നലുകള്‍ എരിഞ്ഞടങ്ങിയ ചിതയ്ക്കരികിലെ ചരല്‍മണ്ണില്‍ മനസ്സിലൊരു മൗനപ്രാര്‍ത്ഥനയുമായി മുട്ടുകുത്തി നിന്ന് അമ്മയുടെ അസ്ഥി പെറുക്കുമ്പോള്‍ തൊട്ടരികില്‍ നിന്ന് ഒരു ശബ്ദം കേട്ടപോലെ. സ്‌നേഹവാത്സല്യങ്ങള്‍ക്കൊപ്പം തെല്ലു പരിഭവവും കലര്‍ന്ന ശബ്ദം: 'പാവം, ആ ചെക്കനെ എന്തിനാ ഇങ്ങനെ ഇട്ട് വെഷമിപ്പിക്കണത്? മുട്ടിന്റെ തോല് പോയി ചോര വരണുണ്ടാവും. ഓനതൊന്നും ശീലംല്യ. അല്ല ഗോപ്യാരെ, നിങ്ങക്കെന്നെ പെറുക്കിക്കൂടെ ഈ അസ്ഥിയൊക്കെ?''

നാലു ദിവസം മുന്‍പ് വിടപറഞ്ഞ അമ്മയുടെ ശബ്ദം. അല്ലെങ്കിലും മക്കളാരും തരിമ്പുപോലും കഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാന്‍ വയ്യായിരുന്നല്ലോ അമ്മയ്ക്ക്. 'ന്റെ കുട്ട്യോളൊക്കെ ന്നെപ്പോലെയാ. ബുദ്ധിമുട്ടീട്ട് ശീലംല്യ'' എന്നാണു പറയുക.

ശേഖരിച്ച അസ്ഥിയുമായി തിരുനാവായയില്‍ ചെന്ന് അനിയനോടൊപ്പം ഭാരതപ്പുഴയിലെ  തണുത്ത വെള്ളത്തില്‍  മുങ്ങിനിവരുമ്പോഴും കേട്ടു അതേ ശബ്ദം: 'ന്റെ കുട്ട്യോള്‍ക്ക് ജലദോഷം പിടിക്കൂലോ ഈശ്വരാ.  തണുപ്പ് അടുത്തുക്കൂടെ പോയാ മതി രണ്ടിനും ഏക്കം വരാന്‍. തലേക്കൂടി വെള്ളം മുക്കിപ്പാര്‍ന്നാ പോരേ?  എളയതേ ഒന്ന് തല തോര്‍ത്തിക്കൊടുക്കിന്‍ നിങ്ങള്...''

അമ്പലത്തിന് അഭിമുഖമായി നിന്ന് അസ്ഥിക്കലം പുഴയില്‍ ഒഴുക്കുമ്പോഴും അമ്മയുണ്ടായിരുന്നു കൂടെ; അദൃശ്യ സാന്നിധ്യമായി. ഇതാ ഇതെഴുതുമ്പോഴുമുണ്ട്. 'ന്നെപ്പറ്റി എഴുതാന്‍ മാത്രൊക്കെ ണ്ടോ'' എന്ന ചോദ്യവുമായി. ചുണ്ടിലൊരു കുസൃതിച്ചിരിയോടെ  അടുത്തെങ്ങോ മറഞ്ഞുനില്‍ക്കുന്ന അമ്മ. 

എണ്‍പത്തിനാലാം വയസ്സില്‍ മരണം അമ്മയെ ആശുപത്രിക്കിടക്കയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ നിമിഷം എന്തായിരുന്നു എന്റെ മനസ്സിനെ വലയം ചെയ്ത വികാരം? വേദനയോ നഷ്ടബോധമോ അതോ ആശ്വാസമോ? അറിയില്ല. തീര്‍ത്തും അപ്രതീക്ഷിതമല്ലായിരുന്നതു കൊണ്ട് വലിയൊരു ആഘാതമായിരുന്നു ആ വേര്‍പാട് എന്ന് പറയാന്‍ വയ്യ. ഉള്ളിലൊരു വല്ലാത്ത വിങ്ങലുണ്ടായിരുന്നു എന്ന് സത്യം. ഏതു നിമിഷവും മനസ്സിന്റെ അതിരുകള്‍ ഭേദിച്ച് പുറത്തേക്ക് ഒഴുകുമായിരുന്ന നിശബ്ദമായ ഒരു കരച്ചില്‍. എങ്കിലും ആശ്വാസം തോന്നി. ആഗ്രഹിച്ച പോലൊരു മരണം അമ്മയ്ക്ക് കനിഞ്ഞുനല്കിയല്ലോ ഈശ്വരന്‍. ശാന്തവും സമാധാനപൂര്‍ണ്ണവുമായ അന്ത്യത്തിന് ആരാണ് കൊതിക്കാത്തത്; അതും ജീവിതസായാഹ്നത്തില്‍.

ദൈവാനുഗ്രഹത്താലാവണം അമ്മയ്ക്ക് കിട്ടിയത് അതുപോലൊരു ഭാഗ്യമരണമാണ്. ആയുഷ്‌കാലം മുഴുവന്‍ വിധി അമ്മയ്ക്കുവേണ്ടി കരുതിവെച്ച  കടുത്ത പരീക്ഷണങ്ങള്‍ക്കും  ദുരിതങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായിരുന്നില്ലേ  ഇളംതൂവല്‍ കൊഴിയുംപോലെയുള്ള ഈ മരണം?  മൃദുപാദപതനങ്ങള്‍ പോലും കേള്‍പ്പിക്കാതെയാണ് മൃത്യു വന്നത്. തൊട്ടടുത്ത് പ്രാര്‍ത്ഥനകളുമായി ഇരുന്ന  ഞങ്ങളുടെ കണ്മുന്നിലൂടെ, ആരും കാണാതെ ഒരു പാട്ടിന്റെ  കൈപിടിച്ച്, ചുണ്ടില്‍ നാമോച്ചാരണവുമായി കടന്നുപോകുകയായിരുന്നു അമ്മ.  'ന്റെ കുട്ടിയോളെയാരേം ബുദ്ധിമുട്ടിക്കാതെ എന്നെ ഇവിടുന്നങ്ങട്ട്  കൊണ്ടോയാല്‍ മതിയായിരുന്നു..'' - മുന്‍പൊരിക്കല്‍, കോഴിക്കോട്ടെ ആശുപത്രിക്കിടക്കയില്‍ ബോധം മിന്നിമറഞ്ഞുകൊണ്ടിരുന്ന നിമിഷങ്ങളില്‍ ആത്മഗതം പോലെ അമ്മ പിറുപിറുത്ത വാക്കുകള്‍. ദൈവം ആ പ്രാര്‍ത്ഥന കേട്ടിരിക്കണം. 

കാലത്ത്, ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്നുള്ള ട്യൂബിന്റെയും മൂത്രക്കുഴലിന്റെയും ബന്ധനത്തില്‍ അസ്വസ്ഥയായി  പാതി മയങ്ങിക്കിടന്ന അമ്മയെ വേദനയോടെ നോക്കിയിരുന്നപ്പോള്‍ മനസ്സ് അറിയാതെ മൂളിപ്പോയത് ഒരു പഴയ പാട്ടാണ്: 'പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ച്'' -- അമ്മ എന്നും കേള്‍ക്കാനാഗ്രഹിച്ച ഗാനം. ഒരിക്കല്‍ക്കൂടി അമ്മയുടെ കാതുകളില്‍ ആ പാട്ട് മൂളാനാണ് അപ്പോള്‍ തോന്നിയത്. ഇഷ്ടഗാനം കേട്ടിട്ടെങ്കിലും അമ്മ ഒരു നിമിഷം കണ്ണുതുറന്നാലോ?

'പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ചു പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു'' എന്ന പല്ലവി പാടി നിര്‍ത്തിയിട്ടും കണ്ണുകള്‍ തുറന്നില്ല അമ്മ.  പക്ഷേ ആ ചുണ്ടുകള്‍ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു; അവ്യക്തമായ ശബ്ദത്തില്‍. 'എന്താമ്മേ'' എന്നു ഉറക്കെ ചോദിച്ച് കാതുകള്‍  ചുണ്ടുകളോട് ചേര്‍ത്തു പിടിച്ചപ്പോള്‍ കേട്ടു 'കണ്മണി'' എന്ന ഒരൊറ്റ വാക്ക്. ഈശ്വരാ, ഈ അബോധാവസ്ഥയിലും ഇഷ്ടപ്പെട്ട  പാട്ടിന്റെ അടുത്ത വരി പാടിക്കേള്‍ക്കാന്‍ കൊതിക്കുകയാണോ അമ്മ? 'കണ്മണിയതുകേട്ടു നാണിച്ചു നാണിച്ചു കാല്‍നഖം കൊണ്ടൊരു വരവരച്ചു'' എന്ന വരി പാടിത്തീര്‍ന്നപ്പോഴേക്കും എന്റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. ഒന്നും ഉരിയാടാതെ, ഒന്നും കാണാതെ, അനക്കം പോലുമില്ലാതെ  മറ്റേതോ ലോകത്തെന്നോണം മയങ്ങിക്കിടന്ന അമ്മയെ നോക്കി വിതുമ്പി  മനസ്സ്. ആ നിമിഷം എനിക്ക് തോന്നി, അമ്മ അവസാനത്തെ യാത്രക്ക് തയ്യാറെടുത്തുകഴിഞ്ഞു എന്ന്. 'നീ അനാഥനാകാന്‍ പോകുന്നു'' എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചപോലെ.

വൈകീട്ട് കുറച്ചുകൂടി മോശമായി അവസ്ഥ. ശ്വാസോഛ്വാസം കൂടുതല്‍ ഉച്ചത്തിലായി. പ്രതികരണങ്ങള്‍ കുറഞ്ഞു. കട്ടിലിനടുത്തിരുന്ന് മൊബൈല്‍ ഫോണിലൂടെ,  ചിത്രയുടെ ശബ്ദത്തിലുള്ള രാമായണം അമ്മയുടെ കാതുകളില്‍ വെച്ചുകൊടുത്തു അനിയന്റെ ഭാര്യ. മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉപബോധമനസ്സ് ആ ശ്ലോകങ്ങള്‍ കേട്ടിരിക്കണം. ഇല്ലെങ്കില്‍ നാരായണ നാരായണ എന്ന് നിശ്ശബ്ദമായി  ഉരുവിടില്ലായിരുന്നല്ലോ അമ്മയുടെ ചുണ്ടുകള്‍. ആ മന്ത്രണത്തോടൊപ്പം മയക്കത്തിലേക്ക് വീണ്ടും വഴുതിവീണു അമ്മ-- അവസാനത്തെ മയക്കം. നിമിഷങ്ങള്‍ക്കകം ശ്വാസം നിലച്ചു. അന്തരീക്ഷം മൗനമുഖരിതമായി. 'കഴിഞ്ഞു ട്ടോ. വലിയ ബുദ്ധിമുട്ടില്ല്യാതെ പോയീന്ന് സമാധാനിച്ചോളൂ.'' -- അന്തിമ വിധിയെഴുതാന്‍ മുറിയില്‍ ഓടിയെത്തിയ എടരിക്കോട്ടുകാരുടെ 'ജനകീയ'' ഡോക്ടര്‍ ദമന്‍ലാല്‍ എന്റെ പുറത്തുതട്ടി പറഞ്ഞു. 

ഒന്ന് കരയാന്‍ പോലുമാകാതെ തരിച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളു. അമ്മയുടെ ഭാഷയില്‍ 'എട്ടും പൊട്ടും തിരിയാത്ത'' മൂന്ന് മക്കളെയും അച്ഛനേയും തനിച്ചാക്കി യാത്രയായിരിക്കുന്നു കല്‍പ്പള്ളി പുലാപ്ര നാരായണിക്കുട്ടി അമ്മ എന്ന സത്യം ഉള്‍ക്കൊള്ളാന്‍ മടിച്ചു മനസ്സ്.

മരണം മുന്‍കൂട്ടി കണ്ടിരുന്നോ അമ്മ? അറിയില്ല. ഒന്നുമാത്രമറിയാം. ജീവിതത്തില്‍ മറ്റെന്തിനെയുമെന്നപോലെ മരണത്തെയും ലാഘവത്തോടെ, തമാശയോടെ, ചിരിയോടെ നേരിടാനായിരുന്നു അമ്മയ്ക്കിഷ്ടം. അമ്മ തന്നെ പറഞ്ഞു കേട്ട ഒരു കഥയുണ്ട്. തറവാടിന്റെ പൂമുഖത്ത് ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് നടുവില്‍ കണ്ണുകളടച്ചു ശാന്തഗംഭീരനായി നിവര്‍ന്നുകിടന്ന മുത്തശ്ശന്റെ നിശ്ചലശരീരം നോക്കി 'ഇനി എനിക്ക് തളത്തിലിരുന്ന് ഊണ് കഴിക്കാലോ'' എന്ന് ഉറക്കെ പറഞ്ഞു തുള്ളിച്ചാടിയ കുട്ടിയായ അമ്മ. നിഷ്‌കളങ്കയായ ആ കുട്ടിയെ എന്നും ഉള്ളില്‍ കൊണ്ടുനടന്നിരുന്നു അമ്മ-- മരണം വരെ. ആ നിഷ്‌കളങ്കതയെ പൊട്ടത്തരവും കിറുക്കുമായി വ്യാഖ്യാനിച്ചവര്‍ക്ക് ഒരിക്കലും അമ്മയെ പിടികിട്ടിയില്ല എന്നതാണ് സത്യം. അമ്മ അവര്‍ക്ക് പിടികൊടുത്തുമില്ല. എന്നും ഞങ്ങള്‍ മക്കളെ മാത്രം ചേര്‍ത്തുപിടിച്ചു അമ്മ, കടലോളം സ്‌നേഹിച്ചു, ഓര്‍മ്മകുറഞ്ഞ കാലത്തുപോലും ദൂരെയെങ്ങോ ഉള്ള ഞങ്ങള്‍ക്ക് വേണ്ടി ഉരുളയുരുട്ടി കാത്തിരുന്നു. വഴിപാടുകള്‍ നേര്‍ന്നു. 

വീട്ടിന്റെ ഉമ്മറത്തിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന എന്റെ പിന്നില്‍ പതുക്കെ വന്നുനിന്ന് ചരമപ്പേജിലേക്ക് ചൂണ്ടി 'അമ്മടെ ഫോട്ടോ ഉണ്ടോ അതില് ന്ന് നോക്യാ നിയ്യ് '' എന്ന് പറഞ്ഞു ഞെട്ടിച്ചുകളഞ്ഞ അമ്മയാണ് ഓര്‍മ്മയില്‍. പതിവു ചിരിയുണ്ടായിരുന്നില്ല അപ്പോള്‍ ആ മുഖത്ത്. സംസാരത്തില്‍ തമാശ കലര്‍ന്നിരുന്നുമില്ല. 'അതെന്താ അമ്മേ ഇപ്പോ അങ്ങനെ തോന്നാന്‍?'' -- അത്ഭുതത്തോടെ എന്റെ ചോദ്യം. 'എന്തോ ഇന്നലെ രാത്രി കിടക്കുമ്പോ തോന്നി ഞാന്‍ മരിച്ചൂ ന്ന്. സത്യാണോ എന്നറിയാന്‍ വേണ്ടീട്ടാ..... പേപ്പറില്‍ വന്നാലല്ലേ തെളിവുള്ളൂ..'' ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു എനിക്ക്.

RAVI MENONഅമ്മ ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാനായിട്ടില്ല ഇനിയും. പതിറ്റാണ്ടുകളോളം അമ്മ ചുരുണ്ടുകൂടി കിടന്ന കട്ടിലിന് മുന്നില്‍ ചെന്നു നിന്നപ്പോള്‍ ഒരു പാട് ഓര്‍മ്മകള്‍ വന്നു മനസ്സിനെ  മൂടി. കഥ കേള്‍ക്കാന്‍ വാശി പിടിച്ച എനിക്ക് വേണ്ടി സിന്‍ഡ്രല്ലയുടെയും സ്‌നോവൈറ്റിന്റെയും കഥ നൂറ്റൊന്നാവര്‍ത്തിച്ച്  തളരുന്ന  അമ്മ, ഇന്ത്യന്‍ എക്‌സ്പ്രസിലെ  ടാര്‍സന്റെയും ഫാന്റത്തിന്റെയും ലോണ്‍ റേഞ്ചറുടെയും കോമിക് സ്ട്രിപ്പുകള്‍ പരിമിതമായ ഇംഗ്ലീഷ് ജ്ഞാനത്തിന്റെ ചുറ്റുവട്ടത്തു നിന്നുകൊണ്ട് പറഞ്ഞുതരാന്‍ ശ്രമിക്കുന്ന അമ്മ, അടുപ്പത്തെ ദോശ കരിഞ്ഞ മണം പോലും ശ്രദ്ധിക്കാതെ റേഡിയോ സിലോണിലെ പാട്ടുകളില്‍ സ്വയം നഷ്ടപ്പെടുന്ന അമ്മ, നായ്ക്കളെയും പൂച്ചകളെയും അതിരറ്റ് സ്‌നേഹിക്കുകയും അവര്‍ക്ക് ബിന്ദു, സ്വര്‍ണ്ണം, ലീല, മൃദുല തുടങ്ങിയ മനോഹരമായ പേരുകളിടുകയും, ഒരു വേള കഴുത്തിലെ സ്വര്‍ണ്ണമാല ഊരി പട്ടിക്കുട്ടിയെ സ്‌നേഹപൂര്‍വ്വം അണിയിക്കുകയും ചെയ്യുന്ന അമ്മ, കളിയെക്കുറിച്ചോ കളിക്കാരെ കുറിച്ചോ തരിമ്പും അറിവില്ലാഞ്ഞിട്ടുപോലും എന്റെ ഫുട്‌ബോള്‍ ലേഖനങ്ങള്‍ ഉറക്കെയുറക്കെ വായിച്ചു ഹൃദിസ്ഥമാക്കുന്ന അമ്മ, നെറ്റി മുഴുവന്‍ ഭസ്മം വാരിപ്പൂശി ചുമലില്‍ കാവടിയുമേന്തി പഴനിയിലേക്ക് തീര്‍ത്ഥയാത്ര പോകയാണെന്ന വ്യാജേന എത്തുന്ന വിരുതന്മാര്‍ക്കും വിരുതത്തികള്‍ക്കും  കയ്യിലെ സ്വര്‍ണവള ഊരിക്കൊടുക്കാന്‍ മടിക്കാത്ത അമ്മ, ടെലിവിഷന്‍ സ്‌ക്രീനില്‍ ചിത്ര പൊട്ടിച്ചിരിക്കുന്നത് കാണുമ്പോഴെല്ലാം പാവം എന്നുപറഞ്ഞ് ആഹ്ളാദത്തോടെ ഒപ്പം പൊട്ടിച്ചിരിക്കുന്ന അമ്മ... എന്റെ ഉള്ളില്‍ ആ അമ്മ ഒരിക്കലും മരിക്കുന്നില്ലല്ലോ.

അനിയന്‍ രജിക്കും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം അമ്മയുടെ തണുത്തുറഞ്ഞ ശരീരം ചുമലിലേറ്റി തെക്കേ പറമ്പിലേക്ക് നടക്കുമ്പോള്‍  വീണ്ടും കാതില്‍ അതേ ശബ്ദം: 'ചെക്കാ, പതുക്കെ മതി.  ചായ കുടിച്ചിട്ട് മത്യായിരുന്നില്ലേ ഈ നടത്തം? വെറും വയറ്റില് ന്നെ ഏറ്റി നടക്കാന്‍ ഒട്ടും സുഖംണ്ടാവില്യ. ന്താ ചെയ്യാ. എല്ലാര്‍ക്കും പോണ്ടേ ഒരീസം..''

ഒന്നും മിണ്ടിയില്ല ഞാന്‍. പകരം അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടിന്റെ ഏറ്റവും പ്രിയപ്പെട്ട വരികള്‍ മൂളുന്നു മനസ്സ്: ''ആരാധന തീര്‍ന്നു നടയടച്ചു, ആല്‍ത്തറ വിളക്കുകള്‍ കണ്ണടച്ചു, ആളുകളൊഴിഞ്ഞു അമ്പലക്കുളങ്ങരെ അമ്പിളി ഈറന്‍ തുകില്‍ വിരിച്ചു...''

Content Highlights: Ravi Menon, Memories, Mother