കൊല്ലം : കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലെ അനശ്വരമായ പേരാണ് ആര്‍.ശങ്കറിന്റേത്. അദ്ദേഹത്തിന്റെ ഓര്‍മകളുമായി കൊല്ലം നഗരത്തില്‍ ഇന്നും ആ വീടുണ്ട്. ചരിത്രസ്മരണകളുടെ തലയെടുപ്പോടെ. മുണ്ടയ്ക്കല്‍ തുമ്പറ ക്ഷേത്രക്കുളത്തിനു തെക്കുവശം സുധാഭവന്‍. ആര്‍.ശങ്കര്‍ ദീര്‍ഘകാലം വാടകയ്ക്കു കഴിഞ്ഞ വീട്. ദേശീയനേതാക്കളടക്കം അനേകംപേരുടെ സാന്നിധ്യംകൊണ്ട് ധന്യമായ ഭവനം. പഴയ തലമുറയ്ക്ക് നന്നായി അറിയാവുന്ന, പുതിയ തലമുറയ്ക്ക് കേട്ടുകേള്‍വിപോലുമില്ലാത്ത ചരിത്രമുറങ്ങുന്ന വീട്.

R Shankar
ആര്‍.ശങ്കര്‍

1908-ല്‍ കൊട്ടാരക്കര, പുത്തൂരില്‍ ജനിച്ച ശങ്കര്‍ 1957 മുതല്‍ കൊല്ലം നഗരത്തില്‍ വാടകയ്ക്കു താമസിച്ച വീടാണിത്. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ശ്രീനാരായണ ട്രസ്റ്റ് മേധാവി എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ശങ്കര്‍. 1959-ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. ഈ കാലയളവില്‍ എ.ഐ.സി.സി.ജനറല്‍ സെക്രട്ടറിമാരായിരുന്ന യു.എന്‍.ദേബര്‍, നീലം സഞ്ജീവറെഡ്ഡി, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി എന്നിവര്‍ ശങ്കറിനെ സന്ദര്‍ശിക്കാനായി ഈ വീട്ടില്‍ വന്നിട്ടുണ്ട്.

ദേബര്‍ പഴയ സൗരാഷ്ട്ര സ്റ്റേറ്റ് മുഖ്യമന്ത്രിയായി. നീലം സഞ്ജീവറെഡ്ഡി പില്‍ക്കാലത്ത് ആന്ധ്രാപ്രദേശിന്റെ ആദ്യത്തെ മുഖ്യമന്ത്രിയാകുകയും തുടര്‍ന്ന് ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ദിരാഗാന്ധി ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി. മൊറാര്‍ജി ദേശായി നാലാമത്തെ പ്രധാനമന്ത്രിയായതും ചരിത്രം. ഇതേ കാലയളവില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച മറ്റൊരു സാമുദായിക സാംസ്‌കാരിക നായകനായിരുന്നു മന്നത്ത് പദ്മനാഭന്‍. പനമ്പിള്ളി ഗോവിന്ദമേനോന്‍, പട്ടം താണുപിള്ള, സി.കേശവന്‍, സി.എം.സ്റ്റീഫന്‍ തുടങ്ങി കേരള രാഷ്ട്രീയത്തിലെ മഹാരഥന്മാര്‍ക്കും ഈ വീട് ആതിഥ്യമരുളിയിട്ടുണ്ടെന്ന് ഇതിനു തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന, കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ സുരേഷ്ബാബു പറഞ്ഞു.

1960-ല്‍ ശങ്കര്‍ കേരളത്തിന്റെ ആദ്യ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പുറപ്പെട്ടത് ഈ വീട്ടില്‍നിന്നായിരുന്നു. പിന്നീട് അദ്ദേഹം രണ്ടാം കേരള നിയമസഭയില്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. തിരുവിതാംകൂര്‍ ഭരണപരിഷ്‌കാര കമ്മിഷന്‍, തിരുക്കൊച്ചി ശമ്പളക്കമ്മിഷന്‍ അംഗം, ജില്ലാ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ കഴിവു തെളിയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിപദംവരെയെത്തിയ ആ ജീവിതയാത്രയ്ക്ക് വിരാമമായത് 1972 നവംബര്‍ ഏഴിനായിരുന്നു. പ്രിയപ്പെട്ടവരുടെ ഓര്‍മകളിലും നാടിന്റെ ചരിത്രത്താളുകളിലും ഇന്നുമദ്ദേഹം ജീവിക്കുന്നു. ഓര്‍മകളുറങ്ങുന്ന ഈ വീട്ടില്‍ ഇപ്പോള്‍ വീട്ടുടമകളായ സുധയും ഡോ. ബാബുക്കുട്ടനുമാണ് താമസിക്കുന്നത്.

Content Highlights: R Shankar Birth Anniversary