പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ
കരളിന്റെ കാതലേ....

ലയാളക്കരയെ ഒന്നാകെ പാട്ടുപാടിയുറക്കിയ മാന്ത്രിക വരികള്‍!തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ട് അനശ്വരമായ താമരപ്പൂമ്പൈതല്‍ പോലൊരു ഗാനം. വരികള്‍ ആര് ചിട്ടപ്പെടുത്തിയൊന്നോര്‍ത്ത് ആരും ഗൂഗിളില്‍ തപ്പി നോക്കാറില്ല. പാട്ടുപാടിയുറക്കാം ഞാന്‍ എന്ന വരിക്കൊപ്പം തന്നെ മലയാളി അഭയദേവ് എന്ന പേരു കൂടി ചേര്‍ത്തിരിക്കും. 

എഴുപതുകളിലെ പുരോഗമനസാഹിത്യത്തിലെയും മലയാളസിനിമാഗാന മേഖലയിലെയും സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിലെയും സജീവസാന്നിധ്യമായിരുന്ന അഭയദേവ് ജനിച്ചത് 1913 ജൂണ്‍ 25ന് കോട്ടയത്തെ പള്ളത്താണ്. അക്കാലത്തെ കവിപ്രമുഖരില്‍ ഒരാളായിരുന്ന കരിമാലില്‍ കേശവപ്പിള്ളയുടെ മകനായ അയ്യപ്പന്‍ പിള്ള പിന്നീട് ആര്യസമാജത്തില്‍ ചേര്‍ന്ന് അഭയദേവ് എന്നപേര് സ്വീകരിച്ചു. അഞ്ഞൂറോളം ചിത്രങ്ങളുടെ ഗാനരചന, ഇരുപത്തഞ്ച് ചിത്രങ്ങള്‍ക്ക് സംഭാഷണം...തന്റെ ആദ്യ ചിത്രമായ വെള്ളിനക്ഷത്രത്തിലെ ഗാനരചനയുടെ ചുവടുപിടിച്ചുകൊണ്ട് അഭയദേവ് സൃഷ്ടിച്ചത് തികച്ചും വ്യത്യസ്തമായ ജനപ്രിയകലയുടെ മറ്റൊരു ആസ്വാദനതലമായിരുന്നു. മലയാള സിനിമയ്ക്കുള്ള സമഗ്രസംഭാവനയ്ക്കായി ഏര്‍പ്പെടുത്തിയ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്കിയാണ് അദ്ദേഹത്തോടുള്ള ആദരം സിനിമാ-സാംസ്‌കാരികലോകം പ്രകടിപ്പിച്ചത്.

ഹിന്ദി, തമിഴ്, തെലുങ്ക്,കന്നട തുടങ്ങിയ ഭാഷകളില്‍ നിന്ന് നൂറോളം ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയവതരിപ്പിച്ച അഭയദേവ്, സിനിമാ ഡബ്ബിങ് മേഖലയിലെ പകരം വെക്കാനില്ലാത്ത ശബ്ദത്തിനുടമയായിരുന്നു. ആദ്യകാലങ്ങളില്‍ പള്ളം അയ്യപ്പന്‍ പിള്ള എന്ന പേരില്‍ നാടകങ്ങളും ഗാനങ്ങളും എഴുതിയ അഭയദേവിന്റെ നവയുഗം എന്ന നാടകം സര്‍ സി.പി കണ്ടുകെട്ടിയ ചരിത്രവുമുണ്ട്. 

മലയാള ചലച്ചിത്രമേഖലയുടെ ബാല്യകാലങ്ങളിലാണ് അഭയദേവിന്റെ രംഗപ്രവേശം. സംഗീതം സിനിമയുടെ സര്‍വപ്രധാനമായ ഭാഗമായിരുന്ന കാലം. വെള്ളിനക്ഷത്രം എന്ന കന്നിച്ചിത്രത്തിലൂടെ മലയാളചലച്ചിത്രമേഖലയിലെ ഹിറ്റ് ഗാനങ്ങളുടെ പിറവിയാരംഭിക്കുകയായിരുന്നു.കലര്‍പ്പില്ലാത്ത, ലളിതവും പരിചിതവുമായ വാക്കുകള്‍ വരികളായപ്പോള്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും ആ പാട്ടുകളേറ്റെടുത്തു. പിന്നീടങ്ങോട്ട് ഒന്നര വ്യാഴവട്ടക്കാലം അഭയദേവിന്റെ സമയമായിരുന്നു. 

ലാളിത്യമുള്ള പദങ്ങള്‍, അനായാസേനയുള്ള ഉച്ചാരണം, ജീവിതഗന്ധിയായ ബിംബങ്ങള്‍...പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് അഭയദേവ് നടന്നുകയറി. തന്നെക്കാള്‍ സമര്‍ഥരായവര്‍ പാട്ടെഴുതാന്‍ തുടങ്ങിയപ്പോള്‍ താന്‍ പിന്‍മാറുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ സേവനം സാഹിത്യത്തിന്റെ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിച്ച അഭയദേവ് ഹിന്ദിപ്രചാരസഭയിലും സജീവ സാന്നിധ്യമായിരുന്നു. 

 വയലാര്‍- ദേവരാജ് കൂട്ടുകെട്ട് പോലെ മലയാള സിനിമയുടെ പ്രാരംഭഘട്ടത്തില്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ദ്വന്ദങ്ങളായിരുന്നു അഭയദേവ്- ദക്ഷിണാമൂര്‍ത്തി. കണ്ണും പൂട്ടി ഉറങ്ങുക നീയെന്‍ കണ്ണേ കണ്‍മണി പൊന്നും മകളെ, അമ്മ തന്‍ പ്രേമ സൗഭാഗ്യത്തിടമ്പേ ഉമ്മ നല്കിടാം ആനന്ദക്കാമ്പേ, ഇമ്പമേറും ഇതളാകും മിഴികളാല്‍ ആമ്പലമ്പിളിയെ നോക്കാന്‍ കാരണം,മാനം തന്ന മാരിവില്ലേ മാഴ്കാതെന്‍ മാരിവില്ലേ..,കാരണമെന്താവോ ദേവാ പാവനമിതുമേ രാജ്യം ശിവനേ... തുടങ്ങി അനേകം ഗാനങ്ങള്‍ അഭയദേവ് ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടിലൂടെ ആസ്വാദകരേറ്റെടുത്തവയാണ്. 

ഹിന്ദി മലയാളം നിഘണ്ടുവിന്റെ രചനയ്ക്കു പുറമേ ഏക്താരാ, അപൂര്‍വബംഗാള്‍, മണ്‍കോലങ്ങള്‍ തുടങ്ങിയ കൃതികള്‍ കൂടി അദ്ദേഹത്തിന്റേതായിട്ടുണ്ട്. 2000 ജൂലെ 26നാണ് അഭയദേവ് അന്തരിച്ചത്.

Content Highlights: Remembering malayalam lyricist screenplaywriter Abhayadev on his birth Anniversary