1820-ലാണ്, വിശ്വപ്രസിദ്ധ കവി ജോണ്‍ കീറ്റ്‌സ് സുഹൃത്ത് ജോസഫ് സെവേണൊപ്പം ഇംഗ്ലണ്ടില്‍നിന്ന് റോമിലേക്ക് പോവുന്നത്. ഇംഗ്ലണ്ടില്‍ അപ്പോള്‍ ക്ഷയം പടര്‍ന്നിരുന്നു. അതിനാല്‍ കവിക്ക് കുറച്ചുദിവസം കപ്പലില്‍ത്തന്നെ സമ്പര്‍ക്കവിലക്കില്‍ കഴിയേണ്ടിവന്നു. കപ്പലിലിരുന്നുകൊണ്ട് കവി തന്റെ പ്രതിശ്രുതവധുവായ ഫാനി ബ്രോണിന്റെ അമ്മയ്ക്ക്എഴുതിയ കത്തുകളാണിത്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും 25-ാം വയസ്സില്‍ ക്ഷയംബാധിച്ച് കീറ്റ്‌സ് മരിച്ചു. 

ഒക്ടോബര്‍ 24, 1820 

പ്രിയപ്പെട്ട മിസ്സിസ് ബ്രോണ്‍,  

ഞങ്ങളുടെ യാത്ര എങ്ങനെയായിരുന്നെന്നതിനെയും ഇപ്പോള്‍ ഞങ്ങളുടെ അവസ്ഥ എന്താണെന്നതിനെയും കുറിച്ച് ഏതാനും വാക്കുകളില്‍ പറയാം, ക്വാറന്റൈനില്‍ (പകര്‍ച്ചവ്യാധിയുള്ള നാട്ടില്‍ നിന്നെത്തിയതിനാല്‍ യാത്രികര്‍ കരുതലെന്നനിലയ്ക്ക് പത്തുദിവസം കപ്പലില്‍ തടവിലെന്നപോലെ കഴിയാനായിരുന്നു നിയമം അനുശാസിച്ചത്) ആണെന്നതിനാല്‍ കുറച്ചേ പറയാനാകൂ, ഞങ്ങളുടെ കത്തുകള്‍ ആരോഗ്യവകുപ്പിന്റെ കാര്യാലയത്തില്‍ അണുനശീകരണത്തിനായി തുറക്കപ്പെടേണ്ടവയാണ്. പത്തുദിവസത്തേക്ക് ഞങ്ങള്‍ക്ക് കപ്പലില്‍ത്തന്നെ തങ്ങേണ്ടതുണ്ട്. ഞങ്ങളിപ്പോള്‍ കപ്പല്‍മുറിയില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. പ്രക്ഷുബ്ധമായ കാലാവസ്ഥയും മോശപ്പെട്ട താമസസൗകര്യങ്ങളും ഭക്ഷ്യവസ്തുക്കളും വരുത്തിവെച്ച കാര്യമായ ദുരിതങ്ങള്‍ക്കു തത്തുല്യമായിത്തന്നെ പ്രയോജനപ്രദമായിരുന്നു കടല്‍വായു എന്നതിനാല്‍ ഞാന്‍ മുമ്പത്തെ അവസ്ഥയില്‍ത്തന്നെയാണിപ്പോഴും. ഫാനിക്ക് എന്റെ സ്നേഹം കൈമാറുക, ഞാന്‍ സൗഖ്യാവസ്ഥയിലായിരുന്നെങ്കില്‍ ഒരുകെട്ടു കടലാസു നിറയ്ക്കാന്‍മാത്രമുള്ളത് ഈ നേപ്പിള്‍സ് തുറമുഖത്തുണ്ടെന്ന് അവളോടു പറയുക. പക്ഷേ, അതൊരു സ്വപ്നമായാണുതോന്നുന്നത്. വഞ്ചി തുഴയാനും നടക്കാനും സംസാരിക്കാനും കഴിയുന്ന ഓരോ മനുഷ്യനും എന്നില്‍നിന്നു വ്യത്യസ്തനായ ഒരു ജീവിയായി കാണപ്പെടുന്നു. ഞാനിവിടെയാണ് ജീവിക്കുന്നതെന്നുതോന്നുന്നില്ല.  

യാത്രക്കാരിലൊരാള്‍, ക്ഷയരോഗിയായ ഒരു യുവതിയായിരുന്നുവെന്നത് എന്റെ ദൗര്‍ഭാഗ്യമായിരുന്നു. അവളുടെ അനൗചിത്യങ്ങള്‍ എന്നെ വളരെയധികം വിഷമിപ്പിച്ചു, അവളുടെ പരാതികള്‍, മുഖക്ഷോഭങ്ങള്‍, എല്ലാ ചീത്തലക്ഷണങ്ങളും എന്നെ വേട്ടയാടുകയായിരുന്നു. ഞാന്‍ നല്ല ആരോഗ്യത്തോടെയിരുന്നെങ്കിലും അതങ്ങനെത്തന്നെയാകുമായിരുന്നു. സെവേണിപ്പോള്‍ വളരെ നല്ലൊരു ചങ്ങാതിയാണ്, മറ്റുള്ളവരുടെ രോഗങ്ങളാല്‍ തളരാതിരിക്കാന്‍തക്ക കരുത്ത് അവന്റെ മനസ്സിനുണ്ട്. ഞാന്‍ ഐല്‍ ഓഫ് വൈറ്റില്‍ (രോഗിയായ സുഹൃത്ത് ജെയിംസ് റൈസിനോടൊപ്പം മുന്‍വര്‍ഷം കീറ്റ്‌സ് ഐല്‍ ഓഫ് വൈറ്റില്‍ വസിച്ചിരുന്നു) ആയിരുന്നപ്പോള്‍ റൈസ് ഇങ്ങനെയായിരുന്നു എന്നെ തളര്‍ത്തിയതെന്ന് ഞാനോര്‍മിക്കുന്നു. ആ സ്ത്രീ എന്റെ കണ്ണില്‍നിന്നു മറയുമ്പോള്‍ ഒരു ഭാരമിറക്കിവെച്ചതുപോലെയാണെനിക്ക് അനുഭവപ്പെടുക. എന്റെ ആരോഗ്യമിപ്പോള്‍ ഏതവസ്ഥയിലാണെന്നത് കൃത്യമായി വിശദീകരിക്കുക അസാധ്യമാണ്. ഇപ്പോള്‍ ദഹനക്കേടിന്റെ പ്രശ്നങ്ങള്‍ എനിക്ക് വളരെ കൂടുതലായി അനുഭവപ്പെടുന്നു. അതുകൊണ്ടാണ് ഈ കത്തിലെ കാര്യങ്ങള്‍ ഇങ്ങനെയാകുന്നത്. ഇതിനെ മറികടന്ന് ഞാനെത്താവുന്ന നല്ലകാലത്തെപ്പറ്റി ശുഭാപ്തിവിശ്വാസിയാകാതെ, യഥാര്‍ഥത്തില്‍ ഉള്ളതിനെക്കാള്‍ അല്പമെറെ ഗുരുതരമായ അവസ്ഥയില്‍ നിങ്ങളെന്നെക്കുറിച്ചു മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അങ്ങനെയായാല്‍ ഞാന്‍ രക്ഷപ്പെടാത്തപക്ഷം, നിങ്ങളുടെ വിഷമം ലഘുതരമാകും, അഥവാ ഞാന്‍ രക്ഷപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ആനന്ദം ഇരട്ടിയാകുകയും ചെയ്യും. 

ഞാനെന്റെ മനസ്സ് ഫാനിയില്‍ തളച്ചിടാതിരിക്കാന്‍ ധൈര്യപ്പെടുന്നു, ഞാനവളെക്കുറിച്ചു ചിന്തിക്കാന്‍ മുതിരുന്നില്ല. ഒരു വെള്ളിച്ചെപ്പിലടച്ച് അവളെനിക്കുതന്ന കത്തിയെയും പതക്കത്തിലെ മുടിയിഴയെയും സ്വര്‍ണവലയ്ക്കുള്ളിലെ പോക്കറ്റ് ബുക്കിനെയുംകുറിച്ച് മണിക്കൂറുകളോളോം ആലോചിക്കുന്നതാണ് ആ വിധത്തില്‍ ഞാനനുഭവിക്കുന്ന ഒരേയൊരു സാന്ത്വനം. ഇതവളെ കാണിക്കുക. എനിക്കു കൂടുതലൊന്നും പറയാനാകില്ല. എങ്കിലും ഈ കത്തില്‍ കാണപ്പെടുന്നതുപോലെ അത്ര ഗുരുതരമായ രോഗാവസ്ഥയിലാണ് ഞാനെന്നു നിങ്ങള്‍ വിശ്വസിക്കരുത്, എന്തെന്നാല്‍ പ്രതീക്ഷിക്കുന്നതിനുള്ള ശേഷിയില്ലാതെ ഒരാള്‍ ജന്മമെടുത്തിട്ടുണ്ടെങ്കില്‍, അവന്‍ തന്നെയാണ് ഞാന്‍. സെവേണ്‍, ഹസ്ലാമിനെഴുതുന്നുണ്ട്, എന്റെ ആരോഗ്യത്തെപ്പറ്റിയുള്ള അവന്റെ അഭിപ്രായം നിങ്ങളെയറിയിക്കാന്‍ അപേക്ഷിക്കണമെന്ന് ഞാനിപ്പോള്‍ സെവേണിനോടു പറഞ്ഞിട്ടുണ്ട്. 

ഓ, ഈ ലോകത്തെ ഒരു പൗരനായി സ്വയം തോന്നുന്ന ഒരവസ്ഥയില്‍ ഞാനിനിയും എത്തിപ്പെട്ടാല്‍ നേപ്പിള്‍സ് ഉള്‍ക്കടലിനെപ്പറ്റി എന്തൊക്കെയാകും ഞാന്‍ പറയുക! എന്റെയുള്ളിലെ ജീവചൈതന്യം അതെത്ര ആഹ്ലാദത്തോടെ അവതരിപ്പിക്കും! വെച്ചുകെട്ടലുകള്‍ക്കുള്ളില്‍ കഴിയുന്ന ചേതന എന്തൊരു ദുരനുഭവമാണ്! ഫാനിയോട് എന്റെ പ്രണയം. വീണ്ടും ടൂട്‌സിനോടു പറയൂ, അവളെ ഒരു കുട്ട മുന്തിരിപ്പഴങ്ങള്‍കൊണ്ടു മൂടുവാന്‍ ഞാനാഗ്രഹിക്കുന്നെന്ന്. കൊഴുവയെപ്പോലൊരു കുഞ്ഞുമത്സ്യത്തെ ഇവിടത്തെയാളുകള്‍ ഒരു ചരടുകൊണ്ട്, അതിവേഗത്തില്‍ വലിച്ച്, പിടിക്കുമെന്ന് സാമിനോടു പറയൂ. ഡില്‍ക്കേ ദമ്പതികളോട് എന്റെ സ്നേഹം പറയുക. ഞാന്‍ പോര്‍ട്ട്‌സ്മൗത്തില്‍വെച്ച് ഒരു കത്തെഴുതിയതായി ബ്രൗണിനോടു പറയുക. ഞാനതയച്ചില്ല, അവനതെന്നെങ്കിലും കാണുമോയെന്നും എനിക്കു സംശയമുണ്ട്.  

വിശ്വസ്തതയോടെയും 
സ്നേഹത്തോടെയും  
ജോണ്‍ കീറ്റ്‌സ്,

നവംബര്‍ 1, 1820  

പ്രിയപ്പെട്ട ബ്രൗണ്‍,  

ഇന്നലെ ഞങ്ങള്‍ ക്വാറന്റൈനില്‍ (കപ്പലിലെ ഏകാന്തതടവില്‍) നിന്ന് മോചിപ്പിക്കപ്പെട്ടു. ഈ തടങ്കല്‍കാലത്തെ ഇടുങ്ങിയ കപ്പല്‍മുറിയും മോശം അന്തരീക്ഷവുമാണ് നീണ്ട യാത്രയെക്കാളധികമായി എന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചത്. ശുദ്ധവായു എനിക്കല്പം ആശ്വാസമുളവാക്കുന്നു, അതിനാല്‍, സമാധാനപ്രദമായ ഒരു ചെറുകത്ത്. അങ്ങനെയിതിനെ വിളിക്കാനാകുമെങ്കില്‍ നിങ്ങള്‍ക്കെഴുതാന്‍മാത്രം ഉന്മേഷമെന്നിലുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു: 
സന്തോഷകരമായി പറയാവുന്ന കാര്യങ്ങള്‍ ഇതിലെഴുതാന്‍ എനിക്ക് ഭയം തോന്നുന്നു. ഞാനതിലേക്ക് ഇത്രയധികം കടന്നുചെന്നതിനാല്‍, എനിക്കല്പംകൂടി പറയേണ്ടതുണ്ട്; ഒരുപക്ഷേ, അതെന്നെ സമ്മര്‍ദത്തിലാക്കുന്ന ദുരിതത്തില്‍നിന്നും മോചനം നല്‍കിയേക്കാം. അവളെക്കാണണമെന്ന തോന്നല്‍ ഇനിയെന്നെ കൊല്ലുകയില്ല. 

പ്രിയപ്പെട്ട ബ്രൗണ്‍, ആരോഗ്യമുണ്ടായിരുന്നപ്പോള്‍ അവളെയെനിക്ക് നേടണമായിരുന്നു, ഞാന്‍ സൗഖ്യമായിത്തന്നെ തുടരുകയും ചെയ്യണമായിരുന്നു. മരിക്കുന്നത് എനിക്കു സഹിക്കാനാകും, പക്ഷേ, അവളെ വിട്ടുപോകുന്നതെനിക്ക് താങ്ങാനാകില്ല. ഓ, ദൈവമേ, ദൈവമേ! എന്റെ പെട്ടികളിലുള്ള, അവളുടെ ഓര്‍മകളുണര്‍ത്തുന്നതായ എല്ലാമെല്ലാം എന്നിലൂടെ ചാട്ടുളിപോലെ കടന്നുപോകുന്നു. എന്റെ സവാരിത്തൊപ്പിയില്‍ അവള്‍ തുന്നിച്ചേര്‍ത്ത പട്ടുകൊണ്ടുള്ള ഉള്‍ശീല എന്റെ ശിരസ്സിനെ പൊള്ളിക്കുന്നു. അവളെക്കുറിച്ചുള്ള എന്റെ ഭാവന അതിതീക്ഷ്ണമാംവിധം ഉജ്ജ്വലമാണ്. ഞാനവളെ കാണുന്നു, ഞാനവളെ കേള്‍ക്കുന്നു. ഒരുമാത്രപോലും എന്നെയവളില്‍നിന്നു വ്യതിചലിപ്പിക്കാന്‍ തക്കവിധത്തില്‍ കൗതുകകരമായി ഈ ലോകത്തിലൊന്നുംതന്നെയില്ല. 

ഞാന്‍ ഇംഗ്ലണ്ടിലായിരുന്നപ്പോള്‍ അതങ്ങനെയായിരുന്നു, ഹണ്ടിന്റെ സ്ഥലത്ത് ഞാനൊരു തടവുപുള്ളിയായിരുന്ന കാലത്ത്, ഹാംപ്‌സ്റ്റെഡിലേക്ക് ഉറ്റുനോക്കിക്കൊണ്ട് കഴിച്ചുകൂട്ടിയ ദിനങ്ങള്‍ വിറയലോടെയല്ലാതെ എനിക്കോര്‍മിക്കാനാകില്ല. പക്ഷേ, അന്നവളെ വീണ്ടും കാണുമെന്ന ഏറിയ ശുഭപ്രതീക്ഷയെനിക്കുണ്ടായിരുന്നു, ഇപ്പോള്‍! അവള്‍ ജീവിക്കുന്നതിനടുത്തെവിടെയെങ്കിലും അടക്കംചെയ്യപ്പെടാന്‍ എനിക്കു കഴിഞ്ഞെങ്കില്‍! അവള്‍ക്കെഴുതാന്‍ ഞാന്‍ ഭയപ്പെടുന്നു. അവളില്‍നിന്നൊരു കത്തുലഭിക്കുന്നതും ഭയമാണ്, അവളുടെ കൈയെഴുത്തു കാണുന്നത് എന്റെ ഹൃദയം പിളര്‍ക്കും. അവളെക്കുറിച്ചു കേള്‍ക്കുന്നതോ അവളുടെ പേരെഴുതിയതു കാണുന്നതോപോലും എന്റെ ഹൃദയത്തിനു താങ്ങാനാവുന്നതിലും അധികമാണ്. പ്രിയപ്പെട്ട ബ്രൗണ്‍, ഞാനെന്താണു ചെയ്യേണ്ടത്? എവിടെയാണു ഞാന്‍ സാന്ത്വനമോ സമാധാനമോ തേടേണ്ടത്? രോഗമുക്തിക്കുള്ള എന്തെങ്കിലും സാധ്യതയുണ്ടായാല്‍ത്തന്നെ, ഈ പ്രണയം എന്റെ ജീവനെടുക്കും. 

കെന്റ്റിഷ് ടൗണിലും നിങ്ങളുടെ വീട്ടിലും വെച്ച്, എന്റെ രോഗകാലത്തെല്ലാംതന്നെ ഈ ജ്വരബാധ എന്നില്‍നിന്നൊരിക്കലും ഒഴിവായിട്ടില്ല. നിങ്ങളെനിക്കെഴുതുമ്പോള്‍, അത് ഉടനെതന്നെ ഉണ്ടാകണം, റോമിലേക്കെഴുതൂ (ഞാന്‍ കൈപ്പറ്റുംവരെ പോസ്റ്റ് ഓഫീസില്‍ സൂക്ഷിക്കുന്നതിലേക്ക്) അവള്‍ക്കു സുഖവും സന്തോഷവുമാണെങ്കില്‍ അതൊന്നടയാളപ്പെടുത്തൂ, അതില്‍; അല്ലെങ്കില്‍ എല്ലാവരോടും അന്വേഷണങ്ങള്‍ പറയൂ. ഞാനെന്റെ ദുരിതങ്ങള്‍ ക്ഷമയോടെ സഹിക്കാന്‍ പരിശ്രമിക്കാം. എന്റേതുപോലെയുള്ള ആരോഗ്യസ്ഥിതിയില്‍ കഴിയുന്ന ഒരാള്‍ക്ക് ഇത്തരം ദുരിതങ്ങള്‍ സഹിക്കാനുണ്ടാകരുത്. എന്റെ കത്തു ലഭിച്ച വിവരമറിയിച്ചുകൊണ്ട് എന്റെ സഹോദരിക്കൊരു കുറിപ്പെഴുതുക. സെവേണ്‍ വളരെ സുഖമായിരിക്കുന്നു. ഞാന്‍ സൗഖ്യത്തിലായിരുന്നെങ്കില്‍, റോമിലേക്കുവരാന്‍ നിങ്ങളെ നിര്‍ബന്ധിക്കുമായിരുന്നു. എനിക്ക് ഒരുവിധത്തിലുള്ള സമാധാനവും നല്‍കാന്‍ ആര്‍ക്കുമാകില്ലെന്ന് ഞാന്‍ ഭയക്കുന്നു. ജോര്‍ജിന്റെ വിവരങ്ങളെന്തെങ്കിലുമുണ്ടോ? എനിക്കുമെന്റെ സഹോദരങ്ങള്‍ക്കും ഭാഗ്യകരമായ എന്തെങ്കിലും എന്നെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, എങ്കില്‍ ഞാന്‍ പ്രതീക്ഷിക്കുമായിരുന്നു. പക്ഷേ, നിരാശ ഒരു സ്വഭാവംപോലെ എന്നെ കീഴ്‌പ്പെടുത്തുന്നു. 

പ്രിയപ്പെട്ട ബ്രൗണ്‍, എനിക്കുവേണ്ടി എന്നെന്നും അവളുടെ വക്കീലായി തുടരുക. നേപ്പിള്‍സിനെക്കുറിച്ച് ഒരു വാക്കുപോലും എനിക്കു പറയാനാകുന്നില്ല; എനിക്കു ചുറ്റുമുള്ള ആയിരമായിരം കൗതുകങ്ങളെക്കുറിച്ച് ഞാനറിയുന്നതായിപ്പോലും തോന്നുന്നില്ല. അവള്‍ക്കെഴുതാന്‍ എനിക്കു ഭയമാണ്. ഞാനവളെ മറന്നില്ലെന്ന് അവളറിയുന്നതു ഞാനിഷ്ടപ്പെടുന്നു. ഓ, ബ്രൗണ്‍, എന്റെ നെഞ്ചില്‍ കനലുകളെരിയുന്നുണ്ട്. ഇത്രയേറെ യാതനകള്‍ താങ്ങാന്‍തക്ക കരുത്ത് മനുഷ്യഹൃദയത്തിനുണ്ടോയെന്ന് ഞാനമ്പരക്കുന്നു. ഈ അന്ത്യത്തിനായാണോ ഞാന്‍ ജന്മമെടുത്തത്? ദൈവം അവളെ അനുഗ്രഹിക്കട്ടെ, അവളുടെ അമ്മയെയും എന്റെ സഹോദരിയെയും ജോര്‍ജിനെയും അവന്റെ ഭാര്യയെയും നിങ്ങളെയും മറ്റെല്ലാവരെയും അനുഗ്രഹിക്കട്ടെ.  

നിങ്ങളുടെ എക്കാലത്തെയും 
സ്നേഹവാനായ സുഹൃത്ത്,  
ജോണ്‍ കീറ്റ്‌സ്

പരിഭാഷ- സ്മിത മീനാക്ഷി

Content Highlights: Poet John Keats letters from quarantine