ശ്വത്ഥാമാവും, ഭ്രഷ്ടും എഴുതി സാഹിത്യത്തിലും ചര്‍ച്ചകളിലും നിറഞ്ഞുനിന്നിരുന്ന കാലത്ത് തികച്ചും ഗൗരവക്കാരനായ മാടമ്പിനെ സിനിമാമോഹവുമായി പോയിക്കണ്ട അനുഭവം ഓര്‍ത്തെടുക്കുകയാണ് പി.ടി. കുഞ്ഞുമുഹമ്മദ്. കാലം 1973. തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജില്‍ സീനിയറായി പഠിച്ച കെ.ആര്‍. മോഹനന്‍ സിനിമാപഠനം കഴിഞ്ഞു നില്‍ക്കുന്നു. വിദേശത്തുപോയ കുഞ്ഞുമുഹമ്മദ് ആദ്യമായി നാട്ടിലെത്തിയപ്പോള്‍ ഇരുവരും സിനിമാചര്‍ച്ച തുടങ്ങി. അപ്പോഴാണ് മാടമ്പിന്റെ അശ്വത്ഥാമാവ് എന്ന നോവല്‍ സിനിമയാക്കാനുള്ള ആഗ്രഹം തോന്നിയത്. അക്കാര്യം ചര്‍ച്ചചെയ്യുന്നതിനായി കിരാലൂരിലെ മാടമ്പിന്റെ മനയിലെത്തി. കാര്യം അവതരിപ്പിച്ചു. സിനിമയാക്കുന്നതില്‍ എതിര്‍പ്പില്ല എന്നായിരുന്നു പ്രതികരണം. നോവല്‍ സിനിമയാക്കിയാല്‍ എനിക്ക് എന്ത് കിട്ടും എന്തായിരുന്നു മാടമ്പിന്റെ ചോദ്യം. ഉത്തരംപറയാന്‍ മോഹനന്‍ കുഞ്ഞുമുഹമ്മദിനെ ചുമതലപ്പെടുത്തി. മോഹമായിരുന്നു കൈമുതല്‍. കാര്യമായ പണം കൈയിലില്ല. എങ്കിലും പറഞ്ഞു 'രണ്ടായിരം രൂപ' തരാമെന്ന്.

ഉത്തരമല്ല മറുചോദ്യമാണ് മാടമ്പില്‍ നിന്നുണ്ടായത്: ''താന്‍ ഗുണകോഷ്ഠം പഠിച്ചിട്ടുണ്ടോ.''

ഉണ്ടെന്ന് കുഞ്ഞുമുഹമ്മദ് മറുപടി നല്‍കി.

''എങ്കില്‍ രണ്ടായിരത്തിനെ നാലുകൊണ്ട് പെരുക്കുക. ആ പണവുമായി വരുക. ഇപ്പോള്‍ നമുക്ക് സംഭാരം കുടിച്ച് കാലാവസ്ഥയെപ്പറ്റി ചര്‍ച്ച ചെയ്യാം എന്ന് മാടമ്പ് പറഞ്ഞു.''

മോഹനനും കുഞ്ഞുമുഹമ്മദും മടങ്ങുമ്പോള്‍ മാടമ്പ് അവിടെ ഉടന്‍ നടക്കാനിരിക്കുന്ന എടക്കളത്തൂര്‍ കൈപ്പറമ്പ് ഉത്സവത്തിന് വരണമെന്ന് ക്ഷണിച്ചു.

പണിയൊന്നുമില്ലാതെ നടക്കുന്നതിനാല്‍ ഇരുവരും ഉത്സവത്തിനുപോയി. നല്ല സ്വീകരണമാണ് ലഭിച്ചത്.

ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോള്‍ മാടമ്പ് ചോദിച്ചു: ''സിനിമയുടെ കാര്യം എന്തായി.''

ഇരുവരും ഒന്നും പറയാതിരുന്നപ്പോള്‍ മാടമ്പ് വീണ്ടും ചോദിച്ചു: ''തിരക്കഥ എഴുതിത്തുടങ്ങിയില്ലേ.''

''ഇല്ല'' എന്ന മറുപടി കേട്ടയുടന്‍ മാടമ്പ് പറഞ്ഞു: ''എഴുതിക്കോളൂ. എന്റെ പണം പ്രശ്നമാക്കേണ്ട.''

അങ്ങോട്ടു വാക്കുപറഞ്ഞ രണ്ടായിരം രൂപ പോലും നല്‍കാതെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചതെന്ന് കുഞ്ഞുമുഹമ്മദ് ഓര്‍ക്കുന്നു. ഒരിക്കലും പണത്തെപ്പറ്റി ചോദിച്ചിട്ടുമില്ല. അത്ര വലുപ്പമായിരുന്നു ആ വലിയ മനുഷ്യന്.

Content Highlights: PT Kunjumuhammed, Madampu kunjukuttan