ആധുനിക ഹിന്ദി സാഹിത്യത്തിലെയും നാടകത്തിലെയും ശക്തമായ സാന്നിധ്യമായിരുന്ന ജയ്ശങ്കർ പ്രസാദ് ഓർമയായിട്ട് എൺപത്തിമൂന്ന് സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. കവി,നോവലിസ്റ്റ്, നാടകകൃത്ത് തുടങ്ങിയ നിലകളിൽ ഇന്ത്യൻ സാഹിത്യത്തില മുടിചൂടാമന്നനായി തിളങ്ങിയ ജയ്ശങ്കർ 1889 ജനുവരി മുപ്പതിന് വാരണാസിയിലാണ് ജനിച്ചത്.
പുകയില കച്ചവടക്കാരനായിരുന്ന പിതാവ് ബാബു ദേവ്കി പ്രസാദ്, ജയ്ശങ്കറിന്റെ വളരെ ചെറുപ്രായത്തിൽ തന്നെ അന്തരിച്ചു. കുടുംബവ്യാപാരത്തിന്റെ കടിഞ്ഞാൺ നഷ്ടമായതോടെ അഭിമുഖീകരിക്കേണ്ടി വന്ന ദാരിദ്ര്യം കാരണം എട്ടാം ക്ളാസിൽ വച്ച് സ്കൂൾ പഠനവുമവസാനിപ്പിച്ചു കവി. വീട്ടിലിരുന്നുകൊണ്ട് സ്വയം അറിവു സമ്പാദിക്കുക എന്ന ദൃഢനിശ്ചയത്തിലെത്തിയപ്പോൾ ജയ്ശങ്കർ സ്വായത്തമാക്കിയത് മാതൃഭാഷ മാത്രമായിരുന്നില്ല. ഹിന്ദിയ്ക്കു പുറമേ ഇംഗ്ളീഷ്, ഉർദു, ബംഗാളി. പേർഷ്യൻ ഉൾപ്പെടെയുള്ള ധാരാളം ഭാഷകളും വേദങ്ങളും ചരിത്രവും അദ്ദേഹം പഠിച്ചെടുത്തു.
വളരെ ചെറുപ്രായത്തിൽ തന്നെ കവിതകളെഴുതാൻ തുടങ്ങിയ ജയ്ശങ്കർ നല്ലൊരു ചതുരംഗ കളിക്കാരനും കൂടിയായിരുന്നു. വേദങ്ങളിൽ അപാരജ്ഞാനമുണ്ടായിരുന്ന ജയ്ശങ്കർ തന്റെ ആദ്യസാഹിത്യസമാഹാരം എഴുതിയത് ഉത്തർപ്രദേശിലെ ബ്രജ് എന്ന പ്രാദേശികഭാഷയിലായിരുന്നു. 'ചിത്രഹാർ' എന്നാണതിന് പേര് നല്കിയിരുന്നത്. ലളിതവും വൈകാരികവും ഹൃദയഹാരിയുമായ കവിതകൾ വായനക്കാർ അതിർവരമ്പുകളില്ലാതെ ഏറ്റെടുത്തപ്പോൾ ആധുനിക ഇന്ത്യൻ സാഹിത്യത്തിലെ നെടുംതൂണുകളിലൊരാളായി മാറുകയായിരുന്നു ജയ്ശങ്കർ. കാല്പനികത മുതൽ ദേശഭക്തി വരെ നിറഞ്ഞൊഴുകിയ കവിതകളെ തത്വജ്ഞാനങ്ങൾ ശിരസ്സാവഹിക്കുന്ന ഒരു സാംസ്കാരിക സമൂഹം തന്നെ അദ്ദേഹത്തിന്റെ സ്വാധീനത്താൽ ഇന്ത്യയിൽ വളർന്നു വന്നു. 'ഹിമാദ്രി തുംഗ ശൃംഗ സേ'...എന്നു തുടങ്ങുന്ന ദേശഭക്തിഗാനം സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ അതിശക്തമായ പ്രചരണായുധമായി ദേശസ്നേഹികൾ പാടിനടന്നു.
ഇന്ത്യൻ സാഹിത്യത്തിലെ കാല്പനികകാലഘട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം ഹൃദയഹാരിയായ കവിതകളാൽ ആളുകൾ കൊണ്ടാടിയ കാലം കൂടിയായിരുന്നു. കലയും തത്വജ്ഞാനവും തന്റെ കൃതികളിൽ വേണ്ടരീതിയിൽ എറിഞ്ഞുപിടിപ്പിക്കാനുള്ള ജയ്ശങ്കറിന്റെ കഴിവിനുമുന്നിൽ അക്കാലത്തെ മറ്റു പ്രശസ്ത സാഹിത്യകാരും ഏറെക്കുറേ ബദ്ധപ്പെട്ടിരുന്നു എന്നുവേണം പറയാൻ. ജീവിതനാടകങ്ങളോടായിരുന്നു അദ്ദേഹത്തിന് കവിതകഴിഞ്ഞാൽ പ്രിയം. ഇന്ത്യകണ്ട മഹാത്മാക്കളുടെ ജീവിതവും സംഭാവനകളും അദ്ദേഹം അരങ്ങിലവതരിപ്പിച്ചു. അദ്ദേഹമെഴുതിയ നാടകങ്ങളാണ് ഹിന്ദി നാടകരംഗത്തെ ആദ്യകാല സൃഷ്ടികളായി ഇന്നും വിലയിരുത്തപ്പെടുന്നത്.
1928-ൽ രചിക്കപ്പെട്ട 'സ്കന്ദഗുപ്ത' പോലുളള നാടകങ്ങൾ പിന്നീട് സർവ്വകാലശാലകൾ പഠനത്തിനായി തിരഞ്ഞെടുത്തു.
കലാധർ എന്ന പേരിലായിരുന്നു അദ്ദേഹം തുടക്കകാലത്ത് കവിതകൾ എഴുതിയിരുന്നത്. സുമിത്രാനന്ദൻ പണ്ഠ്, മഹാദേവി വർമ, സൂര്യകാന്ത് ത്രിപാദി എന്നീ റൊമാന്റിക് കവികളോടൊപ്പം ചേർന്ന് ഇന്ത്യൻ കാല്പനികസാഹിത്യത്തിലെ നാലുതൂണുകളിൽ ഒന്നായി ജയ്ശങ്കർ പ്രസാദ് നിലയുറപ്പിച്ചു. അവർ നാലുപേരും ചേർന്ന് രൂപീകരിച്ച 'ഛായാവാടി' എന്ന ഹിന്ദി സാഹിത്യപ്രസ്ഥാനം അക്കാലത്തെ സാംസ്കാരിക-സാമൂഹിക ഇടങ്ങളിൽ പ്രാധാന്യം നേടിയ ഒന്നായിരുന്നു. 1937 ജനുവരി പതിനാലിന് തന്റെ നാല്പത്തിയെട്ടാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
Content Highlights: Remembering Jaishankar Prasad Indian Romantic poet on his 83 death Anniversary