വടകര: കുമാരനാശാന്‍ ബാലരാമായണത്തിന്റെ ആദ്യ മൂന്നു കാണ്ഡങ്ങള്‍ മാത്രമാണെഴുതിയത്. ഇതു വായിച്ചപ്പോള്‍ത്തന്നെ എന്തുകൊണ്ട് കവി ഇത് പൂര്‍ത്തിയാക്കിയില്ല എന്ന ചിന്ത കടമേരി ബാലകൃഷ്ണനില്‍ ഉയര്‍ന്നിരുന്നു. ചിന്തിച്ചുചിന്തിച്ച് ഒടുവില്‍ കടമേരി ഒരു തീരുമാനമെടുത്തു. തന്നെക്കൊണ്ട് ആവുംവിധത്തില്‍ ബാക്കി മൂന്നു കാണ്ഡങ്ങളും എഴുതുക.

സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്തപ്പോള്‍ എല്ലാവരും പ്രോത്സാഹിപ്പിച്ചു. അങ്ങനെ അനുഷ്ടുപ്പ് വൃത്തത്തില്‍ മൂന്നു കാണ്ഡങ്ങളും പൂര്‍ത്തിയാക്കി. സുഹൃത്തായ അരൂര്‍ പത്മനാഭന്‍ മുഖേന ഈ വിവരം കവി ഒ.എന്‍.വി. കുറുപ്പ് അറിഞ്ഞു.

ഒ.എന്‍.വി. കടമേരിയെ വിളിച്ച് പറഞ്ഞു. ''മഹാകവി നിര്‍ത്തിയേടത്തുനിന്ന് തുടങ്ങാതെ ആദ്യംമുതല്‍ ബാലരാമായണം എഴുതണം...'' കടമേരി ബാലകൃഷ്ണന്‍ ഈ നിര്‍ദേശം മാനിച്ചു. തുച്ഛത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണത്തെ അവലംബിച്ച് കുട്ടികള്‍ക്കായി സമ്പൂര്‍ണരാമായണം എഴുതി. 2016 ജൂലായില്‍ മാതൃഭൂമി ബുക്‌സ് ഇത് പ്രസിദ്ധീകരിച്ചു.

മഹാകവി അക്കിത്തം ഈ കൃതിയെക്കുറിച്ച് ഇങ്ങനെ എഴുതി. 'കുട്ടികള്‍ക്ക് അനായാസേന ആസ്വദിക്കാവുന്ന ഈ സമ്പൂര്‍ണ ബാലരാമായണം മലയാളത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു കൃതിയാണ്...' ആശാന്റെ ബാലരാമായണത്തിന് കടമേരി നല്‍കിയ പൂര്‍ണത മാത്രം മതി അദ്ദേഹത്തിന്റെ പേര് എക്കാലവും അടയാളപ്പെടുത്താന്‍. രാഷ്ട്രീയനേതാവ് എന്നതിലുപരി കടമേരി നിറഞ്ഞുനിന്നത് സാഹിത്യ-സാംസ്‌കാരിക ലോകത്താണ്. കോണ്‍ഗ്രസിന്റെ സൗമ്യമായ സാംസ്‌കാരികമുഖം.

ബാലരാമായണത്തിന്റെ അവതാരികയില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍ ആശാന്റെയും കടമേരിയുടെയും രണ്ടു ശ്ലോകങ്ങളെ താരതമ്യപ്പെടുത്തുന്നുണ്ട്. ശ്രീരാമന്‍ ശൈവചാപം ഖണ്ഡിച്ച നിമിഷത്തെക്കുറിച്ച് ആശാനെഴുതി. 'ഞാണ്‍ വലിച്ചു രാമചന്ദ്രന്‍, ഞെരിഞ്ഞു ചാപമൊന്നുടന്‍, ഞൊടിയില്‍ രണ്ടായ് മുറിഞ്ഞു, ഞെട്ടിപ്പോയി കണ്ടുനിന്നവര്‍'. ഇതേ സന്ദര്‍ഭം കടമേരി എഴുതിയത് ഇങ്ങനെ. 'വില്ലെടുത്തു, കുലച്ചൂക്കാല്‍, പൊട്ടിച്ചു ഞൊടി കൊണ്ടവന്‍, കുട്ടിക്കൊമ്പന്‍ കരിമ്പിന്‍, തണ്ടൊടിക്കും പോലെളുപ്പമായ്' -കടമേരിയുടെ കാവ്യപ്രതിഭ തിളങ്ങുന്ന അവസരമാണിതെന്ന് ലീലാകൃഷ്ണന്‍ നിരീക്ഷിക്കുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് കടമേരി ആശാന്റെ ബാലരാമായണം വായിച്ചത്. പിന്നീട് ഇത് പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്നപ്പോള്‍ പിന്തുണനല്‍കിയത് സുഹൃത്തുക്കളായ പി.പി. നാണുക്കുറുപ്പ്, ആലങ്കോട് ലീലാകൃഷ്ണന്‍, രാജഗോപാലന്‍ കാരപ്പറ്റ, അരൂര്‍ പത്മനാഭന്‍ തുടങ്ങിയവരായിരുന്നു. പുസ്തകം കടമേരി സമര്‍പ്പിച്ചത് അരൂര്‍ പത്മനാഭന്റെ സ്മരണയ്ക്കാണ്. അധ്യാപകനായി ജോലിചെയ്യുമ്പോള്‍തന്നെ രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു കടമേരി.

പ്രൈമറി വിഭാഗത്തില്‍ പഠിപ്പിക്കുമ്പോഴും ശാന്തിനികേതന്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലും ക്ലാസെടുക്കാന്‍ ഇദ്ദേഹത്തെ പ്രധാനാധ്യാപകന്‍ നിയോഗിച്ചിരുന്നു. കവിതകളെ നെഞ്ചേറ്റിയ കടമേരി വീട്ടിനിട്ട പേരും 'കവിത'യെന്നാണ്. ഒട്ടേറെ കവിതകള്‍ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. മാതൃഭൂമിപോലുള്ള ആഴ്ചപ്പതിപ്പുകളിലും കുട്ടികളുടെ മാസികകളിലും കവിതകള്‍ പ്രസിദ്ധീകരിച്ചു.

Content Highlights: Poet Kadameri Balakrishnan life