ഇന്ന് ടാഗോറിന്റെ 160ാം ജന്മദിനം. രവീന്ദ്രനാഥ ടാഗോര്‍ മഹാത്മജിക്കെഴുതിയ ചിന്തോദ്ദീപകമായ ഒരു കത്ത്. സ്വാതന്ത്ര്യത്തെക്കുറിച്ചും അതിനായുള്ള സമരത്തില്‍ സ്വീകരിക്കേണ്ട ആദര്‍ശങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന കത്തില്‍ ടാഗോറിന്റെ വ്യക്തിത്വം നിഴലിക്കുന്നു

ഏപ്രില്‍ 12, 1919
പ്രിയപ്പെട്ട മഹാത്മജീ,

ഏതുരൂപത്തിലായാലും അധികാരം യുക്തിരഹിതമാണ്. കണ്ണുകെട്ടി വണ്ടിവലിക്കുന്ന കുതിരയെപ്പോലെയാണത്. കുതിരയെ ഓടിക്കുന്നതാരാണോ ആ മനുഷ്യനില്‍മാത്രമേ അതിലുള്ള ധാര്‍മികത പ്രതിനിധാനംചെയ്യുന്നുള്ളൂ. സത്യത്തിനെതിരേയും സത്യത്തിനുവേണ്ടിയും അതുപയോഗിക്കാം. ഏത് അധികാരത്തിലും അന്തര്‍ലീനമായുള്ള അപകടമെന്തെന്നാല്‍, വിജയം സുനിശ്ചിതമാകുന്ന ഘട്ടത്തിലെത്തുമ്പോള്‍ അത് വല്ലാതെ ശക്തിപ്രാപിക്കാന്‍ തുടങ്ങും. പിന്നീടത് പ്രലോഭനമായി രൂപാന്തരപ്പെടും.

നന്മയുടെ സഹായത്താല്‍ തിന്മയോട് പോരാടുകയെന്നതാണ് താങ്കളനുശാസിക്കുന്ന രീതിയെന്നെനിക്കറിയാം. എന്നാല്‍, അത്തരം പോരാട്ടങ്ങള്‍ നായകര്‍ക്കുവേണ്ടിയുള്ളതാണ്, നൈമിഷികമായ ആവേശത്താല്‍ നയിക്കപ്പെടുന്ന പുരുഷാരത്തിനുള്ളതല്ല. ഒരു ഭാഗത്തെ തിന്മ മറുഭാഗത്തും സ്വാഭാവികമായി തിന്മയെ വളര്‍ത്തും. അനീതി അക്രമത്തിലേക്കും അധിക്ഷേപം വൈരനിര്യാതനത്തിലേക്കും വഴിതെളിക്കും. ഈ പ്രതിസന്ധിഘട്ടത്തില്‍, ജനതയുടെ മഹാനായ നേതാവെന്ന നിലയില്‍ ഭാരതത്തിന്റേതെന്ന് താങ്കള്‍ വിശ്വസിക്കുന്ന ആദര്‍ശത്തില്‍ തന്റെ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങള്‍ക്കൊപ്പം നിന്നു. മറഞ്ഞിരുന്നുള്ള പ്രതികാരമെന്ന ഭീരുത്വത്തിനും ഭീകരതയോടുള്ള സന്ധിചെയ്യലിനും എതിരായ ആദര്‍ശം. അദ്ദേഹത്തിന്റെ കാലത്തും ഇനി വരാന്‍പോകുന്ന കാലത്തിനുംവേണ്ടി ശ്രീബുദ്ധന്‍ പറഞ്ഞതുപോലെ 'അകോധേന ജിനേ കോധം, അസാധും സാധുനാ ജിനേ (ക്രോധത്തെ സമാധാനത്താലും തിന്മയെ നന്മയാലും കീഴ്പ്പെടുത്താം). നന്മയുടെ ആ ശക്തി അതിന്റെ സത്യത്താലും പ്രഭാവത്താലും നിര്‍ഭയത്വത്താലുമാണ് തെളിയിക്കേണ്ടത്.

ധാര്‍മികമായ കീഴ്പ്പെടുത്തലില്‍ എല്ലായ്പ്പോഴും വിജയമില്ലെന്നും പരാജയം എല്ലായ്പ്പോഴും അന്തസ്സും മൂല്യവും അടിയറവെക്കുന്നില്ലെന്നും നാം അറിഞ്ഞിരിക്കണം. തെറ്റിനെതിരേ നിലകൊള്ളുന്നതുതന്നെ വിജയമാണെന്ന് ആത്മീയജീവിതത്തില്‍ വിശ്വസിക്കുന്നവര്‍ക്കറിയാം. ആദര്‍ശത്തിന്മേലുള്ള അടിയുറച്ച വിശ്വാസം പ്രത്യക്ഷമായ പരാജയത്തിന്റെ ദംഷ്ട്രകള്‍ക്കുമേല്‍ നേടുന്ന വിജയമാണ്.

tagor
ടാഗോറിന്റെ കൈപ്പട

സ്വാതന്ത്ര്യമെന്ന മഹാസമ്മാനമൊരിക്കലും ദാനമായി ജനങ്ങളിലേക്കെത്തില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതും ഉചിതമായ അവസരങ്ങളില്‍ പറഞ്ഞിട്ടുള്ളതുമാണ്. സ്വന്തമാക്കുംമുന്‍പ് നമ്മളതിനെ വിജയിക്കേണ്ടതുണ്ട്. വിജയിക്കാനുള്ള തങ്ങളുടെ അവകാശംകൊണ്ട്, തങ്ങളെ ഭരിക്കുന്നവരെക്കാള്‍ ധാര്‍മികമായി ശ്രേഷ്ഠരാണെന്ന് അവള്‍ക്ക് തെളിയിക്കാന്‍ കഴിയുമ്പോഴാണ് ഭാരതത്തിന് സ്വാതന്ത്ര്യത്തെ വിജയിക്കാനുള്ള അവസരം കൈവരുക. ക്ലേശങ്ങള്‍ നിറഞ്ഞ ആ തപസ്സിനെ അവള്‍ സ്വമനസ്സാലെ സ്വീകരിക്കണം. മഹത്തായ കിരീടത്തിലേക്കുള്ള ക്ലേശങ്ങള്‍. നന്മയോടുള്ള അചഞ്ചലമായ വിശ്വാസമെന്ന ആയുധമെടുത്ത്, അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിന്റെയും പരിഹാസത്തിന്റെയും മുന്നില്‍ കൂസലില്ലാതെ അവള്‍ നില്‍ക്കണം. അവളെ തന്റെ ദൗത്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനും വിജയത്തിലേക്കുള്ള ശരിയായ പാതയിലേക്ക് നയിക്കാനും ദൗത്യം നിറവേറ്റിയെന്ന് സങ്കല്പിക്കുന്ന അവളുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തെ ശുദ്ധമാക്കാനും ശരിയായ സമയത്താണ് താങ്കള്‍ സ്വന്തം മാതൃരാജ്യത്തേക്കെത്തിയത്. അതുകൊണ്ടാണ് നമ്മുടെ ആത്മീയസ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്നതൊന്നും താങ്കളുടെ മുന്നോട്ടുള്ള പാതയില്‍ കടന്നുകൂടരുതേയെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നതും.

സത്യത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വം ഒരിക്കലും കേവലം മതഭ്രാന്തിലേക്കും പവിത്രനാമങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സ്വയം വഞ്ചനയിലേക്കും ഇറങ്ങിച്ചെല്ലരുത്.

വിശ്വാസപൂര്‍വം അങ്ങയുടെ

രവീന്ദ്രനാഥ ടാഗോര്‍

Content Highlights: Rabindranath Tagore letter to Mahatma Gandhi