ഒരച്ഛനും അമ്മയ്ക്കും മൂത്ത മകനായി 96 വര്‍ഷം മുന്‍പ് പിറന്നൊരു സാധാരണക്കാരന്‍. അയാള്‍ക്കു ചുറ്റും അന്നത്തെ പാതി നഗ്‌നകേരളവും അതിലെ സംഘര്‍ഷ ജീവിതവും. സംസ്‌കൃതവും ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന് വൈദ്യവും പഠിച്ചു. ഒപ്പം അവകാശങ്ങള്‍ക്കായുള്ള വിദ്യാര്‍ഥി സമരത്തെ മുന്‍ നിരയില്‍ നിന്ന് വൃത്തിയായി നയിച്ചുകൊണ്ടു തന്നെ നല്ല നിലയില്‍ ബിരുദവും നേടി. എന്നുവെച്ചാല്‍ വെറുതെ സമരം നടത്തി പഠിത്തം ഉഴപ്പിയില്ല എന്നര്‍ത്ഥം. കാമ്പിശ്ശേരി കരുണാകരനുമായുള്ള ആത്മബന്ധമായിരുന്നു സാമൂഹ്യ ജീവിതത്തോട് അദ്ദേഹം ഉണര്‍ത്തിയെടുത്ത കാഴ്ചപ്പാടിന്റെ കാതല്‍ എന്നും വായിച്ചിട്ടുണ്ട്. ആദ്യകാല രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്നും ഒരു ശുദ്ധ കമ്യൂണിസ്റ്റായുള്ള മാറ്റം അദ്ദേഹം കൈവരിച്ചത് 1940-50 കാലഘട്ടങ്ങളിലെ സാമൂഹ്യപരമായ പല രീതികളും നിലപാടും കണ്ടും അനുഭവിച്ചും ഉളവായ ശൗര്യം തന്നെ ആയിരിക്കാം.
തനിക്കു പറയാനുള്ളതും ചെയ്യാനുള്ളതിനും സഹയാത്രികനായി അദ്ദേഹം കണ്ടെത്തിയതും രഹസ്യായുധമായി മാറ്റിയതും അദ്ദേഹത്തിന്നുള്ളില്‍ തന്നെയുള്ള എഴുത്തുകാരനെ ആയിരുന്നു എന്നെനിക്ക് തോന്നുന്നു. 'മുന്നേറ്റം' എന്നൊരു ഏകാംഗ നാടകത്തില്‍ നിന്നും അന്നത്തെ നാടക വേദിയുടെ അത്യുംഗ ചലനമായി മാറിയ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലൂടെ അദ്ദേഹം സൃഷ്ടിച്ച കെ.പി.എ.സി. നാടകവേദിക്കും, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നേട്ടമായി മാറിയ ജനപിന്തുണ അത്ഭുതാവഹമായിരുന്നു. ശൂരനാട് കര്‍ഷക സമരത്തിനു ശേഷം ഒളിവില്‍ പോയ കാലത്താണ് ''സോമന്‍'' എന്ന തൂലികാ നാമത്തില്‍ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' രചിക്കുന്നത്. അതേ കലാപപശ്ചാത്തലത്തില്‍ നിന്നുമാണ് 'മൂലധനം' എന്ന സിനിമയും രൂപപ്പെടുന്നത്. കെട്ടുറപ്പുള്ളൊരു തിരക്കഥയിലൂടെ, ഉജ്വല ഗാനങ്ങളിലൂടെ, നാടകത്തില്‍ നിന്നും പൂര്‍ണ്ണമായും മാറി നില്‍ക്കുന്ന സിനിമയുടെ വ്യാകരണവും അദ്ദേഹത്തിനു കുറിക്കാനായി.
'മൂലധനം' ടാക്കീസില്‍ പോയി നാലിലധികം തവണ ഞാന്‍ കണ്ടിട്ടുണ്ട്. എന്തുകൊണ്ട് കണ്ടുവെന്നു ചോദിച്ചാല്‍ എനിക്കറിയില്ല. കാണാന്‍ തോന്നി. അത്രക്കങ്ങ് എന്നെ ആകര്‍ഷിച്ചു എന്നതാണ് സത്യം. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ നവീകരിക്കേണ്ട ആശയചിന്തയുമായി വന്ന 'അശ്വമേധവും' അതിനൊരു രണ്ടാം ഭാഗമെന്നവിധം വന്ന 'ശരശയ്യ'യും ആ വിപ്ലവകാരിയുടെ സിനിമാ ജീവിതത്തിലെ രണ്ട് സാമൂഹ്യ തീപ്പന്തങ്ങളായാണ് ഞാന്‍ കാണുന്നതും.
തോപ്പില്‍ ഭാസിയെക്കുറിച്ച് എന്തെങ്കിലും പറയാനോ എഴുതാനാ ഞാന്‍ ആരുമല്ല. അദ്ദേഹത്തിന്റെ സിനിമകളാണ് കൂടുതല്‍ കണ്ടതും. നാടകങ്ങളുടെ കര്‍ട്ടന്‍ ഉയരുന്ന കാലത്ത് ഞാന്‍ പിറന്നിട്ടുമില്ല. പിന്നെങ്ങിനെ കാണാന്‍.മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, ഒന്നും കണ്ടിട്ടില്ല. പക്ഷെ 'തുലാഭാരം' കണ്ടിട്ടുണ്ട്. ആ സിനിമ കണ്ട് വീട്ടില്‍ വന്ന് സ്ത്രീകള്‍ കരയുന്നതും കണ്ടിട്ടുണ്ട്.
തോപ്പില്‍ഭാസിയുടെ സിനിമകള്‍ വെളിച്ചമായി വീണ സിനിമാ തിരശ്ശീലകളില്‍ ഇപ്പോള്‍ വീഴുന്ന സിനിമയുടെ വെളിച്ചത്തിനും അതിന്റെതായ വിപ്ലവ മാറ്റങ്ങള്‍ വന്നു. കറുപ്പിലും വെളുപ്പിലും വീണ ജീവിത മുഹൂര്‍ത്തങ്ങള്‍ക്ക് നിറവും ചാരുതയും ഏറി. കഥ പറയുന്ന രീതിയും കഥകളും മാറി. പക്ഷെ ജീവിതച്ചൂരും സത്യസന്ധമായ സാമൂഹ്യ പ്രതിബദ്ധതയും കാലത്തിനൊത്ത് ചതുരംഗക്കളത്തിലെ കരുക്കള്‍പോലെ ഉന്നം നോക്കി വഴുതി മാറുമ്പോള്‍, കാഴ്ച്ചക്കാര്‍ക്കും ജീവിക്കുന്നവര്‍ക്കും കിട്ടാതെ പോകുന്നത് അത് സൃഷ്ടിക്കുന്നവരുടെ മനസ്സിന്റെ അത്മാര്‍പ്പണമാണെന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്.
Content Highlights: Reghunath Paleri remembers Thoppil Bhasi