പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന പവനന്‍ എന്ന പി.വി നാരായണന്‍ നായരുടെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 22. കമ്യൂണിസം കാഴ്ച്ചപ്പാടായി സ്വീകരിച്ച് യുക്തിവാദം ജീവിതവഴിയാക്കിയ പൊതുപ്രവര്‍ത്തകനായിരുന്നു പവനന്‍. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തനകനായിരുന്നു. മികച്ച പ്രഭാഷകന്‍ കൂടിയായ പവനന്‍ ഒരു കാലത്ത് കേളത്തിന്റെ സാംസ്‌കാരിക ഭൂമികയിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

1925 ഒക്ടോബര്‍ 26-ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകിയുടെയും മകനായി പവനന്‍ ജനിച്ചു. ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും, തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പഠനം നടത്തി. തുടര്‍ന്ന് സൈനികസേവനത്തിനിടയില്‍ ഉപരിപഠനവും നടത്തി. കവി പി. ഭാസ്‌കരനാണ് പി.വി. നാരായണന്‍ നായര്‍ എന്ന പേര് പവനന്‍ എന്നാക്കി മാറ്റിയത്

ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദ ശിവയോഗിയും വി.ടി ഭട്ടതിരിപ്പാടും അയ്യങ്കാളിയുമൊക്കെ തെളിച്ച വെളിച്ചത്തിന്റെ മഹത്വം പവനന്‍ തിരിച്ചറിഞ്ഞിരുന്നു. വായനയുടേയും എഴുത്തിന്റേയും സംഘാടനത്തിന്റേയും പുതിയ കാഴ്ചകളിലേയ്ക്ക് പവനന്‍ മുന്നേറി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ പവനന്‍ കമ്മ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകനും ആശയപ്രചാരകനുമായിരുന്നു. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭങ്ങളുടെ സമയത്ത് പത്രപ്രവര്‍ത്തനത്തിലൂടെ അതിനെ പ്രതിരോധിച്ചു. സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധത്തില്‍ ഏതു വിഷയവും യുക്തിപൂര്‍വം ലളിതമായി നല്ല മലയാളത്തില്‍ പവനന്‍ അവതരിപ്പിച്ചു.

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്നു ദേശാഭിമാനിവിട്ട് ജനയുഗത്തിലും നവയുഗത്തിലും പവനന്‍ പ്രവര്‍ത്തനം തുടര്‍ന്നു. മദ്രാസില്‍ സോവിയറ്റ് ലാന്റിലും പ്രവര്‍ത്തിച്ചു. സഹോദരന്‍ അയ്യപ്പനും കുറ്റിപ്പുഴ കൃഷ്ണപിള്ളയുമൊക്കെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി അണിനിരന്നപ്പോള്‍ പവനനും യുക്തിവാദി പ്രസ്ഥാനത്തില്‍ സജീവമായി. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 

നാല്‍പത്തഞ്ചിലധികം പുസ്തകങ്ങളും ആയിരക്കണക്കിന് ലേഖനങ്ങളും പവനന്‍ രചിച്ചു. പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, പുത്തേയന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, വി.ടി ഭട്ടതിരിപ്പാട് സ്മാരക അവാര്‍ഡ്, മഹാകവി ജി. സ്മാരക അവാര്‍ഡ്, കുറ്റിപ്പുഴ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2006 ജൂണ്‍ 22-ന് അദ്ദേഹം അന്തരിച്ചു.

Content Highlights: pavanan death anniversary