ന് പേരും എഴുന്നേറ്റപ്പോൾ റോസാ പാർക്ക്സ് എഴുന്നേൽക്കാൻ വിസമ്മതിച്ചു. വെള്ളക്കാരനെ അപമാനിച്ചുവെന്നാരോപിച്ച് റോസാപാർക്ക്സിനെ പോലീസ് അറസ്റ്റ് ചെയ്‌യുകയും അത് കറുത്തവർക്കിടയിൽ വ്യാപക പ്രതിഷേധം സൃഷ്ടിക്കുകയും ചെയ്തു. റോസ് പാർക്ക്സ് സംഭവത്തോടെ കറുത്തവരുടെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. 1955 സിസംബറിൽ നടന്ന ആ സംഭവം ഡോ. കിങ് ഏറ്റെടുക്കുകയും കറുത്തവർ ബസ് യാത്ര ബഹിഷ്കരിക്കുകയും ചെയ്തു. ബസ് കമ്പനികളുടെ വരുമാനത്തിന്റെ എഴുപത്തഞ്ച് ശതമാനവും കറുത്തവരുടെ യാത്രാക്കൂലിയിൽ നിന്നായിരുന്നു. കാലിയായ ബസുകൾ പോകുന്നതും നോക്കി ബസ് സ്റ്റോപ്പുകളിൽ ഇരുന്ന് അവർ പൊട്ടിച്ചിരിച്ചു. ആദ്യമായി തങ്ങളുടെ മാനം കാത്തതിന്റെ സംതൃപ്തി ഓരോ മുഖങ്ങളിലും കാണാമായിരുന്നു.
''അനേകം വർഷങ്ങളായി കറുത്തവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തിനും അപമാനത്തിനുമെതിരേ സംഘടിക്കണം. എന്നാൽ അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കരുത്. വെള്ളക്കാരെ വെറുക്കുകയുമരുത്.'' സമരത്തിന്റ ഗാന്ധിയൻ മാർഗം പിന്തുടർന്നുകൊണ്ട് മാർട്ടിൻ ലൂഥർ കിങ് ആദ്യമായി സമരരംഗത്തേക്ക് വരികയായിരുന്നു, ബസ് ബഹിഷ്കരണയോഗത്തെ അഭിസംബോധനചെയ്തുകൊണ്ട്. ലോകശ്രദ്ധയാകർഷിച്ച മോണ്ട് ഗോമറി സമരം എന്ന് വിളിച്ച ഈ സമരമാണ് ലൂഥർ കിങ്ങിലെ നായകനെ മുന്നോട്ടുനയിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന ബസ് ബഹിഷ്കരണസമരത്തെ അടിച്ചമർത്താൻ അമേരിക്കൻഭരണകൂടം ആവുന്ന അടവുകളൊക്കെ പയറ്റിനോക്കിയെങ്കിലും ബസിലെ വിവേചനമവസാനിച്ചുവെന്ന ഉറപ്പ് ഉത്തരവാദപ്പെട്ടവരിൽ നിന്നും ലഭിച്ച ശേഷമാണ് റോസാ പാർക്സ് സമരം അവസാനിച്ചത്. വിവേചനമവസാനിപ്പിച്ചശേഷം ആദ്യമായി ബസിൽ കയറിയ യാത്രക്കാർ മാർട്ടിൻ ലൂഥർ കിങ്ങും റോസാ പാർക്സുമായിരുന്നു.
തന്റെ പുസ്തകത്തിന്റെ കോപ്പിയിൽ ആരാധകർക്ക് ഒപ്പിട്ടുകൊടുക്കവേ ഒരു സ്ത്രീ വന്നു ചോദിച്ചു: താങ്കളാണോ മാർട്ടിൻ ലൂഥർ കിങ്? പുഞ്ചിരിയോടെ അതെ എന്ന് പറഞ്ഞുതീർന്നില്ല ആ സ്ത്രീ മൂർച്ചയുള്ള ഒരു കത്തി അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി. മാനസികാസ്വാസ്ഥ്യമുള്ള ഒരു സ്ത്രീയായിരുന്നു അവർ. കറുത്തവർഗക്കാരിയുമായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചതുകൊണ്ട് ദീർഘശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. അപ്പോൾ ഡോക്ടർ പറഞ്ഞത് ലോകവാർത്തയായി. ഡോ.കിങ് ഒന്നു തുമ്മിയിരുന്നെങ്കിൽ തീർന്നുപോകുമായിരുന്നു ആ ജീവിതം. അത് വായിച്ച വെള്ളക്കാരിയായ ഒരു സ്കൂൾ വിദ്യാർഥിനി കിങ്ങിന് കത്തെഴുതി. ''പ്രിയപ്പെട്ട കിങ്, താങ്കൾ ഒന്നു തുമ്മിയാൽ അപ്പോൾ മരിച്ചുപോകുമായിരുന്നു എന്നു പത്രത്തിൽ വായിച്ചു. ആ സമയത്ത് അങ്ങ് തുമ്മിയില്ല എന്നതിൽ ഞാൻ സന്തോഷവതിയാണ്എന്നറിയിക്കാൻ വേണ്ടി മാത്രമാണ് ഈ കത്ത് എഴുതുന്നത്.'' മോണ്ട് ഗോമറി സമരം സങ്കീർണമായപ്പോൾ മുതൽ നിരവധി തവണയാണ് മാർട്ടിൻ ലൂഥർ കിങ് ആക്രമിക്കപ്പെട്ടത്. എല്ലാം വധശ്രമമായിരുന്നു.
റസ്റ്റോറന്റിൽ കറുത്തവർ നേരിടുന്ന വിവേചനത്തിനും അപമാനത്തിനുമെതിരെയാണ് കിങ് പിന്നെ സമരവുമായി രംഗത്തെത്തിയത്. സമരാനുകൂലികൾക്കൊപ്പം കിങ്ങിനെയും ജയിലിലടച്ചപ്പോൾ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ജോൺ. എഫ് കെന്നഡി ഇടപെട്ടാണ് ജയിൽമോചിതനാക്കിയത്. തുടർന്ന് 1962-ൽ ബർമിങ് ഹാം പ്രക്ഷോഭം തുടങ്ങി. കറുത്തവർഗക്കാരെ മെച്ചപ്പെട്ട ജോലികളിൽ നിയമിക്കുക, വർണവിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കിങ്ങിന്റെ നേതൃത്വത്തിൽ സമരമാരംഭിച്ചത്. കുട്ടികളും യുവാക്കളും മുതിർന്നവരുമടങ്ങുന്ന ആയിരക്കണത്തിന് കറുത്തവരാണ് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിയത്. ദേഹത്തേക്കു തുളഞ്ഞുകയറുന്ന ജലപീരങ്കികൾക്കു പുറമേ ഏറ്റവും ക്രൂരമായ അക്രമം കൂടി പോലീസ് സമരക്കാർക്കുനേരെ അഴിച്ചുവിട്ടു. പോലീസുകാർ സമരക്കാർക്കിടയിലേക്ക് നായകളെ തുടലഴിച്ചുവിടുകയായിരുന്നു. ലോകം മുഴുവൻ ഞെട്ടിത്തരിച്ച ഒരു അക്രമമായിരുന്നു അത്. മുവ്വായിരത്തോളം പേർ മർദ്ദനമേറ്റ ബർമിങ് ഹാം സമരം അഹിംസയിലൂടെ മാർഗത്തിലൂടെ ഡോ. കിങ് വിജയിപ്പിക്കുകയായിരുന്നു.
ബർമിങ് ഹാം സമരത്തിന് ശേഷമാണ് 1963 മാർച്ചിൽ വാഷിങ്ടണിലേക്ക് ജനബാഹുല്യമുള്ള ഒരു മാർച്ച് സംഘടിപ്പിക്കുന്നത്. ഏതാണ്ട് രണ്ടരലക്ഷം പേരാണ് മാർച്ചിൽ അണിനിരന്നത്! കിങ് പ്രതീക്ഷിച്ചതിലും ഇരട്ടി ജനങ്ങൾ. വാഷിങ്ടമിലെ എബ്രഹാം ലിങ്കൺ സ്മാരകത്തിന് മുന്നിൽ നിന്നാണ് ചരിത്രപ്രസിദ്ധമായ 'എനിക്കൊരുസ്വപ്നമുണ്ട്' (I HAVE A DREAM) എന്നുതുടങ്ങുന്ന പ്രസംഗം കിങ് നടത്തുന്നത്. '' ഇന്ന് ഞാൻ നിങ്ങളോട് പറയുന്നു, താത്‌ക്കാലികമായ വിഷമതകളും തടസ്സങ്ങളുമുണ്ടെങ്കിലും അതിനെല്ലാമുപരിയായി എനിക്കൊരു സ്വപ്നമുണ്ട്. ഒരു നാൾ നമ്മുടെ രാഷ്ട്രം ഉണർന്നെഴുന്നേറ്റ് എല്ലാ മനുഷ്യരും തുല്യരാണെന്ന വിശ്വാസപ്രമാണം ജീവിതത്തിൽ പകർത്തുമെന്ന സ്വപ്നമാണത്. എനിക്കൊരു സ്വപ്നമുണ്ട്, അനീതിയുടെയും അടിച്ചമർത്തലിന്റെയും മരുഭൂമിയായ മിസിസ്സിപ്പി സംസ്ഥാനം പോലും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും മരുപ്പച്ചയായി മാറുന്നതാണത്'...ഇങ്ങനെ നീളുന്നു ആ മഹത്തായ വാക്കുകൾ.
വാഷിങ്ടൺ പ്രസംഗത്തിന് ശേഷവും ഏതാനും ഒറ്റപ്പെട്ട ആക്രമങ്ങൾ കറുത്തവർക്കുനേരെയുണ്ടായി. നവംബർ 22 ന് അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ്.കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടു. ആ സംഭവത്തിൽ അത്യധികം ദു:ഖിച്ച ഡോ.കിങ് പിന്നീട് തന്റെ ജനങ്ങൾക്ക് വോട്ടവകാശം ലഭിക്കാനുള്ള സമരമാർഗങ്ങളാണ് അന്വേഷിച്ചത്. 1964 ലെ പൗരാവകാശനിയമം അന്നത്തെ പ്രസിഡണ്ട് ലിൻഡൻ ജോൺസൺ ഒപ്പുവക്കുന്നതുവരെ ആ സമരം തുടർന്നു. ദൈവത്തിന്റെ ബൂത്തിൽ തുല്യരായവർ ഇനി പോളിങ് ബൂത്തുകൾ, ക്ളാസ് മുറികൾ, ഫാക്ടറികൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകൾ,മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തുല്യരായിരിക്കും എന്ന് പൗരാവകാശനിയമം ഉറപ്പുനല്കി.
1968 ഏപ്രിൽ ആദ്യവാരം. തൊഴിലാളികൾ തുല്യവേതനത്തിലുള്ള സമരത്തിലാണ് അമേരിക്കയിൽ. അവരെ അഭിസംബോധന ചെയ്‌യാനായി കിങ് യോഗസ്ഥലത്തെത്തി. നിരന്തരം വധഭീഷണികൾ നേരിടുന്നതിനാൽ കിങ് പ്രസംഗം തുടങ്ങിയതിങ്ങനെയാണ്. ' ദീർഘകാലം ജീവിക്കാൻ എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. എന്നാലിപ്പോൾ ഞാനിക്കാര്യം ഗൗനിക്കുന്നില്ല. എനിക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റണം. ഇന്നു രാത്രി ഞാൻ സ്നതോഷവാനാണ്. ഒന്നിനെക്കുറിച്ചും ഉത്‌കണ്ഠയില്ല. ഒരു മനുഷ്യനെയും ഭയക്കുന്നില്ല. ദൈവാഗമനത്തിന്റെ മഹത്വം എന്റെ കണ്ണുകൾ ദർശിച്ചിരിക്കുന്നു.'
പിറ്റേന്ന് വൈകുന്നേരം തുല്യവേതനസമരപരിപാടികൾ ചർച്ചചെയ്‌യുന്നതിനുവേണ്ടി കൂട്ടുകാരോടൊത്ത് താമസിക്കുന്ന ഹോട്ടലിന്റെ ബാൽക്കണിയിൽ ഇരിക്കുമ്പോൾ അടുത്ത കെട്ടിടത്തിൽ ഒളിച്ചിരുന്ന ഒരു അക്രമി അദ്ദേഹത്തിനുനേരെ വെടിയുതിർത്തു. സുഹൃത്തുക്കൾ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കുറിനകം, മുപ്പത്തിയൊമ്പതാം വയസ്സിൽ, ഏപ്രിൽ നാലിന് അദ്ദേഹം മരണമടഞ്ഞു. ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത മാർട്ടിൻ ലൂർ കിങ്ങിന്റെ ശവസംസ്കാരച്ചടങ്ങ് അമേരിക്കയെയാകെ ദുഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു നടത്തത്. അറ്റ്ലാൻഡയിലെ ബാപ്റ്റിസ്റ്റ് പള്ളിയിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ഇങ്ങനെ കൊത്തിവച്ചിരിക്കുന്നു: 'മോചിതനായി ഒടുവിലിതാ മോചിതനായി! നന്ദി ദൈവമേ ഞാൻ ഒടുവിലിതാ മോചിതനായിരിക്കുന്നു!'
Content Highlights: Remembering Martin Luther King Jr, Martin Luther King Jr Death Anniversry