സാര്‍വദേശീയമായിത്തന്നെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യത്തിലൂടെ മര്‍ത്ത്യപുരോഗതിമാര്‍ഗങ്ങള്‍ വെട്ടിയ ഫ്രഞ്ച് വിപ്ലവം രാജപൗരോഹിത്യാധിപത്യത്തെ വെല്ലുവിളിക്കുന്ന പുതിയൊരു പക്ഷത്തെത്തന്നെ സൃഷ്ടിച്ചു-ഇടതുപക്ഷം. അതിന്റെ ബഹുശാഖികളായ വികാസപരിണാമത്തിന്റെ സവിശേഷഘട്ടത്തിലാണ് ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തവും ഏറക്കുറെ അതിന്റെ ഭാഗമായി തൊഴിലാളിവര്‍ഗത്തിന്റെ ഒന്നാം ഇന്റര്‍നാഷണലും ഉണ്ടാകുന്നത്.

1860-കളുടെ അവസാനത്തോടെ ഫ്രാന്‍സും പ്രഷ്യയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം രൂക്ഷമാവുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഫ്രാന്‍സില്‍ ചക്രവര്‍ത്തി നെപ്പോളിയന്‍ മൂന്നാമനെതിരേയും പ്രഷ്യയില്‍ ഫ്രഡറിക് വില്യം രാജാവിനെതിരേയും അണപൊട്ടിക്കൊണ്ടിരുന്ന ജനരോഷത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍കൂടിയായിരുന്നു യുദ്ധം. 45 ദിവസംകൊണ്ടുതന്നെ യുദ്ധത്തില്‍ പൂര്‍ണമായും പരാജയപ്പെടുക മാത്രമല്ല നെപ്പോളിയന്‍ മൂന്നാമനും ഒരു ലക്ഷം ഫ്രഞ്ച് പട്ടാളക്കാരും പ്രഷ്യയുടെ തടവിലായി.

പരാജയവും അസ്വസ്ഥതകളും

നാണംകെട്ട പരാജയത്തില്‍ ദുഃഖവും ദേഷ്യവും പതഞ്ഞുപൊങ്ങുകയായിരുന്നു പാരീസില്‍. നീണ്ട യുദ്ധങ്ങളും ദുര്‍ഭരണവും കാരണം ജീവന്‍ പിടിച്ചുനിര്‍ത്താന്‍ ഓരോരുത്തര്‍ക്ക് 30 ഗ്രാംവീതം കുതിരയിറച്ചിപോലും കിട്ടാനില്ലെന്ന് വിക്ടര്‍ യൂഗോവും, മച്ചുകളിലെ എലികളും ഓവുചാലുകളിലെ പെരുച്ചാഴികളും മനുഷ്യഭക്ഷണമായി എന്ന് മോപ്പസാങ്ങും വിലപിച്ച ദുരന്തകാലം. രാജാധിപത്യത്തോട് രോഷാകുലരായ പാരീസ് ജനത 1870 സെപ്റ്റംബര്‍ നാലിന് നിയമസഭാമന്ദിരം വളയുകയും രാജാധിപത്യം അവസാനിച്ചതായി വിളംബരംചെയ്ത് ദേശീയ പ്രതിരോധസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നിര്‍ബന്ധിക്കുകയുംചെയ്തു.

അതേത്തുടര്‍ന്ന് രൂപവത്കൃതമായ ദേശീയ പ്രതിരോധസര്‍ക്കാര്‍ പക്ഷേ, ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുന്നതിനുപകരം ആടിക്കളിച്ചു.

പ്രഷ്യയുടെ കടന്നുകയറ്റം

യുദ്ധത്തില്‍ നെപ്പോളിയന്‍ തടവിലാവുകയും ഫ്രാന്‍സ് പരാജയപ്പെടുകയുംചെയ്തശേഷവും പ്രഷ്യന്‍ ചാന്‍സലര്‍ ബിസ്മാര്‍ക്കിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിലേക്ക് കടന്നാക്രമണയുദ്ധം തുടര്‍ന്നപ്പോള്‍ യൂഗോവിനെപ്പോലുള്ള മഹാരഥന്മാര്‍ അരുതേ എന്ന് ആഹ്വാനംചെയ്തു. റൈന്‍ നദീതീരത്തെ രണ്ടുനഗരങ്ങള്‍ പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തോടെ സെപ്റ്റംബര്‍ 17-ന് പ്രഷ്യന്‍പട്ടാളം പാരീസ് വളഞ്ഞു. എന്നാല്‍, അവരോട് പൊരുതിനില്‍ക്കുന്നതിനുപകരം കീഴടങ്ങാന്‍ വഴിതേടുകയായിരുന്നു തീയേറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസര്‍ക്കാര്‍. എതിരാളികളായ പ്രഷ്യന്‍ സര്‍ക്കാരിന്റെ പ്രേരണയാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്ന സന്നദ്ധസേനയ്‌ക്കെതിരേ അവര്‍ നിലപാടെടുത്തു. 1871 ജനുവരി 28-ന് ബിസ്മാര്‍ക്കും തീയേര്‍ സര്‍ക്കാരും വെടിനിര്‍ത്തല്‍ കരാറൊപ്പിട്ടു.

കരാറിലെ വ്യവസ്ഥപ്രകാരം ദേശീയപ്രതിരോധസേനയെ നിരായുധീകരിക്കാന്‍ മാര്‍ച്ച് 18-ന് തീയേര്‍ ഭരണകൂടത്തിന്റെ പട്ടാളം അവരുടെ ക്യാമ്പുകളില്‍ ഇരച്ചുകയറി. പാരീസിലെ തൊഴിലാളികള്‍ വാങ്ങിയ പീരങ്കികള്‍ യൂഗോവിന്റെ കവിതകള്‍ചൊല്ലി പിരിവെടുത്തതിനാല്‍ പീരങ്കിളൊന്നിന്റെ പേര് യൂഗോ എന്നായിരുന്നു. സര്‍ക്കാര്‍പട്ടാളത്തിന് പ്രതിരോധസേനയെ തോല്‍പ്പിക്കാനായില്ല, അവരുടെ നേതാക്കളെ അനുയായികള്‍ വകവരുത്തുകയുംചെയ്തു.

പാരീസ് കമ്യൂണിന് തുടക്കം

പാരീസ് കമ്യൂണിലേക്ക് നയിച്ച ജനകീയവിപ്ലവത്തിന്റെ തുടക്കം അതായിരുന്നു. പിറ്റേന്ന് ഉച്ചയാവുമ്പോഴേക്കും പാരീസും പരിസരപ്രദേശങ്ങളുമാകെ സന്നദ്ധ ജനകീയസേനയുടെ പിടിയിലായി. സര്‍ക്കാര്‍ ഓഫീസുകളില്‍ തൊഴിലാളികളുടെ ചുവന്നകൊടി പാറി. ദേശീയ സന്നദ്ധസേനയുടെ കേന്ദ്രസമിതി സ്വയംഭരണാധികാരം ഏറ്റെടുക്കുന്നതിനുപകരം ഒരാഴ്ചയ്ക്കകം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതില്‍ 85 സീറ്റില്‍ 64 സീറ്റിലും വിജയം തൊഴിലാളിപക്ഷത്തായിരുന്നു. സ്ത്രീപക്ഷവാദികള്‍, പത്രപ്രവര്‍ത്തകര്‍, കവികള്‍, ചിത്രകാരന്മാര്‍ എന്നിവരെല്ലാമടങ്ങിയ കൂട്ടായ്മ. പാരീസ് കമ്യൂണ്‍ എന്ന പേരിലുള്ള ഭരണകൂടം മാര്‍ച്ച് 28-ന് ചുമതലയേറ്റു.

കൂലി ഏകീകരണം, ഭരണം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ പൂര്‍ണമായും മതനിരപേക്ഷത, തൊഴില്‍ശാലകള്‍ തൊഴിലാളികളുടെ സഹകരണസംഘത്തിന് എന്നുതുടങ്ങി അടിസ്ഥാനപരമായ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കുറഞ്ഞകാലത്തിനകംതന്നെ കമ്യൂണ്‍ നടപ്പാക്കി.

പാരീസില്‍ അരങ്ങേറിയ കൂട്ടക്കൊല

എന്നാല്‍, പാരീസ് കമ്യൂണ്‍ വന്നതോടെ ഫ്രാന്‍സിലെ തീയേര്‍ ഭരണവും പ്രഷ്യയിലെ ബിസ്മാര്‍ക്ക് ഭരണവും യോജിച്ചു. നെപ്പോളിയന്‍ മൂന്നാമനെയും ഒരു ലക്ഷം പട്ടാളക്കാരെയും പ്രഷ്യന്‍ സൈന്യം തടവില്‍നിന്ന് മോചിപ്പിച്ചു. പ്രഷ്യന്‍ ( ജര്‍മന്‍) സൈന്യത്തിന്റെകൂടി പിന്‍ബലം തീയേറിന്റെ ദേശീയ സര്‍ക്കാരിന് ലഭിച്ചു. മേയ് 21-ന് പുലര്‍ച്ചെ നാലിന് വേഴ്സായി കൊട്ടാരത്തിന്റെ അറുപതിനായിരം പേരടങ്ങിയ ഔദ്യോഗിക സൈന്യം പാരീസ് നഗരത്തില്‍ പ്രവേശിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെത്തി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടക്കൊല നടത്തി സൈന്യം ബാരിക്കേഡുകള്‍ നീക്കി മുന്നേറി. മേയ് 28-ന് അവസാനത്തെ ബാരിക്കേഡും വീണു. ആയിരക്കണക്കിനാളുകളുടെ ചോരയില്‍ മുങ്ങി പാരീസ് കമ്യൂണ്‍ തകര്‍ന്നു. മരണത്തില്‍നിന്ന് രക്ഷപ്പെട്ടവരിലൊരാളാണ് കമ്യൂണിന്റെ പ്രസ് ബ്യൂറോയെ നയിച്ച പില്‍ക്കാലത്തെ പ്രശസ്ത സിബലിസ്റ്റ് കവി പോള്‍ വെര്‍ലെയിന്‍.

നിലവിലുള്ള ഭരണത്തെ തകര്‍ത്തശേഷം ഭരണം ഏറ്റെടുക്കാതെ ഒരാഴ്ചയ്ക്കകം തിരഞ്ഞെടുപ്പുനടത്തിയത്, എതിര്‍സൈന്യത്തെ തടഞ്ഞുനിര്‍ത്താതെ വേഴ്സായി കൊട്ടാരത്തിലേക്ക് പോകാന്‍ അനുവദിച്ചത്, അവരുടെ ബാങ്കുകള്‍ തുറക്കാനും അക്കൗണ്ടിലെ പണംപിന്‍വലിക്കാനും അനുവദിച്ചത്, എതിരാളികള്‍ക്ക് സൈന്യത്തെ പുനഃസംഘടിപ്പിക്കാന്‍ സൗകര്യവും സാവകാശവും നല്‍കിയത്, ശരിയായ നേതൃത്വം നല്‍കുന്നതിന് വ്യക്തതയുള്ള രാഷ്ട്രീയപ്പാര്‍ട്ടി ഇല്ലാതെ പോയത് -ഇതാണ് ആദ്യത്തെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യ ഭരണത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഇന്റര്‍നാഷണലിന്റെ പ്രമേയരൂപത്തില്‍ എഴുതിയ പുസ്തകത്തില്‍ 'ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം' എന്ന കൃതിയില്‍ പിന്നീട് വിശദീകരിച്ചു.

കാള്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും നേതൃത്വത്തിലുള്ള തൊഴിലാളിവര്‍ഗത്തിന്റെ ഒന്നാം ഇന്റര്‍നാഷണലില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് തിരഞ്ഞെടുപ്പിലൂടെത്തന്നെ ആദ്യമായി ഭരണത്തിലെത്തിയ പാരീസ് കമ്യൂണ്‍ ചോരപ്പുഴയില്‍മുക്കി തകര്‍ക്കപ്പെട്ടിട്ട് ഒന്നരനൂറ്റാണ്ട് പിന്നിടുകയാണ്.

Content Highlights: Paris commune 150th anniversary