'നമ്മുടെ സഹപാഠികള്‍ ശേഖരനും വിനോദും ചേര്‍ന്ന് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. അതില്‍ 
ആഡ് ചെയ്യട്ടെ.'
രാവിലെ ചായ കുടിച്ചു കൊണ്ട് വാട്‌സ് ആപ്പ് തുറന്നപ്പോള്‍ സുഹൃത്ത് സതീഷിന്റെ മെസേജാണ് ആദ്യം ചാടി വീണത്. ഡി.പി നോക്കി മെസേജിന്റെ ഉദ്ഭവം സതീഷില്‍ നിന്നു തന്നെയല്ലേ എന്ന് ഉറപ്പു വരുത്തി. അതെ, സതീഷ് തന്നെ. സ്‌കൂള്‍ പഠനകാലത്ത് എന്നോട് സങ്കോചമില്ലാതെ സംസാരിച്ചിരുന്ന വിരളം ആണ്‍കുട്ടികളില്‍ ഒരാളാണ്.


'ശരി സതീഷ്.... ആഡ് ചെയ്‌തോളു.'
അറിയിച്ച് പത്തു സെക്കന്റ്. അതാ ഒന്നിച്ചു പഠിച്ച പത്ത് എ, ബി, സി, ഡി, ഇ ഡിവിഷനിലെ വിദ്യാര്‍ഥി കൂട്ടായ്മയില്‍ നാല്പത്തിരണ്ടാമത്തെ വിദ്യാര്‍ഥിയായി പ്രവേശനം ലഭിച്ചു.


'സ്വാഗതം സുഹൃത്തേ... ഇപ്പോള്‍ എവിടെ?... എന്തു ചെയ്യുന്നു?'
വരവേറ്റു കൊണ്ടും ചോദ്യങ്ങള്‍ ചോദിച്ചും ചങ്ങാതിക്കൂട്ടായ്മ ആഘോഷമാക്കുകയാണ്.

'നന്ദീ സുഹൃത്തുക്കളേ... ഒരു ഒഴിവു പോലെ കാണാം. ഞാന്‍ വരും.' എന്ന് മറുപടി കൊടുത്തു.


മനസ്സില്‍ തീരുമാനിച്ചു. ഗ്രൂപ്പിലെ ഓരോ കൂട്ടുകാരും ആരെന്ന് മനസ്സിലാക്കണം.
പ്രിയ സുഹൃത്ത് നബീസ ഗ്രൂപ്പിലുണ്ടോ എന്ന് നോക്കി. കണ്ടില്ല.
സതീഷിന് മെസേജ് ചെയ്തു. 'നമ്മുടെ നബീസയെ ചേര്‍ക്കണേ.'
'വേണം. നബീസയെ വിളിച്ചു ചോദിക്ക്.'
അങ്ങനെ പ്രിയ സുഹൃത്തിനെ ഗ്രൂപ്പില്‍ ചേര്‍ക്കുവാന്‍ മുന്‍കൈ എടുത്തു എന്നതിലുപരി കൂടുതല്‍ സുഹൃത്തുക്കളെ കണ്ടെത്താനും മറ്റും സഹായിക്കുവാന്‍ കഴിഞ്ഞില്ല.


അന്ന് രാത്രി എട്ടു മണിക്ക് ഗ്രൂപ്പില്‍ ഒരു മെസേജ്...
'ഹായ് ചങ്ങാതീ! എന്നെ ഓര്‍മയുണ്ടോ? എന്തൊക്കെ വിശേഷം? ഇപ്പോള്‍ കോഴിക്കോടല്ലേ?'
   
ആരിത്? എന്നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവന്‍/അറിയുന്നവള്‍. ചോദ്യകര്‍ത്താവിന്റെ ഡി.പി. നോക്കി. ഗ്ലാമര്‍ താരം! കൂളിങ്ഗ്ലാസ് ധരിച്ച് ചെത്ത് പയ്യന്‍സ്റ്റെലില്‍...

ഒന്നു കൂടി സൂക്ഷിച്ചു നോക്കി.
കൃഷ്ണാ... ഇതു നമ്മടെ ഗോപനല്ലേ; കക്ഷിക്ക് ഒരു മാറ്റോല്യാ.

'ഗോപന്‍...'

സോഷ്യല്‍ മീഡിയയിലെ നീട്ടി വിളി കണ്ടപ്പോള്‍ അവന് അത്ഭുതം.

സ്‌കൂള്‍ , കോളേജ് വേദികളില്‍ മിമിക്രി, മോണോ ആക്ടിലൂടെ പല നമ്പറുകളും എടുത്തു പയറ്റി കൂട്ടുകാരെ കുടുകുടെ ചിരിപ്പിച്ച ഗോപനെ ആരും അത്ര പെട്ടെന്ന് മറക്കില്ല.


രണ്ടു ദിവസം ഗ്രൂപ്പ് ശ്രദ്ധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി.
ഗോപന്‍ പഴയ ഗോപന്‍ തന്നെ !
ഇടയ്ക്കിടയ്ക്ക് നുറുങ്ങു തമാശകള്‍ വിതറി ഗ്രൂപ്പിനെ സജീവമാക്കി നിര്‍ത്തുന്ന പഴയ മിമിക്രിക്കാരന്‍.


തന്റെ കല്യാണം കഴിഞ്ഞതൊക്കെ അറിഞ്ഞിരുന്നു. ചിലപ്പോള്‍ ഗ്രൂപ്പിലെ തമാശകള്‍ക്കിടയില്‍ ഗോപന്‍ എന്നോട് ചാറ്റ് ചെയ്യും.

അപ്രതീക്ഷിതമായി ഒരു ദിവസം ഗ്രൂപ്പില്‍ ഗോപന്‍ പോസ്റ്റ് ചെയ്ത മെസേജ് കണ്ട് എന്റെ സുഹൃത്തുക്കളെ പോലെ ഞാനും ഒന്ന് ഞെട്ടിത്തരിച്ചു പോയി.

'എടോ, കഥാകാരി... എനിക്ക് ഒരു മുല്ലപ്പൂവിന്റെ കടം വീട്ടാനുണ്ട് ട്ടൊ.'

'മുല്ലപ്പൂ കടമോ?... പടച്ചതമ്പുരാനേ...'

'ആന്നേ.... ഒരു മുല്ലപ്പൂമാലയുടെ...'

'ഏത് മുല്ലപ്പൂമാല?'

'ഇത് കൊള്ളാം. ഇപ്പൊ ഞാനായോ പ്രതി? എടോ... പ്രീഡിഗ്രി സെക്കന്റ് ഇയറിന് കോളേജ് കലോത്സവത്തിന് തന്റേം ഗ്രൂപ്പിന്റേം തിരുവാതിരക്കളി... അത് ഓര്‍മയുണ്ടോ?'

 

ഗോപനതു പറയുമ്പോള്‍ മങ്ങിയ ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

പ്രീഡിഗ്രി കാലഘട്ടം. ഗ്രാമത്തില്‍ നിന്ന് ഒത്തിരി യാത്ര ചെയ്ത് കോളേജ് ക്യാമ്പസിന്റെ വര്‍ണപകിട്ടിലേക്ക് കാലെടുത്തു വെച്ചു. കോളേജില്‍ കൂടുതലും ചുരിദാര്‍ ധരിച്ചു വരുന്ന പെണ്‍കുട്ടികള്‍. അവരുടെ ഇടയില്‍ പട്ടുപാവാടയും തലമുടിയില്‍ എണ്ണയിട്ട് ഇഴയിട്ടു പിന്നിയ മുടിയില്‍ പൂവും ചൂടി ക്യാമ്പസിന്റെ ഓരം പറ്റി നടന്നുനീങ്ങിയ നാളുകള്‍. ക്യാമ്പസിലെ ബോഗന്‍ വില്ല കൂട്ടങ്ങള്‍ക്കിടയിലെത്തിയാല്‍ ചൂളം വിളി കേള്‍ക്കാം.

'ഗ്രാമീണ പെണ്‍കുട്ടിയുടെ പേരെന്താ?' ഡിഗ്രിക്കും പി.ജിക്കും പഠിക്കുന്ന ചേട്ടന്‍മാരുടെ ചോദ്യങ്ങള്‍.
കേട്ടില്ലെന്നു നടിച്ച് വീണ്ടും നടക്കുമ്പോള്‍ മറ്റൊരു ചേട്ടന്റെ കളിയാക്കല്‍.
'പേരില്ലാത്ത കുട്ടീന്ന് വിളിക്കട്ടെ.? '
ഒന്നും പ്രതികരിച്ചില്ല.

'പിന്നെ... അതൊക്കെ കൊള്ളാം. ഇന്ന് പച്ച പട്ടുപാവാട... സമ്മതിച്ചു. നാളെ മഞ്ഞപ്പട്ടുപാവാട അണിഞ്ഞ് വന്നോളണംട്ടൊ. '

കുടുങ്ങിയല്ലോ ദൈവമേ...

പത്തു വരെ ഒപ്പം പഠിച്ച ഗോപനും അതേ കോളേജില്‍ തന്നെയാണ്. കുറേയേറെ കലാകാരന്‍മാരും സാഹിത്യകാരന്‍മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകന്‍മാരും പഠിച്ചിറങ്ങിയ ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ്. ഞാന്‍ സെക്കന്റ് ഗ്രൂപ്പും ഗോപന്‍ തേഡ് ഗ്രൂപ്പും.

ചേട്ടന്‍മാര്‍ പറഞ്ഞ കാര്യം ഞാന്‍ ഗോപനോടു പറഞ്ഞു.

ഗോപന്‍ പറഞ്ഞു...
'ഈ പാവാടയല്ലാത്ത വേഷമൊന്നും തന്റെ കയ്യിലില്ലല്ലോ. ഇന്ന് വീട്ടില്‍ പോയി നാളേക്ക് ചുരിദാര്‍ വേണമെന്നു പറഞ്ഞാല്‍ നിന്റെ വീട്ടുകാര്‍ക്ക് സംശയം തോന്നും. ന്തായാലും ഒരു കാര്യം ചെയ്‌തേക്ക്... നീ നാളെ ചുവന്ന പട്ടുപാവാടയിട്ടു വന്നോ. പേടിക്കേണ്ട. നമുക്ക് ചേട്ടന്‍മാരെ തറപറ്റിക്കാമെന്നേ...'

മീശമുളയ്ക്കാത്ത ഇവന്‍ പറയുന്ന വിടുവായത്തങ്ങള്‍ കേട്ട് പ്രശ്‌നാവോ ദൈവേ...

ഈ പൊടി റാഗിങ്ങ് ചെയ്യുന്നവര്‍ പറയുന്നത് അനുസരിക്കണതാ നല്ലതെന്ന് വല്യമ്മയുടെ മകള്‍ ശൈലജ ചേച്ചി വരെ പറഞ്ഞതാണ്.

അങ്ങനെയങ്ങ് പറയുന്നത് മുഴുവന്‍ അനുസരിക്കാന്‍ പറ്റില്ലല്ലോ. നാളെ ചേട്ടന്‍മാര്‍ കിണറില്‍ ചാടണംന്ന് പറഞ്ഞാലോ.

പിറ്റേന്ന് കടലാസു പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന കോളേജിന്റെ മുന്നില്‍ അതാ ചേട്ടന്‍മാര്‍!
 
നടന്ന് അടുത്തെത്തി. 
'അപ്പൊ കുട്ടിക്ക് ഇത്തിരി അനുസരണ കുറവാണ്. ല്ലെ?'
ഞാന്‍ പിന്നില്‍ നടന്നു വരുന്ന ഗോപനെ ദയനീയമായി നോക്കി.
ഗോപാ... പണി പാളി. 

'എന്തായാലും ധിക്കാരം കാണിച്ച പേരില്ലാത്ത കുട്ടി ഈ പൂക്കള്‍ വാങ്ങിക്ക്. എന്നിട്ട് ബാക്കി കാര്യം. '
ഒരു പിടി കടലാസ് പൂക്കള്‍ എനിക്കു നേരെ നീട്ടിയവനെ ഞാന്‍ ഭീതിയോടെ നോക്കി.

പൂക്കള്‍ വാങ്ങാതെ നില്‍ക്കുമ്പോള്‍ സ്വരം കര്‍ക്കശമായി.

'വാങ്ങ് കുട്ടി.'

ചുറ്റുമുള്ള യുവതീ യുവാക്കളുടെ അംഗസംഖ്യ കൂടുന്നു എന്ന് തോന്നിയപ്പോള്‍ ഗോപനെ നോക്കി.
'ധൈര്യപൂര്‍വം വാങ്ങിക്കോ. എന്നിട്ട് മുന്നോട്ടു നടന്നോ. അല്ലെങ്കില്‍ സീനാവും. 'ഗോപന്‍ തലതാഴ്ത്തി പറഞ്ഞു.

അങ്ങനെ ഒരു പിടി ബോഗന്‍ വില്ല മനസ്സില്ലാമനസ്സോടെ വാങ്ങി രംഗം വഷളാക്കാതെ തല്‍ക്കാലം രക്ഷപ്പെട്ടു.

'നാളെ കോളേജില്‍ വരുമ്പോള്‍ ഈ നീളന്‍ പൊട്ട് മാറ്റി വട്ടപ്പൊട്ട് തൊട്ടിരിക്കണം ട്ടൊ. 'ചേട്ടന്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അങ്ങനെ നിരവധിയാണ്.

പ്രീഡിഗ്രി സുഹൃത്തുക്കളായ ഞങ്ങള്‍ അഞ്ചംഗ സംഘം (നിസി, ലീന, മഞ്ജു, ലത, രജനി) ചില്ലറ റാഗിങ്ങുമായി നടക്കുന്ന ചേട്ടന്‍മാരെ മുട്ടുകുത്തിക്കുവാന്‍ ഉള്ള പല പദ്ധതികളും തല പുകഞ്ഞാലോചിച്ചിട്ടുണ്ട്.
ചേട്ടന്‍മാര്‍ പ്രീഡിഗ്രി ക്ലാസ്സുകളില്‍ റൗണ്ട്‌സിനിറങ്ങിയാല്‍ തേഡ് ഗ്രൂപ്പിലെ ഗോപനും മനുവും മറ്റും ഞങ്ങളുടെ സെക്കന്റ് ഗ്രൂപ്പ് ക്ലാസ്സില്‍ പാഞ്ഞെത്തും. കോളേജിലെ പുതിയ ബ്ലോക്കില്‍ ഫസ്റ്റ്  ഫ്‌ളോറില്‍ ആദ്യ ക്ലാസ്സ്‌റൂം ഗോപന്റേതാണ്. അവിടുന്ന് രണ്ടു ക്ലാസ്സ് കഴിഞ്ഞു വേണം സയന്‍സ് ഉപജീവികളുടെ ക്ലാസ്സിലെത്താന്‍. ചേട്ടന്‍മാരുടെ പിന്നില്‍ അകമ്പടി സേവിച്ച് ഗോപന്‍, മനു, ശിവശങ്കര്‍ കുശലാന്വേഷണത്തിനെത്തും. അവരുടെ മുന്നില്‍ നിന്ന് കസര്‍ത്തു സംസാരം മതിയാക്കി ചേട്ടന്‍മാര്‍ ഇളിഭ്യരായി തിരിച്ചുപോകും.

ഞങ്ങള്‍ക്ക് കെമിസ്ട്രി എടുക്കുന്ന പ്രിയങ്കരനായ സാര്‍ ക്ലാസ്സ് മുറിയില്‍ കയറി വന്ന് ഒരു ഗൂഢ മന്ദസ്മിതത്തോടെ 'ഇന്നത്തെ കോട്ട അവസാനിപ്പിക്കാം' എന്നു കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ചേട്ടന്‍മാരുടെ വയറു നിറഞ്ഞ അവസ്ഥയായി.


കോളേജ് കലോത്സവം... ആമ്ര കുഞ്ജം സ്റ്റേജില്‍. ആഘോഷത്തിമര്‍പ്പിന്റെ പൂക്കാലം. തിരുവാതിരക്കളിക്ക് അണിഞ്ഞൊരുങ്ങി ഞങ്ങള്‍ പ്രീഡിഗ്രിക്കാര്‍. അഞ്ചംഗ സംഘത്തിലെ മഞ്ജു മാത്രം ഈ വക കൂട്ടായ്മകളില്‍ നിന്നൊഴിയും. തിരുവാതിരയോ ഒപ്പനയോ സംഘനൃത്തമോ എന്തു വേണമെങ്കില്‍ ആയിക്കോ എന്ന ഭാവമാണവള്‍ക്ക്. എനിക്കീ നൃത്തച്ചുവടുകളൊന്നും വഴങ്ങില്ലേ... എന്നും പറഞ്ഞ് ഞങ്ങളുടെയിടയിലെ ശ്രമക്കാരിയാകും.

അരങ്ങില്‍ അടുത്തത് തിരുവാതിരക്കളിയാണത്രെ. മനുവും ഗോപനും വന്ന് കാര്യം അറിയിച്ചുപോയി. തലമുടിയില്‍ മുല്ലപ്പൂ ചൂടി കഴിഞ്ഞിട്ടില്ല. മഞ്ജുവാണ് അതിന് നേതൃത്വം നല്‍കുന്നത്. കുറച്ചു മുന്‍പേ
എന്റെ സമീപം നീളമുള്ള മുല്ലപ്പൂമാലയുമായി അവള്‍ എത്തിയതാണ്. പക്ഷേ ഒടുവിലാകാം മഞ്ജു എന്ന് പറഞ്ഞ് അവളെ തിരിച്ചയച്ചു.


സ്റ്റേജില്‍ തിരുവാതിരക്കളിയുടെ അനൗണ്‍സ്‌മെന്റ് മുഴങ്ങി. എല്ലാവരുടെ മുടിയിലും മുല്ലപ്പൂ ചൂടിച്ച് ഓടി നടക്കുന്ന മഞ്ജു എന്റെ സമീപം എത്തുമ്പോഴേക്കും മുല്ലപ്പൂ തീര്‍ന്നുപോയി!

'അയ്യോ! '

മഞ്ജുവിന്റെ വേദനയോടെയുള്ള പറച്ചില്‍ കേട്ട് കരച്ചിലിന്റെ വക്കത്തെത്തി നില്‍ക്കുന്ന ഞാന്‍.


'ഗോപാ...' എന്റെ നീട്ടി വിളി ആമ്ര കുഞ്ജത്തിന്റെ സുഖശീതളിമയില്‍ സുഖിച്ചിരിക്കുന്ന ഗോപന്‍ കേട്ടു. ഒപ്പന ആസ്വദിച്ചു കൊണ്ടിരിക്കുന്ന കക്ഷി വേറെ നിവൃത്തിയില്ലാതെ ഞങ്ങളുടെ അടുത്തെത്തി.

'ഗോപാ... മുല്ലപ്പൂ 
മാല തീര്‍ന്നു പോയി. എന്റെ മുടിയില്‍ ചൂടിയിട്ടില്ല. ഇനിയെന്തു ചെയ്യും?
അടുത്ത ഐറ്റം തിരുവാതിരയാ... നമ്മള്‍ ലോട്ട് നമ്പര്‍ 1. കോളേജിന് പുറത്തൊന്നും കിട്ടാനില്ല. മുല്ലപ്പൂ വില്‍ക്കുന്ന സ്ത്രീയെ മഷിയിട്ടു നോക്കീട്ട് കാണുന്നില്ല. 'ഒറ്റ ശ്വാസത്തില്‍ ഗോപനോട് വിവരിച്ചു.

'നീ മുല്ലപ്പൂ ചൂടാതെ കളിച്ചോ...' നിര്‍ദയമായിരുന്നു ഗോപന്റെ പറച്ചില്‍.

ഒപ്പനയുടെ ഇടയില്‍ നിന്ന് പാഞ്ഞെത്തിയതിന്റെ ദേഷ്യവും സ്വരത്തിലുണ്ട്.
'അയ്യോ ഗോപാ അതു പറ്റില്ല. '
തിരുവാതിരക്ക് റെഡിയായി നില്‍ക്കുന്ന സുഹൃത്തുക്കള്‍ മുടിയില്‍ ചൂടിയ പൂക്കള്‍ അഴിച്ചു തരാന്‍ ഒരു വിഫലശ്രമം നടത്തി.
'വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്. ആയുസ്സു കുറഞ്ഞു പോകും. 'എന്ന് ബി.എ. മലയാളത്തിനു പഠിക്കുന്ന മിനി ചേച്ചി പ്രസ്താവിച്ചതോടെ തരുണീമണികള്‍ തലയിലെ കെട്ടഴിക്കുന്നതില്‍ അമാന്തിച്ചു.

എങ്കിലും അഞ്ചംഗ സംഘത്തില്‍ എന്നോടുള്ള മമതയാല്‍ നിസി തലയില്‍ ചൂടിയ മുല്ലപ്പൂ അഴിച്ചെടുത്തു. 

'ഗോപാ... ഒറ്റപ്പാലം ടൗണിലേക്ക് രണ്ടു മൂന്നു കിലോമീറ്ററല്ലേളളു. ഒന്ന് പോയി വാങ്ങി വാ...' ഞാന്‍ പറഞ്ഞു.

'ഇപ്പൊ ഒറ്റപ്പാലത്തേക്ക് പോവാനൊന്നും പറ്റില്ല. ചെലപ്പോ അടുത്ത ഐറ്റം മിമിക്രിയാണെങ്കിലോ. ഇന്ന് പുതിയ നമ്പറുമായാ ഞാന്‍ നില്‍ക്കണേ ...'
ഞാനവനെ നിസ്സഹായതയോടെ നോക്കി.

അപ്പോഴാണ് മഞ്ജു ഇടപെട്ടത്.
'ഗോപാ ... ഞാനും കുറച്ച് മുല്ലപ്പൂ ചൂടണമെന്ന് കരുതിയതാ. ഇവരുടെ മുടിയില്‍ ചൂടി ബാക്കി വന്നാ... എന്തായാലും തെകഞ്ഞില്ല. ഒന്ന് പോയി വാങ്ങി വാന്നേ....'

ഗോപന്റെ  ആത്മഹര്‍ഷം മുഖത്ത് പ്രതിഫലിക്കുന്നത് മഞ്ജുവും ഞാനും നോക്കിക്കണ്ടു.

madanan
വര: മദനൻ

പ്രീഡിഗ്രി ക്ലാസ്സില്‍ ചേര്‍ന്നതു മുതല്‍ ഗോപന്‍ മഞ്ജുവിനോട് സംസാരിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാറില്ലായിരുന്നു. മഞ്ജുവിനോട് ഗോപനുള്ള ഒരു ചെറിയ ഇഷ്ടം എന്റെ ചെറിയ ബുദ്ധിയില്‍ കണ്ടെത്തുകയായിരുന്നു.
ചേട്ടന്‍മാര്‍ ക്ലാസ്സില്‍ കയറി വരുമ്പോള്‍ അഞ്ചംഗ സംഘത്തെ രക്ഷിക്കുന്നതില്‍ ദത്തശ്രദ്ധനായ ഗോപന്‍ മഞ്ജുവിന്റെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പാക്കുമായിരുന്നു.

ഒരിക്കല്‍ ബസ്സിറങ്ങി കോളേജിലേക്ക് നടക്കുമ്പോള്‍ ഗോപന്‍ പറഞ്ഞു. 'നിങ്ങള്‍ അഞ്ചംഗ സംഘത്തില്‍ മഞ്ജു പാവം കുട്ടിയാണ്.'
ഗോപനെ ഒന്നിരുത്തി നോക്കി.
അപ്പോള്‍ ഞാനോ... എന്ന നോട്ടത്തിന്റെ ഭാവം ഗ്രഹിച്ചാകണം അവന്‍ പറഞ്ഞു. 'നീ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നാലും അത്യാവശ്യം കുസൃതികളൊക്കെ കയ്യിരിപ്പുണ്ട് 'എന്ന്.

 
മഞ്ജുവിനെക്കുറിച്ചു പറയുമ്പോഴെല്ലാം ഗോപന്റെ ബാര്‍ഗ്രാഫ് എപ്പോഴും ഉയര്‍ന്നു തന്നെയാണ്.
സത്യത്തില്‍ ഗോപന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. മഞ്ജു അഞ്ചംഗ സംഘത്തിലെ ഏറ്റവും ഒതുക്കമുള്ള കുട്ടിയായിരുന്നു.

ഒരു ദിവസം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഗോപന്‍ കുറിച്ചു.
'എടോ, എഴുത്തുകാരീ... ഞാന്‍ നമ്മുടെ മഞ്ജുവിനെ കണ്ടെടോ.'
'എവിടെ നിന്ന് ഗോപാ...?' എനിക്ക് ആശ്ചര്യമായി.
'ഒറ്റപ്പാലത്ത് . ബാങ്കില്‍ നിന്ന്. മഞ്ജുവും ഒപ്പം വേറൊരാളുമുണ്ട്. ഭര്‍ത്താവാണെന്നു തോന്നുന്നു.'

'ഇപ്പഴും നിനക്ക് മഞ്ജുവിന്റെ ഭര്‍ത്താവിനെ അംഗീകരിക്കാന്‍ വയ്യേ...'

'എടോ... എന്താ അങ്ങനെ ചോദിച്ചേ?'

'അതോ, വേറൊരാള്‍ എന്ന നിന്റെ ഊഹാപോഹങ്ങള്‍ കേട്ടപ്പോള്‍ പറഞ്ഞതാണേ. നീ സംസാരിച്ചില്ലേ ഗോപന്‍ ?'

ഒരു നിമിഷം.... ടൈപ്പ് ചെയ്യുന്നത് നിശ്ചലമായി.
ങ്ഹും...
ഞാന്‍ അടുത്തു ചെന്നു.

'എന്നിട്ട്?'

എന്നെ അറിയുമോ? എന്നു ചോദിച്ചു. 
'കൊള്ളാലോ. കേള്‍ക്കട്ടെ.'

മഞ്ജുവിന്റെ മുഖത്ത് ചില ഭാവഭേദങ്ങള്‍. ഒടുവില്‍ പറഞ്ഞു... അറിയില്ലെന്ന്.

ഗോപന്റെ നിശ്ചലാവസ്ഥ എന്നിലാണപ്പോള്‍ ഉണ്ടായത്.

ഞാന്‍ എന്‍.എസ്.എസില്‍ മഞ്ജുവിന്റെ ബാച്ചിലുണ്ടായിരുന്നെന്ന് പറഞ്ഞു.
'ആണോ?'എന്ന നിര്‍വികാരമായ ഉത്തരത്തില്‍ മഞ്ജു എല്ലാം ഒതുക്കിയത്രെ.

ബാങ്കില്‍ നിന്നിറങ്ങി പോകുമ്പോള്‍ മഞ്ജുവിനോടൊപ്പമുണ്ടായിരുന്ന വ്യക്തി രൂക്ഷമായി ചോദിച്ചത്രെ.
ആരാണയാള്‍? എന്ന് .
'അറിയില്ല. 'എന്ന മഞ്ജുവിന്റെ മറുപടി ഗോപന്‍ പതിഞ്ഞു കേട്ടു.

'കഷ്ടം ഗോപാ.. നിനക്ക് ഓര്‍മപ്പെടുത്താമായിരുന്നില്ലേ? ഞങ്ങളെയൊക്കെ അറിയുമോ എന്ന് ചോദിക്കാ...'

'എന്നിട്ടു വേണം ആ കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍. എടോ... അയാള്‍ ഒരു മുരടനാ... ഇതൊന്നും അയാള്‍ക്ക് രുചിക്കില്ലെന്ന് അയാളുടെ അവളോടുള്ള ചോദ്യത്തില്‍ നിന്ന് മനസ്സിലാക്കിക്കൂടേ?'

പ്രീഡിഗ്രി കാലത്തെ ആത്മഹര്‍ഷം അടക്കുവാന്‍ കഴിയാതെ ഗോപന്‍ പതിനഞ്ചു മിനുട്ടില്‍ മുല്ലപ്പൂവുമായെത്തി. അതുവരെ കാസറ്റ് വര്‍ക്ക് ചെയ്യാത്തതിനാല്‍ തിരുവാതിരക്കളിപ്പാട്ട് വേറൊന്നില്‍ പിടിക്കാന്‍ കൊടുത്തതായി കള്ളം പറഞ്ഞ് സ്റ്റേജിലെ ഊഴം പ്രീഡിഗ്രി ആണ്‍കുട്ടികള്‍ നീട്ടിക്കൊണ്ടിരുന്നു.
മനോഹരമായി മുല്ലപ്പൂമാല മുടിയില്‍ ചൂടി തിരുവാതിര കളിച്ചു. മഞ്ജുവും നീളത്തില്‍ മുല്ലപ്പൂമാല മുടിയില്‍ ചൂടി.

പക്ഷേ മുല്ലപ്പൂമാല ഗോപന്‍ ഇത്ര പെട്ടെന്ന് എങ്ങനെ വാങ്ങി എന്നന്വേഷിക്കാന്‍ മറന്നു. ഗോപന് മുല്ലപ്പൂ മാലയുടെ പൈസ കൊടുക്കണം എന്നൊന്നും അഭിനന്ദന പ്രവാഹങ്ങളില്‍ പുളകിതയായി നില്‍ക്കുമ്പോള്‍ ഓര്‍ത്തില്ല.

ഒടുവില്‍ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം, ഇന്നവന്‍ പഴയകടം എല്ലാവരും കാണ്‍കെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചോദിക്കുന്നു.

മഞ്ജുവിനെ ബാങ്കില്‍ നിന്നു കണ്ടതിന്റെ പിറ്റേന്നാണ് ഗോപന്റെ മുല്ലപ്പൂമാലക്കടം, പരിദേവനങ്ങള്‍ എന്നതാണ് ഏറ്റവും രസകരമായത്.

അടുത്ത് നാട്ടില്‍ വരുമ്പോള്‍ കോഴിക്കോടന്‍ ഹല്‍വയും ചിപ്‌സും കൊണ്ടുവരുമെന്ന് പറഞ്ഞ്, കടം തള്ളാന്‍  വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശുപാര്‍ശക്കാരെത്തി.
വീടാത്ത കടങ്ങള്‍ പടച്ചവന്റെ സൂക്ഷിപ്പുകളാണെന്ന് പറഞ്ഞ് ഒ.വി.വിജയന്റെ ഫോട്ടോ അതിനു താഴെ പോസ്റ്റ് ചെയ്ത് അവിടെയും ഗോപന്‍ കളിയും കാര്യവും തുടര്‍ന്നു.

'ഓര്‍മകള്‍ക്കെന്തു സുഗന്ധം!
ആത്മാവിന്‍ നഷ്ട സുഗന്ധം'.
കവി പാടിയത് അയവിറക്കി ഞാനും ആ അധ്യായം അടച്ചു.

Content Highights: Rajani Suresh Remembering College Days